• May 8, 2018
  • admin
  • Comments Off on സമര്‍പ്പണം രണ്ടാം ബാല്യത്തിന്‌
  • Residential Projects, Walk-Through
  • 114 Views

Project Specifications

ഏയ്‌ലി ഹില്‍സില്‍ രൂപകല്‍പ്പന ചെയ്യുന്ന വൃദ്ധസദനം സുരക്ഷിതവും സുഖകരവുമായൊരിടം മാത്രമല്ല, മറിച്ച് അതിലെ അന്തേവാസികള്‍ക്ക് വിവിധ പ്രവൃത്തികളിലൂടെ തങ്ങളുടെ കഴിവുകളെ ഉണര്‍ത്താനുള്ള ഒരു വേദി കൂടിയാണ്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന രവി തോമസിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഈ വൃദ്ധ സദനത്തിന്റെ ആശയത്തിനു പിന്നില്‍. എറണാകുളത്തെ ആലുവ കീഴ്മാടില്‍ 4 ഏക്കറില്‍ 74000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പരമാവധി അസംസ്‌കൃത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വാര്‍ദ്ധക്യം എന്നാല്‍ രണ്ടാം ബാല്യകാലമാണ് എന്ന ആശയത്തിന്റെ ചുവടു പിടിച്ചാണ് ഡിസൈന്‍. പരിചയസമ്പത്തും ആത്മവിശ്വാസവുമാണ് പ്രകൃതിയോടിണങ്ങിയ ഈ വൃദ്ധസദനം രൂപകല്പന ചെയ്യാന്‍ ആര്‍ക്കിടെക്റ്റ് ഫഹദ് അബ്ദുള്‍ മജീദിന് മുതല്‍ കൂട്ടായത്.

ജീര്‍ണ്ണാവസ്ഥയില്‍ ഇപ്പോള്‍ സൈ റ്റില്‍ നിലനില്‍ക്കുന്ന പഴയ കെട്ടിടത്തെ ഒന്നു നവീകരിച്ച് പുതിയ ലാന്‍ഡ് സ്‌കേപ്പുമായി തുന്നിച്ചേര്‍ക്കുകയാണ് ആദ്യപടി. അന്തേവാസികള്‍ക്ക് ഭൗതികവും മാനസികവുമായ പുനര്‍ജന്മം കൈവരിക്കുന്നതിനുള്ള അന്തരീക്ഷം ഇതു വഴി സൃഷ്ടിക്കാനാകും. തഴച്ചു വളരുന്ന പുല്‍മേടുകളില്‍ ഒരു പാലത്തിനാല്‍ കൂട്ടിയിണക്കിയ മട്ടില്‍ രണ്ടു കെട്ടിടങ്ങളായിരിക്കും ഉണ്ടാകുക. ആദ്യ കെട്ടിടത്തിലാണ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും, റിസപ്ഷന്‍ കൗണ്ടറും.കൗണ്‍സലിങ് റൂമുകളുള്ള ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ഒരു സ്‌പൈറല്‍ സ്റ്റെയര്‍കേസ് നല്‍കിയാണ് മുകള്‍ നിലയെ ബന്ധിപ്പിക്കുക. വാഹനങ്ങള്‍ക്ക് ഈ കെട്ടിടം വരെയേ പ്രവേശനമുള്ളൂ എന്നതിനാല്‍ അതിഥികള്‍ക്ക് കാല്‍നടയ്ക്ക് വേണ്ടി ഇവിടം സജ്ജമാക്കും. കെട്ടിടം ചുറ്റി നടന്നു വീക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.

ചുവരുകള്‍ പ്ലാസ്റ്റര്‍ ചെയ്യാതെയും സങ്കീര്‍ണ്ണമായ ഫ്രെയിംവര്‍ക്കുകളിലൂടെയും ഒരു പുത്തന്‍ ടെക്‌സ്ചര്‍ നിര്‍മ്മിക്കുന്നത് അതിഥികള്‍ക്കും അന്തേവാസികള്‍ക്കും ഒരു പോലെ ദൃശ്യവിരുന്നൊരുക്കുന്നു. ലാമിനേറ്റഡ് തടി കൊണ്ടു ചെയ്യുന്ന മേല്‍ക്കൂര ദൃശ്യചാരുതയ്ക്കും ഒപ്പം ദൂരെ നിന്നുള്ള കാഴ്ചയ്ക്ക് ഭംഗികൂട്ടാനും വേണ്ടിയാണ്.

കെട്ടിടത്തിനു ചുറ്റുമുള്ള യുഎച്ച്പി എഫ്ആര്‍സി (അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോസ്ഡ് കോണ്‍ക്രീറ്റ്) കൊണ്ടുള്ള ഫ്രെയിംവര്‍ക്ക് സുതാര്യത കൊണ്ടു വരുന്നതോടൊപ്പം പരിസ്ഥിതിയുടെ അകവും പുറവും തമ്മിലുള്ള അന്തരം മായ്ക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കെട്ടിടത്തിലാണ് അന്തേവാസികള്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോസ്ഡ് ബ്രിക്ക് വാള്‍, അനാവൃതമായി കാണുന്ന കോണ്‍ക്രീറ്റ് ഫിനിഷ്, കരിവേലകം കൊണ്ടുള്ള തടിപ്പണികള്‍ എന്നിവയെല്ലാമാണ് ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അവിടുത്തെ അന്തേവാസികള്‍ക്ക് മാനസികോല്ലാസമുണ്ടാക്കുന്ന വിവിധതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായി ബേക്കറി, ജൈവ കൃഷി, ഹൈഡ്രോ പോണിക്‌സ് (വെള്ളത്തില്‍ കൃഷി ചെയ്യുന്ന രീതി) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയെ കൈവിടാത്ത തരത്തിലുള്ള ഡിസൈനിങ് നയമാണ് പ്രകടമാകുന്നത്. പ്രകൃതിയ്ക്കനുയോജ്യമായ തരത്തില്‍ രൂപകല്പന ചെയ്യുകയാല്‍ വയോജനങ്ങളുടെ മനസ്സിന് ഗൃഹാതുരത്വം കലര്‍ന്ന ഒരനുഭവമാണ് ഇവിടുത്തെ താമസം കൊണ്ട് ലഭിക്കുക. ഈ വൃദ്ധസദനത്തിന് റസിഡന്‍ഷ്യല്‍ (ബിഗ്) എന്ന കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തിനുള്ള എഐസിഎ ഏഷ്യാ അവാര്‍ഡ് കൂടെ ലഭിച്ചത് ഇതിന്റെ ഡിസൈനിങ് തികവിനെ എടുത്തു കാണിക്കുന്നു.

Comments are closed.