Project Specifications

ജീവിതത്തിന്റെ ആഘോഷമാണ് ആര്‍ക്കിടെക്ചറിന്റെ ഔന്നത്യം. വികാരങ്ങളെ ഉണര്‍ത്തുന്ന, സദാ പ്രകൃതിയിലെ ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇടങ്ങള്‍ ജീവിതത്തില്‍ ആനന്ദം പ്രദാനം ചെയ്യുന്നു. ലളിതവും ഭാഗ്യം കൊണ്ടുവരുന്നതുമായ ഇടങ്ങള്‍. ലാളിത്യം പിന്നീട് കൂട്ടിച്ചേര്‍ക്കാനാകില്ല, എന്നാല്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനി ക്കാനാകുകയും ചെയ്യും.

ഐഹികമായ തോന്നലുകളെ അതിജീവിക്കുകയും അസ്തിത്വബോധത്തെ ആഘോഷിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ ആര്‍ക്കിടെക്ചറിന്റെ പ്രതിഫലനമാണ് ലിജോ.റെനി.ആര്‍ക്കിടെക്റ്റ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്ന ‘സ്‌ക്യൂഡ് ഹൗസ്’.

സഹ്യപര്‍വ്വതത്തിലെ ചുരത്തിലൂടെ സദാ ഉഷ്ണക്കാറ്റ് പ്രവഹിക്കുന്ന പാലക്കാട്ടുള്ള ഒരു റെസിഡെന്‍ഷ്യല്‍ ഏരിയയിലായിരുന്നു ഈ വീട് തീര്‍ക്കേണ്ടിയിരുന്നത്. കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടിലുള്ള ഈ വീട് കന്റംപ്രറി ശൈലിയോട് തികച്ചും നീതി പുലര്‍ത്തുന്നു. ഡോക്ടര്‍ ദമ്പതിയുടെയും കുടുംബത്തിന്റെയും താത്പര്യത്തിനനുസരിച്ചായിരുന്നു വീടിന്റെ നിര്‍മിതി.

കുതിക്കും വീട്

ശക്തമായ രേഖകള്‍ ഒരു ദൃശ്യപ്രതലത്തിലേക്ക് വിന്യസിച്ച്, ഈ വിന്യാസത്തെ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ കോണുകള്‍ ദൂരത്തുനിന്നു നോക്കുമ്പോള്‍ സൂക്ഷ്മവും വീടിരിക്കുന്ന ലെയിനിലെ മറ്റു കെട്ടിടങ്ങളോടു ചേര്‍ന്നു പോകുന്നതുമാണെന്ന് തോന്നിക്കും.അതത്ര എടുത്തറിയുക പോലുമില്ല. എന്നാല്‍ വീട്ടിലേക്ക് നടന്നടുക്കുന്തോറുമാണ് മനസ്സിലാകുക അകലെയുള്ള പര്‍വ്വതനിരകളുടെ കോണുകളോട് ചേര്‍ന്നുപോകും വിധമാണ് വീടിന്റെ കോണുകളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന്്. മനോഹരമായ ഈ രൂപകല്‍പന വീടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ലളിതമായ ഒരു ഗ്ലാസ് വാതിലാണ് വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുക. അതിനോട് ചേര്‍ന്നുള്ള ചെടികളും തൊട്ടടുത്തുള്ള ഫോയറും എല്ലാം തയ്യാറാക്കിയിരിക്കുന്നത് തികച്ചും അനൗപചാരിക രീതിയില്‍. ഇത് ഒരു തുറസ്സായ പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്. ലിവിങ് റൂമിനോട് ചേര്‍ന്നു വരുന്ന പ്ലോട്ടിന്റെ ഭാഗത്തെ സെമി പബ്ലിക് സോണായി കണ്ടുകൊണ്ടാണ് അതിനോട്് ചേര്‍ന്ന് ഫോര്‍മല്‍ ലിവിങ് സ്‌പേസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സൂര്യപ്രകാശവും പുറത്തെ പച്ചപ്പും അകത്തളത്തിന്റെ വെണ്മയിലേക്ക് പരമാവധി എത്തിക്കാനായി പുറം മതിലിനോട് ചേര്‍ന്നാണ് സ്‌കൈകോര്‍ട്ടിലേക്കുള്ള ആങ്കുലാര്‍ ഓപ്പണിങ് നല്‍കിയിരിക്കുന്നത്. മനോഹരമായ പുലര്‍കാലവെളിച്ചം ഉള്ളിലേക്ക് ആവാഹിക്കാനായി കിഴക്കുവശത്തേക്ക് ഒരു ഓപ്പണിങ് ഉള്‍പ്പെടെ സ്പ്ലിറ്റ് ലെവല്‍ സീലിങ് ആണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഈ ഓപ്പണിങില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന അലുമിനിയം സ്‌ക്രീനും ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറും മിനിമല്‍ ഡിസൈനില്‍ ഉള്ളവയാണ്.

തൂവെള്ള അപ്‌ഹോള്‍സ്റ്ററിയും വെളുത്ത കൊറിയന്‍ സ്റ്റോണില്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള വരകളുള്ള കസ്റ്റം ഡിസൈന്‍ഡ് കോഫി ടേബിളും ഇന്റീരിയറിന് ചാരുതയേകുന്നു. പ്രകൃതിദത്ത ലൈറ്റിങ്ങിനെയും വെന്റിലേഷനെയും ഉപയോഗപ്പെടുത്താനായി ഇന്റീരിയറിനെ ഓപ്പണ്‍ സ്‌പേസിങ് ഉപയോഗിച്ച് മൂന്ന് ബേകളായി തിരിച്ചിരിക്കുന്നു. ഒരു തുറന്ന സ്‌കൈകോര്‍ട്ടിനു ചുറ്റിലുമായാണ് ഈ ബേകളുടെ വിന്യാസം. ഇത് വര്‍ഷം മുഴുവനും വീട്ടില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. പല വലുപ്പത്തിലുള്ള കോര്‍ട്ട്‌യാര്‍ഡുകളിലേക്ക് തുറക്കുന്ന തരത്തിലാണ് വീട്ടിലെ പ്രൈവറ്റ് ഏരിയകളുടെ സജ്ജീകരണം.

Comments are closed.