തിരുവല്ലയ്ക്കടുത്ത് മുണ്ടമലയിലെ കൈലാഷ് എന്ന ചെറുപ്പക്കാരന്‍ മലയാള മറിയുന്ന നടനായി വളര്‍ന്നപ്പോഴും ചില കാര്യങ്ങളില്‍ മാറാന്‍ മടിക്കുന്നൊരു മനസ്സ് അയാളില്‍ ഉറങ്ങിയിരുന്നു. വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത്വം കുറച്ചധികം മനസ്സിലൊളിപ്പിച്ചു അയാള്‍. സിനിമാത്തിരക്കുകളുടെഭാഗമായി എറണാകുളത്താണ് കൈലാഷ് താമസമെങ്കിലും സ്വന്തം വീട് എന്ന് പറയാനാഗ്രഹിക്കുന്നത് താന്‍ പഠിച്ചു വളര്‍ന്ന, പപ്പയും മമ്മിയും ഉള്ള, കുമ്പനാട് – പുറമറ്റം റോഡില്‍ മുണ്ടമലയിലെ അടിചിത്രയില്‍ തറവാട് തന്നെ. അതുകൊണ്ടു തന്നെയാണ് പഴയ വീട് പൊളിച്ചു മാറ്റിയപ്പോഴും ഒരു പറിച്ചു നടലിനു ശ്രമിക്കാതെ, അതേ സ്ഥലത്തു തന്നെ മതി പുതിയ വീടെന്ന് തീരുമാനിച്ചത്. സിനിമാ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഓടിയെത്തുമ്പോള്‍ വിശ്രമവും ശാന്തതയും പകരുന്ന ഇടം. അത്ര വലുതല്ലാത്ത ഒരു സുന്ദരി വീട്.

കൈലാഷ് മനസ്സില്‍ കണ്ടതു പോലൊരു വീടു തന്നെയാണ് അമ്പലപ്പുഴയിലെ തേജസ് ബില്‍ഡേഴ്‌സ് അദ്ദേഹത്തിനായി ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചത്. തേജസ് ബില്‍ഡേഴ്‌സിലെ എച്ച്. ഹരീഷ് കുമാറിനായിരുന്നു നിര്‍മ്മാണ ചുമതല. ”ഏത് ശൈലിയിലുള്ള വീടാണ് ആഗ്രഹിക്കുന്നതെന്ന് കൈലാഷ് സൂചിപ്പിച്ചിരുന്നു. അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയായിരുന്നു.” ഹരീഷ് കുമാര്‍ പറയുന്നു. പി. അനി ആയിരുന്നു സ്ട്രക്ചറല്‍ എഞ്ചിനീയര്‍. ഒമ്പതുമാസം കൊണ്ടാണ് ഈ വീട് പൂര്‍ത്തീകരിച്ചത്

മുഖപ്പിന്റെ എടുപ്പ്, യൂറോപ്യന്‍ ചന്തം

10 സെന്റ് പ്ലോട്ടില്‍ 2000 സ്‌ക്വയര്‍ ഫീറ്റ് ആണ് ഈ വീട്. എലിവേഷന്റെ ഗാംഭീര്യമാണ് എടുത്ത് പറയാനുള്ളത്. കോട്ട പോലെ ഉയര്‍ന്ന മുഖപ്പ്. സ്‌ക്വയര്‍ ഫീറ്റ് കണക്കിനേക്കാള്‍ പൊലിമ തോന്നുന്ന വിശാലത. ചാരവര്‍ണ്ണത്തിലെ ഷിംഗിള്‍സും ക്ലാഡിങ് സ്റ്റോണും വീടിനെയാകെ ചൂഴ്ന്നു നില്‍ക്കുന്ന വെണ്‍മയും. കുത്തനെ ചരിഞ്ഞതും സങ്കീര്‍ണ്ണവുമായ എടുപ്പുള്ള മേല്‍ക്കൂര, യൂറോപ്യന്‍ വീടുകളുടെ മുഖമുദ്രയായ പാലേഡിയന്‍ ജാലകങ്ങള്‍, താഴത്തെ നിലയില്‍ സിംഗിള്‍ ജാലകങ്ങള്‍ മാത്രം. ഇതാണ് ഒറ്റനോട്ടത്തില്‍ ഈ വീട്.മതില്‍കെട്ടി കാഴ്ച മറയ്ക്കാത്ത പ്ലോട്ടിലാണ് വീട് നില്‍ക്കുന്നത്. പകരം ഇരുമ്പു കൊണ്ടുള്ള സ്‌ക്വയര്‍ ചാനല്‍ നാട്ടി പേരിനൊരു വിഭജനം സൃഷ്ടിച്ചിരിക്കുന്നു. മുന്നിലെ റോഡില്‍ നിന്ന് കുറച്ച് ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് സ്ഥലത്തിന്റെ കിടപ്പ്.

അതുകൊണ്ട് ഇവിടെ നിന്ന് വീട്ടുമുറ്റത്തേക്ക് ചവിട്ടുപടികളിട്ട് ഗേറ്റ് പണിതിരിക്കുന്നു.ജെല്ലി സ്റ്റോണ്‍ വിതറിയ മുറ്റത്ത് വേലിക്കല്ല് ഇടകലര്‍ത്തി നല്‍കിയിരിക്കുന്നു. ഇടതു ഭാഗത്തു കൂടെ വഴിയൊരുക്കി കാര്‍പോര്‍ച്ചിന് വീടിന്റെ പിന്നില്‍ സ്ഥലം കണ്ടെത്തിയതു കാരണം മുറ്റം കൂടുതല്‍ വിശാലമായി. ഇരുണ്ടു പരുക്കനായ ലെപ്പോത്ര ഗ്രനൈറ്റ് കൊണ്ടാണ് സിറ്റൗട്ടിന്റെ തറ ഒരുക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്. ഹൈ ഡെഫനിഷന്‍ ഫൈബര്‍ ബോര്‍ഡ് കൊണ്ടു നിര്‍മ്മിച്ച ഇരിപ്പിടം മാത്രമാണ് ഇവിടുത്തെ ഏക ആഡംബരം. ചെരുപ്പ് റാക്കായും സ്റ്റോറേജ് സംവിധാനമായും ഉപയോഗിക്കാന്‍ കഴിയും വിധമുള്ളതാണ് ഈ ഇരിപ്പിടം.

വെണ്‍മയോടെ

അകത്തളത്തില്‍ നിറയുന്ന വെണ്‍മയാണ് ഈ വീടിന്റെ പ്രത്യേകത. സിറ്റൗട്ടില്‍ നിന്ന് ഗസ്റ്റ്‌ലിവിങ്ങിലേക്ക് കയറുമ്പോള്‍ തന്നെ കൂടുതല്‍ വെളിച്ചത്തിന്റെ അനുഭവം പകരുന്നു ഈ വെളുപ്പ്. ലിവിങ് ഏരിയയില്‍ ഒരു ഭിത്തിയില്‍ മാത്രം വാള്‍പേപ്പര്‍ പതിച്ചിരിക്കുന്നു. ജിപ്‌സം ബോര്‍ഡും കോവിങ് ലൈറ്റും കൊണ്ട് സീലിങ് ഒരുക്കിയിരിക്കുന്നു. വെള്ള വിട്രിഫൈഡ് ടൈല്‍ ആണ് അകത്തളങ്ങളില്‍ എല്ലാം ഉപയോഗിച്ചത്. കോഫീ ടേബിളും, സ്റ്റോറേജ് സംവിധാനമായി ഉപയോഗിക്കുന്ന സ്റ്റാന്‍ഡും, ഷോ പീസ് ഡിസ്‌പ്ലേ സ്റ്റാന്‍ഡും എല്ലാം എച്ച്.ഡി.എഫ് ബോര്‍ഡ് കൊണ്ടാണ് പണിതത്. വാതിലുകള്‍ക്ക് പോലും വുഡ് കളര്‍ ഉപയോഗിക്കാതെ വെള്ള പൂശിയിരിക്കുന്നു. പൂവരശും ചെറുതേക്കും ഉപയോഗിച്ചാണ് വാതിലുകള്‍ പണിതത്. ഗസ്റ്റ് ലിവിങില്‍ നിന്നുള്ള ഇടനാഴി നീളുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയ മുതല്‍ ഡൈനിങ്ങും വാഷ് ഏരിയയും ഉള്‍പ്പെടുന്ന ഭാഗം തുറസ്സായതാണ്.

ഉപയുക്തതയ്ക്ക് പ്രാധാന്യം നല്‍കിയാണ് അടുക്കള ഒരുക്കിയത്. ഇവിടെ ഓഫ് വൈറ്റ് സെറാമിക്ക് ടൈലു കൊണ്ടാണ് തറയൊരുക്കിയത്. കൗണ്ടര്‍ടോപ്പിന് മെറൂണ്‍ ഗ്രനൈറ്റ് ഉപയോഗിച്ചു. കബോഡുകള്‍ക്ക് മെറൂണ്‍ – വെള്ള നിറ സംയോജനം ഉപയോഗിച്ചു. എച്ച്.ഡി.എഫ് വുഡില്‍ പണിത കബോഡുകള്‍ക്ക് വെനീര്‍ ഫിനിഷ് നല്‍കുകയായിരുന്നു.

മുകളില്‍ എല്ലാം ഓപ്പണ്‍

സ്‌ക്വയര്‍ചാനലിന് മെറൂണ്‍ പെയിന്റ് ചെയ്താണ് ഗോവണി ഒരുക്കിയത്. ഇരട്ടി ഉയരമാണ് ഇവിടുത്തെ പ്രത്യേകത. മുകള്‍നില മുഴുവന്‍ തുറസ്സാണ്. വിശാലമായ ഇവിടം അപ്പര്‍ ലിവിങ് ആയും മജ്‌ലിസ് ആയും ബെഡ് റൂം ആയും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരുക്കിയിരിക്കുന്നു. ഒരു അവസ്ഥാന്തര നയത്തിന്റെ (ട്രാന്‍സിഷന്‍)ഭാഗമായി മൂന്നു തരം ടൈലുകള്‍ തറയൊരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. ഇരിപ്പിടങ്ങളോ ഫര്‍ണിച്ചറോ പോലും ഇവിടെ തറയിലെ സ്ഥലം കളയുന്നില്ല. നിലത്തിടുന്ന ഫ്‌ളോര്‍ കുഷ്യനും, ചാരു തലയിണകളും, കുഷ്യന്‍ ഇരിപ്പിടങ്ങളും മാത്രം. ബെഡ് സ്‌പേസ് ആയി കരുതാവുന്ന ഇടത്ത് നിലത്ത് തന്നെയാണ് കിടക്ക ഒരുക്കിയിരിക്കുന്നത്. പിന്നീട് വേണമെങ്കില്‍ ഇടയില്‍ ചുമര്‍ പണിത് ബെഡ്‌റൂമായി ഒരുക്കാവുന്ന നിലയിലാണ് ഇതിന്റെ നിര്‍മ്മിതി. ചുമരില്‍ പെയിന്റ് കൊണ്ട് ചെയ്ത ചിത്രപ്പണികളും സിലിങ്ങില്‍ തേക്ക് തടിയില്‍ തൂക്കിയിട്ടിരിക്കുന്ന ഫാന്‍സി ലൈറ്റുകളും കൂടാതെ തെളിച്ചമുള്ള വെണ്‍മയും അപ്പര്‍സ്‌പേസിനെ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം ആക്കുന്നു.

Comments are closed.