പ്ലാനിങ് മാത്രം മതി വീടിന്റെ നിര്‍മ്മാണ ചെലവു കുറയ്ക്കാന്‍ എന്ന് ബോധ്യപ്പെടുത്തി തരികയാണ് മലപ്പുറത്തെ ഇരുമ്പഴിയിലുള്ള ഇസഹാഖിന്റെ വീട്

പ്ലാനിങ് മാത്രം മതി വീടിന്റെ നിര്‍മ്മാണ ചെലവു കുറയ്ക്കാന്‍ എന്ന് ബോധ്യപ്പെടുത്തി തരികയാണ് മലപ്പുറത്തെ ഇരുമ്പഴിയിലുള്ള ഇസഹാഖിന്റെ വീട്. ആവശ്യവും അനാവശ്യവും തുടക്കത്തിലേ വേര്‍തിരിച്ചതിനാല്‍ ചുരുങ്ങിയ ബഡ്ജറ്റില്‍ സൗകര്യപ്രദമായ ഒരു വീട് നിര്‍മ്മിക്കാന്‍ ഇസഹാഖിനു കഴിഞ്ഞു. ഭംഗിയും സൗകര്യവും ഒട്ടും കുറയ്ക്കാതെ വീട് വയ്ക്കാന്‍ ഇസഹാഖിന് കൂട്ടായത് മഞ്ചേരി ആര്‍ക്യൂബ് ഡിസൈനേഴ്‌സിലെ ഡിസൈനര്‍ സമീറാണ്. മൂന്നു ബെഡ്‌റൂമുള്ള ചെലവു ചുരുങ്ങിയ വീട് എന്ന സ്വപ്നത്തിന് ചിറക് വിടര്‍ത്തിയതിനു പിന്നിലുള്ളത് ഈ ഡിസൈനറുടെ മിടുക്കുതന്നെ.

കൂടുതല്‍ പ്ലാനിങ്
ത്രികോണാകൃതിയിലുള്ള 7 സെന്റ് സ്ഥലത്തിനനുസരിച്ച് പ്ലാന്‍ വരയ്ക്കുകയായിരുന്നു ആദ്യ വെല്ലുവിളി. തട്ട് തട്ടായി കിടക്കുന്ന പ്ലോട്ടില്‍ 1200 സ്‌ക്വയര്‍ ഫീറ്റില്‍ 13 ലക്ഷത്തിന് വീട് നിര്‍മ്മിക്കാന്‍ ഡിസൈനറെ സഹായിച്ചത് പരിചയസമ്പത്തും ആത്മവിശ്വസവും. വൈറ്റ് ഫിനിഷില്‍ തീര്‍ത്ത എലിവേഷന് അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയത് പോക്കറ്റ് കാലിയാക്കാതെ പണിതീര്‍ക്കാന്‍ വീട്ടുടമയെ സഹായിച്ചു. പഴയ ഓടു വാങ്ങി പെയിന്റു ചെയ്ത് ചരിച്ചു വാര്‍ത്ത റൂഫില്‍ ഒട്ടിച്ചിരിക്കുന്നു.
പ്ലോട്ടിലുണ്ടായിരുന്ന തേക്ക് മരത്തിന്റെ തടി ഉപയോഗിച്ചുള്ള ജനലുകളും റെഡിമെയ്ഡ് പ്രീ ലാമിനേറ്റഡ് വാതിലുകളും ചെലവു ചുരുക്കാന്‍ ഒരു പരിധി വരെ സഹായിച്ചു. ചെങ്കല്ലു കൊണ്ടുള്ള ഭിത്തികള്‍ക്ക് സിമന്റ് പ്ലാസ്റ്ററിങ്ങും ആയതോടെ വീട് ഉഷാര്‍.

എല്ലാം മിതമായി
ലളിതമായി ഒരുക്കിയിട്ടുള്ള അകത്തളത്തില്‍ വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. എമല്‍ഷന്‍ പെയിന്റാണ് ഇന്റീരിയറില്‍ ചുവരുകള്‍ക്ക് നല്‍കിയത്. കോമണ്‍ ഏരിയയായി ‘എല്‍’ ഷേപ്പിലുള്ള ലിവിങ്ങും ഡൈനിങ്ങും ചിട്ടപ്പെടുത്തി. ഗ്രൗണ്ട് ഫ്‌ളോറിലുള്ള രണ്ട് ബെഡ്‌റൂമുകളില്‍ ഒരെണ്ണം അറ്റാച്ച്ഡ് ആണ്. ബെഡ്‌റൂമിനും വാഷ് ഏരിയയ്ക്കും സമീപത്തായി സ്റ്റെയറിനു താഴെ കോമണ്‍ ടോയ്‌ലറ്റ് നല്‍കി. ഡൈനിങ്ങിനോടു ചേര്‍ന്നു തന്നെ അടുക്കളയും സ്ഥിതി ചെയ്യുന്നു. ഗ്രനൈറ്റ് കൊണ്ടുള്ള കൗണ്ടര്‍ടോപ്പും വുഡന്‍ ഫിനിഷിലുള്ള പൗഡര്‍ കോട്ടഡ് അലുമിനിയം പ്രൊഫൈലുമാണ് കബോര്‍ഡുകള്‍ക്ക് നല്‍കിയത്. സ്റ്റോറേജ് സൗകര്യത്തിനായി സ്റ്റോര്‍റൂം അടുക്കളയില്‍ നല്‍കി. മുകളിലെ നിലയിലേക്കുള്ള സ്റ്റെയര്‍ കേസിന്റെ ലാന്റിങ്ങില്‍ നിന്നു തന്നെയാണ് ബാത്ത്‌റൂമോടു കൂടിയ ബെഡ്‌റൂമിലേക്കും ഓപ്പണ്‍ ടെറസിലേക്കും പ്രവേശിക്കുന്നത്.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയൊരുക്കിയ വീടിന്റെ നിര്‍മ്മാണം ചുരുങ്ങിയ ബഡ്ജറ്റില്‍ തീര്‍ത്തത് കൃത്യമായ പ്ലാനിങ്ങിലൂടെയാണ്. പോക്കറ്റിന്റെ കനത്തിനേക്കാളും സൗകര്യത്തിനു മുന്‍തൂക്കം നല്‍കുന്നത് ഇതുപോലെയുള്ള ബഡ്ജറ്റ് ഹോമുകള്‍ക്ക് ജന്മം നല്‍കുന്നു.

Ground floorFirst floor

Leave a Reply

Your email address will not be published. Required fields are marked *