പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ പൊടിയുന്ന കാലത്ത്, വെറും 4 ലക്ഷം രൂപ കൊണ്ടാണ് മുസ്തഫ തന്റെ വീടിന് ഫേസ്‌ലിഫ്റ്റ് നല്‍കിയത്. കോട്ടയ്ക്കലില്‍ 30 സെന്റ് പ്ലോട്ടില്‍, 2505 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ഈ വീട് തലയുയര്‍ത്തി നില്‍ക്കുന്നത്. ചെലവു കുറഞ്ഞ രീതിയില്‍ വീടിനെ മോഡേണ്‍ ആക്കിയെടുത്തത് ഡിസൈനര്‍ പി.എം. സലിമാണ്‌.

പുതുമ വന്നവഴി

മുഖപ്പില്‍ കൂട്ടിച്ചേര്‍ത്ത, നാച്വറല്‍ സ്റ്റോണ്‍ കൊണ്ടുള്ള ക്ലാഡിങ്ങും മണല്‍വേസ്റ്റ് കൊണ്ടുള്ള എംബോസിങ്ങുമാണ് വീടിന്റെ മുഖച്ഛായയ്ക്ക് അടിമുടി മാറ്റം കൊണ്ടു വന്നത്. വീട് പൂര്‍ണ്ണമായും റീപെയിന്റിങ് ചെയ്തു. കോമണ്‍ ഏരിയകള്‍ കേന്ദ്രീകരിച്ചുള്ള ചില മാറ്റങ്ങളാണ് വീടിനുള്ളില്‍ വരുത്തിയത്. വരാന്ത വീതി കൂട്ടിയെടുത്ത് തൂണുകള്‍ നല്‍കി ക്ലാഡിങ് ചെയ്തു. വരാന്തയില്‍ വിട്രിഫൈഡ് ടൈലുകള്‍ വിരിച്ച്,

ഗ്രനൈറ്റ് കൊണ്ട് ഇന്‍ബില്‍റ്റ് ഇരിപ്പിട സൗകര്യവുമൊരുക്കി. മുകള്‍നിലയിലും ചെറിയ പൊടിക്കൈകള്‍ ചെയ്തിട്ടുണ്ട് ഡിസൈനര്‍. മുന്‍പുണ്ടായിരുന്ന ചാരുപടി മാറ്റി ഇരുള്‍ മരവും എം. എസ്. സ്‌ക്വയര്‍ പൈപ്പും ചേര്‍ത്ത് പുതിയ ചാരുപടി പണിതു.

സ്വകാര്യത തീരെ ഇല്ലാതിരുന്ന കോമണ്‍ ഏരിയയില്‍ സ്വകാര്യത ഉറപ്പാക്കാനായി. മൈക്കയൊട്ടിച്ച് പ്ലൈവുഡ് കൊണ്ട് പാര്‍ട്ടീഷന്‍ നല്‍കി വേര്‍തിരിച്ചു. ആവശ്യമുള്ളിടത്തെല്ലാം ജിപ്‌സം കൊണ്ട് റീ-പ്ലാസ്റ്ററിങ്ങും, ഫാള്‍സ് സീലിങ്ങും ചെയ്ത് ആധുനികമാക്കി. കോമണ്‍ ഏരിയയിലെ ജനാലകള്‍ക്കെല്ലാം സീബ്രാ ബ്ലൈന്റ്‌സും ബെഡ്‌റൂമുകളില്‍ തുണിക്കര്‍ട്ടനുകളും നല്‍കി. 15 വര്‍ഷം പഴക്കമുള്ള വീടായതിനാല്‍ റീവയറിങ് ചെയ്ത്, എല്‍ഇഡി ലൈറ്റുകളും, സ്ട്രിപ് ലൈറ്റുകളും നല്‍കി വീടിനകം കൂടുതല്‍ പ്രകാശപൂരിതമാക്കി. അതോടൊപ്പം വാതിലുകളും ജനലുകളും റീപോളിഷ് ചെയ്ത് ആകര്‍ഷകമാക്കി. അകത്തളങ്ങളില്‍ വിരിച്ചിരുന്ന മാര്‍ബിള്‍ ഫ്‌ളോര്‍ റീ പോളിഷ് ചെയ്തതോടെ വീടിനുള്‍വശം വെട്ടിത്തിളങ്ങാന്‍ തുടങ്ങി. ഫര്‍ണിച്ചര്‍ കൂടി ഒന്നു മിനുക്കിയതോടെ അകത്തളം ആകെ പുത്തനായി.

”ചെലവു കുറഞ്ഞ രീതിയില്‍ ഒരു വീടിന് ആധുനിക പരിവേഷം നല്‍കാന്‍ സാധിക്കുമെങ്കില്‍ അതാണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ വിജയം. അതാണ് ഇവിടെ ചെയ്തത്” എന്ന് ഡിസൈനര്‍ സലിം വ്യക്തമാക്കുന്നു. മുസ്തഫയുടെ പഴഞ്ചന്‍ വീട് ഇപ്പോള്‍ ഒരു ഓര്‍മ്മയായി. പുതുമയെന്ന മോഹം സഫലമാക്കിയിരിക്കുന്നു, സഫലം എന്ന വീട്.

സലിം

Comments are closed.