August 7th, 2015
സ്‌ക്യൂഡ് ഹൗസ്

 

ജീവിതത്തിന്റെ ആഘോഷമാണ് ആര്‍ക്കിടെക്ചറിന്റെ ഔന്നത്യം. വികാരങ്ങളെ ഉണര്‍ത്തുന്ന, സദാ പ്രകൃതിയിലെ ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇടങ്ങള്‍ ജീവിതത്തില്‍ ആനന്ദം പ്രദാനം ചെയ്യുന്നു. ലളിതവും ഭാഗ്യം കൊണ്ടുവരുന്നതുമായ ഇടങ്ങള്‍. ലാളിത്യം പിന്നീട് കൂട്ടിച്ചേര്‍ക്കാനാകില്ല, എന്നാല്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാനാകുകയും ചെയ്യും.
ഐഹികമായ തോന്നലുകളെ അതിജീവിക്കുകയും അസ്തിത്വബോധത്തെ ആഘോഷിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ ആര്‍ക്കിടെക്ചറിന്റെ പ്രതിഫലനമാണ് ലിജോ.റെനി.ആര്‍ക്കിടെക്റ്റ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്ന ‘സ്‌ക്യൂഡ് ഹൗസ്’.
സഹ്യപര്‍വ്വതത്തിലെ ചുരത്തിലൂടെ സദാ ഉഷ്ണക്കാറ്റ് പ്രവഹിക്കുന്ന പാലക്കാട്ടുള്ള ഒരു റെസിഡെന്‍ഷ്യല്‍ ഏരിയയിലായിരുന്നു ഈ വീട് തീര്‍ക്കേണ്ടിയിരുന്നത്. കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടിലുള്ള ഈ വീട് കന്റംപ്രറി ശൈലിയോട് തികച്ചും നീതി പുലര്‍ത്തുന്നു. ഡോക്ടര്‍ ദമ്പതിയുടെയും കുടുംബത്തിന്റെയും താത്പര്യത്തിനനുസരിച്ചായിരുന്നു വീടിന്റെ നിര്‍മിതി.
കുതിക്കും വീട്
ശക്തമായ രേഖകള്‍ ഒരു ദൃശ്യപ്രതലത്തിലേക്ക് വിന്യസിച്ച്, ഈ വിന്യാസത്തെ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ കോണുകള്‍ ദൂരത്തുനിന്നു നോക്കുമ്പോള്‍ സൂക്ഷ്മവും വീടിരിക്കുന്ന ലെയിനിലെ മറ്റു കെട്ടിടങ്ങളോടു ചേര്‍ന്നു പോകുന്നതുമാണെന്ന് തോന്നിക്കും.അതത്ര എടുത്തറിയുക പോലുമില്ല. എന്നാല്‍ വീട്ടിലേക്ക് നടന്നടുക്കുന്തോറുമാണ് മനസ്സിലാകുക അകലെനില്‍ ഉള്ളവയാണ്. തൂവെള്ള അപ്‌ഹോള്‍സ്റ്ററിയും വെളുത്ത കൊറിയന്‍ സ്റ്റോണില്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള വരകളുള്ള കസ്റ്റം ഡിസൈന്‍ഡ് കോഫി ടേബിളും ഇന്റീരിയറിന് ചാരുതയേകുന്നു. പ്രകൃതിദത്ത ലൈറ്റിങ്ങിനെയും വെന്റിലേഷനെയും ഉപയോഗപ്പെടുത്താനായി ഇന്റീരിയറിനെ ഓപ്പണ്‍ സ്‌പേസിങ് ഉപയോഗിച്ച് മൂന്ന് ബേകളായി തിരിച്ചിരിക്കുന്നു. ഒരു തുറന്ന സ്‌കൈകോര്‍ട്ടിനു ചുറ്റിലുമായാണ് ഈ ബേകളുടെ വിന്യാസം. ഇത് വര്‍ഷം മുഴുവനും വീട്ടില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. പല വലുപ്പത്തിലുള്ള കോര്‍ട്ട്‌യാര്‍ഡുകളിലേക്ക് തുറക്കുന്ന തരത്തിലാണ് വീട്ടിലെ പ്രൈവറ്റ് ഏരിയകളുടെ സജ്ജീകരണം.
ഡൈനിങ്ങിന് സവിശേഷ ശ്രദ്ധ
ഫോയറില്‍ നിന്ന് തന്നെ ഡൈനിങ് സ്‌പേസിലേക്കും കടക്കാം. ഡൈനിങ് സ്‌പേസില്‍ നിന്നാണ് വീട്ടിലെ സ്വകാര്യ ഇടങ്ങളിലേക്കുള്ള പ്രവേശനം. ലളിതമായി രൂപകല്‍പന ചെയ്തിരിക്കുന്ന ഡൈനിങ് സ്‌പേസിന്റെ ആകര്‍ഷണം പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന വലിയ ജനാലയും അതിനോട് ചേര്‍ത്ത് സജ്ജീകരിച്ചിരിക്കുന്ന ബില്‍റ്റ് ഇന്‍ വിന്‍ഡോ സീറ്റുകളുമാണ്. സായാഹ്നസൂര്യന്റെ പ്രകാശത്തെ സ്വാഗതം ചെയ്യാനായി പടിഞ്ഞാറുവശത്തെ ഭിത്തിയില്‍ ഒരു കസ്റ്റം ഡിസൈന്‍ഡ് അലുമിനിയം വിന്‍ഡോ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും സ്പ്ലിറ്റ് ലെവല്‍ സീലിങ് ആണ്. ദിവസം മുഴുവന്‍ ഇതിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന ഇളംകാറ്റ് ഇന്റീരിയറിന്റെ മാറ്റു കൂട്ടുന്നു. സ്‌റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മിച്ച ചെരിഞ്ഞ കാലുകളുള്ള ഗ്ലാസ് ടോപ്പോടുകൂടിയ ഡൈനിങ് ടേബിളും രൂപകല്‍പന കൊണ്ട് വേറിട്ട് നില്‍ക്കുന്നു. വീടിനു വടക്കുഭാഗത്തെ ബേയില്‍ ഫോയര്‍, ഫോര്‍മല്‍ ലിവിങ് ഏരിയ, ഡൈനിങ് സ്‌പേസ്, പൗഡര്‍ റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ തുടങ്ങിയവയാണ് സ്ഥിതി ചെയ്യുന്നത്.
സ്‌കൈകോര്‍ട്ടുകള്‍ പ്രധാനം
വീടിനു നടുവിലെ ഓപ്പണ്‍ സ്‌കൈകോര്‍ട്ടില്‍ വന്നു ലയിക്കുന്ന ഒരു ലാന്‍ഡ്‌സ്‌കേപ്പിങ് ലെയര്‍ കൊണ്ടാണ് വടക്കുവശത്തെയും നടുവിലെയും ബേകള്‍ വേര്‍തിരിക്കപ്പെടുന്നത്. ഇവിടെ ഗ്രനൈറ്റ് ഫ്‌ളോറിങ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗത്താണ് പൂജാസ്‌പേസ്. ലളിതമായ ഗണേശവിഗ്രഹം. മുന്‍വശത്തെ ഓപ്പണ്‍ കോര്‍ട്ടിലേക്കു കൂടി തുടരുന്നുണ്ട് ഗ്രനൈറ്റ് ഫ്‌ളോറിങ് ചെയ്ത ഭാഗം. എന്നാല്‍ മുഴുവനും ഗ്രനൈറ്റ് എന്നു തോന്നിക്കുന്ന സ്റ്റാന്‍ഡിന്റെ പ്രധാനഭാഗം പ്ലൈവുഡാണ്. ഇതില്‍ ഗ്രനൈറ്റ് കഷണങ്ങള്‍ ക്ലാഡ് ചെയ്തിരിക്കുകയാണ്.
തുറസ്സായ സ്‌കൈകോര്‍ട്ടിലേക്ക് തുറക്കുന്ന ഫാമിലി ലിവിങ് സ്‌പേസാണ് നടുവിലെ ബേയുടെ പ്രധാനഭാഗം. സ്‌റ്റെയര്‍കെയ്‌സും മറ്റ് രണ്ട് ബേകളെയും ബന്ധിപ്പിക്കുന്ന ഒരു ബ്രിഡ്ജാണ് മറുവശത്ത്. പുറത്തെ കാര്‍പോര്‍ച്ചിന് സമാന്തരമായി നിര്‍മിച്ചിരിക്കുന്ന ഈ ഭാഗം വീടിന്റെ അകത്തളത്തെ എക്‌സ്റ്റീരിയറുമായി ബന്ധിപ്പിക്കുന്നു. ഡബിള്‍ ഹൈറ്റ് നല്‍കി നിര്‍മിച്ചിട്ടുള്ള ഈ ഭാഗമാണ് വീടിന്റെ കേന്ദ്രബിന്ദു. സ്വകാര്യതയ്ക്ക് വേണ്ടി ലിവിങ് സ്‌പേസില്‍ നിന്നു കാണാനാകാത്ത വിധമാണ് ഇത് നിര്‍മിച്ചിരിക്കുന്നതും. മഞ്ഞ കൊറിയന്‍ ടോപ്പുള്ള കോഫി ടേബിളും ബാഴ്‌സിലോണ ചെയറുകളും കസ്റ്റം ഡിസൈന്‍ഡ് ടിവി കണ്‍സോളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ശില്പം പോലെ സ്റ്റെയര്‍
മനോഹരമായി രൂപകല്‍പന ചെയ്തിരിക്കുന്ന സ്റ്റെയര്‍കെയ്‌സ് വീടിന്റെ ഡിസൈനിലെ പ്രധാനഭാഗമാണ്. കോട്ട സ്‌റ്റോണില്‍ തീര്‍ത്തിരിക്കുന്ന സ്‌റ്റെയറുകളുടെ ഒരു വശം നിലത്തുറപ്പിച്ചിട്ടുണ്ടെങ്കില്‍ മറുവശം സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഭാഗങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്ത് നില്‍ക്കുകയാണ്. ചെറുതായി വളച്ച 3 മില്ലിമീറ്റര്‍ കനമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ പ്ലെയ്റ്റുകളും ഗ്ലാസ് റെയിലിങുകളും ചേര്‍ന്ന് സ്‌റ്റെയര്‍കെയ്‌സ് അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുന്നു.
ഇരുനിലകളിലെയും ബെഡ്‌റൂമുകളും ബാത്ത്‌റൂമുകളുമാണ് തെക്കുവശത്തെ ബേയില്‍ ഉള്ളത്. മുകള്‍വശം മൂടിയ ഒരു ഓപ്പണ്‍ സപേസ് കൊണ്ടാണ് ഈ ഭാഗത്തെ നടുവിലെ ബേയില്‍ നിന്ന് വേര്‍തിരിച്ചിട്ടുള്ളത്. മുഴുവനായും തുറക്കാവുന്ന സ്ലൈഡിങ് ഡോറുകളാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥിതി ചെയ്യുന്ന മാസ്റ്റര്‍ ബെഡ്‌റൂമിനുള്ളത്. ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു പാഷിയോയും സജ്ജീകരിച്ചിട്ടുണ്ട്. ഒരു വര്‍ക്ക് ഔട്ട് സ്‌പേസായി ഉപയോഗിക്കത്തക്ക വണ്ണമാണ് ഇതിന്റെ നിര്‍മിതി. ബെഡ്‌റൂം ഭിത്തിയുടെ ഒരു വശത്ത് നല്‍കിയിരിക്കുന്നത് നേര്‍ത്ത സ്ലിറ്റ് വിന്‍ഡോകളാണ്. പുറത്തു നിന്ന് കാറ്റും വെളിച്ചവും ആവശ്യത്തിന് എത്തിക്കുന്ന സ്ലിറ്റ് വിന്‍ഡോകള്‍ സ്വകാര്യതയും പ്രദാനം ചെയ്യുന്നു. കൊറിയനും സ്റ്റെയ്ന്‍ലസ് സ്റ്റീലും ചേര്‍ത്ത് നിര്‍മിച്ചിട്ടുള്ള ഇന്‍ ബില്‍റ്റ് കട്ടിലുകളാണ് എല്ലാ ബെഡ്‌റൂമുകളിലും. കട്ടിലുകള്‍ക്കുമുണ്ട് ഒരു ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോം പ്രതീതി.
ഒരു മാനസികതലം കൂടി
ആള്‍ത്തിരക്കുള്ള പുറത്തെ ചുറ്റുപാടില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും മറ ലഭിക്കുന്നതിന് ഇന്‍ട്രോവെര്‍ട്ട് നിര്‍മാണരീതിയാണ് ഈ വീടിന് ഉപയോഗിച്ചിട്ടുള്ളത്. ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡുകളുമായി നിരന്തരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള അകത്തളങ്ങള്‍ ഇന്റീരിയറും എക്സ്റ്റീരിയറും തമ്മിലുള്ള സങ്കലനമാണ് സൂചിപ്പിക്കുന്നത്. വീട്ടിലെ എല്ലായിടങ്ങളുമായും ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഈ തുറസ്സുകള്‍ വീടിന്റെ മൈക്രോക്ലൈമറ്റിനെ നിയന്ത്രിക്കുന്നുണ്ട്. കൂടാതെ വീടിനു പുറത്തെക്കാള്‍ കുറഞ്ഞ താപനിലയില്‍ വീടിനുള്‍ഭാഗം നിലനിര്‍ത്താനും സഹായിക്കുന്നത് ഈ തുറസ്സുകളാണ്.
ലഭ്യമായ ഓരോ ഇടത്തെയും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. സീലിങിലും മറ്റും നല്‍കിയിരിക്കുന്ന സൂക്ഷ്മമായ ഉയരവ്യത്യാസങ്ങള്‍ക്ക് ഒരു മാനസികതലം കൂടിയുണ്ട്. ഉയരം കുറഞ്ഞ പാസേജില്‍ നിന്നും ഉയരം കൂടിയ റൂമിലേക്ക് കടക്കുമ്പോള്‍ അതിഥിയ്ക്ക് ഉണ്ടാകുന്ന അനുഭവം വേറിട്ടതായിരിക്കും. സൂര്യപ്രകാശത്തെയും പുറത്തെ കാറ്റിനെയും പരമാവധി ഉള്ളിലെത്തിക്കാന്‍ പാകത്തിനാണ് വീടിന്റെ രൂപകല്‍പന. ഓരോ സമയവും ഓരോ മൂഡ് ആയിരിക്കും വീടിനുള്ളില്‍. വീടിന്റെ ഡിസൈനില്‍ പ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു. വീടിന്റെ ഡബിള്‍ഹൈറ്റ് ഭിത്തികളിലേക്ക് സൂര്യപ്രകാശം കടന്നു ചെല്ലുമ്പോള്‍ മാസ്മരികമായ ഭംഗിയാണ് അനുഭവിക്കാനാകുക. പ്രകാശത്തെ മാത്രമല്ല, സമയത്തെയും പ്രയോജനപ്പെടുത്തിയിട്ടുണ്ട് ഇവിടെ. ശ്രദ്ധാപൂര്‍വ്വം രൂപകല്‍പന ചെയ്തിരിക്കുന്ന വീട്ടിലെ ഓരോ ഓപ്പണിങ്ങിലൂടെയും ഓരോ ഭിത്തിക്കും ലഭിക്കുന്നത് സവിശേഷമായ ഭാവമാണ്. മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകള്‍ക്കും ഇതിലൊരു പങ്കുണ്ട്. ഉദാഹരണത്തിന് ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രില്‍ സൂര്യപ്രകാശത്തില്‍ ഭിത്തിയില്‍ പല പാറ്റേണുകള്‍ രൂപപ്പെടുത്താന്‍ പാകത്തിനാണ് സ്ഥാപിച്ചിട്ടുള്ളത്. സമാനമായ രീതിയിലാണ് വീടിനുള്ളിലെ മറ്റ് ഓപ്പണിങുകളും. വീട്ടിനുള്ളിലെ ബള്‍ബുകളും, കണ്‍സീല്‍ഡ് എല്‍ഇഡി സ്ട്രിപ്പുകളും ചേര്‍ന്ന് വെളുത്ത ഇന്റീരിയറില്‍ മഞ്ഞനിറത്തിന്റെ പ്രൗഢി നല്‍കുന്നു. ഇത് വീടിനുള്ളിലെ ആംബിയന്‍സിന്റെ മറ്റൊരു തലമാണ്.
മിനിമല്‍ ഡീറ്റെയിലിങ് മാത്രമുള്ള വീടിനുള്ളിലെ ഫര്‍ണിച്ചറും ഡിസൈ നിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. വീടിനുള്ളില്‍ ഉടനീളം കാണപ്പെടുന്ന ലളിതമായ രേഖകള്‍ വീടിന്റെ കന്റംപ്രറി ഭംഗി വിളിച്ചോതുന്നു. ഇങ്ങനെ വളരെ മിനിമലായ പല ഘടകങ്ങളും ചേര്‍ന്നതാണ് ഈ വീടിന്റെ മിനിമലിസ്റ്റിക് ഭംഗി.
രൂപകല്‍പനയുടെ ആശയത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച വ്യക്തത ഉയര്‍ന്ന സൗന്ദര്യബോധവുമായി സമ്മേളിക്കുമ്പോള്‍ മനോഹരവും ചലനാത്മകവുമായ ഇടങ്ങള്‍ ഉണ്ടാകുന്നു. ലളിതമായ രേഖകളും മനോഹരമായ നിറക്കൂട്ടുകളും സ്ഥലവ്യാപ്തിയുടെ ഏറ്റക്കുറച്ചിലുകളും ഒക്കെയായി അതീവശ്രദ്ധയോടെ സംയോജിപ്പിച്ചിരിക്കുന്ന ഇന്റീരിയറും എക്സ്റ്റീരിയറും. അങ്ങനെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്താന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ സ്‌ക്യൂഡ് ഹൗസില്‍ വളരെ ലളിതമായി സമ്മേളിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *