Project Specifications

പ്രത്യേകതകള്‍

കായലോളങ്ങളെ തഴുകി വീടിനുള്ളിലേക്കു ഒഴുകിയെത്തുന്ന ഇളങ്കാറ്റ്. ആക്കുളം കായലിന്റെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുക്കാന്‍ പാകത്തിന് ജനാലകള്‍. മോത്തിലാലിന്റെ ഫ്‌ളാറ്റിന് പ്രത്യേകതകളേറെ. ഒരു ‘ബിസിനസ്സ് ക്ലാസ്സ് ഗസ്റ്റ് ഹൗസ്’ എന്ന ആശയം മനസ്സില്‍ വച്ചുകൊണ്ടാണ് ആര്‍ക്കിടെക്റ്റ് ദമ്പതിയായ ഗുരു പ്രസാദ് റാണെയെയും മാനസിയെയും മോത്തിലാല്‍ സമീപിച്ചത്. ലളിതവും പ്രൗഢവുമെന്ന ആശയത്തിലൂന്നി രൂപകല്പന ചെയ്തതാണ് 900 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ 2ബിഎച്ച്‌കെ ഫ്‌ളാറ്റ്. സ്ഥലപരിമിതികള്‍ ഏറെയുള്ള ഈ ഫ്‌ളാറ്റ് യഥാര്‍ത്ഥ രൂപരേഖയില്‍ നിന്നും മാറ്റം വരുത്തിയാണ് ഒരുക്കിയെടുത്തത്. മെച്ചപ്പെട്ട കാഴ്ചയ്ക്കായി ജനലിന് എതിര്‍വശത്തുള്ള ടിവിയുടെ സ്ഥാനം മാറ്റിയത് ഇതില്‍ ഉള്‍പ്പെടുന്നു. ഗൃഹനാഥന്റെ കൂട്ടുകാരായ സിനിമയും, സംഗീതവും, പുസ്തകങ്ങളും, അവരവരുടേതായ ഒരിടം ഈ പാര്‍പ്പിടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓപ്പണ്‍ മാതൃകയില്‍ ഒരുക്കിയ അകത്തളങ്ങളെല്ലാം ആവശ്യത്തിനു സ്വകാര്യതയും നല്‍കുന്നുണ്ട്. വാം കളേഴ്‌സ് മാത്രം ഉപയോഗിച്ചിട്ടുള്ള ഇന്റീരിയറില്‍ മൂഡ് ലൈറ്റിങ്ങാണ് കൊടുത്തിരിക്കുന്നത്. ആര്‍ഭാടങ്ങള്‍ക്കതിരിട്ട് വളരെ സ്വാഭാവികതയോടെ ഒരുക്കിയ അകത്തളങ്ങളില്‍ ചിത്രങ്ങളും അലങ്കാരങ്ങളും അതിനോട് നീതി പുലര്‍ത്തുന്നവയാണ്. ആര്‍ക്കിടെക്ചറും ആര്‍ട്ടും വേര്‍തിരിക്കാന്‍ വയ്യാത്തവിധം ഇഴചേര്‍ന്ന് കിടക്കുന്നവയാണെന്ന് ഇതിനാല്‍ തന്നെ വ്യക്തമാകുന്നു.

ലിവിങ്ങും ഡൈനിങ്ങും

നിഷുകള്‍ക്കിടയിലൂടെ എന്ന രീതിയില്‍ തോന്നിപ്പിക്കുന്ന മയിലിന്റെ പ്രിന്റുള്ള വാള്‍ പെയിന്റിങ്ങാണ് ഇവിടുത്തെ മുഖ്യാകര്‍ഷണം. സ്ഥലപരിമിതി നികത്താന്‍ ഇളം നിറങ്ങളാണ് അകത്തളത്തില്‍ കൊടുത്തത്. ജൂട്ട് ഫിനിഷില്‍ ഒരുക്കിയ സോഫാ സെറ്റും ഡൈനിങ് ചെയറും ഡിസൈനിനനുസരിച്ച് ചെയ്തവയാണ്. ഡൈനിങ് ടേബിള്‍ ചുവരില്‍ നിന്നും കാന്റിലിവര്‍ ചെയ്തു നില്‍ക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. പ്ലൈയും വെനീറും ചേര്‍ത്താണ് ഇവിടുത്തെ ഫര്‍ണിച്ചറും കബോര്‍ഡുകളും തീര്‍ത്തിരിക്കുന്നത്. ഫാള്‍സ് സീലിങ് ചെയ്തിരിക്കുന്നത് ജിപ്‌സം ബോര്‍ഡിലും ഫ്‌ളോറിങ് വിട്രിഫൈഡ് ടൈലിലുമാണ്.

ബെഡ് റൂമുകള്‍

ലാളിത്യവും സ്വകാര്യതയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന കിടപ്പുമുറികളില്‍ കട്ടിലുകളെല്ലാം ഫ്‌ളോട്ടിങ് മാതൃകയിലും റൈറ്റിങ് ടേബിള്‍ കാന്റിലിവര്‍ മട്ടിലുമാണ് ചെയ്തിരിക്കുന്നത്. ഇത് ഒരു പരിധി വരെ സ്ഥലപരിമിതി മറികടക്കാന്‍ സഹായിച്ചിരിക്കുന്നു.

അടുക്കള

സ്ഥിര താമസമില്ലാത്തതിനാല്‍ അതിനനുസൃതമായ രീതിയിലാണ് അടുക്കള ഒരുക്കിയത്. കൊറിയന്‍ സ്റ്റോണ്‍ കൊണ്ടുള്ള കൗണ്ടര്‍ ടോപ്പും കോമണ്‍ ഏരിയയേയും കിച്ചനെയും വേര്‍തിരിക്കാനായി നല്‍കിയ ബുക്ക് ഷെല്‍ഫും ആകര്‍ഷകമാണ്. ഓപ്പണ്‍ കിച്ചന്‍ ആണെങ്കിലും ഒരു ചെറിയ സ്വകാര്യത കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

പ്രോപ്പര്‍ട്ടി: 2 ബെഡ് റൂം ഫ്‌ളാറ്റ്
ലൊക്കേഷന്‍: തിരുവനന്തപുരം
വിസ്തീര്‍ണ്ണം: 900 സ്‌ക്വയര്‍ഫീറ്റ്
ക്ലൈന്റ്: മോത്തിലാല്‍
ഡിസൈനര്‍: ആര്‍ക്കിടെക്റ്റ്
ഗുരു പ്രസാദ് റാണെ & മാനസി
ഭൂമിജ ക്രിയേഷന്‍സ്, തിരുവനന്തപുരം/തൃശ്ശൂര്‍
കോണ്‍ട്രാക്റ്റര്‍: സുജിത് ദാസ്‌

Leave a Reply

Your email address will not be published. Required fields are marked *