എന്റെ വീട് എന്നു പറയുന്നത് ഞാനും എന്റെ കുടുംബവും ഒത്തു ചേരുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും ചേരുന്ന ഇടമാണ്. എന്റെ സ്‌നേഹതീരം” മലയാളികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനവധി അനശ്വര കഥാപാത്രങ്ങളും സിനിമകളും മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാടിന് പറയാനുണ്ട് ഇത്തരം ചില ‘വീട്ടു’കാര്യങ്ങള്‍.

തൃശൂരിലെ അന്തിക്കാട് ഗ്രാമത്തില്‍, രണ്ടര ഏക്കര്‍ പുരയിടത്തിനു നടുവില്‍ കുളവും തെങ്ങും, മാവും, നെല്ലിയും, പുളിയുമെല്ലാമുള്ള നാടന്‍ ചെടികള്‍ പൂവിട്ടു നില്‍ക്കുന്ന മുറ്റവും, പുല്ലു വളര്‍ന്ന തൊടിയും, നീളന്‍ വരാന്തയും ചാഞ്ഞ മേല്‍ക്കൂരയുള്ള വീടും ഒത്തു ചേരുമ്പോള്‍ സത്യന്റെ സ്‌നേഹതീരമായി.

കൊച്ചിയിലെ ശില്പി ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ വീടിന്റെ സംവിധായകന്‍. ഒരു ആര്‍ക്കിടെക്റ്റും ഒരു സിനിമാ സംവിധായകനും ചെയ്യുന്നത് ഒരേ കര്‍മ്മമാണ്.

ഒരാള്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഒരാള്‍ വീടിന്റെ നിര്‍മ്മാണ സംവിധാനം നിര്‍വഹിക്കുന്നു. പ്രേക്ഷകന്‍ അല്ലെങ്കില്‍ വീട്ടുടമ അവരുടെ സൃഷ്ടി ഇഷ്ടപ്പെടുകയും, അത് അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്യുമ്പോഴാണ് രണ്ടു സൃഷ്ടികളും വിജയിക്കുന്നത്.

ഈ അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസിന്റെ ‘സത്യന്‍ വീട്’ മെഗാ ഹിറ്റായിരിക്കുകയാണ്.

ആര്‍ക്കിടെക്റ്റിന്റെ പ്രവേശം

”ഞങ്ങള്‍ ഒരു സാധാരണ വീട്ടിലായിരുന്നു താമസം. ചുറ്റിനും ധാരാളം തൊടിയും കൃഷിയിടങ്ങളുമെല്ലാമുള്ള ഒരു വീട്. ഞാനും നിമ്മിയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. കുട്ടികള്‍ വളര്‍ന്നു വരുന്നതു കൊണ്ട് വീടിന്റെ സൗകര്യങ്ങള്‍ പോരാതെ വരുന്നുവെന്നും പുതിയൊരു വീടുവേണമെന്നും ചിന്തിച്ചു തുടങ്ങിയിരുന്നു.

അക്കാലത്ത് ഏതാണ്ട് നാലു വര്‍ഷം മുമ്പ് ഒരിക്കല്‍ ഞാനും നിമ്മിയും കൂടി തിരുവനന്തപുരത്ത് പോയി തിരിച്ചു വരുമ്പോള്‍ ചേര്‍ത്തലയില്‍ ബാബുച്ചേട്ടന്റെ (തകര സിനിമയുടെ പ്രൊഡ്യൂസര്‍) വീട് സന്ദര്‍ശിച്ചു. അന്ന് ഞങ്ങള്‍ താമസിച്ചത് അദ്ദേഹത്തിന്റെ ഒരു ഹോംസ്റ്റേയിലാണ്.

അദ്ദേഹക്കിന്റെ വീടിനടുത്തു തന്നെയുള്ള ആ ഹോംസ്റ്റേ കായലിനു സമീപമാണ്. അവിടെ കിടന്നുറങ്ങി രാവിലെ ഉണര്‍ന്നപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നി. ഞാന്‍ ബാബുച്ചേട്ടനോട് ചോദിച്ചു ഈ കെട്ടിടം പണിതത് ആരാണെന്ന്.

‘ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ്; എന്റെ മോന്റെ ‘വീടുപണിതതും ഈ ആര്‍ക്കിടെക്റ്റാണ്’ എന്നു പറഞ്ഞ് അദ്ദേഹമെന്നെ മകന്‍ ഡോ. ഗൗതമിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി (ഡോ. ഗൗതമിന്റെ വീട് ഡിസൈനര്‍ മാഗസിന്റെ 2008 ആഗസ്റ്റ് ലക്കത്തില്‍ ‘ആര്‍ക്കിടെക്ചര്‍’ പംക്തിയില്‍ ഫീച്ചര്‍ ചെയ്തിരുന്നു.)

വീടിരിക്കുന്ന പ്ലോട്ടിലുള്ള കുളം നശിപ്പിക്കാതെ കുളം തന്നെ വീടിന്റെ ഭാഗമായി മാറുന്ന രീതിയിലായിരുന്നു ആ വീടിന്റെ നിര്‍മ്മാണം. ആ ആശയം എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാന്‍ അവിടെ നിന്നു തന്നെ ഈ ആര്‍ക്കിടെക്റ്റിനെ വിളിച്ചു സംസാരിച്ചു.

കാരണം പുതിയൊരു വീടിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്ന സമയമായിരുന്നു അത്”. തന്റെ മനസ്സില്‍ മാത്രമുണ്ടായിരുന്ന വീടിനെ എങ്ങനെയാണ് സംവിധായകന്റെ കൈകളിലേല്‍പ്പിച്ചതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

തിരക്കഥ തയ്യാര്‍

അധികം വൈകാതെ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ അന്തിക്കാട്ടെത്തി. താമസിച്ചിരുന്ന വീടിന്റെയടുത്ത് നിന്ന് കുറച്ചകലെയായി, വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയിട്ട രണ്ടര ഏക്കര്‍ സ്ഥലം സത്യന്‍ അന്തിക്കാടിനുണ്ടായിരുന്നു. പ്ലോട്ടില്‍ ഒരു കുളവും ഉണ്ട്.

”കുളത്തോട് ചേര്‍ത്ത് വീടുവയ്ക്കാനായിരുന്നു എനിക്കു താല്‍പര്യം. പ്ലോട്ടിലാകെ ചുറ്റി നടന്നു കണ്ട സെബാസ്റ്റ്യന്‍ പറഞ്ഞത്, ‘വേണ്ടത്ര സ്ഥല വിസ്തൃതിയുണ്ടല്ലോ. റോഡില്‍ നിന്നും പുറകിലേക്ക് ഇറക്കി വീടു വയ്ക്കാം. വാഹനങ്ങളുടെ ശബ്ദവും പൊടിശല്യവുമുണ്ടാവില്ല.

ഒരു സ്വാഭാവികമായ മുറ്റവും തൊടിയും ലഭിക്കുകയും ചെയ്യും’ എന്നാണ്. കുളം പ്ലാനിന്റെ ഭാഗമാക്കി വീടുപണിയുവാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെങ്കിലും അത്തരമൊന്ന് ഈ സ്ഥലത്തിന് യോജിച്ചതല്ല എന്ന് മനസിലാക്കി ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇത് എന്റെ ഗ്രാമത്തിനു ചേര്‍ന്ന വീടല്ല. അല്പം ആധുനികമാണ്. കാരണം മക്കളുടെ കൂടെ താല്‍പര്യം പരിഗണിച്ചിരു ന്നു.

എന്നാല്‍ മരങ്ങള്‍ വെട്ടാതെ, കുളം നികത്താതെ, കടംമേടിക്കാതെ കോടികള്‍ മുടക്കാതെ പണിത വീടാണിത്. പുറ ത്തെ പ്രകൃതിയെ ഉള്ളിലേക്കാവഹിക്കുന്ന വീട്. 30-35 ലക്ഷത്തിനു വീടു വയ്ക്കാനാണ് ഞാന്‍ പറഞ്ഞത്. എന്റെ ആവശ്യങ്ങളും, സാധനസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ ഇപ്പോഴത്തെ കൂലിയുമെല്ലാം കൂടി അതിലൊതുങ്ങില്ല എന്നു മനസ്സിലായി.

50 ലക്ഷം പരമാവധി; അതില്‍ അധികം കൂടരുത് എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു ആര്‍ക്കിടെക്റ്റിനോട്. കാരണം സ്വന്തം വീടെന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണല്ലോ! എന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹം തയ്യാറാക്കി തന്ന തിരക്കഥ എനിക്ക് ഒരുപാട് ഇഷ്ടമായി” സത്യന്‍ പറയുന്നു.

ഒരേ രസതന്ത്രം

”എന്റെ സിനിമകള്‍ പോലെയാണ് എന്റെ ഈ വീടും. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ അതില്‍ എല്ലാം ഉണ്ടാവും പക്ഷേ, ആവശ്യത്തിനു മാത്രം. സിനിമ ചെയ്തു തുടങ്ങിയാല്‍ പിന്നെ ആരെങ്കിലും ആ സീന്‍മാറ്റി ഇങ്ങനെ ചെയ്യാം, രണ്ട് പാട്ട്, ഒരു ഗ്രൂപ്പ് ഡാന്‍സ് ഇവ കൂടി കയറ്റാം എന്നൊന്നും ആരും പറയാറില്ല.

അതുപോലെയായിരുന്നു എന്റെ വീടുപണിയുടെ കാര്യവും. എനിക്ക് ഇതു വേണ്ട. അല്ലെങ്കില്‍ അത് ചെയ്യരുത് എന്ന് ഒരിക്കലും ആര്‍ക്കിടെക്റ്റിനോട് പറയേണ്ടി വന്നില്ല. ഞങ്ങളുടെ രണ്ടുപേരുടേയും രസതന്ത്രം നന്നായി യോജിച്ചു പോകുന്നതായിരുന്നു” സത്യന്‍ അന്തിക്കാട് പറയുന്നു.

തന്റെ വീടിന്റെ നിര്‍മ്മാണം കുടുംബത്തിനും പ്രിയപ്പെട്ട ഒന്നായതിന്റെ രഹസ്യം ഇതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഉപയോഗമില്ലാത്ത ഒരു സ്ഥലവും ഈ വീട്ടിലില്ല. ഒന്നും എടുത്തു മാറ്റാനില്ല. എല്ലാം ഇഴയടുപ്പത്തോടെ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.

ചുമരുകള്‍ അധികമില്ലാത്ത, തുറന്ന അടുക്കളയും, അകത്തളങ്ങളും ഉള്ള വീട്. 3 കിടപ്പുമുറികള്‍, ആവശ്യാനുസരണം ഹോം തീയറ്ററായും ലൈബ്രറിയായും ഉപയോഗിക്കുന്ന ഒരു മള്‍ട്ടിപര്‍പ്പസ് ഏരിയ. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകള്‍. വീടിന്റെ മൂന്നാമത്തെ ലെവലില്‍ അതായത് ടെറസില്‍ സെമി ഓപ്പണ്‍ ബെഡ്‌റൂം. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഇത്രയും ഏരിയകളാണുള്ളത്.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

തുറസ്സായ ഡൈനിങ് ഏരിയയുടെ ഭാഗമായി ഒരു ജലാശയമുണ്ട്. അത് ലിവിങ് ഏരിയയിലും ബെഡ്‌റൂമിലും എന്തിന് വീടിന്റെ മൂന്നാമത്തെ ലെവലിലുള്ള ബെഡ്‌റൂമില്‍ നിന്നു പോലും കാണാനാവും വിധം തയ്യാറാക്കിയിരിക്കുന്നു.

വാട്ടര്‍ ബോഡിയോട് ചേര്‍ന്നുവരുന്ന ഭാഗത്ത് ചാരുപടിയോടു കൂടിയ ഇരിപ്പിടവുമൊരുക്കിയിരിക്കുന്നു. ഇവിടെ വന്നിരുന്നാല്‍ വീടിനുള്ളിലെ എല്ലാ ഇടങ്ങളുമായും ആശയ വിനിമയം സാധ്യമാണ്.

വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ ഏപ്രില്‍ മാസത്തിലെ കടുത്ത ചൂടുസമയത്തു പോലും ഇവിടെ തണുപ്പുണ്ട്. വീടിനോട് ചേര്‍ന്നുള്ള കുളത്തിലേക്കാണ് മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ജനാലകള്‍ തുറക്കുന്നത്. കുളത്തിന് പടവുകളും ചുറ്റിനും നാടന്‍ ചെടികളും ഉണ്ട്.

”4 വര്‍ഷമെടുത്തു വീടുപണിത് തീരുവാന്‍. എന്റെ സമയമനുസരിച്ചാണ് വീട് പണിതത്. സിനിമയില്ലാത്തപ്പോള്‍ വീടുപണി നോക്കി നടത്തി. വീടുപണി തീര്‍ന്നപ്പോഴേക്കും മൂത്തമകന്റെ കല്യാണവുമായി. വീടിന്റെ വിശാലമായ മുറ്റത്ത് പന്തലിട്ട് കല്യാണവും നടത്തി”. എല്ലാവിധ ഐശ്വര്യവും സന്തോഷവും സമാധാനവും സമ്മാനിച്ച വീടിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് വാചാലനാകുന്നു.

ഒരു സന്ദേശം

”വീട് എന്നത് ആരെയെങ്കിലും കാണിക്കുവാനോ, സ്വയം പ്രദര്‍ശിപ്പിക്കുവാനോ ഉള്ള ഒന്നല്ല. വീട്ടുകാരെ മനസിലാക്കി അവരുടെ അഭിരുചിക്കനുസരിച്ച് വീടു പണിയുമ്പോഴാണ് വീടെന്ന പദം സാര്‍ത്ഥകമാകുന്നത്. കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അത് എനിക്ക് ബോധ്യമായത് എന്റെ സിനിമയില്‍ അഭിനയിച്ച മോളിചേച്ചിയോട് അടുത്തിടപഴകിയപ്പോഴാണ്.

അവര്‍ക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വീടുവച്ചു നല്‍കി നല്ല കാര്യം. വീടലങ്കരിക്കേണ്ടത് വീട്ടുകാരുടെ സ്‌നേഹവും സംതൃപ്തിയും ഒത്തു ചേര്‍ന്നാണ്. പകിട്ടോ പളപളപ്പോ ഒരു വീടിനു വേണ്ട. മുഖം മൂടിയില്ലാത്തതാവണം വീട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തരുന്ന വീട്” വീടു നിര്‍മ്മിക്കുന്ന എല്ലാവര്‍ക്കുമായി സത്യന്‍ അന്തിക്കാട് നല്‍കുന്ന സന്ദേശം ആണിത്.

”കലാകാരന്റെ വീടുനിര്‍മ്മാണം എപ്പോഴും ഏതൊരു ആര്‍ക്കിടെക്റ്റിനും വെല്ലുവിളി തന്നെയാണ്. ഇവിടെ ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനായി എന്നത് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കി. ആവശ്യമുള്ളവ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍ക്കും, മനസ്സിനും, ജീവിതരീതിക്കും ഇണങ്ങുന്ന ഒരു വീട് ആയിരുന്നു ലക്ഷ്യമിട്ടത്.

വീടിന്റെ ഒരിഞ്ചു സ്ഥലം പോലും ഉപയോഗയോഗ്യമല്ലാത്തതായി ഇല്ല എന്നുള്ളത് എനിക്കേറ്റവും സംതൃപ്തി പകരുന്ന ഒന്നാണ്. ഡൈനിങ്ങിന്റെ ഭാഗമായ ചാരുപടിയും കുളപ്പടവുകളും മറ്റും സത്യേട്ടന്‍ എപ്പോഴും വന്നിരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കുന്നു.

നമ്മള്‍ സൃഷ്ടിക്കുന്ന സ്ഥലം എല്ലാ തരത്തിലും ഉപയോഗിക്കപ്പെടുന്നതു കാണുമ്പോള്‍ നമ്മുടെ കര്‍മ്മം അര്‍ത്ഥവത്താകുന്നു; സൃഷ്ടിക്ക് അംഗീകാരമാകുന്നു” ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു.

പ്രണയവും, കണ്ണീരും, നര്‍മ്മവും എല്ലാം ഇടചേര്‍ന്ന സത്യന്‍ ചിത്രങ്ങളെപ്പോലെ കാറ്റും വെളിച്ചവും പ്രകൃതിയും ചേരുന്നവയാണ് പൊതുവേ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസിന്റെ വീടുകള്‍. ഈ വീട്ടിലും ഇതെല്ലാമുണ്ട്.

”ഈ വീട്ടിനുള്ളില്‍ ഞങ്ങളുടെ നിത്യജീവിതത്തെ ഇത്ര സുഖകരവും ആയാസരഹിതവുമാക്കിയതിന്റെ പിന്നില്‍ ആര്‍ക്കിടെക്റ്റിന്റെ ചിന്താശേഷിയും സര്‍ഗ്ഗാത്മതയുമുണ്ടെന്ന് പറയാതെ വയ്യ” എന്ന സത്യന്റെ വാക്കുകള്‍ മലയാളത്തിലെ പ്രിയ സംവിധായകന്റെ ഗൃഹസംവിധായകന് അംഗീകാരത്തിന്റെ തിളക്കം സമ്മാനിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *