സ്ഥിരം തൊഴിലാളികളെ ഉപയോഗിച്ചത് കൊണ്ടും,
നിര്‍മ്മാണ സാമഗ്രികള്‍ സൈറ്റിനടുത്ത് നിന്നും മൊത്തമായി വാങ്ങിയതു കൊണ്ടുമാണ്
ഈ വീടിന്റെ സ്ട്രക്ചര്‍ നിര്‍മ്മാണം 20 ലക്ഷം രൂപയ്ക്ക് തീര്‍ക്കാനായത്.

നന്നായി പഠിച്ച് പരീക്ഷ എഴുതിയാല്‍ വിജയം സുനിശ്ചിതമെന്നത് പോലെയാണ് വീടുപണിയും. വീടുപണി തുടങ്ങുന്നതിനു മുമ്പേ നിര്‍മ്മാണ സാമഗ്രികളുടെ വിലയെക്കുറിച്ച് വിശദമായ പഠനം നടത്തിയാല്‍ ഉദ്ദേശിച്ച ബഡ്ജറ്റിനുള്ളില്‍ വിജയകരമായി വീടു പണിയാം. വീട് നിര്‍മ്മാണ പരീക്ഷയില്‍ കൃത്യമായ പഠനം നടത്തി 100/100 മാര്‍ക്കും നേടിയ മിടുക്കനാണ് അങ്കമാലി സ്വദേശി സോണി. കാര്‍ഡ് ആര്‍ട്ട് എഞ്ചിനീയേഴ്‌സിലെ ഡിസൈനര്‍ അനൂപ് കെ.ജി.യാണ് സോണിയുടെ ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

”സ്ഥിരം തൊഴിലാളികളെ ഉപയോഗിച്ചത് കൊണ്ടും, നിര്‍മ്മാണ സാമഗ്രികള്‍ സൈറ്റിനടുത്ത് നിന്നും മൊത്തമായി വാങ്ങിയതു കൊണ്ടുമാണ് വീടിന്റെ സ്ട്രക്ചര്‍ 20 ലക്ഷം രൂപയ്ക്ക് തീര്‍ക്കാനായത്” അനൂപ് കെ.ജി. പറയുന്നു.
റൂഫിങ്ങിന് പരമ്പരാഗത ശൈലിയും സ്ട്രക്ചറിന് കൊളോണിയല്‍ ശൈലിയുമാണ് പിന്തുടര്‍ന്നിരിക്കുന്നത്. ”ഫ്‌ളാറ്റ് റൂഫില്‍ ഓടുകള്‍ പതിപ്പിച്ചിരിക്കുന്നു. സ്ഥിരം തൊഴിലാളികളെ വച്ച് പണി നടത്തിയതിനാല്‍ സ്‌ക്വയര്‍ ഫീറ്റിന് 27000 രൂപ ചെലവാകേണ്ടിടത്ത് 4000 രൂപയെ ചെലവ് വന്നുള്ളൂ.” ഗൃഹനാഥന്‍ സോണി പറയുന്നു. എലിവേഷനില്‍ അനാവശ്യ ഏച്ചുകെട്ടലുകള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. വീടിന്റെ അതേ ഹൈറ്റ് ലെവലില്‍ ഫ്‌ളാറ്റ് ആയിട്ട് തന്നെയാണ് കാര്‍പോര്‍ച്ചിന്റെയും നിര്‍മ്മിതി. 18 സെന്റ് പ്ലോട്ടില്‍ 1800 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളായാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ ഇഷ്ടികകള്‍ കൊണ്ടാണ് ഭിത്തികളുടെ നിര്‍മ്മിതി.

പെയിന്റ്, മെറ്റല്‍, കട്ട, ടൈല്‍, ഓട് തുടങ്ങി എല്ലാ നിര്‍മ്മാണ സാമഗ്രികളും വിലകുറച്ച് ലഭിച്ചതും സ്ഥിരം തൊഴിലാളികളുടെ ലഭ്യതയുമാണ് സോണിയുടെ വീടിന്റെ വിജയ രഹസ്യത്തിന് പിന്നില്‍. സാധന സാമഗ്രികളുടെ വിലനിലവാരത്തെക്കുറിച്ചറിഞ്ഞ് ലാഭകരമായ വിലയ്ക്ക് അവ വാങ്ങുവാനായാല്‍ ആര്‍ക്കും പോക്കറ്റ് കാലിയാകാതെ വീട് നിര്‍മ്മിക്കാം. സ്ട്രക്ചര്‍ 20 ലക്ഷത്തിനു തീര്‍ന്നുവെങ്കിലും ഇന്റീരിയറിലെ ഫിനിഷിങ് വര്‍ക്ക് ഉള്‍പ്പെടെ വീടിന് 30 ലക്ഷമായിട്ടുണ്ട് ബഡ്ജറ്റ്. അകത്തളമൊരുക്കുവാന്‍ മാത്രം 10 ലക്ഷം ചിലവഴിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *