June 5th, 2015
സിഗ്‌നേച്ചര്‍ ഹോം

ഓരോരോ കുടുംബങ്ങള്‍ക്കുമുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടും അവരെ മനസ്സിലാക്കിയും നിര്‍മ്മിക്കുന്ന ഒരു സിഗ്നേച്ചര്‍ ഹോം. ‘ഒരാള്‍ക്ക് ഒരു വീട്’ ഒന്നുപോലെ മറ്റൊന്ന് ഉണ്ടാവില്ല. ഓരോ വീടും, ഓരോ വീട്ടുകാരും അവരുടെ ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അതിനനുസരിച്ച് വീടും. തിരുവനന്തപുരത്തെ ആര്‍ക്കിടെക്റ്റ്‌സ് കണ്‍സോര്‍ഷ്യത്തിലെ ചീഫ് ആര്‍ക്കിടെക്റ്റ് ബി. സുധീറിന്റെ പ്രോജക്റ്റുകളെല്ലാം വ്യത്യസ്തമാവുന്നത് ഈ സിഗ്നേച്ചര്‍ പ്രോജക്റ്റ് നയം കൊണ്ടാണ്. കോട്ടയത്ത് കുമാരനെല്ലൂരിലുള്ള ബിജുതമ്പിയുടെയും, ഉഷാനന്ദിനിയുടെയും ഈ വീട് ആര്‍ക്കിടെക്റ്റ് സുധീറിന്റെ ഡിസൈനിങ് നയങ്ങളുടെ കയ്യൊപ്പു പതിഞ്ഞ ഒന്നാകുന്നു.
ഒറ്റ ആംഗിള്‍ ചിത്രം
25 സെന്റിന്റെ വിശാലമായ പ്ലോട്ടിലാണ് വീടിരിക്കുന്നത് എങ്കിലും പ്ലോട്ടിന്റെ പ്രവേശന മാര്‍ഗ്ഗം ചില പ്രത്യേകതകളോടു കൂടിയതായിരുന്നു. കുമാരനെല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തായി ക്ഷേത്രക്കുളത്തിനും ഗസ്റ്റ് ഹൗസിനും പിന്നിലായി വീടിനെ ചുറ്റി വളഞ്ഞു പോകുന്ന ഒരു ചെറിയ റോഡ്. ഈ ചെറിയ റോഡിന്റെ ഒരു വശത്ത് ഗസ്റ്റ് ഹൗസും അതിനപ്പുറത്ത് ഒരു സ്‌കൂളുമാണ്. കെട്ടിടങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് റോഡിന് ഒരു ചെറിയ വളവുണ്ട്. ആ വളവില്‍ നിന്നുമാണ് വീടിരിക്കുന്ന പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത്. ചുറ്റിനും മറ്റു വീടുകള്‍ ഉള്ളതിനാല്‍ അവിടെയൊന്നും പുറംകാഴ്ചയ്ക്ക് സാധ്യതയില്ല. അതിനാല്‍ ഗേറ്റില്‍ നിന്നുമുള്ള ഈയൊരൊറ്റ ആംഗിളിന് പരമാവധി പ്രാധാന്യം നല്‍കികൊണ്ട് സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്തു. റോഡിന്റെ വളവിനനുസരിച്ച് ചുറ്റുമതില്‍ തീര്‍ത്തിരിക്കുന്നതിനാല്‍ പ്രവേശന മാര്‍ഗ്ഗവും കര്‍വ് ആകൃതിയിലാണ്. ആ കര്‍വ് നയം വീടിന്റെ എലിവേഷനിലും പകര്‍ത്തിയെഴുതി സിംഗിള്‍ ആംഗിള്‍ ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്‍കി ആര്‍ക്കിടെക്റ്റ്.
”ദീര്‍ഘചതുരാകൃതിയുള്ള പ്ലോട്ടാണെങ്കിലും അതിന്റെ ഒരു കോര്‍ണറില്‍ നിന്നുമാണ് വീടിന്റെ മൊത്തത്തിലുള്ള കാഴ്ചയ്ക്ക് പ്രാധാന്യം കൈവരുന്നത്. പ്ലോട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ചുറ്റിനും വിശാലതയുണ്ട്. ആദ്യ കാഴ്ച, അല്ലെങ്കില്‍ ഫസ്റ്റ് ഇംപ്രഷന്‍ എന്ന സങ്കല്പത്തിനു മുന്‍തൂക്കമുള്ള ഡിസൈനാണിവിടെ. കൂടാതെ പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളൊക്കെ മുറിച്ചു കളയാതെ സംരക്ഷിച്ചിട്ടുമുണ്ട്. വീടിനെ ചുറ്റി റോഡ് പുറകിലേക്ക് പോകുന്നതിനാല്‍ വീടിന്റെ ഹാഫ് ആര്‍ച്ച് വ്യൂവിനാണ് പ്രാധാന്യം” ആര്‍ക്കിടെക്റ്റ് ബി. സുധീര്‍ വിശദമാക്കി.
കോര്‍ട്ട്‌യാര്‍ഡിനു
നടുവില്‍ വീട്
വീടിനകത്തും പുറത്തും കോര്‍ട്ട് യാര്‍ഡുകള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ഇവ പ്രധാന ഡിസൈനിങ് ഘടകമാണ്. മുന്‍വശത്ത് ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നതിനാല്‍ വിശാലമായ ലാന്റ്‌സ്‌കേപ്പൊരുക്കിയിട്ടുണ്ട്. ചെമ്പകമരവും ചെടിച്ചട്ടികളും വല്ലികളും ചേര്‍ത്ത് ഡിസെന്‍ ചെയ്തിരിക്കുന്ന ഡിസൈനര്‍ കോര്‍ട്ട്‌യാര്‍ഡുകളും വീടിനു ചുറ്റിനും കാണുവാനാകും. കോര്‍ട്ട്‌യാര്‍ഡുകള്‍ക്ക് നടുവില്‍ വീട് എന്ന നയമാണിവിടെ പ്രയോഗിച്ചിരിക്കുന്നത്. വീടിന്റെ പിന്‍ഭാഗത്ത് അടുക്കളത്തോട്ടത്തിനും സ്ഥാനമുണ്ട്.
കൃത്യമായ ദിശയിലൂടെ
കാറ്റിന്റെയും വെളിച്ചത്തിന്റെയും കൃത്യമായ ദിശാക്രമീകരണത്തിലാണ് അകത്തളങ്ങളുടെ ഡിസൈന്‍. അതിനാല്‍ വീടിനുള്ളില്‍ ചൂട് അനുഭവപ്പെടുന്നില്ല. വീടിന് പൊതുവെ അല്പം ഉയരക്കൂടുതല്‍ നല്‍കിയിട്ടുണ്ട്. സാധാരണയായി 3.15 മീറ്റര്‍ ഉയരമാണ് നല്‍കുന്നതെങ്കില്‍ ഇവിടെ 3.3 മീറ്റര്‍ വരെ ഉയരം കൊടുത്തിട്ടുണ്ട്. ഇത് ഡിസൈന്റെ ഗാംഭീര്യത്തിനായി ബോധപൂര്‍വ്വം ചെയ്തതാണ്. വീടിന്റെ ഉയരക്കൂടുതലും കാറ്റിന്റെ ദിശക്കനുസരിച്ചുള്ള വാതായനങ്ങളുടെയും മറ്റ് ഓപ്പണിങ്ങുകളുടെയും ക്രമീകരണവും വീടിനെ ശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്ന് ആര്‍ക്കിടെക്റ്റ് അഭിപ്രായപ്പെടുന്നു. ഉള്ളില്‍ ലിവിങ്, ഡൈനിങ്, സ്റ്റെയര്‍കേസ് തുടങ്ങിയ ഇടങ്ങളിലെല്ലാം സ്‌കൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ നാച്വറല്‍ ലൈറ്റിനു കുറവേതുമില്ല എന്നു മാത്രമല്ല പകല്‍ വൈദ്യുതി വിളക്കുകളുടെ ഉപയോഗവുമില്ല. എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗവും ബാത്ത്‌റൂമുകളില്‍ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് ബ്രിക്കുകളും ഊര്‍ജ്ജഉപഭോഗം കുറയ്ക്കുന്നു. കൂടാതെ മഴവെള്ള സംഭരണിയുമുണ്ട്.
ചെലവു കുറഞ്ഞ
പരിപാലനം
കോടിക്കണക്കിനു രൂപ മുടക്കി നിര്‍മ്മിക്കുന്ന പല വീടുകള്‍ക്കും പിന്നീട് വര്‍ഷംതോറും മെയിന്റനന്‍സിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായി കാണാറുണ്ട്. അതുവച്ചു നോക്കുമ്പോള്‍ ഈ വീടിന് മെയിന്റനന്‍സ് കോസ്റ്റ് ഇല്ലെന്ന് തന്നെ പറയാം. അതിനു കാരണം അത് ഈ വീടിന്റെ ഡിസൈനിങ്ങിന്റെ മികവാണ്. 2960 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന് എക്‌സറ്റീരിയറും ഇന്റീരിയറും പരസ്പരം മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഡിസൈന്‍ നയമല്ല. ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങിന്റെ സ്വാഭാവികതയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇന്റീരിയര്‍. പൂജാമുറി എന്നുള്ള പതിവു രീതി മാറ്റി ഇവിടെ പൂജാസ്‌പേസ് ആക്കിയതും കുറഞ്ഞ മെയിന്റനന്‍സ് ലക്ഷ്യമിട്ടുതന്നെ. ഒരു മുറിയാവുമ്പോള്‍ അതിന്റെ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഒരു ഓപ്പണ്‍ സ്‌പേസാവുമ്പോള്‍ അതിന്റെയാവശ്യമില്ല.
നിറങ്ങളില്ലാതെ
നിറങ്ങളുടെ ധാരാളിത്തമോ, ടെക്‌സ്ചറിന്റെ കടുംവര്‍ണ്ണങ്ങളോ, ഫീച്ചര്‍ വാളുകളോ ഒന്നുമില്ലാത്ത അകത്തളങ്ങള്‍. വീടിന്റെ ശൈലിയെ പരമ്പരാഗതമെന്നോ കന്റംപ്രറിയെന്നോ പറയാനാവില്ല. വീട്ടുകാരുടെ ആവശ്യങ്ങളെ പരമ്പരാഗതവും ആധുനികവുമായ ആശയങ്ങളോട് ഇടകലര്‍ത്തി ഉപയുക്തതയ്ക്കും ഒപ്പം കാഴ്ച ഭംഗിയ്ക്കും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച വീട്. എല്ലാ മുറികളിലും സ്റ്റോറേജ് സ്‌പേസും കിടപ്പു മുറികളില്‍ സ്റ്റഡി ഏരിയ, ഡ്രസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. അകത്തളങ്ങളില്‍ മെറ്റീരിയലുകളുടെ സ്വഭാവിക നിറങ്ങള്‍ മാത്രം. ഫര്‍ണിഷിങ്ങിലും ഫ്‌ളോറിങ്ങിലും അനാവശ്യ നിറച്ചാര്‍ത്തുകള്‍ ഒഴിവാക്കി. ഈ ‘കളര്‍ ലെസ്സ്’ നയം അകത്തളങ്ങളെ കൂടുതല്‍ വിശാലവും പിന്‍തുടര്‍ച്ചയുള്ളതുമാക്കുന്നുണ്ട്. ഭാവിയില്‍ നിറങ്ങള്‍ കൊണ്ടു വരണമെങ്കില്‍, അല്ലെങ്കില്‍ ഒരു ഫീച്ചര്‍ വാള്‍ ചെയ്യണമെങ്കില്‍ അത് എളുപ്പം സാധ്യമാണുതാനും. എളുപ്പത്തില്‍ പൊളിച്ചു പണിയലുകള്‍ കൂടാതെ ഒരു മാറ്റം നടപ്പിലാക്കാമിവിടെ.
ഓപ്പണ്‍ നയമാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ഓരോ ഇടത്തിനും വേണ്ടതായ സ്വകാര്യതയുണ്ട്. ലിവിങ് ഏരിയയ്ക്ക് ഒരു ഭാഗത്ത് ജനാലകളില്ല. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. കാരണം ഇവിടെ ജനാല നല്‍കിയിരുന്നുവെങ്കില്‍ അത് തുറന്നിടുമ്പോള്‍ വീടിനു സമീപമുള്ള ഗസ്റ്റ് ഹൗസില്‍ നിന്നും വീടിനുള്ളിലേക്ക് നോട്ടമെത്തുമായിരുന്നു. അതിനാല്‍ ജനാലകള്‍ ഒഴിവാക്കി. ചുറ്റുമതിലിനും അല്പം ഉയരം കൂട്ടി തന്നെയാണ് നിര്‍മ്മിച്ചിട്ടത്. എന്തെന്നാല്‍ വീടിനു പുറകില്‍ ഒരു സ്‌കൂളാണുള്ളത്.
ജനാലകള്‍ ഒഴിവാക്കിയ ഭാഗത്ത് സ്‌കൈലൈറ്റ് കോര്‍ട്ട്‌യാര്‍ഡ് നല്‍കി അതില്‍ ചെടികള്‍ വച്ച് പച്ചപ്പ് നിറച്ചിരിക്കുന്നു. വീട്ടകങ്ങളില്‍ ആകെ ഒരു ‘ഫ്രീ മൂവിങ് സ്‌പേസ്’ നയമാണ് സ്വീകരിച്ചിട്ടുള്ളത് ഓരോ ഇടവും ഒന്നിന്റെ പിന്‍തുടര്‍ച്ച എന്നപോലെ അനുഭവപ്പെടുന്നു. സ്‌റ്റെയര്‍കേസിന്റെ അടിയിലുള്ള സ്ഥലം ഒരടി താഴ്ത്തി പണിത് അവിടെയാണ് എന്റര്‍ടെയ്ന്‍മെന്റ് ഏരിയ തീര്‍ത്തിരിക്കുന്നത്. ഡൈനിങ്ങിന്റെ ഒരു ഭാഗത്ത് മറ തീര്‍ക്കുന്നതും ഈ സ്റ്റെയര്‍കേസ് തന്നെ.
ഡൈനിങ്ങിനോട് ചേര്‍ന്ന് ഒരു പാഷ്യോയും ഇരിപ്പിടസൗകര്യങ്ങളും തീര്‍ത്തിരിക്കുന്നു ഈ സംവിധാനം ഡൈനിങ്ങില്‍ കാറ്റും വെളിച്ചവും എത്തിക്കുന്നുണ്ട്.
ഗൃഹാന്തരീക്ഷം
ഒറ്റനിലയില്‍
”മൂന്നു ബെഡ്‌റൂമുകളും താഴെനിലയിലാണ്. ഇത് ഞങ്ങളുടെ ആവശ്യപ്രകാരമായിരുന്നു. ഒരു വീടിന്റേതായ ആവശ്യങ്ങളെല്ലാം ഒറ്റനിലയില്‍ വരണമെന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതുപോലെ തുറന്ന സമീപനവും ഞങ്ങള്‍ക്കു താല്പര്യമായിരുന്നു. അതിനാല്‍ ഭിത്തികള്‍ കുറച്ചു. ഹോബി സ്‌പേസ് സ്ഥലനഷ്ടം വരുത്താതെ സ്റ്റെയര്‍കേസിനടിയിലാക്കി. ഞങ്ങളെല്ലാവരും വിവിധ തരം വാദ്യോപകരണങ്ങള്‍ വായിക്കുന്നവരാണ്. വിനോദത്തിനും വിശ്രമത്തിനുമുള്ള ഈ ഏരിയ ഞങ്ങള്‍ക്ക് ഏവര്‍ക്കും ഇന്നേറെ പ്രിയപ്പെട്ടതാണ്.” വീട്ടുടമകളായ ബിജുവും ഉഷയും പറയുന്നു.
എല്ലാ മുറികളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച ഗേറ്റിലേക്കും വീടിന്റെ മുന്‍ഭാഗത്തേക്കും കേന്ദ്രീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഡൈനിങ്, കിച്ചന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജാലകങ്ങളും ഫോക്കസ് ചെയ്യുന്നത് വീടിന്റെ മുന്നിലേക്കു തന്നെ. മുകള്‍നിലയില്‍ മീഡിയറൂമും, ഒരു ബെഡ്‌റൂമും മാത്രം. ഭാവിയില്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉണ്ടാവുന്ന പക്ഷം ടെറസില്‍ മുറികള്‍ രൂപപ്പെടുത്തുവാന്‍ കഴിയും. പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങളെ വീട്ടുകാരുടെ ആവശ്യങ്ങളുമായി കോര്‍ത്തിണക്കി അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ആഗ്രങ്ങള്‍ക്കും അനുസൃതമായി തീര്‍ത്ത ഈ വീട്ടില്‍ വാസ്തുകലയുടെയും വാസ്തുശില്പികളുടെയും മുദ്ര ഒരുപോലെ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *