ഒരു രാജകൊട്ടാരത്തിന്റെ പഴയകാല പ്രൗഢി ഇന്നും കവളപ്പാറ കൊട്ടാരത്തിനുണ്ട്. എല്ലാ ആഡംബരങ്ങളോടെയും ഐശ്വര്യത്തോടെയും ഏറെക്കാലം നിലനിന്നിരുന്ന കൊട്ടാരം വള്ളുവനാടിന്റെ മുഖമുദ്രയാണ്. കേരളത്തിന്റെ പൈതൃകസ്വത്തായ കവളപ്പാറ കൊട്ടാരം ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണെങ്കിലും അതിന്റെ ചൈതന്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് കാലത്തെ ചരിത്രസത്യങ്ങളും വിശ്വാസങ്ങളും ഒളിഞ്ഞു കിടക്കുന്ന അതിന്റെ അകത്തളങ്ങള്‍ക്കും പറയാനുണ്ടാകും ഒരുപിടി രഹസ്യങ്ങള്‍.

പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിനടത്ത് കൂനത്തറയിലാണ് കവളപ്പാറ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 200 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കൊട്ടാരം പണി കഴിപ്പിച്ചത് ഒരു പാര്‍വ്വതി തമ്പുരാട്ടിയായിരുന്നു. മലബാറിലെ ചെറിയ നാട്ടുരാജ്യമായ കവളപ്പാറ ഭരിച്ചിരിന്നത് ‘മൂപ്പില്‍ നായരാ’യിരുന്നു. പറയി പെറ്റ പന്തീരുകുലത്തിലെ ക്ഷത്രിയ സ്ത്രീയായ കാരക്കലമ്മയുടെ പിന്മുറക്കാരാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു. കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുണ്ടായിരുന്ന കവളപ്പാറ ഭരിക്കാന്‍ ചേരമാന്‍ പെരുമാളാണ് അധികാരം നല്‍കിയത്. മുല്ലങ്ങല്‍ മുതല്‍ തോട്ടുങ്കല്‍ വരെയും ഭാരതപ്പുഴ മുതല്‍ മുണ്ടക്കോട്ടുക്കുറിശ്ശി വരെയുമുള്ള 96 ഗ്രാമങ്ങളാണ് കൊട്ടാരത്തിനു കീഴിലുണ്ടായിരുന്നത്. അവിടുത്തെ ഇളയ സന്തതികളെ ഉണ്ണി ഇളയ നായരെന്നും സ്ത്രീകളെ നേത്യാരെന്നും വിളിച്ചു പോരുന്നു. കൊട്ടാരത്തിലെ എല്ലാ പെണ്‍സന്തതികള്‍ക്കും പാര്‍വതി എന്ന നാമധേയമാണ് നല്‍കിയിരുന്നത്. എല്ലാ തലമുറയിലും ഒരാള്‍ക്ക് മാത്രമേ പെണ്‍കുട്ടി ജനിക്കൂ എന്ന് ഒരു വിശ്വാസം ഇന്നും നിലനില്‍ക്കുന്നുണ്ട്.

8 ഏക്കറോളം പരന്നു കിടക്കുന്ന കൊട്ടാരത്തിന്റെ പല ഭാഗങ്ങളും കാലഹരണപ്പെട്ടു പോയി. ഉള്ളതു തന്നെ ജീര്‍ണ്ണാവസ്ഥയിലും. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവ് ഭഗവതിയെ ദര്‍ശിക്കാനുതകുന്ന രീതിയിലാണ് കൊട്ടാരം പണി കഴിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് സാമൂതിരിയുടെ കോവിലകത്തിന്റെ മാതൃകയിലാണ് കൊട്ടാര മുഖപ്പ് പണിതീര്‍ത്തിട്ടുള്ളത്. ആയുര്‍വേദ രീതിയിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. തേക്കും മഹാഗണിയും വീട്ടിയുമടക്കം ഈടുറ്റ മരങ്ങള്‍ ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ വാതിലുകള്‍, ജനാലകള്‍, ഫര്‍ണിച്ചര്‍, തൂണുകള്‍, കഴുക്കോലുകള്‍ എന്നിവ പണി തീര്‍ത്തിട്ടുള്ളത്. ഇതേ മരങ്ങള്‍ ഉപയോഗിച്ചാണ് ആര്യങ്കാവ് ക്ഷേത്രത്തിന്റെ കൂത്തുമാടവും നിര്‍മ്മിച്ചിട്ടുള്ളത്. ചെങ്കല്ലിലും, കരിങ്കല്ലിലും തീര്‍ത്ത കൊട്ടാരത്തിന്റെ നിലം ചെമ്പ്, സ്വര്‍ണ്ണം, പിച്ചള എന്നിവയുടെ തകിടിന്മേല്‍ തറയോടും, മരവും കാവിയും പാകിയതാണ്. വള്ളുവനാടന്‍ മാതൃകയിലാണ് കൊട്ടാരം പണികഴിപ്പിച്ചിട്ടുള്ളത്. കൊട്ടാരം, മാളികച്ചുവട്, അഷ്ടദളം, കുതിരാലയം, ഊട്ടുപുര, അന്തപുരം, നാലുകെട്ട്, കുളപ്പുര എന്നിങ്ങനെ നിരവധി കെട്ടിടങ്ങളുടെ സമുച്ചയമായിരുന്നുവത്രേ കവളപ്പാറ കൊട്ടാരം. കൊട്ടാരത്തിന്റെ ബാക്കി പത്രമായി ഇന്നു നിലകൊള്ളുന്നത് മാളികച്ചുവടും, കുതിരാലയവും, ഊട്ടുപുരയും മാത്രമാണ്. സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ മൂലം നാലുകെട്ട് ഈ ഇടയ്ക്ക് തീപിടിച്ചു. കൊട്ടാരത്തിനുള്ളില്‍ തന്നെ ഒരു ശിവക്ഷേത്രവും ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തില്‍ ഇന്നും പൂജയും മറ്റാചാരങ്ങളും അനുഷ്ഠിച്ചു പോരുന്നു.

എട്ട് വാതിലുകളും എട്ട് വശങ്ങളും ഉള്ള ‘അഷ്ടദളം’ എന്ന കെട്ടിടം ഏറെ വാസ്തുശാസ്ത്ര സവിശേഷകള്‍ നിറഞ്ഞതായിരുന്നു. വാതിലുകള്‍ എല്ലാം അടച്ചാല്‍ ഒരു വലിയ അറയായി രൂപാന്തരപ്പെടുന്ന ഈ കെട്ടിടം വര്‍ഷങ്ങള്‍ക്കു മുമ്പേ പൊളിച്ചു മാറ്റിയിരുന്നു. കൊട്ടാരത്തിന്റെ അടുക്കളക്കെട്ട് മാത്രം പൊളിക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. അതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. മാപ്പിള ലഹള കാലത്ത് ആര്യങ്കാവ് ഭഗവതി ഭയന്ന് കൊട്ടാര ഭരണാധികാരിയായിരുന്ന മൂപ്പില്‍ നായരെ ആശ്രയിച്ചുവത്രേ. മൂപ്പില്‍ നായര്‍ ഭഗവതിയ്ക്കിരിക്കാന്‍ ശുദ്ധമായൊരിടം കണ്ടെത്തിയത് അവിടുത്തെ അടുക്കളയിലാണ്. അങ്ങനെ അടുപ്പു കല്ലില്‍ ഭഗവതിയെ കുടിയിരുത്തി. ഈശ്വരചൈതന്യം കുടികൊള്ളുന്ന ആ കൊട്ടാരം അതിനാല്‍ പൂര്‍ണ്ണമായി നശിക്കില്ല.

റിസീവര്‍ ഭരണത്തിലുള്ള ഈ കൊട്ടാരം ഇന്ന് നാശോന്മുഖമായിക്കഴിഞ്ഞിരിക്കുന്നു. 1960-കളില്‍ അവസാനിച്ച രാജ്യഭരണം കൊട്ടാരത്തിന്റെ ബലക്ഷയത്തിനും വഴിവച്ചു. ദിനംപ്രതി കൊട്ടാരം നാശത്തിലേക്കടുക്കുകയാണെങ്കിലും ഇന്നും അത് പൂര്‍ണ്ണമായി നശിക്കാത്തത് അതില്‍ ഈശ്വര ചൈതന്യം നിലനില്‍കുന്നതിനാലെന്ന് കൊട്ടാരത്തിലെ ഇളംതലമുറ വിശ്വസിക്കുന്നു. നിരവധി സിനിമയില്‍ കഥാപാത്രമായി നിറഞ്ഞാടിയ കവളപ്പാറ കൊട്ടാരത്തിന് പ്രതീക്ഷയുണ്ടാകും, ഒരു മോക്ഷമാര്‍ഗ്ഗം തുറക്കുമെന്ന്!.
!.

 

Comments are closed.