• Jun 26, 2018
  • admin
  • Comments Off on സ്‌കാന്‍ഡിനേവിയന്‍ ശൈലി പിന്‍തുടര്‍ന്ന്‌
  • Designer + Builder, Interior
  • 285 Views

ഡിസൈനര്‍മാരായ രൂപയുടെയും സാവിയോയുടെയും സ്വന്തം വീടാണിത്. അതിനാല്‍ ഡിസൈന്‍ സ്വാതന്ത്ര്യം ഏറെ പ്രകടമായിട്ടുള്ള ഒരു പ്രോജക്റ്റു കൂടിയാണിത്. ലിവിങ് ഏരിയയുടെ പ്രകൃതിദത്ത കരിങ്കല്ലുകള്‍ പാകിയ ഭിത്തി ഏറെ ശ്രദ്ധേയമാണ്. ഓവല്‍ ആകൃതിയിലുള്ള കോഫിടേബിളും സൈഡ് ടേബിളും സീലിങ്ങിലെ വൃത്താകൃതിയിലുള്ള ഷാന്റിലിയറും ലിവിങ് ഏരിയയുടെ സ്‌ട്രെയിറ്റ് ലൈന്‍ നയത്തിന് ഭംഗം വരുത്തുന്നു. സീലിങ് ഹൈലൈറ്റ് ചെയ്യാന്‍ വുഡന്‍ റീപ്പറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വെള്ളനിറമുള്ള ഭിത്തിയിലെ വാള്‍ വാഷറുകളും ഷാന്റിലിയറും ചൊരിയുന്ന പ്രഭ വുഡന്‍ റീപ്പറുകള്‍ക്ക്് കൂടുതല്‍ മിഴിവു നല്‍കുന്നു. ഇരിപ്പിടങ്ങള്‍ അവയുടെ ആകൃതി കൊണ്ടും അവയില്‍  ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിഷിങ് ഇനങ്ങള്‍ കൊണ്ടും മുന്നിട്ടു നില്‍ക്കുന്നു. ലിവിങ് ഏരിയയിലെ ഇരിപ്പിടങ്ങളുടെ എതിര്‍വശത്ത് ഭിത്തിയോട് ചേര്‍ന്ന് നല്‍കിയിരിക്കുന്ന കസ്റ്റംമെയ്ഡ് ഡിസ്‌പ്ലേയൂണിറ്റ് ക്യൂരിയോസ് ഇനങ്ങള്‍ക്കായും ബുക്ക് ഷെല്‍ഫായും ഉപയോഗിക്കാം. ഭിത്തിയിലെ പെയിന്റിങ്ങുകള്‍ക്ക് നല്‍കിയിരിക്കുന്ന സ്‌പോട്ട് ലൈറ്റും, വയലറ്റ് നിറമുള്ള ലാംപ്‌ഷേഡുകളും മുളഞ്ചെടികളും പച്ചപ്പും മറ്റ് അലങ്കാര സാമഗ്രികളും എല്ലാം ചേര്‍ന്ന് വീടിനുള്ളിലും ഔട്ട്‌ഡോറിലിരിക്കുന്ന ഹൃദ്യമായ ഒരന്തരീക്ഷമാണ് ഒരുക്കുന്നത്.

ലിവിങ് ഏരിയയിലെ ഫര്‍ണിച്ചറില്‍ സ്വീകരിച്ചിരിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള ഡിസൈന്‍ പാറ്റേണ്‍, ഓവല്‍ ഷേയ്പ്പിലുള്ള സെന്‍ട്രല്‍ ടേബിള്‍, വൃത്താകൃതിയിലുള്ള ലൈറ്റുകള്‍, ഉരുണ്ടണ്ട അരികുകളുള്ള ഡൈനിങ് ടേബിള്‍ എന്നിവയെല്ലാം മിഡ്‌സെഞ്ച്വറി ശൈലിയുടെ പ്രതിരൂപങ്ങളാകുന്നു. ലിവിങ്ങിന്റെ മറ്റൊരു ആംഗിളിലുള്ള കാഴ്ച്ചയിലേക്ക് കടക്കുമ്പോള്‍ വാട്ടര്‍ ബോഡിയും അതിനോടനുബന്ധിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കങ്ങളും കാണാനാവുന്നു. നീലനിറത്തിന്റെ വര്‍ണ്ണാഭയാണ് ഈ ഏരിയയില്‍. വാട്ടര്‍ ബോഡിയോട് ചേര്‍ന്നുള്ള വുഡന്‍ഡെക്കില്‍ നീലയും വെള്ളയും ഇടകലര്‍ന്ന നിറമുള്ള ഇരിപ്പിടങ്ങള്‍. അതിനിടയില്‍ പച്ചപ്പും പൂക്കളും ചെടികളും കൗതുകവസ്തുക്കളും ക്യാന്‍ഡില്‍ സ്റ്റാന്‍ഡും ചേര്‍ന്ന് കാഴ്ചവിരുന്ന് തീര്‍ക്കുന്നു.

അടുക്കള പുതുതലമുറക്കാരന്‍

ഉള്ളില്‍ തികച്ചും ഫോര്‍മലായി ഒരുക്കിയിരിക്കുന്ന ഡൈനിങ് ഏരിയയ്ക്ക് പുറമെ തുറസ്സായത് എന്ന് എല്ലാ അര്‍ത്ഥത്തിലും നിര്‍വചിക്കുവാന്‍ കഴിയും വിധം കിച്ചന്റെ പിന്‍തുടര്‍ച്ചയായാണ് ‘ഓപ്പണ്‍ ടു സ്‌കൈ’ എന്ന ആശയമനുസരിച്ചുള്ള ഡൈനിങ് ഏരിയ (Alfresco Dining). തടിയില്‍ തീര്‍ത്ത പ്ലെയിന്‍ മേശയും ഇന്‍ബില്‍റ്റ് ബഞ്ചും സ്റ്റൂളുകളുമാണ് ഫര്‍ണിച്ചര്‍. ബാക്‌ഡ്രോപായി വര്‍ത്തിക്കുന്ന വെള്ള നിറമുള്ള ഭിത്തി വുഡുപയോഗിച്ച് ചെയ്ത് അതില്‍ വെള്ള പെയിന്റ് നല്‍കിയിരിക്കുന്നു. ഫ്‌ളോറിലും വുഡാണ്. ഡെക്ക് ഫ്‌ളോറിന്റെ ഓരോ പീസുകള്‍ക്കിടയിലും ഗ്യാപ്പ് ഇട്ടിട്ടുണ്ട്. അതിനാല്‍ മഴയത്ത് വെള്ളം വീണാലും ഒരുതുള്ളി പോലും ശേഷിക്കാതെ താഴേക്ക് ഒഴുകിപ്പോകും. നനഞ്ഞാലും കേടുപാടുകള്‍ സംഭവിക്കാത്തടെക്‌വുഡാണ് ഫ്‌ളോറിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്. ഔട്ട്‌ഡോര്‍ ഡൈനിങ് എന്നുള്ള കാഴ്ചപ്പാട് പൂര്‍ണ്ണമാക്കുവാനായി ചെടികളും മരങ്ങളും ഒപ്പം ജലാശയത്തിന്റെ കാഴ്ചയും എത്തുന്നുണ്ട്. ഒരു വില്ലേജ് വീടിന്റെ പരിസരത്തു സാധാരണയായി കാണാറുള്ള ചെറുജീവികളെ അനുസ്മരിപ്പിക്കുന്ന കൗതുകവസ്തുക്കളായ തവളയും, താറാവും മരങ്ങളുമെല്ലാം (Garden ornaments) നല്‍കിയിരിക്കുന്നു. വീടിനുള്ളില്‍ മരങ്ങള്‍ വേണം എന്ന് ബോധപൂര്‍വ്വം ചിന്തിച്ച് ഡൈനിങ്ങിനുള്ളില്‍ ഒരു വലിയ മരം നട്ടുപിടിപ്പിക്കുകയായിരുന്നു ഇവര്‍. വീടിനുള്ളിലെ മരങ്ങള്‍ ഭാവിയില്‍ വളര്‍ന്ന് വീടിനു കേടുപാടുകള്‍ തീര്‍ക്കുമെന്നതിനാല്‍ മരത്തിന്റെ വേരുകളോടു കൂടിയ ഭാഗം രണ്ടണ്ടടിവ്യാസമുള്ള വലിയൊരു ട്യൂബിനുള്ളിലാക്കിയാണ് മരം നട്ടത്. ഇതുമൂലം വേരുകള്‍ വളര്‍ന്ന് വീടിന് ദോഷം സംഭവിക്കുകയില്ല.

ഭിത്തിയിലെ ഔട്ട്‌ഡോര്‍ പെയിന്റിങ്ങുകള്‍, ടേബിള്‍ അലങ്കാരങ്ങളായ ക്യാന്‍ഡില്‍ സ്റ്റാന്‍ഡ്, ഭിത്തിയിലെ ഔട്ട്‌ഡോര്‍ ക്ലോക്ക്, ഫര്‍ണിഷിങ് ഇനങ്ങളായ കുഷ്യനുകള്‍, പ്ലാന്റര്‍ ബോക്‌സുകള്‍ എന്നിങ്ങനെ ഓരോന്നിന്റെയും തെരഞ്ഞെടുപ്പില്‍ ഡിസൈനര്‍മാരുടെ ശ്രദ്ധയെത്തിയിട്ടുണ്ട് എന്ന് വിളിച്ചോതുന്നു.

ആരുടെയും മനസ്സിലെ രുചിഭേദങ്ങളെയും പാചകകലയേയും തൊട്ടുണര്‍ത്താന്‍ പോന്ന വിധമാണ് ഇവിടുത്തെ ചെറുതും പുതുപ്രവണതയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നതുമായ അടുക്കള. തികച്ചും വൈദേശികമാതൃക അനുസരിച്ചുള്ള റോ ടെക്‌സ്ചര്‍, നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് എന്നിവയെല്ലാം സംയോജിപ്പിച്ച് ചെയ്തിരിക്കുന്ന നാടകീയത പകരുന്ന അടുക്കളയ്ക്ക് ബ്ലാക്ക് & വൈറ്റ് കളര്‍ തീമാണ്. സീലിങ്ങിനിടയില്‍ നിന്നും ഒളിച്ചിരിക്കുന്ന കോവുലൈറ്റുകള്‍ വെളിച്ചം വിതറുന്നു. ഗ്ലാസില്‍ കാലുകള്‍ തീര്‍ത്ത ഫ്‌ളോട്ടിങ് മാതൃകയിലുള്ള കിച്ചന്‍ കൗണ്ടര്‍ ടോപ്പ് തന്നെ നീട്ടിയെടുത്ത് ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ഏരിയയും തീര്‍ത്തിട്ടുണ്ട്. അതിനു ചേരും വിധമുള്ള ഇരിപ്പിട സൗകര്യങ്ങളും.

വീടിനു ശല്യമാകാതെ ഓഫീസ് ഏരിയ

പുറത്തെ മനോഹരമായ കാഴ്ചകളെ സുതാര്യമായ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് ആണ് ഓഫീസ് ഏരിയയുടെ ഒരുക്കങ്ങള്‍. ഫര്‍ണിഷിങ്ങിനു പ്രാധാന്യം നല്‍കിയാണ് ഫാമിലിലിവിങ് ഏരിയയുടെയും ഒപ്പം പ്രെയര്‍ ഏരിയയുടെയും സജ്ജീകരണങ്ങള്‍. തികച്ചും ശാന്തമായ ഒരന്തരീക്ഷമാണ് ഫാമിലി ലിവിങ് ഏരിയയ്ക്ക്. ഗ്ലാസ്സും വുഡും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റെയര്‍കേസാകട്ടെ; ഫ്‌ളോട്ടിങ് സ്റ്റെപ്പുകളോടു കൂടിയതാണ്. വീടിന്റെ രണ്ടു ഭാഗങ്ങളെ തമ്മില്‍ ബന്ധിക്കുന്ന പാലമായ ഈ ഗോവണിയുടെ ഭാഗത്ത് നല്‍കിയിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകള്‍ ഭംഗി ഇരട്ടിയാക്കുന്നു. അക്വാസ്റ്റിക്‌സ് സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ഹോംതീയേറ്ററും ശ്രദ്ധേയമാണ്.

സ്‌കാന്‍ഡിനേവിയന്‍ കിടപ്പുമുറികള്‍

കിടപ്പുമുറികളിലെ ഫര്‍ണിച്ചറില്‍ പ്രതിഫലിക്കുന്നത് സ്‌കാന്‍ഡിനേവിയന്‍ ശൈലിയാണ് (മിഡ്‌സെഞ്ച്വറി). ഭിത്തികള്‍, സീലിങ് എന്നിവിടങ്ങളില്‍ ലൈറ്റ് ഗ്രേ നിറത്തിനാണ് പ്രാധാന്യം. എന്നാല്‍ മറ്റ് ഒരുക്കങ്ങളില്‍ മൂന്നു മുറികളും മൂന്നു തരത്തിലാണ്.

‘ബെഡ്‌റൂം വിത്ത് സ്പാ’ എന്ന സങ്കല്പത്തിലാണ് മാസ്റ്റര്‍ ബെഡ്‌റൂം. ആഷ്, ലാവന്‍ഡര്‍ കളര്‍ തീമില്‍ എടുത്തു നില്‍ക്കുന്ന മാസ്റ്റര്‍ ബെഡ്‌റൂമില്‍ കട്ടിലിന്റെ ഹെഡ്‌ബോര്‍ഡു കഴിഞ്ഞ് വരുന്ന ഭാഗത്ത് ഒരു വുഡന്‍ ഡെക്ക് തീര്‍ത്ത് സ്‌കൈലൈറ്റോടുകൂടി ഒരു സ്പാ തീര്‍ത്തിരിക്കുന്നു. സ്പാ ഏരിയയുടെ ഭാഗത്ത് ഭിത്തിക്ക് നാച്വറല്‍ സ്റ്റോണ്‍ ആണ്. ഇവിടെയും മരങ്ങള്‍ക്കും ചെടികള്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നു. ബാത്ത്‌റൂമിന്റെ സ്ഥാനവും തൊട്ടടുത്തു തന്നെയാണ്. നീല, മഞ്ഞ നിറത്തിലുള്ള ഒരുക്കങ്ങളാണ് മറ്റ് രണ്ട് കിടപ്പു മുറികള്‍ക്ക്.

ഓരോ മുറിയിലും കളര്‍ തീമിനനുസരിച്ചുള്ള ക്യൂരിയോസും പെയിന്റിങ്ങും, വാം ലൈറ്റിങ്ങും ഫര്‍ണിഷിങ് ഇനങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ ഓരോ മുറിയും ഒന്നിനൊന്ന് മികച്ചതായി. വീടാകട്ടെ, ഡിസൈനര്‍മാരുടെ ഭാവനയുടെയും മികവിന്റെയും ദൃഷ്ടാന്തവുമായി മാറിയിരിക്കുന്നു.

രൂപ & സാവിയൊ

Comments are closed.