പരിസ്ഥിതിസൗഹൃദമാണെന്നു മാത്രമല്ല, പ്രവര്‍ത്തനച്ചെലവ് തീരെ കുറഞ്ഞവയുമാണ് സൗരോര്‍ജനിലയങ്ങള്‍. സര്‍ക്കാരുകള്‍ വന്‍കിടതലത്തിലുള്ള സോളാര്‍ പ്ലാന്റുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഗാര്‍ഹികനിലയങ്ങളാണ് ഏറെ പ്രായോഗികമെന്നതാണ് വാസ്തവം

 

സോളാര്‍ എന്നു കേട്ടാല്‍ തട്ടിപ്പ് എന്ന് ചേര്‍ത്തു വായിക്കും മലയാളികള്‍. എന്നാല്‍ വിവാദമുണ്ടാക്കി നശിപ്പിക്കേണ്ട വെറുമൊരു വിഷയം മാത്രമല്ല സോളാര്‍. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നത് മനിലാക്കിയ ശാസ്ത്രലോകം വളരെ പണ്ടേ സൗരോര്‍ജത്തിന്റെ അനന്തസാധ്യതകളെപ്പറ്റി അന്വേഷിച്ചു തുടങ്ങിയിരുന്നു. പക്ഷേ, നമ്മുടെ നാട്ടില്‍ ഇന്നും അങ്ങിങ്ങ് കാണുന്ന സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ അല്ലാതെ മറ്റൊരു നീക്കവും ഈ മേഖലയില്‍ നടന്നിട്ടില്ലെന്നു മാത്രം.
പരിസ്ഥിതിസൗഹൃദമാണെന്നു മാത്രമല്ല, പ്രവര്‍ത്തനച്ചെലവ് തീരെ കുറഞ്ഞവയുമാണ് സൗരോര്‍ജനിലയങ്ങള്‍. സര്‍ക്കാരുകള്‍ വന്‍കിടതലത്തിലുള്ള സോളാര്‍ പ്ലാന്റുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഗാര്‍ഹികനിലയങ്ങളാണ് ഏറെ പ്രായോഗികമെന്നതാണ് വാസ്തവം.
സൗരോര്‍ജ്ജം എങ്ങനെ സമാഹരിക്കാം?
വീടിന്റെ ഡിസൈന്‍ ഘട്ടം മുതല്‍ ശ്രദ്ധിച്ചാല്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹാര്‍ദ്ദപരവുമായ സോളാര്‍ ഊര്‍ജ്ജത്തെ നമുക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താം. സൗരോര്‍ജം നേരിട്ട് വൈദ്യുതോര്‍ജ്ജമായും താപോര്‍ജ്ജമായും മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകളാണ് പ്രചാരത്തിലുള്ളത്.
പിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ ആണ് സൗരോര്‍ജത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഏറ്റവും പ്രചാരത്തിലുള്ള സാങ്കേതികവിദ്യ. ഇത്തരം അനേകം സെല്ലുകള്‍ ചേര്‍ന്നതാണ് ഒരു മൊഡ്യൂള്‍. ഈ മൊഡ്യൂളുകള്‍ ഒരുമിച്ച് ബന്ധിപ്പിച്ച് ഒരു ബോര്‍ഡില്‍ ഉറപ്പിച്ചിരിക്കുന്നതാണ് നാം ഇന്ന് കാണുന്ന സോളാര്‍ പാനല്‍. ഇന്ന് നാം കാണുന്ന മിക്ക സോളാര്‍ പാനലുകളിലും ഉപയോഗിച്ചിരിക്കുന്നതും പ്രകാശോര്‍ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഇതേ സംവിധാനം തന്നെ. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന ഇത്തരം പാനലുകള്‍ 20 വര്‍ഷത്തോളമായി വിപണിയിലുണ്ട്. വീടിന് മൊത്തമായി സൗരോര്‍ജം ഉത്പാദിപ്പിക്കുമ്പോള്‍ ഇത്തരം പല പാനലുകള്‍ ചേര്‍ത്താണ് ഉപയോഗിക്കുക.
100 മുതല്‍ 230 വാട്‌സ് വരെ ശേഷിയുള്ള പലതരം പാനലുകള്‍ ലഭ്യമാണ്. സോളാര്‍ മൊഡ്യൂളുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത് അവയുടെ കാര്യക്ഷമതയാണ്. 8% കാര്യക്ഷമമായത് മുതല്‍ 16% വരെ കാര്യക്ഷമമായ മൊഡ്യൂളുകള്‍ വിപണിയിലുണ്ട്. കാര്യക്ഷമത കൂടുന്തോറും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും കൂടും. അതായത് 8% കാര്യക്ഷമമായ മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറണ്ട് 16% കാര്യക്ഷമമായ മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ചാല്‍ കൃത്യം പകുതി മൊഡ്യൂളുകള്‍ മാത്രം മതിയാവും എന്നര്‍ത്ഥം. ഇങ്ങനെ പാനലുകള്‍ റൂഫില്‍ ഉറപ്പിച്ച് സൗരോര്‍ജ്ജം സമാഹരിക്കാം. സൗരോര്‍ജ്ജസെല്ലുകളുടെ ശേഷി അളക്കുന്നത് സണു എന്ന അളവിലാണ്. വേനല്‍ക്കാലത്ത് ഉച്ച സമയത്ത് മുഴുവന്‍ ശേഷിയുമുപയോഗിച്ച് ഒരു മൊഡ്യൂളിന് സമാഹരിക്കാവുന്ന വൈദ്യുതിയുടെ അളവാണ് അതിന്റെ ശേഷിയായി കണക്കാക്കുന്നത്.
താപോര്‍ജ്ജമാക്കി മാറ്റുമ്പോള്‍
ഹീറ്റ് അബ്‌സോര്‍ബര്‍ പാനലുകളാണ് സൗരോര്‍ജ്ജത്തെ താപോര്‍ജ്ജമാക്കി മാറ്റാന്‍ ഏറ്റവും പ്രചാരമുള്ള മാര്‍ഗ്ഗം. നമ്മുടെ നാട്ടില്‍ ഉപയോഗിച്ച് വരുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളിലെല്ലാം ഉപയോഗിക്കുന്നതും ഇതേ സംവിധാനം തന്നെയാണ്. സൗരോര്‍ജ്ജം സമാഹരിക്കാനായി ഒരു അബ്‌സോര്‍ബര്‍ പാനലും ഇന്‍സുലേറ്റ് ചെയ്ത ഒരു വാട്ടര്‍ ടാങ്കുമാണ് സോളാര്‍ ഹീറ്ററിന്റെ പ്രധാനഭാഗങ്ങള്‍. സൂര്യനില്‍ നിന്നുള്ള ചൂട് സമാഹരിക്കാനാകുന്ന റൈസര്‍ പൈപ്പുകളാണ് അബ്‌സോര്‍ബര്‍ പാനലിന്റെ അടിയിലൂടെ കടന്നു പോകുന്നത്. ഈ റൈസര്‍ പൈപ്പുകളിലൂടെ പ്രവഹിക്കുമ്പോള്‍ ചൂടാകുന്ന ജലം ടാങ്കില്‍ സമാഹരിക്കപ്പെടുന്നു. ടാങ്കില്‍ സമാഹരിക്കപ്പെട്ട ജലം വീണ്ടും വീണ്ടും പൈപ്പിലൂടെ തന്നെ പ്രവഹിക്കുന്നതുവഴി ജലം 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്നു. മഴയുള്ള ദിവസങ്ങളിലും മുഴുവന്‍ സമയവും മൂടലുള്ള ദിവസങ്ങളിലുമൊഴികെ വര്‍ഷം മുഴുവന്‍ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും.
ഗാര്‍ഹിക സൗരോര്‍ജ്ജപ്ലാന്റിന്റെ സംവിധാനം
വീടിന്റെ മുഴുവന്‍ ആവശ്യത്തിനുള്ള ആവശ്യത്തിനുള്ള വൈദ്യുതി സമാഹരിക്കുന്നതിനായുള്ള മൊഡ്യൂളുകള്‍ മേല്‍ക്കൂരയില്‍ ഉറപ്പിക്കാവുന്നതാണ്. പല ആകൃതികളിലും വലുപ്പത്തിലും മൊഡ്യൂളുകള്‍ ലഭ്യമാണ്. ഏറ്റവും പ്രചാരം നേടിയിട്ടുള്ളത് പാനലുകളാണെന്ന് മാത്രം. കൂടാതെ സോളാര്‍ ടൈലുകളും സോളാര്‍ ഷിംഗിള്‍സും വിപണിയില്‍ ലഭിക്കും. സോളാര്‍ ടൈലുകള്‍ക്ക് ചെലവേറും. എന്നാല്‍ പാനലുകളെക്കാള്‍ ചെലവ് കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഉത്പന്നമാണ് സോളാര്‍ ഷിംഗിള്‍സ്. സോളാര്‍ സൈഡിങ്ങുകള്‍ ലഭ്യമാണെങ്കിലും ബഹുനിലമന്ദിരങ്ങള്‍ക്കാണ് ഇവ അനുയോജ്യമെന്നതിനാല്‍ വിപണിയില്‍ അവ പരക്കെ ലഭ്യമല്ല. ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ മൊഡ്യൂളിന് ദിവസേന 3.5 മുതല്‍ 4 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 16% ശേഷിയുള്ള മൊഡ്യൂളുകളാണെങ്കില്‍ ഇവ സ്ഥാപിക്കാന്‍ ഏകദേശം 6-7 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വേണ്ടിവരും. വെയില്‍ കൂടുന്നതിനനുസരിച്ച് ഉത്പാദനം കൂടുകയും വെയില്‍ കുറയുമ്പോള്‍ ഉത്പാദനം കുറയുകയും ചെയ്യും. ഈ മൊഡ്യൂളുകള്‍ ഒരു ഇന്‍വര്‍ട്ടറിനോട് ബന്ധിപ്പിച്ചിരിക്കും. വൈദ്യുതി സമാഹരിച്ചു വയ്‌ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഒരു ബാറ്ററി യൂണിറ്റും ഒപ്പം ഘടിപ്പിക്കും. ഇന്‍വര്‍ട്ടറില്‍ നിന്നാണ് വീടിന്റെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിലൂടെ കറണ്ട് പ്രവഹിക്കുക.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററുകള്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല പ്രചാരമുണ്ട്. ഘടിപ്പിക്കാന്‍ റൂഫിന് മുകളില്‍ സ്ഥലമുള്ള ആര്‍ക്കും ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങി വയ്ക്കാവുന്നതേയുള്ളൂ. സൗജന്യമായി ലഭിക്കുന്ന സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനമെന്നതിനാല്‍ ഹീറ്റര്‍ വാങ്ങാനായി ചെലവാക്കിയ പണം 2-4 വര്‍ഷം കൊണ്ട് തിരിച്ച് കയ്യില്‍ വരും. വാഷ് റൂമുകളിലേക്ക് മാത്രമുള്ള ഉപയോഗത്തിനാണെങ്കില്‍ 100 ലിറ്റര്‍ ശേഷിയുള്ള ഒരു ഹീറ്റര്‍ മതിയാകും ഒരു നാലംഗകുടുംബത്തിന്. സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ പ്രചാരണത്തിന് പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ നിലവിലുണ്ട്.
പരിസ്ഥിതിയ്ക്കു ലാഭം, പോക്കറ്റിനും!
650 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള റൂഫില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ഷിങ്കിള്‍സ് വഴി ദിവസത്തില്‍ ഏകദേശം 12.5 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാകുക. ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യുതോപഭോഗത്തിന്റെ മൂന്നിരട്ടിയോളം വരുമിത്. ഒരു കിലോവാട്ട് മാത്രം ശേഷിയുള്ള പാനലുകളില്‍ നിന്നും ദിവസേന 3.5 മുതല്‍ 4 വരെ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
വളരെ പരിസ്ഥിതിസൗഹാര്‍ദ്ദപരമായ ഉപകരണമാണ് സോളാര്‍ വാട്ടര്‍ ഹീറ്ററും. ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മാത്രം മതി നിങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയാക്കാന്‍. സാധാരണ വാട്ടര്‍ ഹീറ്ററിന് പകരം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍ വര്‍ഷം തോറും 2600 കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്പാദനമാണ് കുറയുന്നത്. നിങ്ങളുടെ കാര്‍ നാല് മാസം കൊണ്ട് ഉത്പാദിപ്പിക്കുന്ന അത്രയും വരും ഇത്! ഗാര്‍ഹികാവശ്യത്തിനുള്ള ഒരു സോളാര്‍ ഹീറ്റര്‍ വര്‍ഷം തോറും 1500 യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കുക. അതായത് 100 ലിറ്റര്‍ ശേഷിയുള്ള 1000 സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ വൈദ്യുതിബോര്‍ഡിന് ഒരു മെഗാവാട്ട് വൈദ്യുതി ലാഭിച്ചു കൊടുക്കുമെന്ന് ചുരുക്കം. ഇത്രയും വാട്ടര്‍ ഹീറ്ററുകള്‍ക്ക് 1.5 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലെത്താതെ തടയാനുമാകും.
100 ലിറ്റര്‍ ശേഷിയുള്ള സോളാര്‍ ഹീറ്ററിന് 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് വിപണിയില്‍ വില. 15 വര്‍ഷത്തിന് മുകളില്‍ ഇവ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കും. കറണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹീറ്ററിന് പകരമാണ് ഇത് സ്ഥാപിക്കുന്നതെങ്കില്‍ 3-4 വര്‍ഷം കൊണ്ട് മുടക്കിയ പണം തിരിച്ച് പോക്കറ്റിലെത്തും. ഫര്‍ണസ് ഓയിലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് മാറ്റുന്നതെങ്കില്‍ 4-5 വര്‍ഷം കൊണ്ടും കല്‍ക്കരി ഹീറ്ററാണ് മാറ്റുന്നതെങ്കില്‍ 5-6 വര്‍ഷം കൊണ്ടും മുടക്കിയ പണം സോളാര്‍ ഹീറ്റര്‍ തിരികെ തരും.
സോളാര്‍ ഡീഹൈഡ്രേറ്ററുകള്‍
ഭക്ഷണസാധനങ്ങള്‍ ഉണക്കി സൂക്ഷിക്കാനായി സോളാര്‍ ഡീഹൈഡ്രേറ്ററുകള്‍ ഉപയോഗിക്കാം. സൂര്യന്റെ ചൂട് ഉപയോഗിച്ച് ഭക്ഷണസാധനങ്ങള്‍ ഉണക്കുന്ന രീതിയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഒരു സോളാര്‍ ഡീഹൈഡ്രേറ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏത്ര ഈര്‍പ്പമുള്ള അന്തരീക്ഷത്തിലും ഭക്ഷണസാധനങ്ങള്‍ ഉണക്കിയെടുക്കാനാകും. പ്ലൈവുഡ് കൊണ്ട് നിര്‍മിക്കുന്ന ഏറ്റവും ലളിതമായ ഡീഹൈഡ്രേറ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. ചൂട് സംഭരിക്കാനായി ഒരു ഹീറ്റ് കളക്റ്റര്‍ ബോക്‌സും ഒപ്പം ഉണക്കാനുള്ള സാധനങ്ങള്‍ വയ്ക്കാനുള്ള ഒരു ഡീഹൈഡ്രേറ്റര്‍ ബോക്‌സും. സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഹീറ്റ് കളക്റ്റര്‍ ചൂട് സംഭരിച്ച് മുകളിലുള്ള ഡീഹൈഡ്രേറ്ററിലേക്ക് കടത്തി വിടുന്നു. ഈ ചൂട് നിയന്ത്രിക്കുന്നത് രണ്ട് ഭാഗങ്ങള്‍ക്കുമിടയിലുള്ള ഭിത്തിയിലെ ദ്വാരങ്ങള്‍ വഴിയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ ഡീഹൈഡ്രേറ്ററിനെ അപേക്ഷിച്ച് സമയം കൂടുതല്‍ എടുക്കുമെങ്കിലും അല്‍പം പോലും വൈദ്യുതി ചെലവാക്കേണ്ടതില്ലെന്നാണ് ഇതിന്റെ മേന്മ. പച്ചക്കറികള്‍, തേങ്ങ, മത്സ്യമാംസാദികള്‍ തുടങ്ങി വേണ്ട രൂപത്തില്‍ ഡിസൈന്‍ ചെയ്താല്‍ തുണി വരെ ഉണക്കാനും സോളാര്‍ ഡീഹൈഡ്രേറ്റര്‍ ഉപയോഗിക്കാം.
വേണം സോളാര്‍ അധിഷ്ഠിത ഡിസൈനിങ്ങ്
നാളത്തെ ഊര്‍ജ്ജം സോളാര്‍ ആണെങ്കില്‍ ഇന്നത്തെ വീടുകളുടെ ഡിസൈനും അതിനനുസൃതമായിരിക്കണം. സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ ആവശ്യമായ ഇടങ്ങള്‍ ഡിസൈനില്‍ തന്നെ ഒരുക്കണം. തെക്കോട്ട് ഒരല്‍പം ചായ്‌വുള്ള തരത്തിലാണ് കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെ നിര്‍മാണമെങ്കില്‍ സോളാര്‍ മൊഡ്യൂളുകള്‍ക്കും വാട്ടര്‍ ഹീറ്ററുകള്‍ക്കും പരമാവധി ഊര്‍ജോത്പാദനശേഷി ഉണ്ടായിരിക്കും. സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ സ്ഥാനത്തിനനുസരിച്ചാവണം വീട്ടിലെ പ്ലംബിങ്ങ് ഡിസൈനും നടത്തേണ്ടത്. മുഖ്യ ഊര്‍ജ്ജസ്രോത് ആയി സൂര്യനെ പരിഗണിക്കുമ്പോള്‍ സോളാര്‍ ഇന്‍വെര്‍ട്ടറും ബാറ്ററികളും വീട്ടിലെ അവിഭാജ്യഘടകമാണ്. അവയ്ക്ക് ആവശ്യമായ ഇടവും ഒരുക്കണം. കാറ്റും വെളിച്ചവും കയറുന്നതും തീയുടെ സാമിപ്യമില്ലാത്തതുമായ സ്ഥലങ്ങളാണ് ഇതിന് നല്ലത്.
നമ്മുടെ എണ്ണഖനനം ഇതേ രീതിയില്‍ ഉത്പാദനം തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഭൂമിയിലെ അവസാനത്തെ തുള്ളി പെട്രോളിയവും നാം ഊറ്റിയെടുത്തിരിക്കും! അതിനാല്‍ ഭാവി സൗരോര്‍ജ്ജത്തിന്റേതാണെന്ന കാര്യത്തില്‍ തര്‍ക്കം ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *