സിമന്റിലാണ് ഷാജുവിന്റെ കലാരൂപങ്ങള്‍ ഉരുത്തിരിയുന്നത്.
സിമന്റിനു പുറമെ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ തടികളും ഉപയോഗിക്കാറുണ്ട്. കല്ല്, പലക തുടങ്ങിയ ഏത് മാധ്യമത്തിന്റെ പ്രതീതിയും സിമന്റുപയോഗിച്ചു ചെയ്യുവാന്‍ ഷാജുവിനു കഴിയും.

എരമല്ലൂരുകാരന്‍ ഷാജുവിന് കലയും കരവിരുതും എല്ലാം സിമന്റില്‍ വിരിയുന്ന മൃദുലഭാവങ്ങളാണ്. ലാന്‍ഡ്‌സ്‌കേപ്പ്, ഇന്റീരിയര്‍, ഏറുമാടം, ക്ഷേത്രങ്ങള്‍, പള്ളികള്‍, സ്‌കൂള്‍, കോളേജ് തുടങ്ങി പലയിടങ്ങളിലും ഷാജുവിന്റെ കരവിരുതു കാണാം.
സിമന്റിലാണ് പ്രധാനമായും ഷാജുവിന്റെ കലാരൂപങ്ങള്‍ ഉരുത്തിരിയുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ക്കുന്ന പ്രതിമകള്‍, ദേവാലയങ്ങളിലെ ആര്‍ട്ട് വര്‍ക്കുകള്‍, ബോര്‍ഡുകള്‍, ഗാര്‍ഡനുകള്‍, ഗാര്‍ഡനിലെ വെള്ളച്ചാട്ടം, ഏറുമാടം തുടങ്ങി ഷാജുവിന്റെ ക്രാഫ്റ്റ് വര്‍ക്കുകള്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ഇടങ്ങളിലും പ്രചാരമേറിക്കഴിഞ്ഞിരിക്കുന്നു. വീടുകളില്‍ കൂടുതലും ഗാര്‍ഡന്‍ വര്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായ മറ്റ് ആര്‍ട്ട് വര്‍ക്കുകളുമാണ് ചെയ്യാറ്. ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി ചെറുവെള്ളച്ചാട്ടം, പാത്തി, ഇരിപ്പിടം തുടങ്ങിയവ എല്ലാമുണ്ടാവും. സിമന്റിനു പുറമെ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ തടികളും ഉപയോഗിക്കുന്നുണ്ട്. കല്ല്, പലക തുടങ്ങിയ ഏത് മാധ്യമത്തിന്റെ പ്രതീതിയും സിമന്റുപയോഗിച്ചു കൊണ്ടുവരുവാന്‍ ഇദ്ദേഹത്തിനു കഴിയും. ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി ഒരുക്കുന്ന ഏറുമാടങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവ തന്നെ. കൊച്ചിയില്‍ വൈറ്റില കണിയാമ്പുഴയില്‍ ചെയ്തിരിക്കുന്ന ഏറുമാടത്തിന്റെ വര്‍ക്ക് ഇതിനോടകം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. പള്ളികളുടെ വര്‍ക്കുകളില്‍ ചെല്ലാനം ഹാര്‍ബറില്‍ സേവ്യര്‍ദേശ് കപ്പേളയും, ചേര്‍ത്തലയിലെ നൈപുണ്യ കോളേജ് ഗാര്‍ഡനും, സാന്താക്രൂസ് സ്‌കൂള്‍ എരമല്ലൂര്‍, സെന്റ് പോള്‍സ് സ്‌കൂള്‍ ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലെ വര്‍ക്കുകളും പ്രധാനപ്പെട്ടവയാകുന്നു.
14 വര്‍ഷമായി തന്റെ കലാപ്രവര്‍ത്തനങ്ങളുമായി പ്രയാണം തുടരുന്ന ഷാജുവിന്റെ കൈകളില്‍ രൂപം കൊണ്ട ഗുരുദേവന്റേയും, അയ്യന്‍കാളിയുടേയും, യേശുക്രിസ്തുവിന്റെയും പ്രതിമകളും വളരെ സുന്ദരമാണ്. പള്ളുരുത്തിയിലെ ചൈത്രം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡ്രോയിങ്, പെയിന്റിങ് എന്നിവ പഠിച്ചു കൊണ്ടായിരുന്നു ഷാജുവിന്റെ കലാപഠനത്തിന്റെ തുടക്കം. പിന്നീട് 5 വര്‍ഷം എരമല്ലൂര്‍ ശിവാനന്ദത്തിന്റെ കീഴില്‍ പ്രതിമ നിര്‍മ്മാണവും അഭ്യസിച്ചു. ”കണ്ടും കേട്ടുമറിഞ്ഞാണ് ആളുകള്‍ കൂടുതലും എന്നെ തേടിയെത്താറ്. കലയോടുള്ള, ക്രാഫ്റ്റ് വര്‍ക്കിനോടുള്ള താല്പര്യമാണ് ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ എനിക്ക് പ്രചോദനമായത്” വര്‍ക്കുകളില്‍ നിന്നും കിട്ടുന്ന പ്രതിഫലത്തേക്കാള്‍ കൂടുതല്‍ കലയെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന, വ്യക്തിയാണ് ഷാജു. 14 വര്‍ഷമായി സ്വന്തമായി ശില്പജോലികള്‍ ചെയ്യുന്ന ഷാജുവിന് ഇനിയും ഏറെ ഉയരങ്ങള്‍ താണ്ടാനുണ്ട്. സിമന്റും കല്ലും മണ്ണും മരവുമെല്ലാം സാധ്യതകളായി ഷാജുവിനൊപ്പമുണ്ട്.
ലാന്‍ഡ്‌സ്‌കേപ്പ്, വീടിന്റെ ഇന്റീരിയര്‍, ഏറുമാടം, ക്ഷേത്രങ്ങള്‍, പള്ളികള്‍, സ്‌കൂള്‍, കോളേജ് തുടങ്ങിയ ഇടങ്ങളിലൊക്കെയും ഷാജുവിന്റെ കരവിരുതിന് സ്ഥാനമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *