Project Specifications

ആര്‍ക്കിടെക്ചറിന്റെ ഭാവി യുവഹസ്തങ്ങളില്‍  സുരക്ഷിതമാണെന്ന് തെളിയിക്കുന്നതായിരുന്നു ഡിസൈനര്‍ യങ് ആര്‍ക്കിടെക്റ്റ് 2015 അവാര്‍ഡിനു വേണ്ടിയുള്ള മത്സരം.

”കൃത്യമായ ദിശാബോധം, മാമൂലുകളില്‍ നിന്ന് മാറി ചിന്തിക്കാനുള്ള കഴിവ്, പ്രകൃതിയോടുള്ള പ്രതിബദ്ധത എന്നീ ഗുണങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനയച്ചു കിട്ടിയ മിക്ക എന്‍ട്രികളും” എന്നാണ് ജൂറി അംഗങ്ങള്‍ രേഖപ്പെടുത്തിയത്. 40 വയസ്സില്‍ താഴെയുള്ള ആര്‍ക്കിടെക്ചര്‍ ബിരുദധാരികളുടെ, 2014 ജനുവരിയ്ക്കു ശേഷം പണി പൂര്‍ത്തിയാക്കിയ വീട്, വീടിന്റെ ഇന്റീരിയര്‍ എന്നിവയാണ് ഈ വര്‍ഷം മത്സരത്തിലേക്ക് ക്ഷണിച്ചിരുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (ഐജിബിസി), ഇന്ത്യന്‍ പ്ലംബിങ് അസോസിയേഷന്‍ (ഐപിഎ), കൊച്ചി-മുസിരിസ് ബിനാലേ എന്നീ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട സ്ഥപതീയം-സായ വാസ്തുശില്പ സംഗമത്തിന്റെ ഭാഗമായിരുന്നു യങ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് മത്സരം.

റസിഡന്‍സ്, റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി നൂറോളം എന്‍ട്രികള്‍ ഉണ്ടായിരുന്നു. ആര്‍ക്കിടെക്റ്റ് എന്‍.എം. സലിം, ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേഷ്, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്, ആര്‍ക്കിടെക്റ്റ് ജേക്കബ്ബ് ജോര്‍ജ്, ആര്‍ക്കിടെക്റ്റ് ഉമ്മന്‍മാണി മോടയില്‍, ആര്‍ക്കിടെക്റ്റ് അനില്‍ ഭാസ്‌ക്കര്‍, ആര്‍ക്കിടെക്റ്റ് എസ്. ഗോപകുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു ജൂറി.

റസിഡന്‍സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ (കോഴിക്കോട്), ആര്‍ക്കിടെക്റ്റ് ലിജോ ജോസ് & റെനി ലിജോ (തൃശൂര്‍), ആര്‍ക്കിടെക്റ്റ് സമര്‍ത്ഥ് മറാടിയ (അഹമ്മദാബാദ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖര്‍, കേഡന്‍സ് (ബാംഗ്ലൂര്‍), ലിജോ ജോസ് & റെനി ലിജോ (തൃശൂര്‍), നൗഫല്‍ സി ഹാഷിം (കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

റസിഡന്‍സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് വിജയ് നാരായണന്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖര്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ സി വാര്യര്‍ (കൊല്ലം), ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ (തൃശൂര്‍), ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക് (കോഴിക്കോട്), ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ്ബ് (കൊച്ചി), ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി (മലപ്പുറം) എന്നിവരുടെ പ്രോജക്റ്റുകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ് വിഭാഗത്തില്‍ ആര്‍ക്കിടെക്റ്റ് രാജേഷ് ശിവറാം (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ്ബ് (കൊച്ചി), ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് (കൊച്ചി), ആര്‍ക്കിടെക്റ്റ് സുചേത് പാലാട്ട് & ശിവാനികുമാര്‍ (ബാംഗ്ലൂര്‍), ആര്‍ക്കിടെക്റ്റ് വരുണ്‍ ജി. കെ. (മലപ്പുറം), ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ (തൃശ്ശൂര്‍), ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ (കോഴിക്കോട്) എന്നിവരുടെ പ്രോജക്റ്റുകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. സമ്മാനാര്‍ഹമായ എല്ലാ പ്രോജക്റ്റുകളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് ഈ ലക്കത്തിലുണ്ട്.

2015-ലെ മികച്ച യുവ വാസ്തുശില്പികള്‍ക്കുള്ള യങ് ആര്‍ക്കിടെക്റ്റ് പുരസ്‌ക്കാരങ്ങള്‍ 2015 ജനുവരി 16ന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വച്ചു നടന്ന സ്ഥപതീയത്തില്‍ വച്ചാണ് സമ്മാനിക്കപ്പെട്ടത്. അതെ, മാതൃകയാക്കാവുന്ന മാറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പുള്ള ഒരു തലമുറ ഇവിടെയുണ്ട്; പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തഴച്ചുയര്‍ന്ന് വളരട്ടെ! എല്ലാ വിജയികള്‍ക്കും, ~ഒരു അന്തര്‍ദേശീയ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ പോന്നതാണ് തന്റെ സൃഷ്ടി എന്ന ആത്മവിശ്വാസത്തോടെ, ഇതില്‍ പങ്കാളികളായവര്‍ക്കും ഡിസൈനറിന്റെ അഭിനന്ദനങ്ങള്‍!!




Comments are closed.