അഞ്ച് സെന്റ് പ്ലോട്ടില്‍ 1150 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ രണ്ട് ബെഡ്‌റൂമുകള്‍, സിറ്റൗട്ട്, ഡൈനിങ് കം ലിവിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച് എന്നീ സ്ഥലസൗകര്യങ്ങളോട് കൂടിയ വീടിന് ചെലവായത് ആകെ 13 ലക്ഷം രൂപ

പോക്കറ്റിന്റെ കനത്തേക്കാള്‍ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മലപ്പുറം സ്വദേശി റെനീഷ് തന്റെ സ്വപ്നഭവനം പണി തീര്‍ത്തത്. തന്റെ പരിമിത ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീടെന്ന സ്വപ്നത്തിന് നിറം പകര്‍ന്നത് റെനീഷിന്റെ ആത്മസുഹൃത്തായ ഡിസൈനര്‍ ഷാഹിനാണ്. അഞ്ച് സെന്റ് പ്ലോട്ടില്‍ 1150 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ രണ്ട് ബെഡ്‌റൂമുകള്‍, സിറ്റൗട്ട്, ഡൈനിങ് കം ലിവിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച് എന്നീ സ്ഥലസൗകര്യങ്ങളോട് കൂടിയ വീടിന് ചെലവായത് ആകെ 13 ലക്ഷം രൂപ. ”പണിയാന്‍ പോകുന്ന വീടിന്റെ നിര്‍മ്മാണ ഘട്ടങ്ങളെപ്പറ്റിയും നിര്‍മ്മാണ ചെലവുകളെപ്പറ്റിയും ഒരു ഏകദേശ ധാരണ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. അതിനാല്‍ തുടക്കം മുതലേ ചെലവ് ചുരുക്കി പണിതീര്‍ക്കുവാന്‍ സാധിച്ചു.” ഡിസൈനര്‍ ഷാഹിന്‍ പറയുന്നു.

കൃത്യമായ പ്ലാനിങ്
സൗകര്യങ്ങളുടെയും ഭംഗിയുടെയും കാര്യത്തില്‍ യാതൊരു കുറവും വരുത്താതെയാണ് വീടിന്റെ ഡിസൈന്‍. സമകാലിക ശൈലിയിലാണ് എലിവേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗ്ലാസ് വര്‍ക്കുകളും പര്‍ഗോള ഡിസൈനും കൊണ്ട് വീടിന്റെ പുറംകാഴ്ച്ച മനോഹരമാക്കി. എലിവേഷന്‍ ഭംഗിയാക്കിയപ്പോഴും അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. തറ ഉയര്‍ത്തിക്കെട്ടി ബെല്‍റ്റ് വാര്‍ക്കുന്ന പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും പ്ലിന്ത് ഒഴിവാക്കിയാണ് വീട് പണിതിരിക്കുന്നത്. സണ്‍ഷേഡുകള്‍ ചരിച്ച് വാര്‍ക്കുന്നതിന് പകരം ഒരേ ലെവലില്‍ തന്നെയാണ് വാര്‍ത്തിരിക്കുന്നത്. അതിനാല്‍ ഒരു പരിധി വരെ ചെലവ് ചുരുക്കാനായി.
