വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഡോക്ടര്‍ ബിനീഷിനും അയനയ്ക്കും തുണയായത് ഡിസൈനറിലൂടെ കണ്ടെത്തിയ യുവ ആര്‍ക്കിടെക്റ്റ് ശ്രീനാഥാണ്. പത്ത് സെന്റ് പ്ലോട്ടില്‍ വീടുവെയ്ക്കാന്‍ തുടക്കമിട്ടത് അയനയുടെ സഹോദരിയും ആര്‍ക്കിടെക്റ്റുമായ അമിത ശ്രീവല്‍സനായിരുന്നു. അടിസ്ഥാനപ്ലാന്‍ വരച്ചുനല്‍കി അമിത ഗള്‍ഫിലേക്കു പോയതോടെ ഡോക്ടറുടെയും ഭാര്യയുടെയും സ്വപ്‌നങ്ങള്‍ പാതിവഴിയിലായി. എന്നാല്‍ അവയെ പൂര്‍ണ്ണതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ആര്‍ക്കിടെക്റ്റ് ശ്രീനാഥിന്റെ അനുഭവസമ്പത്തും ആത്മവിശ്വാസവുമായിരുന്നു. പ്ലോട്ടിനനുസൃതമായ രീതിയിലാണ് വീടിന്റെ മാതൃക. സ്ഥലത്തുണ്ടായിരുന്ന കിണര്‍ സ്വസ്ഥാനത്തു തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് വീടിന്റെ ഡിസൈന്‍ രൂപപ്പെടുത്തിയത്. ചെറിയ പ്ലോട്ടായതിനാല്‍ മുന്നിലൊരു പൂന്തോട്ടം എന്ന ഗൃഹനാഥയുടെ ആഗ്രഹം സഫലമാക്കാന്‍ മുന്‍പില്‍ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത് ഒരു ഫിഷ് പോണ്ടും ഒരുക്കി.

ആധുനികതയുടെ മുഖപടം

ഒരു കന്റംപ്രറി രീതി വേണമെന്ന് വീട്ടുകാര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ പരമ്പരാഗത ശൈലിയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. അതായിരുന്നു ആര്‍ക്കിടെക്റ്റ് ശ്രീനാഥ് ശ്രദ്ധിച്ചത്. മൂവായിരം സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ ആധുനികതയുടെ മൂടുപടം അണിഞ്ഞു നില്‍ക്കുന്ന ഈ സ്വപ്‌നഭവനം കന്റംപ്രറി ശൈലി അവംലംബിച്ചിട്ടുണ്ടെങ്കിലും തല്‍പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ ചെയ്തത്. ഒരു കൊളോണിയല്‍ ശൈലി എക്സ്റ്റീരിയറില്‍ അവലംബിക്കുമ്പോള്‍ തന്നെ വീട്ടകം ആധുനികതയെ പുല്‍കുന്നു. അനാവശ്യമായതെല്ലാം ഒഴിവാക്കിയും നെഗറ്റീവ് സ്‌പേസുകള്‍ ഇല്ലാതെയും ഡിസൈന്‍ ചെയ്തുകൊണ്ട് ആര്‍ക്കിടെക്റ്റ് കന്റംപ്രറി ശൈലിയെ ന്യായീകരിക്കുന്നു.

സ്വച്ഛത നിറയും ഉള്‍ത്തളങ്ങള്‍

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കോര്‍ട്ട്‌യാര്‍ഡ് എന്നീ ഏരിയകളുടെ ക്രമീകരണമാണ് ഈ വീടിന്റെ ഇന്റീരിയറിലെ പ്രത്യേകത. തുറന്ന നയമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുക്കാതെ ഡിസൈന്‍ ചെയ്തതിനാല്‍വീട്ടിനുള്ളില്‍ സ്വച്ഛതയുള്ള അനവധി ഇടങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. കിടപ്പുമുറികളും ഗ്ലാസ്സ് ഡോര്‍ നല്‍കിയ അടുക്കളയുമൊഴികെ മറ്റെല്ലാം തുറന്ന നയത്തില്‍ തന്നെ. ലിവിങ്ങ്, ഡൈനിങ്ങ്, ഫാമിലി ലിവിങ് ,കോര്‍ട്ട്‌യാര്‍ഡ് എന്നിവയെ ബന്ധിപ്പിക്കാനായി മറൈന്‍പ്ലൈയില്‍ തീര്‍ത്ത ഫര്‍ണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ ഒഴുക്ക് അഥവാ തുടര്‍ച്ച ഇതിലൂടെ വളരെ സ്വഭാവികമായികൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങില്‍ കുട്ടികളുടെ സ്റ്റഡി ഏരിയ, കമ്പ്യൂട്ടര്‍ റൂം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ഫര്‍ണിച്ചറില്‍ ഡിസൈന്റെ മികവ്

നീളന്‍ സ്‌പേസുകളാണ് ഇന്റീരിയറിലെ മറ്റൊരു പ്രത്യേകത. പാര്‍ട്ടീഷനുകള്‍ പാടെ ഒഴിവാക്കി കൊണ്ടുള്ള ഡിസൈന്‍ നയമാണ് ലിവിങ് കം ഡൈനിങ്ങിന്റെ സവിശേഷത. പ്രധാന വാതിലില്‍ നിന്നും നേരെ പ്രവേശിക്കുന്നത് ലിവിങ്ങിലേയ്ക്കാണ്. ലിവിങ്ങിലെ ‘ഘ’ ഷേപ്പ് സോഫയുടെ തുടര്‍ച്ച ചെന്നെത്തുന്നത് ഡൈനിങ് ടേബിളിലേയ്ക്കാണ്. കൂര്‍ത്ത അരികുകള്‍ ഒഴിവാക്കിയാണ് എല്ലാ ഫര്‍ണിച്ചറും ഡിസൈന്‍ ചെയ്തത്. ഫര്‍ണിച്ചര്‍, ഡിസൈന്റെ മികവിനാല്‍ വേറിട്ടു നില്‍ക്കുന്ന അകത്തളങ്ങളാണ് ഈ വീട്ടിലെ ഹൈലൈറ്റ്. തേക്കിന്റെ ഫിനിഷിലുള്ള വെനീറാണ് തടിപ്പണികള്‍ക്ക് മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലേയ്ക്കുള്ള സ്റ്റെയര്‍ കയറി ചെല്ലുന്നിടത്തെ ഭിത്തിയിലെ തടിയുടെ ഹാന്റ്‌റെയ്‌ലിന്റെ തുടര്‍ച്ചയായിട്ടാണ് സ്റ്റഡി ഏരിയയിലെ ടേബിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനു താഴെ സ്റ്റോറേജ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി.

കയ്യടയാളം

തങ്ങളുടേതായ കയ്യൊപ്പ് എന്തെങ്കിലുമൊരു രീതിയില്‍ വീട്ടിനുള്ളില്‍ പതിയണമെന്ന മോഹം വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലേക്കാവശ്യമുള്ള ഇന്റീരിയര്‍ സാമഗ്രികളുടെ തിരഞ്ഞെടുപ്പില്‍ വീട്ടുകാരുടെ പങ്ക് നിര്‍ണ്ണായകമാണ്.പലയിടത്തു നിന്നായി പലപ്പോഴായി വാങ്ങിച്ച വ്യത്യസ്തമായ പല കൗതുകവസ്തുക്കളും ഈ വീട്ടിനുള്ളിലുണ്ട്. അവയുടെ ആവശ്യത്തിനും ഭംഗിക്കും എല്ലാം മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ക്രമീകരണമാണിവിടെ നടത്തിയിരിക്കുന്നത്.

ലാളിത്യവും ഒതുക്കവും നിറഞ്ഞ കിടപ്പുമുറികളാണ് വീട്ടിലുള്ളത്.വെള്ളനിറമാണ് കിടപ്പുമുറികളില്‍ ഉപയോഗിച്ചിരിക്കുന്നത്.

താഴെ ഒന്നും മുകളില്‍ രണ്ടും കിടപ്പുമുറികളാണ് ഉള്ളത്.ഫാമിലി ലിവിങ്ങില്‍ നിന്നാണ് താഴെയുള്ള അതിഥികളുടെ കിടപ്പുമുറിയിലേക്കുള്ള പ്രവേശനം . ഇന്‍ബില്‍റ്റായി പണിത കട്ടിലിനോട് ചേര്‍ന്ന് സ്റ്റോറേജ് ഒരുക്കിയിട്ടുണ്ട്. കട്ടിലിന്റെ ഹെഡ്‌റെസ്റ്റ് കയ്യടയാളങ്ങള്‍ നല്‍കി വ്യത്യസ്തമാക്കിയിട്ടുണ്ട്. ഡ്രസ്സിങ് ഏരിയയും ബാത്ത്‌റൂമും അടങ്ങുന്ന കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുകള്‍നിലയിലാണ് മാസ്റ്റര്‍ ബെഡ്‌റൂമും കിഡ്‌സ് റൂമുമുള്ളത്. മഞ്ഞയും കറുപ്പും നിറങ്ങള്‍ യോജിപ്പിച്ചലങ്കരിച്ച മുറി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോര്‍ട്ട്‌യാര്‍ഡിലേക്ക് തുറക്കുന്ന ജനലാണ് മാസ്റ്റര്‍ബെഡ്‌റൂമിലുള്ളത്. ഒരു സ്ലൈഡിങ്ങ് ഡോറോടു കൂടിയ ഡ്രസ്സിങ് ഏരിയ ബാത്ത്‌റൂമിനും കിടപ്പുമുറിയ്ക്കുമിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നു. ഓരോ കിടപ്പുമുറിയിലും താമസിക്കുന്നവരുടെ കൈയ്യടയാളം പതിപ്പിച്ചിരിക്കുന്നു. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിന്റെ ഭാഗമായി വരുന്ന ഭിത്തിയിലോ അല്ലെങ്കില്‍ ഹൈലൈറ്റ് ഭിത്തിയിലോ പ്ലാസ്റ്റര്‍ ഓഫ് പാരിസ് നല്‍കി അതില്‍ കൈപ്പത്തി പതിപ്പിച്ചിരിക്കുന്നതു കാണാം.

ആവശ്യാനുസരണം

അടുക്കള ആധുനികരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഐലന്റ്കിച്ചനാണ് അടുക്കളയില്‍ . ഐലന്റിന്റെ ഒരു ഭാഗം ബ്രേക്ക്ഫാസ്റ്റ് ടേബിളായി മാറ്റിയിരിക്കുന്നു. ഗ്രനൈറ്റു കൊണ്ടുള്ള കൗണ്ടര്‍ടോപ്പും ധാരാളം സ്റ്റോറേജ്‌സ്‌പേസും അടുക്കളയില്‍ ഒരുക്കിയിട്ടുണ്ട്.ഫാമിലി ലിവിങ്ങിന്റെ ഭാഗമായ ടി വി, അടുക്കളയില്‍ നിന്നാലും കാണാവുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇന്റീരിയറിനനുസൃതമായി പണിതെടുത്ത ഫര്‍ണിച്ചറാണ് എല്ലാം. ഫര്‍ണിച്ചര്‍ ഒരു പ്രധാന എലമെന്റായി വര്‍ത്തിക്കുന്നു. പിന്തുടര്‍ച്ചയോടെയാണ് ഇവിടുത്തെ ഓരോ സ്‌പേസും ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഓരോ സാമഗ്രിയുടെയും ഉപയുക്തതയും സാങ്കേതികമികവും ശരിയായി പ്രയോജനപ്പെടുത്തുക മൂലമാണ് അതിന്റെ സൗന്ദര്യം കാഴ്ച്ചക്കാര്‍ക്കു വെളിവാകുന്നത്. ഭംഗിക്കു വേണ്ടി മാത്രമല്ല; സ്ഥലത്തിനും ആവശ്യത്തിനുമനുസരിച്ച് കൂടി ഡിസൈന്‍ ചെയ്തതിനാല്‍ ഈ വീട് എക്കാലത്തും ഫാഷനബിള്‍ ആയി തുടരുമെന്ന് ഉറപ്പ്.

Comments are closed.