കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്നു 750 മീറ്റര്‍ മാറി രണ്ടര ഏക്കര്‍ പ്ലോട്ട് വിസ്തൃതിയിലാണ് നോയല്‍ ഗ്രീന്‍ നേച്ച്വര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് സ്ഥിതി ചെയ്യുന്നത്. 2 ടവറുകളുള്ള ഗ്രീന്‍ നേച്ചര്‍ അപ്പാര്‍ട്ട്‌മെന്റില്‍, ഓരോ ടവറിലും 15 നിലകളും 54 അപ്പാര്‍ട്ട്‌മെന്റുകളും വീതമാണുള്ളത്. ഒരു സ്വതന്ത്ര വില്ലയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് ഓരോ അപ്പാര്‍ട്ട്‌മെന്റും പണിതീര്‍ത്തിട്ടുള്ളത്. ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഒരു അപ്പാര്‍ട്ട്‌മെന്റില്‍. പല നാടുകളില്‍ നിന്നുള്ള ഐ.ടി. പ്രൊഫഷണലുകള്‍ കൂടുതലുള്ള പ്രദേശമാകയാല്‍ അവരെ ആകര്‍ഷിക്കും വിധം നഗരത്തില്‍ നിന്നു മാറി ഗ്രാമത്തിന്റെ ഗൃഹാതുരസ്മരണയുണര്‍ത്തും വിധമാണ് നിര്‍മ്മിതി. ഈ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് ജിബു & തോമസ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് ജിബു ജോണാണ്.

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ഗോള്‍ഡ് റേറ്റിങ് ലഭിച്ച കേരളത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടമെന്റായ നോയല്‍ ഗ്രീന്‍ നേച്ച്വര്‍, നിയമാനുസൃതമായ എഫ്എആര്‍ അനുസരിച്ചും ഗ്രീന്‍ ആര്‍ക്കിടെക്ചറിന്റെ മാനദണ്ഢങ്ങള്‍ പാലിച്ചുമാണ് പണിതിട്ടുള്ളത്. വിശ്രമത്തിനും ലാന്‍ഡ്‌സ്‌കേപ്പിനും വേണ്ടി ധാരാളം സ്ഥലം ഒരുക്കി സൈറ്റ് വളരെ കൃത്യതയോടെ ഉപയോഗിച്ചതു മുതല്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ശ്രദ്ധയര്‍പ്പിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. എല്ലാ വില്ലകളിലും ഒരു ബാല്‍ക്കണിയും അതിനു മുന്‍പില്‍ ഒരു ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ അങ്ങിങ്ങായി പോക്കറ്റ് ഗാര്‍ഡനും ടെറസ് ഗാര്‍ഡനും ഒരുക്കി അപ്പാര്‍ട്ട്‌മെന്റിനെ പ്രകൃതിയുമായ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ചെടികള്‍ സമൃദ്ധമായി വളരുന്ന മുന്‍വശത്തുള്ള ഉദ്യാനത്തിലൂടെയാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളിലേക്കുള്ള പ്രവേശനം. മുക്കിലും മൂലയിലും പച്ചപ്പ് കൊണ്ട് വന്ന് നല്ലൊരന്തരീക്ഷം അകത്തും പുറത്തും സംജാതമാക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, പൂള്‍ ടേബിള്‍, ടിവിറൂം, ഗസ്റ്റ് റൂം, വിനോദ്ദോപാധികളായ കാരംസ്‌റൂം, ഓപ്പണ്‍ ഷട്ടില്‍ കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മള്‍ട്ടി ജിം, ആംഫി തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ട്. 109-ഓളം അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്.

സൈറ്റ് സെലക്ഷന്‍, വെള്ളത്തില്‍ കാര്യക്ഷമത, ഊര്‍ജ്ജക്ഷമത, ഹരിത മെറ്റീരിയലുകള്‍ അകത്തളങ്ങളിലെ പരിസ്ഥിതി അനുകൂല ഘടകങ്ങളുടെ ഗുണങ്ങള്‍, ഇന്നവേഷന്‍ & ഡിസൈന്‍ എന്നീ അഞ്ച് ഘടകങ്ങളില്‍ പുലര്‍ത്തിയിരിക്കുന്ന മികവ് ശ്രദ്ധേയമാണ്. പ്രകൃതിയെ കഴിവതും ദ്രോഹിക്കാതെ ഭൂമിയുടെ ട്രോപ്പിക്കലായ സവിശേഷതകളെ അവഗണിക്കാതെയാണ് പ്രോജക്റ്റ് തീര്‍ത്തത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സമുച്ചയത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. വരുംതലമുറയ്ക്കുള്ള ഒരു കരുതിവയ്പാണ് ഈ പ്രോജക്റ്റിലൂടെ വ്യക്തമാകുന്നത്.
(ഡിസൈനര്‍ + ബില്‍ഡര്‍ മാഗസിന്റെ 2012 ഡിസംബര്‍ ലക്കത്തില്‍ നോയല്‍ ഗ്രീന്‍ നേച്ച്വര്‍ അപ്പാര്‍ട്ടമെന്റ്‌സിനെ കുറിച്ച് ‘ഇതാണ് ഹരിത പ്രകൃതി’ എന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *