പ്ലോട്ടിലെ കിണറും, ഞാവല്‍ മരവും നശിപ്പിക്കാതെ വളരെ വിദഗ്ധമായ പ്ലാനിങ്ങിലൂടെ അഭിലാഷ് തന്റെ സ്വന്തം വീടുപണി പൂര്‍ത്തിയാക്കിയത് ഇരുപതു ലക്ഷത്തിനുള്ളില്‍
വീതി കുറഞ്ഞ 13 സെന്റ് സ്ഥലം. പ്ലോട്ടിന്റെ വീതി 12 മീറ്റര്‍ മാത്രം. അതിനുള്ളില്‍ ഒരു ഞാവല്‍മരവും നില്പുണ്ട്. പ്ലോട്ടിന്റെ പുറകിലായി ഒരു കിണറും; ഇതൊന്നും കളയാതെ വളരെ വിദഗ്ധമായ പ്ലാനിങ്ങിലൂടെ അഭിലാഷ് തന്റെ സ്വന്തം വീടുപണി പൂര്‍ത്തിയാക്കിയത് വെറും ഇരുപതു ലക്ഷത്തിനുള്ളില്‍. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഒന്നിനും തടസവും ബുദ്ധിമുട്ടും ഉണ്ടായില്ല എന്ന് അഭിലാഷ് അഭിപ്രായപ്പെടുന്നു. തൃശൂരിലെ ശോഭ ഡവലപ്പേഴ്‌സില്‍ പ്ലംബിങ് & ഫയര്‍ഫൈറ്റിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ആണ് അഭിലാഷ്.
വീതികുറഞ്ഞ പ്ലോട്ടിന്റെ സാധ്യതകളെയും പരിമിതികളെയും മനസിലാക്കികൊണ്ട് അഭിലാഷ് തന്നെയാണ് പ്ലാന്‍ തയ്യാറാക്കിയത്. ഈ രംഗത്തുള്ള പരിചയവും പിന്നെ പലപ്പോഴായി തന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പ്ലാന്‍ തയ്യാറാക്കി നല്‍കിയതും അവരുടെ വീടു നിര്‍മ്മാണത്തില്‍ അടുത്തിടപഴകിയും ഉള്ള മുന്‍പരിചയം അഭിലാഷിനു കൈമുതലായുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്ലോട്ടിലുണ്ടായിരുന്ന കിണറും, ഞാവല്‍ മരവും സംരക്ഷിച്ചു കൊണ്ടുള്ള പ്ലാന്‍ തയ്യാറാക്കി. സിറ്റൗട്ട്, ഡ്രോയിങ്, ഡൈനിങ്, ഡൈനിങ്ങിന്റെ ഒരു ഭാഗത്ത് ഒതുക്കത്തില്‍ പൂജാസ്‌പേസ്, സ്റ്റെയര്‍ കേസിനടിയില്‍ കബോഡോടു കൂടി വാഷ് ഏരിയ, ബാത്ത് അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്‌റൂമുകള്‍, കിച്ചന്‍, യൂട്ടിലിറ്റി ഏരിയ ഇത്രയും സൗകര്യങ്ങളെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഉള്‍ക്കൊള്ളിച്ചു. ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് ബെഡ്‌റൂമുകളും ചുറ്റിനും ഓപ്പണ്‍ ടെറസും. ഇത്രയും സൗകര്യങ്ങളെ 1650 സ്‌ക്വയര്‍ ഫീറ്റിനുള്ളില്‍ ഒതുക്കി പണി പൂര്‍ത്തീകരിച്ചു.
ഇന്റീരിയറിന്റെ ഭംഗിക്കായ് ചെയ്തിരിക്കുന്ന മോഡിഫിക്കേഷനുകള്‍ക്ക് കൂടുതല്‍ പണം ചെലവായിട്ടുണ്ട് എങ്കിലും അടിസ്ഥാനാവശ്യങ്ങളെല്ലാം 20 ലക്ഷത്തിനുള്ളില്‍ തന്നെ ചെയ്തു തീര്‍ക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.
സ്വന്തം മേല്‍നോട്ടത്തില്‍ പണികള്‍ നടന്നതുകൊണ്ട് പാഴ്‌ച്ചെലവുകളൊന്നും വന്നില്ല. എന്നുമാത്രമല്ല ഓരോന്നും കണ്ടറിഞ്ഞ്, ആവശ്യമനുസരിച്ച് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്റ്റെയര്‍ കേസിനടിയിലെ സ്ഥലത്തെ അഭിലാഷ് ഫലപ്രദമായി വിനിയോഗിച്ചിരുന്നു. ഡൈനിങ്ങിന്റെ ഭാഗമായ വാഷ് ഏരിയയ്ക്ക് പുറമെ സമീപമുള്ള ബെഡ്‌റൂമിന്റെ അറ്റാച്ച്ഡ് ടോയ്‌ലറ്റിനു സ്ഥാനവും ഈ സ്റ്റെയര്‍ കേസിനടിയില്‍ തന്നെ നല്‍കി. കൂടാതെ യുപിഎസിനുള്ള സ്ഥലസൗകര്യവും നല്‍കി. ഇങ്ങനെ പരമാവധി സ്ഥലം ഉപയുക്തമാക്കിയിട്ടുണ്ട്.
ഡൈനിങ്ങിന്റെ ഭാഗത്തുനിന്നും പുറത്തേക്ക് ഗ്രില്ലും ഗ്ലാസും നല്‍കി ഒരു പ്രത്യേക പ്രവേശനമാര്‍ഗ്ഗം കൂടി നല്‍കിയിട്ടുണ്ട്. ഈ സംവിധാനം വീടിനുള്ളില്‍ നിറയെ വെളിച്ചമെത്തിക്കുവാനും സഹായിക്കുന്നുണ്ട്. ആധുനിക അടുക്കളയാകട്ടെ സ്റ്റോറേജ് സംവിധാനത്തോടു കൂടിയതാണ്. നിറങ്ങള്‍ കൊണ്ട് അകത്തളങ്ങളെ ആകര്‍ഷകമാക്കിയിട്ടുമുണ്ട്. ഭാവിയില്‍ പൊളിച്ചു പണിയലുകള്‍ ആവശ്യമില്ലാത്ത വിധം സോളാര്‍ സംവിധാനത്തിനുള്ള ഒരുക്കങ്ങള്‍ വരെ ഇപ്പോഴേ സ്വീകരിച്ചിട്ടുണ്ട്. പ്ലോട്ടിന്റെ സൗകര്യക്കുറവു മൂലം തള്ളിനീക്കാവുന്ന ഗേറ്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് പ്ലോട്ടിലെ ഞാവല്‍ മരത്തെ സംരക്ഷിച്ചു കൊണ്ടു പ്രത്യേകം തയ്യാറാക്കിയതാണ്.
സ്റ്റോണ്‍ ക്ലാഡിങ്ങിന്റെ ഭംഗിയും ഒപ്പം പര്‍ഗോളയും ഗ്ലാസും ചേര്‍ന്ന് പുറംകാഴ്ച ആകര്‍ഷകമാക്കുന്നു. സണ്‍ഷേഡുകളും ട്രെസ്‌വര്‍ക്കുകളും എല്ലാം എലിവേഷനെ ആധുനികവും ആകര്‍ഷകവുമാക്കിയിരിക്കുന്നു. 20 ലക്ഷത്തിന് അര്‍ത്ഥവത്തായ നിര്‍മ്മിതി.

Leave a Reply

Your email address will not be published. Required fields are marked *