August 24th, 2015
ശ്രേയസ്സുണ്ടായ വഴികള്‍

 

എറണാകുളത്ത് നോര്‍ത്തിലുള്ള ‘ശ്രേയസ്’ എന്ന ഈ വീടിന് പിന്നില്‍ ശ്രേയസ്സിന്റേതതായ, അഭിവൃദ്ധിയുടേതായ ചില കാര്യങ്ങളുണ്ട്. ബിസിനസ്സുകാരനായ സുരേഷ് നാഗരാജനും കുടുംബവും സ്വന്തമായുണ്ടായിരുന്ന 7 സെന്റ് സ്ഥലത്ത് വീടുപണിയാരംഭിച്ച് തറകെട്ടി ഭിത്തികളും പണിതു. അത്രയുമായപ്പോഴാണ് തന്റെ മനസ്സിലുള്ളതുപോലൊരു വീടല്ല ഉരുത്തിരിയുന്നത് എന്ന് സുരേഷ് തിരിച്ചറിയുന്നത്. റോഡില്‍ നിന്നും നോക്കിയാല്‍ കാണുകയേ ഇല്ലാത്തൊരു പ്ലോട്ടായിരുന്നു ഇത്. ഉള്ള 7 സെന്റാവട്ടെ രണ്ടു പ്ലോട്ടെന്നപോലെ വിഭജിച്ചാണ് കിടന്നിരുന്നത്. താന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കില്ല എന്നു മനസിലാക്കിയ ഗൃഹനാഥന്‍ വീടുപണി തല്‍ ക്കാലം നിര്‍ത്തി വയ്ക്കുവാന്‍ തീരുമാനിച്ചു. പല വിധ ആശങ്കകളുമായി വീടുപണിയില്‍ ഒരു വിടുതല്‍ എടുത്ത് ഇരിക്കുമ്പോഴാണ് സുരേഷ് കാക്കനാടുള്ള സ്‌പേസ് & ആര്‍ക്കിടെക്ചറിലെ ആര്‍ക്കിടെക്റ്റ് ജോമിന്‍ ജോര്‍ജ്ജിനെ പരിചയപ്പെടുന്നത്. ആ പരിചയം വീടുപണി പുനഃരാരംഭിക്കുന്നതിലേക്കെത്തിച്ചു.
തീരുമാനം ചര്‍ച്ചകളിലൂടെ
സുരേഷിന് വിശ്രമത്തിനുതകുന്ന ഏറ്റവും ശാന്തമായ ഒരിടമാകേണ്ടിയിരുന്നു വീട്. ഒരു റിസോര്‍ട്ട് പോലെ. ”രാത്രിയിലാണ് ഞാന്‍ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കാരണം ബിസിനസ് തിരക്കുകള്‍ വിട്ട് വൈകിയാണ് വീടണയുക. അപ്പോള്‍ എല്ലാവിധ ചിന്തകളെയും ക്ഷീണത്തേയും അകറ്റി വിശ്രമിക്കാന്‍ സാധിക്കുന്ന, ശാന്തി പകരുന്ന ഒരന്തരീക്ഷം വീടിനുണ്ടാവണം. ”ഒരു റിസോര്‍ട്ടിന്റേതുപോലെയുള്ള” ആംപിയന്‍സും വേണം ഈ ആഗ്രഹം കേട്ടുകഴിഞ്ഞപ്പോള്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍ക്കിടെക്റ്റ് സുരേഷിനെ ബോധ്യപ്പെടുത്തിയത് നിലവിലുള്ള പ്ലോട്ടിന്റെ പരിമിതികള്‍ സൃഷ്ടിച്ച ഡിസൈന്‍ പരിമിതികള്‍ തന്നെ. തനിക്കു വേണ്ട വിശാലമായ മുറ്റമടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാകണമെങ്കില്‍ ഈ പ്ലോട്ട് മതിയാകില്ലെന്നു മനസ്സിലായതോടെ വീട്ടുടമ സുരേഷ് തന്റെ പ്ലോട്ടിനോടു ചേര്‍ന്നു കിടന്ന ഒരഞ്ചുസെന്റ് സ്ഥലം കൂടി വാങ്ങി. ഇതോടെ നിലവിലുണ്ടായിരുന്ന പ്ലാനും പദ്ധതികളും പൂര്‍ണ്ണമായും ഭൂരിഭാഗവും ആര്‍ക്കിടെക്റ്റ് പരിഷ്‌കാരവിധേയമാക്കി. ബ്രിക്കുവര്‍ക്ക് കഴിഞ്ഞിരുന്നതിനാല്‍ സ്ട്രക്ചര്‍ പൊളിച്ചു കളഞ്ഞില്ല. പക്ഷേ ഉള്ളിലെ ഭാഗങ്ങള്‍ സ്ട്രക്ചറിനെ ബാധിക്കാത്ത രീതിയില്‍ മിക്കവാറും പൊളിച്ചു നീക്കി. മുറികള്‍ക്കെല്ലാം അതോടെ സ്ഥാന മാറ്റം വന്നു. വീടിനു സ്ഥിതി ചെയ്യാന്‍ മൊത്തത്തില്‍ 12 സെന്റ് സ്ഥലമുള്ളതിനാല്‍ ലാന്‍ഡ്‌സ്‌കേപ്പിനു കൂടി സ്ഥലം ലഭിച്ചു. ബനഡിക്റ്റ് റോഡിന്റെ അരികിലായിരുന്നു പ്ലോട്ട്. മുന്നിലുള്ള 5 സെന്റ് സ്ഥലം കൂടി വാങ്ങിയപ്പോള്‍ പ്ലോട്ട് മറ്റൊരു റോഡിലേക്കും- പ്രോവിഡന്‍സ് റോഡിലേക്കും- കൂടി പ്രവേശനമുള്ളതായി. അങ്ങനെ രണ്ടു റോഡുകളില്‍ നിന്നും വീടിനുള്ളിലേക്ക് പ്രവേശന മാര്‍ഗ്ഗങ്ങള്‍ തീര്‍ത്തു. ഏതാണ്ട് ‘എല്‍’ ഷേയ്പ്പില്‍ കിടന്നിരുന്ന പ്ലോട്ടില്‍ പുറകിലേക്ക് ഇറങ്ങിയായിരുന്നു വീടിന്റെ സ്ഥാനം. മുന്നിലുള്ള സ്ഥലം കൂടി വാങ്ങിയപ്പോള്‍ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യാന്‍ ഏറെ സൗകര്യപ്രദമായി. ആദ്യ പ്ലാന്‍ അനുസരിച്ച് ഉണ്ടായിരുന്ന പ്രവേശന മാര്‍ഗ്ഗം മാറ്റി പുതുതായി വാങ്ങിയ പ്ലോട്ടില്‍ നിന്നാക്കി പ്രധാന പ്രവേശനം. ഇപ്പോള്‍ പഴയ പ്രവേശനമാര്‍ഗ്ഗം ആവശ്യമുള്ളപ്പോള്‍ ബാറ്റ്മിന്‍ഡന്‍ കോര്‍ട്ടായി ഉപയോഗിക്കാന്‍ വിധമാക്കി. വാക്‌വേ, പിന്നെ ഏതാനും സ്റ്റെപ്പുകള്‍, പിന്നെയും വാക്‌വേ എന്ന രീതിയിലാണ് പ്രധാന പ്രവേശന മാര്‍ഗ്ഗം. നടവഴിയിലൂടെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭംഗിയാസ്വദിച്ച് പടികള്‍ കയറി വീടിന്റെ ഉമ്മറത്തേക്ക് എത്തുമ്പോള്‍ ഈ വാക്‌വേയുടെ പിന്‍തുടര്‍ച്ച പോലെ വരാന്തയും കോര്‍ട്ട്‌യാര്‍ഡുകളും മുളങ്കൂട്ടങ്ങളും. ഫോയറിലെ കോര്‍ട്ട്‌യാര്‍ഡിന്റെ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത ഭിത്തി ഫോട്ടോഫ്രെയിം പോലെ സ്വാഭാവിക ചുമരലങ്കാരമാകുന്നു.
ഉടച്ചു വാര്‍ത്തുകൊണ്ട്
ആദ്യ പ്ലാന്‍ അനുസരിച്ചുള്ള കിഡ്‌സ്‌റൂമും, പാരന്റ്‌സ് റൂമും മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവ മുറികള്‍ക്ക് സ്ഥാനഭ്രംശമായി. പഴയ പ്ലാനിലെ ലിവിങ്ങും ഡൈനിങ്ങും കിച്ചനും ചേരുന്നതാണ് ഇപ്പോഴത്തെ ഡൈനിങ്ങും വാഷ്ഏരിയയും. ഫോയര്‍, ലിവിങ്, പൂജാ, കിച്ചന്‍ ഇവയൊക്കെ രണ്ടാമത് സജ്ജമാക്കിയവയാകുന്നു. ”ആദ്യഘട്ടത്തിലെ പണികളില്‍ പറ്റാവുന്നവ നിലനിര്‍ത്തി, പൊളിച്ചു പണിയുക കുറച്ചു ബുദ്ധിമുട്ടായിരുന്നു. എങ്കിലും തുടക്കമായിരുന്നതു കൊണ്ട് കൂടുതല്‍ നഷ്ടം വരാതെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു” എന്ന് ആര്‍ക്കിടെക്റ്റ് ജോമിന്‍ ജോര്‍ജ്ജ് പറഞ്ഞു.
ഒരു റിസോര്‍ട്ടിന്റെ മനോഹാരിതയിലും, ഭംഗിയിലും വീട് തീര്‍ത്തെടുക്കുവാന്‍ ആര്‍ക്കിടെക്റ്റ് സ്വീകരിച്ചആദ്യനയം ലാന്‍ഡ്‌സ്‌കേപ്പിനെയും വീടിനെയും തമ്മില്‍ ലയിപ്പിക്കുക എന്നതാണ്. സമൃദ്ധമായ വാംലൈറ്റിങ് അതും എല്‍ഇഡി ലൈറ്റിങ് രീതികള്‍ സ്വീകരിച്ചു. ഇളം മഞ്ഞനിറമാണ് അകത്തളങ്ങളില്‍. മഞ്ഞനിറം മനസ്സില്‍ ഉത്സാഹം നിറയ്ക്കും. അത് വാം ലൈറ്റുമായി ഇടകലരുമ്പോള്‍ തന്റെ വീട് ഏതൊരു ആംപിയന്‍സ് നല്‍കണമെന്നാണോ സുരേഷ് എന്ന ഗൃഹനാഥന്‍ ഭാവനയില്‍ കണ്ടത് അത് സാധ്യമായി. ഉള്ളിലും പുറമെയുമുള്ള പെബിള്‍, ഗ്രീന്‍ കോര്‍ട്ട്‌യാര്‍ഡുകളും ഈ കുടുംബത്തിന്റെ മനമറിഞ്ഞ് ആര്‍ക്കിടെക്റ്റ് ചെയ്ത സജ്ജീകരണങ്ങളാണ്. ഓരോ ഇടങ്ങളും ഓരോ ഡിസൈന്‍ എലമെന്റായിമാറുന്നതും ഇവിടെ കാണാം. ഫോയര്‍, ലിവിങ്, ഡൈനിങ്, വാഷ് ഏരിയ, പൂജാസ്‌പേസ് എന്നിവയെല്ലാം.
മഞ്ഞവെളിച്ചത്തില്‍
ഇളംമഞ്ഞ നിറത്തിന്റെ ചാരുത പൂജാ സ്‌പേസ് ഡൈനിങ്, വാഷ് ഏരിയ, കിച്ചന്‍, അപ്പര്‍ ലിവിങ് തുടങ്ങി എല്ലായിടങ്ങളിലും ഉണ്ട്. ഫോയറും അതിലെ കോര്‍ട്ട്‌യാര്‍ഡും ഫോയറിന്റെ ഭാഗികമായ വുഡന്‍ മറയും ഗസ്റ്റ് ലിവിങ്ങിലേക്ക് സാന്നിധ്യമറിയിക്കുന്നു. ഇരിപ്പിടങ്ങള്‍ക്ക് എതിര്‍വശത്തുള്ള ഭിത്തി വുഡും, പെബിളുകളും, സ്റ്റോണ്‍ ക്രാഫ്റ്റ് ക്ലാഡിങ്ങും, വാംലൈറ്റും നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഫാമിലി ഏരിയകള്‍ക്ക് സ്വകാര്യത നല്‍കും വിധമാണ് ഗസ്റ്റ് ലിവിങ്ങിന്റെ സ്ഥാനവും ഒരുക്കങ്ങളും. ഫോയറില്‍ നിന്ന് ഗസ്റ്റ് ലിവിങ് വഴി വീടിനകത്തേക്കുള്ള വാക്‌വേയുടെ ഒരു ഭിത്തി ഫീച്ചര്‍ വാളാക്കി മാറ്റിയിരിക്കുന്നു.
ഡൈനിങ് ഏരിയയ്ക്കു മുമ്പാണ് പൂജാമുറി. ജയ്‌സാല്‍മര്‍ സ്റ്റോണിന്റെ ഭംഗിയെഴുന്നതാണ് ഇവിടം. കൂടാതെ ഒരു ക്ഷേത്രത്തിന്റെ പരിവേഷം പകരുവാനായി ക്ഷേത്രച്ചുമരുകളില്‍ ചുറ്റുവിളക്കു സ്ഥാപിക്കാറുള്ള വുഡന്‍ ഫ്രെയിമിന്റെ അതേ ഡിസൈന്‍ പാറ്റേണില്‍ ഇരുവശത്തെയും ചുമരുകളില്‍ അലങ്കാരം നടത്തിയിരിക്കുന്നു. മഞ്ഞ വെളിച്ചവും, ജയ്‌സാല്‍മര്‍ സ്റ്റോണിന്റെ ഭംഗിയും ചേരുമ്പോള്‍ പൂജാമുറിക്ക് അമ്പലത്തിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനായിരിക്കുന്നു.
ഡൈനിങ്ങിന്റെ ഭാഗമായ വാഷ് ഏരിയ ഏറെ ശ്രദ്ധേയം തന്നെ. വുഡന്‍ ഫ്‌ളോറിങ്ങാണ് ഇവയ്ക്കിടയില്‍ പാര്‍ട്ടീഷന്‍ തീര്‍ക്കുന്നത്. കണ്ണുകളെയും, വയറിനെയും സ്വസ്ഥമാക്കിയിരുന്ന് ഭക്ഷണം കഴിക്കുവാനുതകുന്ന ഇടമായിരിക്കുന്നു ഇത്.
സ്ഥിരം രീതിയിലല്ലാതെ
ആധുനിക അടുക്കള വിശാലവും ബ്രേക്ക് ഫാസ്റ്റ് ഏരിയയോടു കൂടിയതുമാകുന്നു. സ്റ്റോറേജ് കബോഡുകളുടെ സമൃദ്ധിയുണ് അടുക്കളയ്ക്ക്. വാം ടോണ്‍ ലൈറ്റിങ്ങിന്റെയും മഞ്ഞ നിറത്തിന്റേയും പിന്‍തുടര്‍ച്ച ഈ ഇടങ്ങളിലെല്ലാം ദൃശ്യമാകുന്നുണ്ട്. എല്ലാം സ്ഥിരംരീതിയില്‍ ഒതുക്കാതെ അല്പമൊന്നു മാറ്റി ചെയ്യുവാനുള്ള ശ്രമം ഇവിടെയും കാണാം. പ്രത്യേകിച്ച് ഫര്‍ണിച്ചറിലെ ചില ഡിസൈനുകളില്‍. മാസ്റ്റര്‍ ബെഡ്‌റൂമിന് സാധാരണയില്‍ നിന്നും അല്പം കൂടി താഴ്ന്ന ബെഡാണ്. ഇത് ഗൃഹനാഥന്‍ സുരേഷിന്റെ ആവശ്യപ്രകാരം ചെയ്തതാണ്. ‘ടിപ്പിക്കലായ ഒരു കട്ടില്‍’ എന്ന തോന്നല്‍ തന്മൂലം ഒഴിവാക്കാനായി. ഇതേ നയം അപ്പര്‍ ലിവിങ്ങിലെ ഇരിപ്പിടങ്ങളിലും കാണാനാവും. കിഡ്‌സ് ബെഡ്‌റൂമിന് പിങ്ക് നിറത്തിലുള്ള ഒരുക്കങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. ലൈറ്റിങ്ങിന് ഏറെ പ്രാധാന്യം നല്‍കിയാണ് അപ്പര്‍ ലിവിങ്ങിന്റെ ഡിസൈന്‍. വാംലൈറ്റിങ്ങിന്റെ പ്രഭയില്‍ വെങ്കൈ വുഡിന്റെ ഡാര്‍ക്ക് ബ്രൗണ്‍ നിറം, ഇതിനോട് ചേര്‍ന്നു പോകുന്ന ചുമരിലെ വാള്‍പേപ്പര്‍, വാംലൈറ്റിങ്, അതില്‍ തന്നെ കോവ്‌ലൈറ്റിങ്ങും ഡൗണ്‍ ലൈറ്റിങ്ങും. ഓരോരോ ഇടങ്ങളുടെയും പ്രാധാന്യമനുസരിച്ചാണ് ലൈറ്റിങ് രീതി. വിശ്രമിക്കാനും കണ്ണിനും മനസ്സിനും സ്വാസ്ഥ്യമരുളാനും അലസമായി ചാഞ്ഞിരിക്കാനും ഉദ്ദേശിച്ചുള്ള ഒരുക്കങ്ങള്‍. ഡൈനിങ്ങില്‍ നിന്നുമുള്ള സ്റ്റെയര്‍കേസ് കയറി വരുമ്പോള്‍ സമീപമുള്ള ഭിത്തി മഞ്ഞനിറത്തിന്റെ അകമ്പടിയില്‍ വഴി കാണിക്കുന്നു. മുന്‍ഭാഗത്തെ ലാന്‍ഡ്‌സ്‌കേപ്പില്‍ പുതുതായി തീര്‍ത്തിരിക്കുന്ന കിണറിനെ ചതുരാകൃതിയിലൊരു ഹാര്‍ഡ്‌സ്‌കേപ്പാക്കി മാറ്റിയുള്ള ഒരുക്കമാണ് സ്വീകരിച്ചത്. വീടും പരിസരവും എല്ലാത്തരത്തി ലും ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. പുറംകാഴ്ചയില്‍ ഈ വീട് ഒരു കൊച്ചു റിസോട്ടിനെ തന്നെ അനുസ്മരിപ്പിക്കുന്നു. ശ്രേയസ് എന്നാല്‍ അഭിവൃദ്ധി. ശ്രേയസ് എന്നു പേരിട്ട വീട്ടില്‍ താമസമാക്കിയ ശേഷം വീട്ടുകാര്‍ക്കുണ്ടായത് അഭിവൃദ്ധി തന്നെ. 7 സെന്റിന്റെ പ്ലോട്ട് 12 സെന്റായി മെച്ചപ്പെട്ടു. ഒപ്പം വീട് എന്ന് സങ്കല്പവും അഭിവൃദ്ധിപ്പെട്ട് റിസോര്‍ട്ടായി പരിണമിച്ചു!

Leave a Reply

Your email address will not be published. Required fields are marked *