സ്‌പേസ് സിന്റാക്‌സ്’ തിയ്യറിയെ ആസ്പദമാക്കി ലോകത്തിന്റെ നാനാ ഭാഗങ്ങളിലെ നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ അവയുടെ രൂപഘടനയ്ക്കനുസരിച്ച് ഓരോ നഗരവും വ്യത്യസ്തമാണെങ്കിലും ഒരുപാട് സാമ്യതകളും അവയ്ക്കുണ്ടെന്ന് വ്യക്തമാക്കുന്നു. സംസ്‌കാരവും സാമൂഹികപരമായ മാറ്റങ്ങളും നഗരത്തിന്റെ ഘടനയെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ വിവിധ സംസ്‌കാരം പിന്തുടരുന്ന നഗരങ്ങള്‍ക്ക് വ്യതിയാനങ്ങളുമുണ്ടാകും. കൊച്ചിയിലെ വ്യാവസായികവും വാസയോഗ്യവുമായ മേഖലകളുടെ സ്ഥല രൂപീകരണവും ‘സ്‌പേസ് സിന്റാക്‌സ്’ തിയ്യറി ഉപയോഗിച്ച് നടത്തിയ മൂന്നു തരത്തിലുള്ള താരതമ്യവുമാണ് ആര്‍ക്കിടെക്റ്റ് ആബിദ് എ റഹീം നടത്തിയ പഠനം കേന്ദ്രീകരിക്കുന്നത്. സ്ഥലസംബന്ധിയായ സ്‌പേസ് സിന്റാക്‌സ് തിയ്യറികളെക്കുറിച്ചാണ് മുഖ്യമായും പഠനത്തില്‍ പ്രതിപാദിക്കുന്നത്. വ്യത്യസ്ത സാമൂഹിക തലങ്ങളില്‍ നില്‍ക്കുന്ന ഇതര നഗരങ്ങളും തെക്കേ ഇന്ത്യയിലെ കൊച്ചിയും എങ്ങനെ നഗര ക്രമീകരണം നടത്തി എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ‘ഡെപ്ത് മാപ്പ്’ സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിച്ചത്. കൊച്ചി നഗരത്തിലെ ആറ് വ്യത്യസ്ത ഏരിയകളാണ് പഠനത്തിന് വിധേയമാക്കിയത്.

ഈ പഠനം മുഖാന്തരം കൊച്ചിയുടെ നിലവിലുള്ള സ്ഥലവിന്യാസത്തെക്കുറിച്ചും നഗര വികസനത്തിനും വേണ്ടി പദ്ധതി ഒരുക്കുമ്പോള്‍ അവ എങ്ങനെ ക്രമീകരിക്കണമെന്നും ആഴത്തില്‍ മനസ്സിലാക്കി തരുന്നു. ഈ പഠനത്തിലൂടെ സ്ഥലവിന്യാസം എങ്ങനെ നഗരങ്ങളുടെ സമാനതകള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും കാരണമെന്ന് ചൂണ്ടി കാണിക്കാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥല വിന്യാസത്തെ വിശകലനം ചെയ്യാനുതകുന്ന ഒരു ഉപാധികൂടിയാണ് ഈ തിയ്യറി. തെരുവുകളുടെ വിന്യാസം, സ്ഥല ഉപയോഗ വിതരണം, വ്യത്യസ്തമായ സ്ഥലാവിഷ്‌കരണം, ഇവയിലെല്ലാം സംസ്‌കാരത്തിന്റെ സ്വാധീനം ഇതിലൂടെ വെളിവാകുന്നു. വ്യത്യസ്തമായ സമൂഹങ്ങളുടെ നിലനില്‍പ്പും സംസ്‌കാരവും മനസ്സിലാക്കാന്‍ ഇതിനാല്‍ സാധ്യമാകുന്നു. എന്നിരുന്നാലും സ്ഥല വിന്യാസത്തിന് വിവിധ സമൂഹങ്ങളില്‍ വിവിധ അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ ഇവയുടെ സ്വാധീനവും അര്‍ത്ഥവും അതത് സാംസ്‌കാരിക പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.

ഭോപാല്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ് & ആര്‍ക്കിടെക്ചറിന്റെ ജേണലായ ‘സ്പാന്‍ട്രലി’ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

അവാര്‍ഡ്: ഗോള്‍ഡ് ലീഫ് കാറ്റഗറി: ആര്‍ക്കിടെക്ചര്‍ റൈറ്റിങ്
പ്രോജക്റ്റ്: സ്‌പെയ്‌സ് സിന്റാക്‌സ്-റീഡിങ് സിറ്റീസ് & അണ്ടര്‍ സ്റ്റാന്റിങ് ഇറ്റ്‌സ് കള്‍ച്ചറല്‍ ഇംപാക്റ്റ്
ആര്‍ക്കിടെക്റ്റ്: ആബിദ് എ റഹീം

ചൂടിന് പരിഹാരം

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കേരളം പ്രകൃതിയ്ക്ക് അനുയോജ്യമായ നിര്‍മ്മാണ രീതികളായിരുന്നു അവലംബിച്ചിരുന്നത്. ആധുനിക നിര്‍മ്മാണ സാമഗ്രികളുടെ വന്‍തോതിലുള്ള കടന്നു വരവും നിര്‍മ്മാണ ചിലവുകളിലുണ്ടായ ഭീമമായ വര്‍ധനവും ജീവിത ശൈലിയിലെ മാറ്റങ്ങളും ഭവന നിര്‍മ്മാണ പ്രക്രീയയെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും ഇണങ്ങാത്ത മാറ്റങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചു. അകത്തളങ്ങളിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുകയും താപം നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ സര്‍വ്വ സാധാരണമാക്കുകയും ചെയ്തു.

ശരിയായ രീതിയിലുള്ള വായുസഞ്ചാരം അകത്തളത്തിലെ ഉഷ്ണത്തെ ഒരു പരിധി വരെ നിയന്ത്രിക്കും. ഭിത്തിയും മേല്‍ക്കൂരയും നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതിയ്ക്ക് അനുയോജ്യമായ സാമഗ്രികളും നിര്‍മ്മാണ പ്രക്രീയയും അവലംബിച്ചാല്‍ എയര്‍ കണ്ടീഷണര്‍ ഇല്ലാതെ തന്നെ ഉഷ്ണവും ഊര്‍ജ്ജ ഉപഭോഗവും നിയന്ത്രിക്കാം.

ലാറി ബേക്കര്‍ അടക്കം നിരവധി വാസ്തുശില്പികള്‍ ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള ഭവന നിര്‍മ്മാണ സാമഗ്രികളും പ്രക്രീയകളും അകത്തളങ്ങളിലെ

ചൂടിനെ എങ്ങനെ ബാധിക്കുന്നു എന്ന് അന്വേഷിക്കുകയാണ് എം ഇ എസ് എന്‍ജിനീയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം അദ്ധ്യാപികയായ ഇന്ദുജ. പൊള്ളുന്ന നാഗരിക ജീവിതത്തിന് വിരാമമിടാന്‍ ശ്രമിക്കുകയാണ് തന്റെ ‘പാസീവ് സ്ട്രാറ്റജീസ് ഫോര്‍ ഇന്‍ഡോര്‍ തെര്‍മല്‍ കംഫര്‍ട്ട് ഇന്‍ വാം ഹ്യുമിഡ് ക്ലൈമറ്റ്’ എന്ന പഠനത്തിലൂടെ. ആധുനിക ശൈലിയും മറ്റും അവലംബിക്കുമ്പോള്‍ പഴമയിലേക്ക് നാം ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട് എന്നും ഇന്ദുജ ഓര്‍മ്മിപ്പിക്കുന്നു.

 

അവാര്‍ഡ്: സില്‍വര്‍ ലീഫ്
പ്രോജക്റ്റ്: പാസീവ് സ്ട്രാറ്റജീസ് ഫോര്‍ ഇന്‍ഡോര്‍ തെര്‍മല്‍ കംഫര്‍ട്ട് ഇന്‍വാം ഹ്യുമിഡ് ക്ലൈമറ്റ്‌സ്
ആര്‍ക്കിടെക്റ്റ്: ഇന്ദുജ വി.

കൂള്‍ ഹോം

അവാര്‍ഡ്: കമന്റേഷന്‍
പ്രോജക്റ്റ്: പാസീവ് കണ്‍ട്രോള്‍ മെത്തേഡ് ഫോര്‍ കംഫര്‍ട്ടബിള്‍ ഇന്‍ഡോര്‍ എന്‍വയോണ്‍മെന്റ്
ആര്‍ക്കിടെക്റ്റ്: ഡോ. ദിലി എ.എസ്.

കെട്ടിടങ്ങളിലെ ചൂടിനെ നിയന്ത്രിക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ചെലവു കുറഞ്ഞ രീതിയില്‍ അവ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ പഴമക്കാര്‍ ഇത് മുന്‍പേ നടപ്പിലാക്കിയിരുന്നു. കേരളത്തിന്റെ പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഡോ. എ.എസ്. ദിലി കേരളത്തിന്റെ പരമ്പരാഗത താപനിയന്ത്രണ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ചെലവു കുറഞ്ഞ രീതിയില്‍ വീട് പണിയാമെന്ന് തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

ടികെഎം എന്‍ജിനീയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ അദ്ധ്യാപകനായ ഡോ. ദിലി, മയ്യനാട് കായാവിലെ തന്റെ വീട്ടില്‍ രണ്ടാം നിലയില്‍ ഒരു കൂള്‍ ഹോം പണിതിട്ടുണ്ട്. കേരളത്തിലെ പഴയ നാലുകെട്ടുകളിലെ നൈസര്‍ഗിക താപനിയന്ത്രണ സംവിധാനങ്ങള്‍ കാലത്തിനനുസരിച്ച് ആധുനിക നിര്‍മ്മാണ സാമഗ്രികളുപയോഗിച്ചു തന്നെ നടപ്പിലാക്കിക്കൊണ്ട് നിര്‍മ്മാണ ചെലവും നാലിലൊന്നായി കുറയ്ക്കാനാകുമെന്ന് തെളിയിച്ചതാണ് ഈ വീട്ടില്‍.

അന്താരാഷ്ട്രതലത്തിലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ദിലിയുടെ ഏറെക്കാലത്തെ ഗവേണഫലമാണ് കൂള്‍ഹോം എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരം. ഈ പഠനമാണ് ഈ വര്‍ഷം കമന്റേഷന്‍ അവാര്‍ഡിനര്‍ഹമായിരിക്കുന്നത്.

Comments are closed.