രുവശങ്ങളിലും റോഡുകളോടു കൂടിയ ഒരു കോര്‍ണര്‍ പ്ലോട്ട്. വളരെ ഇടുങ്ങിയത് എന്നതിനു പുറമേ സൈറ്റില്‍ യാതൊരുവിധ മരങ്ങളോ മറ്റ് ആകര്‍ഷണങ്ങളോ ഉണ്ടായിരുന്നില്ല. പ്ലോട്ടില്‍ നിന്നാല്‍ തലയ്ക്കു മുകളില്‍ പരന്നു കിടക്കുന്ന ആകാശവും കത്തിജ്ജ്വലിക്കുന്ന സൂര്യനും മാത്രം. പ്ലോട്ടിനു ചുറ്റിനും അടുത്തടുത്തായി വീടുകള്‍ വേണ്ടത്ര.

കോഴിക്കോട് ഇവോള്‍വിങ് റാഡിക്കല്‍ ഏസ്‌തെറ്റിക്‌സ് (ല.ൃ.മ) കണ്‍സള്‍ ട്ടന്‍സിയിലെ ചീഫ് ആര്‍ക്കിടെക്റ്റ് മുഹമിനും കുടുംബത്തിനും വേണ്ടി വീടു നിര്‍മ്മിക്കുന്നതിനായി ആദ്യ സൈറ്റ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്ലോട്ടില്‍ ഒന്നുമുണ്ടായിരുന്നില്ല. ഈ ചെറിയ പ്ലോട്ടിനുള്ളില്‍ ഒരു കുടുംബത്തിനിണങ്ങുന്ന സ്വച്ഛമായ ഒരു ലോകം സൃഷ്ടിച്ചെടുക്കുക എന്ന ആശയത്തിന് ആകാശത്തെയും സൂര്യനെയും മാത്രമേ ആര്‍ക്കിടെക്റ്റിന് കൂട്ടുപിടിക്കാനുണ്ടായുള്ളൂ. സൂര്യന്റെ കാലടിപ്പാടുകള്‍ പിന്തുടരുന്ന വീട് എന്ന നിലയില്‍ സമയവുമായി വീടിന് ഒരു അഭേദ്യബന്ധം സൃഷ്ടിക്കുവാന്‍ ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക് തീരുമാനിച്ചു. അങ്ങനെ സൂര്യനുദിച്ച് അസ്തമിക്കും വരെ വീടിനുള്ളില്‍ ആകാശവും വെളിച്ചവും സജീവ സാന്നിധ്യമായി. ഭിത്തികളില്‍, കോര്‍ട്ട്‌യാര്‍ഡിനു മുകളില്‍ എല്ലാം സമൃദ്ധമായി ഗ്ലാസ് ഉപയോഗിച്ചു കൊണ്ടാണ് ആകാശക്കാഴ്ചകളെ വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത്.

ഹരിതപ്രകൃതിയെ പിന്‍തുടര്‍ന്ന്

അകത്തളങ്ങളില്‍ രണ്ടിടങ്ങളിലായി നല്‍കിയിരിക്കുന്ന ചെടികളുടെ സാന്നിധ്യമുള്ള കോര്‍ട്ട്‌യാര്‍ഡുകള്‍, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയര്‍ കേസ് എന്നിവിടങ്ങളിലൂടെ പ്രകൃതിയുടെ ഹരിത സാന്നിധ്യത്തെ വിളിച്ചു വരുത്തി. സ്റ്റെയര്‍കേസിനടിയിലെ സ്ഥലത്ത് നല്‍കിയിരിക്കുന്ന സ്‌കൈലൈറ്റോടു കൂടിയ കോര്‍ട്ട്‌യാര്‍ഡും ഡൈനിങ്ങിന്റെ ഭാഗമായ ഡ്രൈകോര്‍ട്ട്‌യാര്‍ഡും വീടിനുള്ളില്‍ ഹരിതപ്രകൃതിയുടെ പിന്‍തുടര്‍ച്ച നല്‍കുമ്പോള്‍ ഡൈനിങ്ങിന്റെ ഭിത്തിയില്‍ നിലത്തു നിന്നും മുകളില്‍ വരെ എത്തുന്ന വെര്‍ട്ടിക്കല്‍ വെന്റിലേഷനുകള്‍ സമൃദ്ധമായ വെളിച്ചത്തെയും ആകാശ കാഴ്ചകളെയും ഉള്ളിലെത്തിക്കുന്നു. ഇത്തരം വെന്റിലേഷനുകള്‍ക്ക് ഒപ്പം നല്‍കിയിരിക്കുന്ന വുഡന്‍ ലൂവറുകള്‍ വെളിച്ചത്തെ വേണ്ടവിധം ക്രമീകരിക്കാനും സഹായകമാകുന്നുണ്ട്. ഈ സംവിധാനം തുറസ്സും വിശാലവുമായ അകത്തളങ്ങളില്‍ ലൈറ്റ് & ഷാഡോ അനുഭവം തീര്‍ക്കുന്നു.

നിഴലും വെളിച്ചവും

സ്‌റ്റെയര്‍കേസിന്റെ മുകളിലെ ഓപ്പണിങ്ങുകളിലൂടെ എത്തുന്ന സൂര്യപ്രകാശവും സൂര്യന്റെ സഞ്ചാരപഥത്തിന് അനുസരിച്ച് ഭിത്തിയിലും തറയിലുമെല്ലാം വിവിധ നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.അകത്തളം മുഴുവന്‍ തന്നെ ഏതാണ്ട് ഡബിള്‍ ഹൈറ്റിലാണ് ചെയ്തിരിക്കുന്നത്. ഇത് വീടിന്റെ വ്യാപ്തി ഇരട്ടിയാക്കുന്നു. വീടിനുള്ളില്‍ നല്‍കിയിരിക്കുന്ന ഗ്രീന്‍ പോക്കറ്റുകളും പുറത്തെ ലാന്‍ഡ്‌സ്‌കേപ്പിന്റെ കാഴ്ചകളും വീടിന്റെ അകത്തളത്തെയും പുറത്തളത്തെയും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നു. ഫസ്റ്റ് ഫ്‌ളോറില്‍ എക്സ്റ്റന്‍ഷന്‍ നല്‍കി ഡെക്ക് പോലെ തീര്‍ത്തിരിക്കുന്ന ടെറസ് ഗാര്‍ഡനും പാര്‍ട്ടി ഏരിയയ്ക്കും അലുമിനിയം ലൂവറുകള്‍ കൊണ്ടുമറച്ച് റോഡില്‍ നിന്നും സ്വകാര്യത നല്‍കുന്നതിനൊപ്പം ലൂവറുകള്‍ക്കിടയിലൂടെ പുറത്തേക്കുള്ള കാഴ്ച സാധ്യമാക്കുകയും ചെയ്യുന്നു. ഈ മറയുടെ അപ്പുറം നട്ടുപിടിപ്പിച്ചിരിക്കുന്ന മുളംചെടികള്‍ വളരുമ്പോള്‍ ലൂവറുകള്‍ക്കിടയിലൂടെ വളര്‍ന്നിറങ്ങി ഇതൊരു ഗ്രീന്‍ വാളായി മാറും. നിഴലും വെളിച്ചവും ചേര്‍ന്നു തീര്‍ക്കുന്ന ദൃശ്യവിരുന്ന് ഇവിടെയും ശ്രദ്ധേയമാകുന്നു. സമൃദ്ധമായി സൂര്യപ്രകാശം ഉള്ളില്‍ എത്തുന്നതുകൊണ്ട് വലിയ ചെടികള്‍ വരെ ഉള്ളില്‍ വയ്ക്കുവാന്‍ കഴിഞ്ഞു എന്ന് ആര്‍ക്കിടെക്റ്റ് ആഷിക് അഭിപ്രായപ്പെടുന്നു.

കൃത്രിമത്വമില്ലാതെ

വീട്ടിലേക്കുള്ള പ്രവേശന മാര്‍ഗ്ഗത്തില്‍ നല്‍കിയിരിക്കുന്ന മത്സ്യക്കുളവും നാച്വറല്‍ ലാന്‍ഡ്‌സ്‌കേപ്പും എല്ലാം വച്ചു കെട്ടലുകള്‍ ഇല്ലാത്ത സ്വാഭാവിക ആര്‍ക്കിടെക്ചര്‍ നയങ്ങളോട് ചേര്‍ന്നുപോകുന്നു. കോര്‍ട്ട്‌യാര്‍ഡ് സ്‌കൈലൈറ്റ,് പച്ചപ്പ്, മിനിമലിസ്റ്റിക് ഫര്‍ണിച്ചര്‍, ലൈറ്റിങ് ഇവയൊക്കെ കൊണ്ടു നിര്‍വ്വചിക്കാവുന്ന ഇന്റീരിയര്‍ ഡിസൈനിങ് നയമാണീ വീടിന്. കൃത്രിമമായ ഡക്കറേഷന്‍ ഒന്നുമില്ല. സലാമിന്റെയും തെസ്‌നിയുടെയും അഭിപ്രായപ്രകാരം ഒരു മിനിമലിസ്റ്റിക് മോഡേണ്‍ സമീപനത്തില്‍ ചെയ്തിരിക്കുകയാണ് ഇന്റീരിയര്‍.

റോഡിനോടു ചേര്‍ന്നുള്ള രണ്ടു ഭാഗങ്ങളിലും 3 മീറ്റര്‍ സെറ്റ്ബാക്ക് വിടേണ്ടിയിരുന്നു. അതിനാല്‍ അത്രയും സ്ഥലത്ത് പരമാവധി ലാന്‍ഡ്‌സ്‌കേപ്പ് തീര്‍ക്കുവാനായി. വീടിന് അവിടേക്കു കൂടുതല്‍ ഓപ്പണിങ്ങുകള്‍ നല്‍കി കാഴ്ചയ്ക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രവേശന മാര്‍ഗ്ഗത്തിലുള്ള മത്സ്യക്കുളത്തിന്റെ കാഴ്ചയാകട്ടെ ബെഡ്‌റൂമില്‍ പോലും എത്തിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. വീടിന്റെ പിറകിലെ ടെറസില്‍ സജ്ജീകരിച്ചിരിക്കുന്ന മെസാനിന്‍ ഫ്‌ളോര്‍ യൂട്ടിലിറ്റി ഏരിയയാണ്; മുകളിലായി തീര്‍ത്തിരിക്കുന്ന ആറ്റിക് (തട്ടിന്‍പുറം) നല്ലൊരു സ്‌റ്റോറേജ് സ്‌പേസുമാകുന്നു. ഈ വീടിന്റെ അകത്തള സജ്ജീകരണങ്ങളില്‍ ഗ്ലാസ് അധികമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചൂടു മൂലമുള്ള പ്രശ്‌നങ്ങളില്ല. കാരണം സ്‌കൈലൈറ്റ് നേരിട്ട് പതിക്കുന്ന ഇടങ്ങളില്‍ 85% ചൂടിനെയും റിഫ്‌ളക്റ്റ് ചെയ്യുന്ന പ്രത്യേക തരം ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം 12 എംഎം ടഫന്‍ഡ് ഗ്ലാസ് വച്ച് അതിനിടയില്‍ എസ്ജിപി ലാമിനേഷന്‍ ഒട്ടിച്ചിരിക്കുന്നു. തന്മൂലം വീടിനകത്തേക്ക് ചൂട് എത്തുകയേയില്ല. മാത്രമല്ല സുരക്ഷയ്ക്ക് ഭീഷണിയുമില്ല. ഗ്ലാസിന്റെ താഴെയാണ് എന്നൊരു തോന്നല്‍ ഉളവാകുന്നില്ല.
”ഡിസൈനിന്റെ ആഴം കൊണ്ടും ആര്‍ക്കിടെക്ചറിന്റെ സ്വാഭാവികതകൊണ്ടും തീര്‍ക്കുന്ന അകത്തളഭംഗി. ആകാശത്തെയും സൂര്യനെയും പ്രധാന ഡിസൈനിങ് എലമെന്റാക്കി ഒപ്പം കുറച്ചു പച്ചപ്പു കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഡിസൈനിങ് നയം. മോഡേണ്‍ മിനിമലിസ്റ്റിക് സമീപന രീതിയിലൂടെ പ്രകൃതിയോട് എല്ലാത്തരത്തിലും അടുത്തു നില്‍ക്കുന്ന ഒരു ഗൃഹാന്തരീക്ഷം. സൂര്യന്റെ സഞ്ചാര ദിശയ്ക്കനുസരിച്ച് വീട്ടുകാരുടെ ഓരോ ചലനത്തെയും സമയവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള, സൂര്യപാദങ്ങള്‍ പിന്‍തുടരുന്ന ഒരു വീട്.” ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക് പറയുന്നു.

പ്രത്യേകിച്ച് ആകര്‍ഷണങ്ങളൊന്നുമേ ഇല്ലാതിരുന്ന പ്ലോട്ടില്‍ ആകെ ലഭ്യമായിരുന്ന ആകാശക്കാഴ്ചകള്‍ മാത്രം തുണയാക്കി ഡിസൈന്‍ ചെയ്ത വീടിന്റെ പണി തീര്‍ന്നപ്പോള്‍ ആര്‍ക്കിടെക്റ്റിനും വീട്ടുടമയ്ക്കും ഇത് ചൂടിനു പകരം കുളിരു പകരുന്ന ഒരനുഭവമാകുന്നു.

 

Comments are closed.