കൈ പൊള്ളാതെ വാതിലും ജനാലയും
ആവശ്യത്തിന് സൗകര്യവും ഇടാനുദ്ദേശിക്കുന്ന ഫര്‍ണിച്ചറിന്റെ വലുപ്പവും കണക്കാക്കി സ്ഥലം ഒട്ടും പഴാക്കാതെയാണ് ഓരോ മുറിയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെഡിമെയ്ഡ് ഫര്‍ണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. ”റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ ഉപയോഗിച്ചത് കൊണ്ടാണ് ഒരു പരിധിവരെ പണം ലാഭിക്കാനായത്. സമകാലിക ശൈലിയിലുള്ള ഫര്‍ണിച്ചറായതിനാല്‍ എന്നും പുതുമ നിലനില്‍ക്കുകയും ചെയ്യും.” വീട്ടുടമ റെനീഷ് പറയുന്നു. ചെലവ് ചുരുക്കാനായി മാസ്റ്റര്‍ ബെഡ്‌റൂം മാത്രമേ ബാത്ത് അറ്റാച്ച്ഡ് ആയി നിര്‍മ്മിച്ചിട്ടുള്ളു. ബെഡ്‌റൂമിനും ഡൈനിങ് റൂമിനും ഇടയിലെ പാസേജില്‍ കോമണ്‍ ബാത്ത്‌റൂമിന് സ്ഥാനം നല്‍കി. പകല്‍ മുഴുവന്‍ വീടിനുള്ളില്‍ കാറ്റും വെളിച്ചവും എത്തുന്ന വിധം ജനാലകളുടെയും വാതിലുകളുടെയും സ്ഥാനം ക്രമീകരിച്ചു. അങ്ങനെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി. പ്രധാന വാതിലിനു മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളു. കിടപ്പുമുറികളില്‍ കോണ്‍ക്രീറ്റ് കട്ടിള വച്ച് അതില്‍ റെഡിമെയ്ഡ് ഡോര്‍ ആണ് പിടിപ്പിച്ചത്. കോണ്‍ക്രീറ്റ് ജനാലകളാണ് എല്ലായിടത്തും ഉപയോഗിച്ചിട്ടുള്ളത്. വെള്ളനിറമുള്ള പെയിന്റും അതിനോട് യോജിക്കുന്ന ഫ്രെയിം വര്‍ക്കും ചെയ്തതിനാല്‍ ജനാലകള്‍ തടിയില്‍ തീര്‍ത്തത് പോലെ തോന്നിക്കുന്നു.
കുറച്ച് പണം
കൂടുതല്‍ കാര്യം
‘L’ ഷേപ്പില്‍ ധാരാളം ക്യാബിനറ്റുകളോടെയാണ് കിച്ചന്റെ ഡിസൈന്‍. അടുക്കളയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്താണ് സ്റ്റോറേജ് സൗകര്യമൊരുക്കിയത്. തടിക്ക് പകരം ഫൈബര്‍ കൊണ്ടാണ് ക്യാബിനറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.അടുക്കളയുടെ നിര്‍മ്മാണത്തില്‍ ആവശ്യങ്ങള്‍ക്ക് മാത്രം ഊന്നല്‍ കൊടുത്തപ്പോള്‍ 30,000 രൂപയ്ക്ക് മോഡുലാര്‍ കിച്ചന്‍ നിര്‍മ്മിക്കാനായി. ബെഡ്‌റൂമുകളിലെ വാഡ്രോബുകളും ഫൈബര്‍ കൊണ്ടുള്ളവയാണ്. ടൈലുകളുടെ തിരഞ്ഞെടുപ്പില്‍ കാണിച്ച വിവേകവും ചെലവ് ചുരുക്കുന്നതിന് പങ്ക് വഹിച്ചിട്ടുണ്ട്. ഒരേ നിറത്തിലും ഡിസൈനിങ്ങിലുമുള്ള ടൈലുകളാണ് തറയിലുടനീളം പാകിയിരിക്കുന്നത്. അതുകൊണ്ട് ഫ്‌ളോറിങ്ങില്‍ വേസ്റ്റേജ് ഒഴിവാക്കാനായി.
ഗുരുക്കന്‍മാരായ ഹാരോണിന്റെയും ദിലീപിന്റെയും പ്രോല്‍സാഹനമാണ് ഷാഹിനെ ഈ വീട് ഡിസൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ”കൂട്ടുകാരനായ റെനീഷ് തന്റെ വീടുപണിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഡിസൈനര്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍ വീടുപണിയുടെ ആരംഭഘട്ടം മുതല്‍ കൃത്യമായ പ്ലാനിങ് കൊണ്ടുവരാന്‍ കഴിഞ്ഞു. പോക്കറ്റ് കാലിയാകാതെ റെനീഷിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാനുമായി” ഷാഹിന്‍ അഭിപ്രായപ്പെടുന്നു. പോക്കറ്റിലെ പണത്തിന്റെ മൂല്യത്തെക്കാള്‍ ആത്മവിശ്വാസവും പരസ്പര ധാരണയും സഹകരണവും മൂലം നേടാനായ വിജയമാണ് ഈ കൊച്ചു സ്വപ്നഗേഹത്തിനു പിന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *