ഷാന്റിലിയര്‍ മുതല്‍ സ്‌പോട്ട് ലൈറ്റ് വരെ

ഫോട്ടോ കടപ്പാട്: ഡി-ലൈഫ് ഹോം ഇന്റീരിയേഴ്‌സ്‌
ഫോട്ടോ കടപ്പാട്: അലക്‌സ് ജേക്കബ്ബ്‌

നീളമുള്ള ട്യൂബ് ലൈററുകള്‍, ഓവല്‍ ആകൃതിയിലുള്ള ബള്‍ബുകള്‍ തുടങ്ങിയ പരിമിത ഡിസൈനിലുള്ള ലൈറ്റുകളുടെ കാലം പിന്നിട്ട് സീലിങ്ങിലും ഭിത്തിയിലും ആര്‍ട്ട് തന്നെ തീര്‍ക്കുന്ന വ്യത്യസ്ത ലൈറ്റുകളുടെ ലോകമാണിപ്പോള്‍ ഉള്ളത്. പുരാതന കാലത്തും ആധുനിക നാളുകളിലും എല്ലാം ഒരു പോലെ ട്രെന്‍ഡായ- ലൈറ്റുകളിലെ പ്രൗഢി, ആഡംബരം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഷാന്റിലിയറുകള്‍, ഒറ്റ തന്ത്രിയില്‍ തൂങ്ങി നില്‍ക്കുന്ന പെന്‍ഡന്റ് ലൈറ്റുകള്‍, കിച്ചന്റെ മധ്യഭാഗത്തായി ഉരുളി കമഴ്ത്തി വെച്ചതു പോലെ കാണപ്പെടുന്ന ഫഌഷ് മൗണ്ട് സീലിങ് ലൈറ്റ്, ട്രാക്ക് ലൈറ്റ്, പൂള്‍ ടേബിള്‍ ലൈറ്റ്, സ്‌പോട്ട് ലൈറ്റുകള്‍ എന്നിവയെല്ലാം പ്രധാനമായും സീലിങ്ങില്‍ ചേര്‍ന്നിരിക്കുന്നതോ അവിടെ തന്നെ തൂക്കിയിടുന്നതോ ആയ ലൈറ്റുകളാണ്. അതു പോലെ വാള്‍ ലൈറ്റിലും പുതുമ തുടരുന്നു. വാള്‍ സ്‌ക്കോണ്‍സസ്, ബാത് റൂം വാനിറ്റി ലൈറ്റിങ്, ഡിസ്‌പ്ലേ ആന്‍ഡ് പിക്ച്ചര്‍ ലൈറ്റുകള്‍, സ്വിങ് ആം വാള്‍ ലൈറ്റ് ഇങ്ങനെ പോകുന്നു ഭിത്തികളിലെ ലൈറ്റുകളുടെ പലഭേദങ്ങള്‍.

ഫോട്ടോ കടപ്പാട്: ഷിന്റോ വര്‍ഗീസ്‌
ഫോട്ടോ കടപ്പാട്: മുഹമ്മദ് നാജിം

സ്‌പേസ് അറിഞ്ഞാകാം
ലൈറ്റിങ്

ഫോട്ടോ കടപ്പാട്: സനാസ് പി ഹമീദ്‌

കിച്ചനിലും മറ്റും ധര്‍മ്മപരമായ കാര്യങ്ങള്‍ക്ക് ഉതകുന്ന വിധത്തിലാണ് ലൈറ്റിങ് ഒരുക്കേണ്ടതെങ്കിലും ചില ഇടങ്ങളില്‍ അത്ര ഗൗരവം ആവശ്യമില്ല. കിഡ്‌സ് റൂമില്‍ കളര്‍ഫുള്‍ ബട്ടര്‍ഫ്‌ളൈ ലൈറ്റിങ്, ഫെയറി സ്റ്റാര്‍ ലൈറ്റിങ്ങ്, നിയോണ്‍ ലൈറ്റിങ്ങ് തുടങ്ങിയ ഫാന്‍സി ലൈറ്റുകളും പലനിറത്തിലുള്ള ഡിസൈനര്‍ സീലിങ് ലൈറ്റുകളുമെല്ലാം ഉള്‍പ്പെടുത്താം. വേറെ അലങ്കാരങ്ങളൊന്നും ഇല്ലെങ്കിലും ഒറ്റ ഷാന്റിലിയര്‍ മിഡില്‍പീസു കൊണ്ട് സ്വീകരണമുറിയുടെ നിര്‍വചനം മാറ്റാം. മോഡേണ്‍ സ്‌റ്റൈല്‍ ഫര്‍ണിഷിങ്ങാണെങ്കില്‍ ഷാര്‍പ്പ് ജ്യോമട്രിക്ക് ഡിസൈനിലുള്ള ഷാന്റിലിയര്‍ തൂക്കാം. പല ഡിസൈനിലുള്ള ഷാന്റിലിയറുകള്‍ വിപണിയിലുണ്ടെങ്കിലും പ്രൗഢമായ ക്രിസ്റ്റല്‍ ഷാന്റിലിയറുകളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. ഷാന്റിലിയറല്ല ഏതു ഹാങ്ങിങ് ലൈറ്റ് ആണെങ്കിലും സ്‌പേസിന്റെ വലുപ്പത്തിനനുസരിച്ച് വേണം തെരഞ്ഞെടുക്കാന്‍. സ്‌പേസ് വിശാലമാണെങ്കില്‍ ക്ലസ്റ്റര്‍ പാറ്റേണും കുറഞ്ഞ സ്ഥലമാണെങ്കില്‍ സിംഗിള്‍ പെന്‍ഡന്റ് പാറ്റേണും ഉള്‍പ്പെടുത്താം. ഗൗരവമുള്ള അന്തരീക്ഷവും മയമുള്ള ആംപിയന്‍സും ആവശ്യാനുസരണം മാറ്റാന്‍ പറ്റുന്ന മൂഡ് ലൈറ്റുകള്‍ ബെഡ്‌റൂമുകളില്‍ നല്‍കാം. ഡിസൈനര്‍ ലൈറ്റ് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സീലിങ്ങില്‍ നല്‍കാതെ ഭിത്തിയില്‍ ഘടിപ്പിക്കുന്ന ലൈറ്റുകളാണ് ഉചിതം. റീഡിങ് റൂമില്‍ വൈററ് എല്‍ഇഡി ലൈറ്റ് തെരഞ്ഞെടുക്കാം. ആവശ്യമെങ്കില്‍ ഫ്‌ളെക്‌സിബിള്‍ ഡയറക്ഷണല്‍ ലൈറ്റ് കൂടി നല്‍കാം. സൈഡ് – ഡൗണ്‍ ലൈറ്റുകളുടെ കോമ്പിനേഷനാണ് പൗഡര്‍ റൂമില്‍ അഭികാമ്യം.

ഫോട്ടോ കടപ്പാട്: സ്റ്റുഡിയോ വിസ്റ്റ ആര്‍ക്കിടെക്റ്റ്‌സ്‌

ലാംപുകളും ഷെയ്ഡുകളും

ഫോട്ടോ കടപ്പാട്: ആര്‍ക്കിടെക്റ്റ് ജോയ് അംബൂക്കന്‍

ലാംപുകള്‍ക്കും പ്രചാരമേറുകയാണിപ്പോള്‍. ലാംപുകള്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഷെയ്ഡുകളോടു കൂടിയ ഔട്ട്‌ഡോര്‍ ലാംപുകള്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭംഗി കൂട്ടുന്നു. ഇന്റീരിയറിലാണെങ്കില്‍ കാലാവസ്ഥാ ഭേദങ്ങളെ പേടിക്കാതെ തന്നെ ഇഷ്ടമനുസരിച്ചുള്ള ലാംപുകള്‍ തെരഞ്ഞെടുക്കാം. ടേബിള്‍ ലാംപുകള്‍, ഫ്‌ളോര്‍ ലാംപുകള്‍, ഡെസ്‌ക് ലാംപുകള്‍, ലാംപ് സെറ്റ്, ലാംപ് ഷെയ്ഡുകള്‍, ലാംപ് ബേസസ്, പിയാനോ ലാംപുകള്‍ തുടങ്ങിയ വ്യത്യസ്ത വകഭേദങ്ങള്‍ ഇതിലുണ്ട്. ക്രോം, റോസ്‌ഗോള്‍ഡ്, മെറ്റല്‍, പിത്തള ഫിനിഷിലുള്ള ലാംപ് ഷെയ്ഡുകള്‍ക്കും പ്രിയമേറി. അതു പോലെ സ്റ്റാന്‍ഡിങ് ഫ്‌ളോര്‍ ലാംപുകളും ഒട്ടും പിന്നിലല്ല. സോളിഡ് വുഡന്‍ സ്റ്റാന്‍ഡുകളോടു കൂടിയ ഷെയ്ഡഡ് ലാംപുകള്‍, ക്ലീന്‍ മെറ്റല്‍- സ്റ്റീല്‍ ഫോമിലുള്ള ലാംപുകള്‍, ട്രൈപോഡ് സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ലാംപുകള്‍ എന്നിവയെല്ലാം പ്രചാരത്തില്‍ മുമ്പിലുണ്ട്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍, വര്‍ക്ക് സ്‌പേസുകള്‍ എന്നിവിടങ്ങളിലെല്ലാം ട്രൈപോഡ് ലാംപുകള്‍ ഉള്‍പ്പെടുത്താം.

ഫോട്ടോ കടപ്പാട്: മുജീബ് അഹമ്മദ്‌

ട്രെന്‍ഡി ലൈറ്റുകള്‍

ഫോട്ടോ കടപ്പാട്: അമാക് ആര്‍ക്കിടെക്റ്റ്‌സ്‌

അടുത്ത കാലത്തായി ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ലൈറ്റുകളാണ് ഓര്‍ഗാനിക്ക് വിഭാഗം. ലഭ്യമായ വസ്തുകള്‍ക്കൊപ്പം എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്ത് ഒരുക്കുന്നതാണിത്. കയര്‍, ചകിരി, വുഡന്‍ സ്‌ക്രാപ്പ് മെറ്റീരിയലുകള്‍, പി.വി. സി പൈപ്പുകള്‍ എന്നിവയെല്ലാം ശ്രദ്ധേയമായ ഡിസൈനിലുള്ള ലൈറ്റുകളായി മാറുന്നു. സ്‌പേസിന്റെ ഫര്‍ണിഷിങ്ങിന് അനുസരിച്ച് എത്‌നിക്ക് ക്ലോത്തു കൊണ്ടുള്ള ലാംപ് ഷെയ്ഡുകള്‍ വരെ ഇങ്ങനെ ഉള്‍പ്പെടുത്താം. ഇന്റീരിയര്‍ ഒരുക്കുന്നതിനൊപ്പം കസ്റ്റമൈസ് ചെയ്യുന്ന രീതിയാണ് ഓര്‍ഗാനിക്ക് ലാംപുകളുടെയും ലൈറ്റുകളുടെയും കാര്യത്തില്‍ കാണുന്നത്. മെറ്റല്‍ ഉപയോഗിച്ചുള്ള ലാംപുകള്‍, കോപ്പര്‍, പിത്തള തുടങ്ങിയ മെറ്റീരിയലുകള്‍ കൊണ്ടുള്ള ക്ലാസിക്ക് പാറ്റേണുകള്‍ എന്നിവയെല്ലാം പൊതുവെയുള്ള ട്രെന്‍ഡാണ്. വിന്റേജ് പാറ്റേണുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരം ലൈറ്റുകള്‍ കൂടുതലും തെരഞ്ഞെടുക്കുന്നത്. ഫിനിഷിങ് വരുത്തി ഭംഗിയാക്കിയ വുഡന്‍ ലാംപുകളെക്കാള്‍ വന്യവും പരുക്കനുമായ വുഡന്‍ പീസുകള്‍ അതു പോലെ തന്നെ ഉപയോഗിക്കുന്നതും വര്‍ദ്ധിച്ചു. സ്റ്റാന്‍ഡിന്റെ റസ്റ്റിക്ക് ഗുണവും ലൈറ്റിന്റെ സോഫ്റ്റ്‌നെസും ചേരുന്ന വൈരുദ്ധ്യഭംഗിയാണ് ഇത്തരം ലൈറ്റുകള്‍ക്ക്. സോഫ്റ്റ് ഗോള്‍ഡ്, ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, വൈറ്റ്, ഇന്‍ഡസ്ട്രിയല്‍ സ്‌റ്റൈല്‍, വെയര്‍ഹൗസ് പാറ്റേണ്‍, നൊസ്റ്റാള്‍ജിക്ക് – വിന്റേജ് സ്‌റ്റൈല്‍ എന്നിവയെല്ലാം ട്രെന്‍ഡാണ്. മിനിമലിസം – ജ്യോമട്രി – ക്ലീന്‍ ഡിസൈന്‍ ഇവ ഒത്തു ചേര്‍ന്ന കന്റംപ്രറി പെന്‍ഡന്റ് ലൈറ്റുകള്‍ മോഡേണ്‍ അടുക്കളകള്‍ക്ക് പുത്തന്‍ പ്രൗഢി നല്‍കുന്നു. 20-ാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ ആര്‍ട്ട് ഡെക്കോ സ്‌റ്റൈലിന്റെ തിരിച്ചു വരവും സ്‌കാന്‍ഡിനേവിയന്‍ ലൈറ്റിങ് പോലെയുള്ള ഉത്തര യൂറോപ്യന്‍ ശൈലിയോടുള്ള ആഭിമുഖ്യം കൂടിയതുമെല്ലാം ഈ കാലയളവിലെ ശ്രദ്ധേയ മാറ്റമാണ്. ഇന്റീരിയറിനനുസരിച്ച് മൊറോക്കോ, ആന്റിക്ക് സ്റ്റൈല്‍, വാള്‍ – ഷാന്റിലിയര്‍ ലൈറ്റുകളും തെരഞ്ഞെടുക്കാവുന്നതാണ്.

മാറാം എല്‍ഇഡിയിലേക്ക്

ഫോട്ടോ കടപ്പാട്: ഷിന്റോ വര്‍ഗീസ്‌

പ്രകൃതി സൗഹാര്‍ദ്ദമായിരിക്കുക എന്ന ഉത്തരവാദിത്വം ഏറുകയാണിപ്പോള്‍. നിര്‍മ്മാണമേഖല തന്നെയാണ് ഇക്കാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു വിഭാഗം. ആ നിലയ്ക്ക് ലൈറ്റിങ്ങില്‍ ഉള്‍പ്പെടെ തുടരുന്ന പഴയ രീതികള്‍ മാറ്റിയേ തീരൂ. ഊര്‍ജ്ജസംരക്ഷണവും പ്രകൃതിയോടുള്ള പരിഗണനയും കണക്കിലെടുക്കുമ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ തന്നെയാണ് ഒരു പരിധി വരെ മികച്ച തെരഞ്ഞെടുപ്പ്. പരമ്പരാഗത ലൈറ്റുകളായ ഫഌറസെന്റ്, ഇന്‍കാന്‍ഡസെന്റ് ലൈറ്റുകളെ അപേക്ഷിച്ച് 80 ശതമാനം കൂടുതല്‍ കാര്യക്ഷമമാണ് എല്‍ഇഡികള്‍. ഇവയില്‍ 95 ശതമാനം ഊര്‍ജ്ജവും പ്രകാശമായി പരിവര്‍ത്തനപ്പെടുമ്പോള്‍ അഞ്ച് ശതമാനം മാത്രമാണ് താപം എന്ന രീതിയില്‍ പാഴാകുന്നത്. വിഷവാതകങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് ഇവയുടെ മറ്റൊരു മെച്ചം. സ്ട്രിപ്പ് ലൈറ്റുകളായും മറ്റും ഉപയോഗിക്കുന്ന ഫഌറസെന്റ് ബള്‍ബുകളില്‍ മെര്‍ക്കുറി പോലെയുള്ള ദോഷകരമായ വാതകങ്ങളാണുള്ളത്. കുറഞ്ഞ അളവിലുള്ള വൈദ്യുതി കൊണ്ടു തന്നെ കൂടുതല്‍ വെളിച്ചം ഉറപ്പാക്കാനും എല്‍ഇഡിയ്ക്ക് കഴിയുന്നു. വോള്‍ട്ടേജ് കുറഞ്ഞിരിക്കുമ്പോള്‍ ഇത് വ്യക്തമാണ്. മറ്റു ലൈറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ഇവ നിലനില്‍ക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട്: എസ്.ഡി.സി. ആര്‍ക്കിടെക്റ്റ്‌സ്‌

സ്മാര്‍ട്ട് ലൈറ്റുകള്‍

ഫോട്ടോ കടപ്പാട്: എസ്.ഡി.സി. ആര്‍ക്കിടെക്റ്റ്‌സ്‌

എല്‍ഇഡി സ്മാര്‍ട്ട് ലൈറ്റുകള്‍ ഏറെ ജനകീയമാണിപ്പോള്‍. ആവശ്യത്തിനനുസരിച്ച് പ്രോഗ്രാം ചെയ്തു വെയ്ക്കാവുന്ന ലൈറ്റുകള്‍ പല ബ്രാന്‍ഡുകളില്‍ ഇറങ്ങുന്നു. വ്യത്യസ്തമായ നിറഭേദങ്ങളോടെയുള്ള വെളിച്ചം പകരുന്ന ഈ ലൈറ്റുകള്‍ മൂഡ് ലൈറ്റുകളായും ഉപയോഗിക്കാം. നിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ വഴിയും അലക്‌സ പോലെയുള്ള ഡിവൈസുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കാവുന്ന വിധത്തിലാണ് ഇത്തരം ലൈറ്റുകള്‍. ആവശ്യത്തിനനുസരിച്ച് നൈറ്റ്, റീഡ്, വര്‍ക്കിങ്, ലെഷര്‍, സോഫ്റ്റ്, കളര്‍ഫുള്‍, ഡാസ്ലിങ്, ഗോര്‍ജസ് തുടങ്ങിയ ഓപ്ഷനുകള്‍ സ്മാര്‍ട്ട് ഫോണിലെ ആപ്പ് തുറക്കുമ്പോള്‍ കാണാം. ഇതില്‍ വേണ്ടിടത്ത് ടച്ച് ചെയ്തു കൊണ്ട് ലൈറ്റുകളുടെ നിറം മാറ്റാം. സീലിങ് വര്‍ക്കിനൊപ്പം കളര്‍ഫുള്‍ സ്‌പോട്ട് ലൈറ്റുകളോ, സ്ട്രിപ്പ് ലൈറ്റുകളോ തെരഞ്ഞെടുക്കുന്നതും ഒട്ടേറെ പേര്‍ ഇഷ്ടപ്പെടുന്നുണ്ട്. ലൈറ്റിങ്ങിലെ വാം ടോണിനും ആരാധകര്‍ ഏറെയാണ്. അതു പോലെ തന്നെയാണ് സെന്‍സര്‍ ലൈറ്റുകള്‍. ആളുകളുടെ സാന്നിധ്യമറിഞ്ഞ് തെളിയുകയും അണയുകയും ചെയ്യുന്നു ഇവ.

ഫോട്ടോ കടപ്പാട്: ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന്‍

വെളിച്ചമെന്ന വിപ്ലവം

ഫോട്ടോ കടപ്പാട്: ബീറ്റില്‍സ്‌

കൃത്രിമ വെളിച്ച സംവിധാനങ്ങളുടെ രംഗത്തെ വിപ്ലവം തന്നെയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലൈറ്റ് എന്ന ഊര്‍ജ്ജത്തെ ഒരു വിഷ്വല്‍ ആര്‍ട്ടായി തന്നെ ഉപയോഗപ്പെടുത്തിയാല്‍ ഒരു അലങ്കാരവും ഇല്ലെങ്കിലും അകത്തളം പ്രൗഢവും മനോഹരവുമാക്കാം. ആവശ്യത്തിലേറെയല്ല, ആവശ്യത്തിനു മാത്രമുള്ള, കൃത്യ അനുപാതത്തിലുള്ള വെളിച്ച വിന്യാസമാണ് നടപ്പാക്കേണ്ടത്. കാലത്തിനൊപ്പം നീങ്ങിയാലും പരമ്പരാഗത ശൈലികളില്‍ നിലനിന്നാലും ഡിസൈന്‍ വ്യത്യസ്തതയ്ക്ക് അപ്പുറം വെളിച്ച സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമവും എക്കോഫ്രണ്ട്‌ലിയും ആയിരിക്കുക എന്നതാണ് ഇക്കാലത്ത് പ്രധാനം. സ്‌പേസ് അറിഞ്ഞ് ലൈറ്റുകള്‍ ഒരുക്കുന്നതിനൊപ്പം ശ്രദ്ധിക്കാം നമുക്കിതു കൂടി.

ഫോട്ടോ കടപ്പാട്: ഡോസ് ഇന്റീരിയേഴ്‌സ്‌
ഫോട്ടോ കടപ്പാട്: അലക്‌സ് ജേക്കബ്ബ്‌
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*