കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രം എന്തെങ്കിലുമൊന്ന് പൂര്‍ണ്ണമായും നന്നെന്ന് പറയാനാകുമോ? താമസിക്കുന്നവര്‍ക്ക് മനോസുഖം പകരുന്ന അന്തരീക്ഷം പ്രദാനം ചെയ്യുവാന്‍ കഴിയുമ്പോഴാണ് ഒരു വീടിന്റെ വാസ്തുകല പൂര്‍ണമാവുക. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന് പഴമക്കാര്‍ പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിതന്നെ. പ്രഥമദൃഷ്ട്യാ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി ലക്ഷ്യമിട്ടു ചെയ്യുന്ന ഒരു കെട്ടിടത്തിനുള്ളിലെ അന്തരീക്ഷം അതിന്റെ പുറംമോടി പോലെ അത്ര ആകര്‍ഷകമായിരിക്കില്ല പലപ്പോഴും. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തിയില്‍ ആനന്ദിനും കുടുംബത്തിനും വേണ്ടി തൃശൂരിലെ എസ്.ആര്‍. അസോസിയേറ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് രഞ്ജിത് റോയ് ഡിസൈന്‍ ചെയ്ത വീട് കാണാനുള്ള ഭംഗികൊണ്ടു മാത്രമല്ല മറിച്ച് അതിന്റെ നിര്‍മ്മിതിയില്‍ പാലിച്ചിരിക്കുന്ന ആര്‍ക്കിടെക്ചറല്‍ നിര്‍മ്മാണ സങ്കേതങ്ങളാല്‍ സുഖം പകരുന്ന ഒരു പാര്‍പ്പിടം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമാകുന്നു. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി എത്ര മാത്രമെന്ന് അനുഭവിച്ചറിയാം. അതാണീ വീടിന്റെ പ്രധാന സവിശേഷതയും.

പഴമയുടെ നന്മ

‘ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങളെ ഇണക്കിച്ചേര്‍ത്തു വീടു നിര്‍മ്മിക്കുക’ എന്ന ശൈലി തന്നെയാണീ വീട്ടിലും പിന്തുടര്‍ന്നിട്ടുള്ളത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഗൃഹനാഥന്‍ ആനന്ദ് ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് പുറംനാടുകളിലാണ് ഏറെയും. ‘കാടാറുമാസം നാടാറുമാസം’ എന്നു പറയുന്നതുപോലെ ആറുമാസത്തിലൊരിക്കലാവും നാട്ടിലെത്തുക. അധ്യാപികയായ ഭാര്യ സിത്താരയും മക്കളായ മാലതിയും മഹേശ്വറും നാട്ടിലാണ് താമസം. ഒരു പുതിയ വീടു വയ്ക്കുവാന്‍ തീരുമാനിച്ച് ആര്‍ക്കിടെക്റ്റ് രഞ്ജിത്ത് റോയിയെ സമീപിക്കുമ്പോള്‍ ആനന്ദും കുടുംബവും പറഞ്ഞത് പഴമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുപോരാന്‍ താല്പര്യമില്ല എന്നാണ്. അതായത് ഗൃഹനിര്‍മ്മാണം പഴമയുടെ ഘടകങ്ങള്‍ ചോര്‍ന്നു പോകാതെയാവണം എന്നു സാരം.

“പഴമയെ ഇഷ്ടമാണ് എന്നു കേട്ടപാടേ ചാരുപടിയും മരത്തിന്റെ കൊത്തുപണികളും ഉള്ള ഒരു ഡിസൈന്‍ വേണമെങ്കില്‍ ഇവര്‍ക്കു നല്‍കാമായിരുന്നു. എന്നാല്‍ അത്തരം പതിവു രീതികള്‍ക്കു പകരം പണ്ടുള്ള വീടുകളിലുണ്ടായിരുന്ന ‘തിണ്ണ’ എന്ന ആശയത്തെ വിശാലമായ പൂമുഖവുമായി ചേര്‍ത്തു നിര്‍ത്തികൊണ്ടുള്ള ഡിസൈന്‍ നയമാണ് ഞാന്‍ സ്വീകരിച്ചത്”. ആര്‍ക്കിടെക്റ്റ് രഞ്ജിത് പറയുന്നു. പൂമുഖത്തെ ഇരിപ്പിടങ്ങളാവുന്നത് ‘ബഞ്ചു’കളാണ്. പഴമയുടെ പ്രതീകമായ ഈ ഗ്രനൈറ്റ് ക്ലാഡിങ് ചെയ്ത ബഞ്ചുകള്‍ക്കുള്ളില്‍ ഷൂറാക്കും സ്റ്റോറേജും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലേക്കും വീടിന്റെ പകുതിയോളം എത്തുന്ന തിണ്ണയില്‍ പഴയകാല പൂമുഖങ്ങളുടെ പ്രതിനിധികളായ തൂണുകളും കാണാം. തൂണുകള്‍ക്കു ചതുരാകൃതിയാണിവിടെ.

Comments are closed.