Project Specifications

ജീവിതത്തില്‍ നമ്മള്‍ വ്യക്തമായ ലക്ഷ്യബോധത്തോടെ ഒരു തീരുമാനമെടുത്ത് ആ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ അവിശ്രമം പരിശ്രമിക്കുക. എങ്കില്‍ വിജയം സുനിശ്ചിതം” എന്നതാണ് എണ്‍പതുകളുടെ പടിവാതിലില്‍ നില്‍ക്കുന്ന മാനുവല്‍ എന്ന ഈ കലാകാരനു പറയുവാനുള്ളത്. 17-ാം വയസ്സില്‍ തൈറോയ്ഡിന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ ചെയ്ത ഒരു ഓപ്പറേഷനില്‍ വന്ന പിഴവു മൂലം ശബ്ദം ഉയര്‍ത്തി സംസാരിക്കുവാനാവാത്ത ഇദ്ദേഹത്തിനു വേണ്ടി അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഉറക്കെ സംസാരിക്കുന്നത്. ചെറുപ്പം മുതല്‍ ചിത്രകലയോടുള്ള അഭിനിവേശം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഇദ്ദേഹം പിന്നീട് ചിത്രകലയില്‍ പ്രാവീണ്യം നേടുകയും ജന്മസിദ്ധമായ കഴിവുകളുമായി ചേര്‍ത്ത് വികസിപ്പിച്ച് വരയുടെ ലോകത്ത് തന്റേതായ ഒരു ഇടം തീര്‍ത്തെടുക്കുകയുമായിരുന്നു. വരയുടെ മാത്രമല്ല, നിരവധി കരവിരുതുകളുടെ ഒരു വിപുലശേഖരം തന്നെയാണ് കൊച്ചിയിലെ ആദ്യ ഫ്‌ളാറ്റുസമുച്ചയമായ അശോക അപ്പാര്‍ട്ട്‌മെന്റിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാല്‍ കാണാനാവുക.

ഐ.കെ. മാനുവല്‍ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മാനുവല്‍ അങ്കിള്‍ ചകിരിയിലും, വേസ്റ്റ് പേപ്പറിലും വരെ കലയുടെ അംശം കണ്ടെത്തുകയും തന്റെ കരവിരുത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ തേടിയെത്തുന്ന കുട്ടികള്‍ക്ക് ചിത്രകലയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുവാന്‍ ഈ പ്രായത്തിലും ഇദ്ദേഹം സമയം കണ്ടെത്തുന്നു.

കലാസ്പര്‍ശത്തില്‍ വളരെ സജീവമാണ് ഇദ്ദേഹത്തിന്റെ വീട്ടകങ്ങള്‍ അനവധി വിദേശയാത്രകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം സഞ്ചാരത്തിനിടെ ശേഖരിച്ച ചുമരലങ്കാരങ്ങളില്‍ 500 വര്‍ഷം പഴക്കമുള്ള താന്‍ജോര്‍ പെയിന്റിങും, ആര്‍ട്ട് പീസുകളും, വാദ്യോപകരണങ്ങളും മറ്റും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അബ്‌സ്ട്രാക്റ്റ് ചിത്രങ്ങളും, ദൈവരൂപങ്ങളും, രവിവര്‍മ്മ ചിത്രങ്ങളും എല്ലാം കാണാം. നിയതമായൊരു രചനാ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയല്ല പല രചനകളും. ഓയില്‍, വാട്ടര്‍ കളര്‍ തുടങ്ങിയ മാധ്യമങ്ങളാണ് ഇദ്ദേഹത്തിനു പ്രിയം.

5 മക്കളും 10 കൊച്ചുമക്കളുമുള്ള മാനുവല്‍-ജെമ്മ ദമ്പതി ഇപ്പോള്‍ ഒരു വിദേശസഞ്ചാരത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ”ജീവിതത്തില്‍ ഒരു മിനിറ്റ് പോലും നമുക്ക് വെറുതെ കളയാനില്ല. എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കുക. ഏവരുടേയും ഉള്ളിലുണ്ടാകും ഏതെങ്കിലുമൊരു കലാവാസന. അത് എന്തെന്നു സ്വയം കണ്ടെത്തി സ്വയം പ്രോത്സാഹിപ്പിക്കുക.” വാക്കിനു പകരം വരയെന്നു കണ്ടെത്തിയ ഇദ്ദേഹത്തിനു പറയാനുള്ളതിതാണ്.

Leave a Reply

Your email address will not be published. Required fields are marked *