September 8th, 2015
സുന്ദരി… ശില്പ

 

ഓണ്‍ലൈന്‍ വാങ്ങലുകളുടെ കാലമാണിന്ന്. എന്തും ഏതും ഒരു ക്ലിക്കില്‍ വീട്ടിലെത്തും. എന്നാല്‍ വസ്ത്രങ്ങള്‍ ആണ് വാങ്ങുന്നതെങ്കില്‍ ഏറെ നേരമെടുത്ത് വൈവിധ്യം കണ്ടറിഞ്ഞാവണം ഷോപ്പിങ് എന്നു തന്നെയാണ് ഇപ്പോഴും നമ്മുടെ മനോഭാവം. വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പ് എപ്പോഴും ഏവര്‍ക്കും മനസില്‍ ഉത്സാഹവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. തങ്ങളുടെ സങ്കല്പത്തിലുള്ള വസ്ത്രങ്ങള്‍ തേടി എത്ര കടകള്‍ കയറി ഇറങ്ങുവാനും അവര്‍ക്ക് മടിയില്ല. വസ്ത്രസങ്കല്പത്തെ പ്രചോദിപ്പിക്കുന്ന വിധം ഒരുക്കിയിരിക്കുന്ന ബുട്ടീക്കുകളിലാണ് ഷോപ്പിങ്ങെങ്കില്‍ ദിവസം മുഴുവനും അവിടെ ചെലവഴിക്കാനും നമ്മള്‍ മടിക്കില്ല.
ചെറുതെത്ര സുന്ദരം
ബുട്ടീക്കുകള്‍ക്ക് പഞ്ഞമില്ലാത്ത കൊച്ചിയിലെ എന്‍എച്ച് ബൈപ്പാസില്‍ ചക്കരപറമ്പില്‍ വഴിയേ പോകുന്നവരുടെ കണ്ണുകളെ ഒരു നിമിഷത്തേക്കു പിടിച്ചു നിര്‍ത്തുന്ന വിധം ഒരു ബൂട്ടിക്ക് ഉയര്‍ന്നിരിക്കുന്നു- ‘ശില്പം’ പോലെ. ചെറുതെത്ര സുന്ദരം, എന്നു പറയുവാന്‍ തോന്നിപ്പോകും ശില്പയെന്ന ഈ ബുട്ടീക്ക് കാണുന്നവര്‍ക്ക്. വെറും 550 സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍, സ്ത്രീജനങ്ങളുടെ ഷോപ്പിങ്ങിന്റെ മനഃശാസ്ത്രം അറിഞ്ഞ് ബുട്ടീക് ചെയ്തിരിക്കുന്നത് പാലായിലുള്ള മൈന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് എം.എം. ജോസ് ആണ്.
കുറച്ച് പക്ഷേ, ഗംഭീരം
ഡിസൈനിങ്ങിന്റെ പ്രഥമ ഘട്ടത്തില്‍ ഷോപ്പുടമകളായ ജിലുവും ജിമിയും ആര്‍ക്കിടെക്റ്റ് ജോസിനോട് പറഞ്ഞത് ”പക്കാ കന്റംപ്രറിയോ, തനി പരമ്പരാഗതമോ ആയ ഒരു ശൈലി വേണ്ട. ആളുകളെ ആകര്‍ഷിക്കുന്നതായിരിക്കണം; ഒപ്പം ആധുനികവുമായിരിക്കണം; പക്ഷേ നമ്മുടെ പഴമയുടെ തനിമ അത്രയങ്ങ് കൈവിടാത്ത ഒരു ഡിസൈന്‍ മതി എന്നായിരുന്നു”
സിംപ്ലിസിറ്റി അഥവാ ലാളിത്യമാണ് എപ്പോഴും ഫാഷന്റെ അവസാന വാക്ക്. പല വിധ ശൈലികള്‍ക്ക് പ്രചാരമുണ്ടെങ്കിലും ആളുകള്‍ എപ്പോഴും ലാളിത്യത്തെയാണ് കൈനീട്ടി സ്വീകരിക്കുക. ഇന്റീരിയര്‍ ഡിസൈനിങ്ങിലും ഇതുതന്നെയാണ് പ്രധാനം. ലാളിത്യം തന്നെയാണ് ‘ശില്പ’യുടെ അകത്തളങ്ങളിലെ വസ്ത്രാലങ്കാര സംവിധാനങ്ങളിലും കൈക്കൊണ്ടിരിക്കുന്ന ശൈലി. ”ഇന്ത്യന്‍ വസ്ത്ര പാരമ്പര്യത്തെ, സങ്കല്പത്തെ, സ്ത്രീകളുടെ വസ്ത്രലങ്കാര അഭിരുചികളെ ഒക്കെ മനസ്സില്‍ കണ്ടുകൊണ്ട്, അവര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവം പകരുക, അവരുടെ മനസിനെ ഊര്‍ജ്ജസ്വലമാക്കുന്ന, പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന വസ്ത്രങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുവാനും വാങ്ങുവാനും ഒക്കെ പ്രേരിപ്പിക്കുന്ന ഒരന്തരീക്ഷം. പാരമ്പര്യത്തിന് ആധുനികതയുടെ പരിവേഷം ചാര്‍ത്തി രണ്ടിന്റെയും തനിമക്ക് കോട്ടം തട്ടാതെ ഒരുക്കിയിരിക്കുന്നു ഈ കൊച്ചു വസ്ത്രശാലയില്‍” ആര്‍ക്കിടെക്റ്റ് ജോസ് ശില്പയുടെ ഡിസൈനിങ് നയം വ്യക്തമാക്കുന്നു.
ഫര്‍ണിഷിങ്ങിലാണ് കാര്യം
കടയില്‍ അധികം ഇരിപ്പിടങ്ങളില്ല. ഉള്ളത് സിംഗിള്‍ സീറ്റ് സോഫാകള്‍- അവ സാധാരണയില്‍ നിന്നും ഉയരം കുറഞ്ഞവയും ഇളം നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിയുള്ളതുമാണ്. ഫര്‍ണിച്ചറില്‍ പാലിച്ചിരിക്കുന്ന മിതത്വം കടയുടെ ഉള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നു. ഷോപ്പിങ്ങിന് എത്തുന്നവരില്‍ പ്രായമായവര്‍ക്കും ഷോപ്പിങ്ങില്‍ താല്പര്യമില്ലാത്തവര്‍ക്കും സോഫയിലിരുന്ന് വിശ്രമിക്കാം. ചുറ്റിനും പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ത്ര ശേഖരം കാണുകയുമാവാം. വസ്ത്രശാലയുടെ മൊത്തത്തിലുള്ള ഒരു വീക്ഷണം പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നേ സാധ്യമാണ്. കനപ്പെട്ട മറകളോ, ഇടയ്ക്ക് കൗണ്ടറോ, ഉയരമുള്ള ഇരിപ്പിടങ്ങളോ ഒന്നുമില്ല. പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ കളര്‍ഫുള്‍ ആയതുകൊണ്ട് ഒരുപാട് വര്‍ണ്ണങ്ങളൊന്നും ഇന്റീരിയറില്‍ നിറച്ചിട്ടില്ല. ഇളം നിറങ്ങളുടെയും ഷേഡുകളുടെയും ടെക്‌സ്ചറിന്റെയും ഇടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫാബ്രിക് ഇനങ്ങള്‍ എടുത്തു നില്‍ക്കുന്നു. അകത്തള അലങ്കാരങ്ങള്‍ കൊണ്ട് വസ്ത്രങ്ങളുടെ പ്രാധാന്യത്തെ കുറച്ചു കളയുന്നില്ല എന്നു സാരം. റസ്റ്റിക് ഫിനിഷിലുള്ള വെളുത്ത ടെക്‌സ്ചര്‍ പെയിന്റാണ് ഭിത്തികള്‍ക്ക്. ഫ്‌ളോറിങ്ങിനാകട്ടെ കാല്പനിക ഭംഗിയെഴുന്ന ഹാന്റ്‌മെയ്ഡ് ഹെറിറ്റേജ് ടൈലുകളും. ടൈലിന്റെ ഡിസൈന്‍ മൊത്തത്തിലുള്ള വെള്ള, ക്രീം കളര്‍ തീമിന് കൂടുതല്‍ ആഴം തോന്നിപ്പിക്കുന്നു. എല്ലാം മിനിമം പക്ഷേ എലഗന്റ് എന്നു പറയാം.
പ്രതീകങ്ങളിലൂടെ
പഴമയുടെ പ്രതീകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വസ്ത്ര സങ്കല്പങ്ങളെയും ഇന്റീരിയര്‍ ഡിസൈനിങ്ങിനേയും കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമം ഇവിടെ കാണാം. വെറുതെ ഓരോന്നും എടുത്തു വയ്ക്കാതെ പഴമയുടെ ചാരുത നഷ്ടപ്പെടാതെ പലതും ആധുനിക പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പണ്ടുകാലത്തെ ഇരുമ്പുകൊണ്ടുള്ള ഇസ്തിരിപ്പെട്ടിക്ക് പലവര്‍ണ്ണങ്ങള്‍ നല്‍കി ഒരിടത്തു സ്ഥാപിച്ചു. തുണിമില്ലുകളില്‍ നൂലുകള്‍ ഡൈയിങ്ങിന് ഇടുന്ന തരം വലിയ പാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ആന്റിക് പാത്രം, പഴയ തയ്യല്‍ മെഷീന്റെ മുകള്‍ഭാഗം, പണ്ടു കാലത്ത് വസ്ത്രങ്ങള്‍ മടക്കി വച്ച് സൂക്ഷിക്കുവാനുപയോഗിച്ചിരുന്ന തടിപ്പെട്ടി (ചെസ്റ്റ്)ബ്ലോക്ക് പ്രിന്റിന്റെ ആകര്‍ഷകത്വം നിറയുന്ന ക്യാഷ് കൗണ്ടര്‍, സൂചിയും നൂലും ബട്ടണുകളും ഒരു ഫ്രെയിമിനുള്ളില്‍ നിരത്തി ഒരുക്കിയിരിക്കുന്ന സ്വാഭാവിക ചുമരലങ്കാരം, ബീറ്റണ്‍ കോപ്പര്‍ കൊണ്ട് ഫ്രെയിം തീര്‍ത്തിരിക്കുന്ന നിലക്കണ്ണാടി. ഫ്‌ളോറല്‍ പ്രിന്റിങ്ങിനാല്‍ ആകര്‍ഷകമാക്കിയിട്ടുള്ള സീലിങ്, ആര്‍ട്ടിസ്റ്റ് സോമുവിന്റെ തൂലികയില്‍ വിരിഞ്ഞ ഫാബ്രിക് ഡിസൈന്‍ സ്പര്‍ശമുള്ള പെയിന്റിങ് എന്നിവയെല്ലാം കൊണ്ട് വസ്ത്രശാലയ്ക്ക് ഒരു ഗ്രാമ്യഭംഗി കൂടി നല്‍കുന്നു, ആര്‍ക്കിടെക്റ്റ്.
തീം ലൈറ്റിങ്
ഭിത്തികളിലെ ബോക്‌സ് മാതൃകയിലുള്ള റാക്കുകളില്‍ നല്‍കിയിരിക്കുന്ന വാം കളര്‍ടോണ്‍ തീം ലൈറ്റിങ് ബുട്ടീക്കിനാകെ ക്ലാസിക് സ്പര്‍ശം നല്‍കുന്നു. പ്രവേശനമാര്‍ഗ്ഗം മാത്രമല്ല മുന്‍ഭാഗം മുഴുവന്‍ ഗ്ലാസ് ഭിത്തികളാണ്. ലൈറ്റിങ് സംവിധാനങ്ങളില്‍ കോവ്, ഡൗണ്‍ ലൈറ്റിങ് രീതികളാണ്. രാത്രിയില്‍ വെളുത്ത ടെക്‌സ്ചര്‍ ഭിത്തിയില്‍ മൃദുവായ മഞ്ഞവെളിച്ചം വീഴുമ്പോള്‍ അതിന്റെ പ്രതിഫലനത്തില്‍ ഭിത്തിയിലെ ഷെല്‍ഫുകളിലും ഫ്‌ളോറിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ത്രശേഖരങ്ങളുടെ വര്‍ണ്ണങ്ങള്‍ രാത്രിയുടെ സൗന്ദര്യവുമായി ഇഴചേര്‍ന്ന് ഒരു ദൃശ്യവിസ്മയം തന്നെ തീര്‍ക്കുന്നു.
ഇവിടെ ഉള്ളതെല്ലാം ഡിസൈനര്‍ ഉല്പന്നങ്ങളാണ്. അത്തരം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിന് പ്രത്യേകം ഡിസൈനിങ്ങിലൂടെ ഒരുക്കിയിരിക്കുന്ന ഒരു ഡിസൈനര്‍ ഷോപ്പ്. പാരമ്പര്യത്തെ ആധുനികതയോട് ഇഴചേര്‍ക്കുന്നതില്‍ വിദഗ്ധനായ ആര്‍ക്കിടെക്റ്റ് എം.എം. ജോസ് ഷോപ്പിങ് അനുഭവത്തെ തന്നെ ഒരു അനുഭൂതി വിശേഷമാക്കി മാറ്റിയിരിക്കുന്നു ‘ശില്പ’യെന്ന ഈ സുന്ദരി ബുട്ടീക്കില്‍.

Leave a Reply

Your email address will not be published. Required fields are marked *