വാത്മീകം പോലൊരു വീട്. അതെ, മണ്ണില്‍ നിന്നും മുളച്ചു പൊന്തിയതുപോലുള്ള ഒരു സ്വപ്‌നഗൃഹം. പൂര്‍ണ്ണമായും ചെങ്കല്ലുകൊണ്ട് തീര്‍ത്ത, മണ്ണിനോടും പ്രകൃതിയോടും വളരെയധികം ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു വീടാണ് തൃശ്ശൂര്‍ നല്ലങ്കരപ്പള്ളിക്കടുത്ത് ഡിസൈനര്‍ അംജദ്‌സഹീര്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ഡിസൈനറും വീട്ടുടമയും ഒരാള്‍ തന്നെയാകുമ്പോഴുണ്ടാകുന്ന ആ പരിപൂര്‍ണ ഡിസൈന്‍ സ്വാതന്ത്ര്യം ’24 ഡിഗ്രി’ എന്ന ഭവനത്തില്‍ ഏറെ പ്രകടമാണ്.

പകൃതിയെ ആവോളം സ്‌നേഹിക്കുന്ന യാളാണ് അംജദ് സഹീര്‍. തനിക്ക് ഇഷ്ടപ്പെട്ട ഒരു കാലാവസ്ഥ- ’24 ഡിഗ്രിയുടെഊഷ്മാവ്’ എപ്പോഴും ഈ വീടിനെ പൊതിഞ്ഞു നിലനില്‍ക്കുന്നതു കൊണ്ടാണ് വീടിന് ഇത്തരമൊരു പേര് തന്നെ ഇദ്ദേഹം തെരഞ്ഞെടുത്തത്. പൂര്‍ണമായും പ്രകൃതിയോടിണങ്ങുന്ന ചെങ്കല്ലു മാത്രം നിര്‍മ്മാണത്തിന് ഉപയോഗിച്ചതിനാല്‍ ഈ ഇഷ്ടതമഊഷ്മാവ് എല്ലായ്‌പ്പോഴും നിലനിര്‍ത്താന്‍ വീടിനാവുന്നുണ്ട്.

ചെങ്കല്ലുവീട്ടില്‍ ജീവിച്ച കുട്ടിക്കാലത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ഓരോ നിമിഷവും അനുഭവവേദ്യമാകണം എന്നു കരുതിയാണ് ‘ചെങ്കല്ലു’പയോഗിച്ച് തന്നെ അംജദ്‌സഹീര്‍ പുതിയ വീടിനു ജന്മം നല്‍കിയത്. ഏക്കറുകണക്കിനു പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ പാടത്തിനു ഒത്തനടുവില്‍ 15 സെന്റ് സ്ഥലത്ത് 4700 സ്‌ക്വയര്‍ഫീറ്റില്‍ ഉയര്‍ന്നു നില്‍ക്കുകയാണ് ഈ വന്‍ ‘ചെമ്മണ്‍ കൊട്ടാരം’. അംജദിന്റെ ഓര്‍മ്മകള്‍ക്ക് നിറം പകരുന്നതിനായി പരമ്പരാഗത ശൈലിയിലുള്ള മനകളുടെ കെട്ടുംമട്ടുമാണ് എലിവേഷനില്‍ പകര്‍ന്നിരിക്കുന്നത്. അകത്തളം പൂര്‍ണ്ണമായും ആധുനികശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും പഴമയുടെ സ്പര്‍ശത്താല്‍ ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇക്കോ ഫ്രണ്ട്‌ലി

ഒരുപോലെയുള്ള, ഒരേ ക്വാറിയില്‍ നിന്നുമെടുത്ത വെള്ളനിറം കലരാത്ത 8000 ചെങ്കല്ലുകളാണ് വീടിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. തേപ്പിനുപയോഗിച്ച സിമന്റുകൂട്ടിന്റെ ഒരു തരി പോലും പുറത്തു കാണാതിരിക്കാന്‍ ലിന്റല്‍ വാര്‍പ്പിലും മറ്റും വെട്ടുകല്ല് വെട്ടിയൊട്ടിച്ച് ഭംഗിയാക്കിയിട്ടുണ്ട്. വീടിന്റെ തറ ചെങ്കല്ലുകൊണ്ട് കെട്ടി അതിന് മണ്ണുകുഴച്ച് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നു. കല്ലില്‍ പൂപ്പലും പായലും പിടിക്കാതിരിക്കാന്‍ ഒരു ‘രാസമിശ്രിതം’ ചേര്‍ത്തിട്ടുണ്ട് എന്നല്ലാതെ, ഒരുതരത്തിലുള്ള പോളിഷിങ് വര്‍ക്കുകളും നടത്തിയിട്ടില്ല. കല്ലില്‍ വെള്ളം തട്ടിയാല്‍ ചേമ്പിലയിലെ വെള്ളം പോലെ ഒഴുകി അകന്നു പോകുമെന്ന് ഡിസൈനര്‍ അംജദ് പറയുന്നു. എലിവേഷന്റെ അതേ നിറസംയോജനം ലഭിക്കുന്നതിനു വേണ്ടി പൂമുഖത്തെ ടൈലും ബ്രൗണ്‍നിറത്തിലാണ് നല്‍കിയിരിക്കുന്നത്. പൂമുഖത്തെ സീലിങ് കൂടുതല്‍ ഈടുനില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തെങ്ങിന്റെ തടി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. മൊത്തം 15 സെന്റ് പ്ലോട്ടില്‍ ബാക്കിയുള്ള ഭാഗം കൃഷിക്കായി മാറ്റി വച്ചിട്ടുണ്ട്. ഇരുപതോളം വ്യത്യസ്ത മരങ്ങളും മുപ്പതോളം ഇനം പപ്പായയും ഈ വളപ്പിലുണ്ടെന്ന് അംജദ് സഹീര്‍ ഏറെ അഭിമാനത്തോടെ പറഞ്ഞു.

വീടിനകത്ത് മറ്റൊരു കാഴ്ച്ചക്കൂട്ട് കാത്തിരിക്കുകയാണ്. കിച്ചണിലേക്കുള്ള വാതിലിന്റെ ഒത്ത നടുക്കായി വൃത്താകൃതിയില്‍ ഒരു ഗ്ലാസ്‌ബോക്‌സ്. അതിനകത്ത് നെല്ല് നിറച്ചിരിക്കുന്നു. തീര്‍ന്നില്ല; പ്രധാന കിച്ചണിലെ ഭിത്തിയുടെ ഒരു ഭാഗം മൊത്തം പലവ്യഞ്ജനങ്ങള്‍ കൊണ്ട് ആകര്‍ഷകമായ ഒരു ഡിസൈന്‍ ചെയ്തു വച്ചിട്ടുണ്ട്. ആറോളം റൗണ്ട് ഗ്ലാസ്‌ബോക്‌സുകളിലായി ഏലം, മഞ്ചാടിക്കുരു, കുന്നിക്കുരു, മഞ്ഞള്‍, ഉണക്കമുളക് എന്നിവയുടെ പ്രദര്‍ശനം ഒരു രസികന്‍ കൗതുകക്കാഴ്ചതന്നെ.

പ്രകാശപൂരിതമാവണം അന്തരംഗം

‘വീടിനകത്ത് വെളിച്ചം’ എന്നത് ഉടമയ്ക്ക് നിര്‍ബന്ധമുള്ള ഒന്നായിരുന്നു. ഗ്ലാസ് ജാലകങ്ങളും വെന്റിലേഷനുകളും പര്‍ഗോളകളും കൊണ്ട് അകത്തളങ്ങളിലേക്ക് വെളിച്ചം ആവാഹിക്കുന്നതില്‍ കാണിച്ച വൈദഗ്ധ്യം എടുത്തു പറയാവുന്നതാണ്. തുറന്ന നയത്തിനാണ് ഡിസൈനില്‍ പ്രാധാന്യം. നാലു ബെഡ്‌റൂമുകള്‍, രണ്ടു ലിവിങ് റൂമുകള്‍, കിച്ചന്‍ തുടങ്ങി എല്ലായിടങ്ങളും പ്രകാശത്തിന്റെ അധീനതയിലാണ്. വിശാലമായി സജ്ജീകരിച്ചിരിക്കുന്ന ലിവിങ്-ഡൈനിങ് ഏരിയയില്‍ ഒരു ഭാഗത്ത് ചുമരിനു പകരം വലിയ പിവിസി പൈപ്പുകളില്‍ കോണ്‍ക്രീറ്റ് നിറച്ച് വെര്‍ട്ടിക്കല്‍ പര്‍ഗോള പോലെ നിര്‍മ്മിച്ചിരിക്കുന്നു. ഇതിനു പുറകിലായി തുറക്കാവുന്നതരം ഗ്ലാസ് വിന്‍ഡോയും സജ്ജീകരിച്ചിട്ടുണ്ട്. വീടിനു പുറത്തെ പച്ചപ്പിന്റെ മനോഹരദൃശ്യവും, വെളിച്ചവും ഒപ്പം നനുത്ത കാറ്റും ഈ ഏരിയയെ സമ്പുഷ്ടമാക്കുന്നു. വീട്ടിലെ എല്ലാ ജനലുകളും ഗ്ലാസ് നിര്‍മ്മിതമായതിനാല്‍ വെളിച്ചം അകത്തളങ്ങളില്‍ സുലഭമാണ്. വലിപ്പമുള്ള വിന്‍ഡോ പോര്‍ഷനില്‍, രണ്ടു മൂലകളിലായിട്ടാണ് തുറക്കാവുന്ന തരം ജനലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയെല്ലാഭാഗവും തുറക്കാനാകാത്ത ഗ്ലാസ് വിന്‍ഡോയാണ്.

കിച്ചണുകളുടെ രീതിയും ലിവിങ് റൂമിനു സമാനമാണ്. ഇവിടെയും പിവിസി പൈപ്പുകളുപയോഗിച്ച് വെര്‍ട്ടിക്കല്‍ പര്‍ഗോള തീര്‍ത്ത് ഓപ്പണ്‍ നയം സ്വീകരിച്ചിരിക്കുന്നു. വര്‍ക്കിങ് കിച്ചനിലും ഇതേ ശൈലി തന്നെ. എന്നാല്‍ അവിടെ അടയ്ക്കുവാന്‍ പാകത്തിന് ഗ്ലാസ്‌വിന്‍ഡോകള്‍ സജ്ജീകരിച്ചിരിക്കുന്നു. പച്ചപ്പുനിറഞ്ഞ പാടത്തിന്റെ ഒത്തനടുക്കായതുകൊണ്ടുതന്നെ വീട്ടിലെ എല്ലായിടത്തും കാറ്റും ശുദ്ധവായുവും വെളിച്ചത്തിനൊപ്പം ലഭ്യം. മുറിയോടുചേര്‍ന്ന് ബാല്‍ക്കണി കൂടെയാകുമ്പോള്‍ ഭവനം പ്രകാശമയം.

എല്ലാത്തിലും പുതുമ തേടി

അംജദ് സഹീറിന്റെ സ്വപ്‌നഗൃഹത്തിലെ ഓരോന്നും ഓരോ പുതുമ വിളിച്ചോതുന്നവയാണ്. സാധാരണ കാണാറുള്ള വീടുകളില്‍ നിന്നും എന്തെങ്കിലും ഒരു വ്യത്യസ്തത എല്ലാക്കാര്യത്തിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ജനലുകളുടെ അഴികളെല്ലാം തടികൊണ്ടുള്ള നിര്‍മ്മിതിയാണ്. അകത്ത് കൊടുക്കുന്നതിനു പകരം അഴികള്‍ പുറത്താ ണ് ക്രമീകരിച്ചിരിക്കുന്നത്. പൂമുഖത്തുള്ള ജനലിന്റെ അഴികള്‍ ഈടുനില്‍ക്കുന്ന ആര്യവേപ്പുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ജനലുകള്‍ എല്ലാം രണ്ടു കോര്‍ണറില്‍ മാത്രം തുറക്കാവുന്ന രൂപത്തിലാണ്.

മറ്റെവിടെയും കാണാന്‍ കഴിയാത്ത ഒന്നാണ് ഇവിടത്തെ എക്‌സ്ട്രാ സിറ്റൗട്ട്.രണ്ടുനിലകളിലായി വീടിനോട് കുറച്ച് മാറി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഫസ്റ്റ് ഫ്‌ളോറിന്റെ ബാല്‍ക്കണിയില്‍ നിന്നും ഒരു പാലം പണികഴിപ്പിച്ചിരിക്കുന്നു. ഒഴിവുസമയങ്ങളില്‍ ഉയരത്തിലുള്ള ഈ സിറ്റൗട്ടില്‍ വന്നിരുന്ന് കുടുംബാംഗങ്ങള്‍ കുശലം പങ്കുവയ്ക്കുമ്പോള്‍ അതിനു സാക്ഷിയാകുന്നത് നയനമനോഹരമായ പ്രകൃതി തന്നെയാണ്. ഇളംകാറ്റും പ്രകൃതിയുടെ മനോഹാരിതയും മനസ്സിന് കുളിരു നല്‍കുമ്പോള്‍, ചെസ്സുകളിയുടെ ആരവത്തിലേക്കും ആഘോഷത്തിലേക്കും പോകണമെങ്കില്‍ ഒരു ഇന്‍ബില്‍റ്റ് ചെസ്സ് ബോര്‍ഡും ഇവിടെ തയ്യാറാണ്.

ലിവിങ്-ഡൈനിങ് ഏരിയയില്‍ നിന്ന് ആരംഭിക്കുന്ന സ്റ്റെയര്‍കേസ് പൂര്‍ണമായും കുന്നിവാകത്തടിയില്‍ നിര്‍മ്മിതമാണ്. ഫസ്റ്റ് ഫ്‌ളോറിലെ ഹോം തീയേറ്ററിന്റെ ഫ്‌ളോറും കുന്നിവാകത്തടിയില്‍ തീര്‍ത്തിരിക്കുന്നു. മറ്റിടങ്ങളില്‍ ക്രീം നിറത്തിലുള്ള ടൈലാണ്. ഡൈനിങ് ഏരിയയിലെ വാഷ്‌ബേസിന്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഒരു തളിക പോലെയാണ് ഇത് കാണപ്പെടുന്നത്. അതിരിക്കുന്ന ഭാഗം കാറ്റാടിമരം വൃത്താകൃതിയിലുള്ള കഷ്ണങ്ങളായി മുറിച്ച് ഒട്ടിച്ച് അലങ്കരിച്ചിരിക്കുന്നു.

 

കോളിങ് ബെല്ലിനു പകരം പരമ്പരാഗത ശൈലിയിലുള്ള മണി മുഴക്കി വേണം അതിഥികള്‍ വരവറിയിക്കാന്‍ എന്നതില്‍ തുടങ്ങി, ലിവിങ് ഏരിയയിലെയും കിച്ചനിലെയുംഓപ്പണ്‍ ശൈലിയടക്കം എല്ലായിടങ്ങളിലും വ്യത്യസ്തത നിലനിര്‍ത്താന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിരിക്കുന്നു

മാറ്റ് കൂടുതല്‍

വീടിന്റെ മാറ്റു കൂടുതലുള്ള ഒരു ഭാഗം ഇവിടുത്തെ ഇന്‍ബില്‍റ്റ് കട്ടിലുകളാണ്. കോണ്‍ക്രീറ്റ് ചെയ്ത് അതിനു മുകളിലൂടെ വുഡന്‍വര്‍ക്ക് ചെയ്തിരിക്കുന്ന ഈ കട്ടിലുകള്‍ ഫിക്‌സഡ് ആയതിനാല്‍ സ്ഥാനമാറ്റം നടത്തുവാന്‍ സാധിക്കാത്തവയാണ്. മുറിയില്‍ രണ്ടു ജനലുകള്‍ക്കിടയിലായി ഒരു പിയാനോയുടെ ആകൃതിയിലാണ് നിര്‍മ്മാണം. റൂമിന്റെ ഒരു കോര്‍ണര്‍ ആണ് ഇതിനായി മാറ്റി വച്ചിട്ടുള്ളതെന്നതിനാല്‍ വേറെ സ്ഥലനഷ്ടവുമില്ല. ഫസ്റ്റ്ഫ്‌ളോറിലെ മാസ്റ്റര്‍ ബെഡ്‌റൂമിന്റെ മേല്‍ക്കൂര ചൈനീസ് തായ്‌ലന്റ് മോഡലില്‍ ‘മിറര്‍’ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. തായ്‌ലന്റുകാരുടെ വിശ്വാസപ്രകാരം നമ്മളെത്തന്നെ കണികണ്ടുണരുന്നത് ഐശ്വര്യത്തിനു വഴിവയ്ക്കുമെന്ന ആശയത്തിന്‍മേലാണ് ഈ നിര്‍മ്മിതി.
ഇവിടത്തെ ഡൈനിങ്‌ടേബിളാണ് മറ്റൊരാകര്‍ഷണം. ഒരു കുഴിയില്‍ പെബിള്‍സ് വിരിച്ച് അതിനു മുകളില്‍ ഗ്ലാസ് വച്ച് ഭദ്രമാക്കി അതിനും മുകളിലാണ് മേശ ഉറപ്പിച്ചിട്ടുള്ളത്. വുഡ് സ്റ്റാന്‍ഡിനു മുകളില്‍ ഗ്ലാസ് പതിപ്പിച്ചാണ് ടേബിള്‍ നിര്‍മ്മാണം. വെട്ടിയെടുത്ത് വച്ചിരിക്കുന്ന മരത്തടികള്‍ അതുപോലെ നിലനിര്‍ത്തി പോളിഷ് ചെയ്തവയാണ് കസേരകള്‍.ഒരു ഡിസൈനര്‍ സ്വന്തം വീട് സ്വയം ഡിസൈന്‍ ചെയ്യുമ്പോള്‍ പുലര്‍ത്തുന്ന വൈദഗ്ധ്യവും സ്വാതന്ത്ര്യവും സാധ്യതകളും പരിമിതികളില്ലാത്തതാണ് എന്ന് ‘240 വാത്മീകം’ എന്ന ഈ വീട് തെളിയിക്കുന്നു. പേരിനോട് നീതി പുലര്‍ത്തുന്ന അനുഭവവും ഈ വീട് ഉറപ്പു തരുന്നു.


.

Leave a Reply

Your email address will not be published. Required fields are marked *