ആദ്യന്തം തന്റെ ഡിസൈനറോട് സഹകരിച്ചും കൈയ്യിലുള്ള കാശിനനുസരിച്ച് വിട്ടുവീഴ്ചകള്‍ നടത്തിയും നിര്‍മ്മാണ കാര്യങ്ങളില്‍ ഡിസൈനറുടെ അത്രയും തന്നെ ഉത്തരവാദിത്വം സ്വന്തം ചുമലിലും കൂടി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ വീടിന്റെ ആകെ ചെലവ് 19,80,000 രൂപയാണ്. വീട്ടുടമ ഷാജു തന്റെ വീടു നിര്‍മ്മാണത്തിന്റെ ഭൂരിഭാഗം ഉത്തരവാദിത്വങ്ങളും സ്വന്തമായിട്ടാണ് നിര്‍വ്വഹിച്ചത്. ഓരോ സാധന സാമഗ്രിയും കടകളില്‍ കയറി ഇറങ്ങി ഗുണമേന്മ നോക്കി വാങ്ങിയതില്‍ ഉള്‍പ്പെടെ. ഗൃഹനാഥന്‍ കാണിച്ച ഉത്തരവാദിത്വവും ഉത്സാഹവും തന്നെയാണ് മാളയിലുള്ള ഈ വീടിന്റെ നിര്‍മ്മാണ വിജയത്തിനു പിന്നിലുള്ളത്. 1653 സ്‌ക്വയര്‍ഫീറ്റ് ഏരിയയുള്ള വീടിന്റെ ഡിസൈന്‍ നല്‍കിയത് സ്റ്റിന്റോയാണ്. ബാക്കി പണികള്‍ക്കു മുഴുവന്‍ നേതൃത്വം കൊടുത്തത് ഗൃഹനാഥന്‍ ഷാജു തന്നെ.
സിറ്റൗട്ട്, ഡ്രോയിങ്, ഫാമിലി ലിവിങ് കം ഡൈനിങ് 3 ബെഡ്‌റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ ഇത്രയും ഏരിയകളാണ് വീടിനുള്ളത്. താഴെനിലയില്‍ ബെഡ്‌റൂമിന് അറ്റാച്ച്ഡായും ഡൈനിങ്ങിനോട് ചേര്‍ന്ന് രണ്ട് ബാത്ത്‌റൂമുകള്‍, മുകള്‍ നിലയില്‍ രണ്ടു ബെഡ്‌റൂമുകള്‍ക്കുമായി അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍. കൂടാതെ മുന്‍ഭാഗത്ത് വലിയൊരു ഓപ്പണ്‍ ടെറസും ബെഡ്‌റൂമുകള്‍ക്ക് ബാല്‍ക്കണിയുമുണ്ട്. വീടിന്റെ ഫ്‌ളോറിങ്ങിനാവശ്യമായ മുഴുവന്‍ ടൈലുകളും കൗണ്ടര്‍ടോപ്പും എല്ലാം ബാംഗ്ലൂരില്‍ നിന്നും ക്ലയന്റുതന്നെ നേരിട്ടു വാങ്ങുകയായിരുന്നു. ഗ്രൗണ്ട്ഫ്‌ളോറില്‍ ഒരു ബെഡ്‌റൂം മാത്രമേയുള്ളൂ. കാര്യമായ ഇന്റീരിയര്‍ വര്‍ക്കുകളൊന്നും ചെയ്ത് പണം ചെലവാക്കിയിട്ടില്ല. അകത്തളത്തിലുള്ളത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് എന്നിവയും ഷാജു സ്വയം തെരഞ്ഞെടുത്തവ തന്നെ.
കിച്ചന്‍ കബോഡുകള്‍ ഫെറോ സ്ലാബ് കൊണ്ട് തീര്‍ത്ത് ഷട്ടറുകള്‍ക്ക് ഡ്യൂക്കോ പെയിന്റ് ചെയ്ത എം.ഡി.എഫ്. ഉപയോഗിച്ചു. എങ്കിലും ഇങ്ങനെ ചെയ്തതു മൂലം ചെലവു കുറയ്ക്കാനായി. എക്സ്റ്റീരിയര്‍ ഭിത്തിയും അകത്തളങ്ങളിലെ ലിവിങ്, ഡൈനിങ് ഏരിയകളും മാത്രം പുട്ടിയിട്ടു ഫിനിഷ് ചെയ്തശേഷം പെയിന്റടിച്ചു. ബാക്കിയിടങ്ങളില്‍ പുട്ടിയിടാതെ എമല്‍ഷന്‍ പെയിന്റ് ചെയ്യുകയായിരുന്നു. ”കയ്യിലുള്ള പണത്തിന്റെ മൂല്യമറിഞ്ഞ് സഹകരിക്കേണ്ടവര്‍ നമ്മളാണല്ലോ. ആര്‍ഭാടം കാണിച്ചിട്ട് അവസാനം വീടുപണി പൂര്‍ത്തിയാവാതെ കിടക്കും. അങ്ങനെ വരരുത് എന്നു നിര്‍ബന്ധമണ്ടായിരുന്നു. അതിനാല്‍ ഇന്റീരിയര്‍ അലങ്കാരമൊന്നും തത്ക്കാലം ചെയ്തില്ല. മുകള്‍നിലയില്‍ ഫ്‌ളോറിങ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കി താമസയോഗ്യമാക്കിയിരിക്കുന്നു; അത്യാവശ്യം ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങള്‍ മാത്രം വാങ്ങി. വീടിന്റെ പുറംഭാഗം മുഴുവന്‍ പണികളും തീര്‍ത്ത് ആകര്‍ഷമാക്കുകയായിരുന്നു” ഗൃഹനാഥന്‍ ഷാജുപറഞ്ഞു.
ജനാലകള്‍ക്ക് പോളിഷ് ഇല്ലാതെ പെയിന്റടിച്ചതും ചെലവു കുറച്ച ഘടകമാണ്. 20 ലക്ഷത്തിനുള്ളില്‍ ഒതുക്കി ചെയ്തുവെങ്കിലും വീടിന്റെ ഭംഗിക്കോ, വീടു നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന സാധനസാമഗ്രികള്‍ക്കോ ഗുണമേന്മയില്‍ കുറവു വരുത്തിയിട്ടില്ല. പുറംകാഴ്ചയില്‍ വീട് ആകര്‍ഷകം മാത്രമല്ല വെളുപ്പുനിറം കൊണ്ട് എടുത്തു നില്‍ക്കുകയും ചെയ്യുന്നു. വീട്ടുകാരുടെ സഹകരണവും, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലും കൊണ്ട് ചെലവു കുറച്ചു പണിത ഈ കൊച്ചു സ്വപ്നഗേഹം ചെലവിന്റെ കാര്യത്തില്‍ പുറകിലാണെങ്കിലും, ഗുണമേന്മയിലും ഉപയുക്തതയിലും വളരെ മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *