ലാന്‍ഡ്മാര്‍ക്ക് വീട്
ഡിസൈനര്‍: അരുണ്‍ എം, ഇന്‍സൈറ്റ്, കൊല്ലം
ക്ലയന്റ്: അരുണ്‍ എം
പ്ലോട്ട്: 8 സെന്റ്
ആകെ വിസ്തീര്‍ണ്ണം: 1650

മണ്ണിന്റെ നിറച്ചുവപ്പ്; നിറുകയില്‍ അലങ്കാരം ഒരു സൈക്കിള്‍; വര്‍ണ്ണപ്പകിട്ടുള്ള ജാലകക്കണ്ണുകള്‍-ഈ വീടിനു മേല്‍ ഏതൊരാളുടെയും ശ്രദ്ധ ഒരു നിമിഷം പതിയാതിരിക്കില്ല. ഇതുതന്നെയായിരുന്നു വീട്ടുടമയും ഇന്റീരിയര്‍ ഡിസൈനറുമായ അരുണിന്റെ ലക്ഷ്യവും; വീടിനെ ഒരു ലാന്‍ഡ്മാര്‍ക്ക് ആക്കി മാറ്റുക.

ലാന്‍ഡ്‌സ്‌കേപ്പിന് വെട്ടുകല്ലു പാകി ഇടയില്‍ പുല്ലുപിടിപ്പിച്ചിരിക്കുകയാണ്. പുറംചുവരിലെ സൈക്കിളിന്റെ തീം വീടിന്റെ ഉള്ളിലും ഒരു ഡിസൈന്‍ എലമെന്റായി സ്വീകരിച്ചിട്ടുണ്ട്. സ്റ്റെയര്‍കേസ് ഹാന്റ്‌ റെയ്‌ലിലും, സീലിങ്ങിലുമെല്ലാം സൈക്കിള്‍റിങ് കാണാനാവും. മികച്ച ലൈറ്റിങ് സംവിധാനങ്ങളും പച്ചപ്പും വീടിനകത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കൊല്ലത്തുള്ള 1650 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീട് തികച്ചും പ്രകൃതിയോടിണങ്ങിയ ഒന്നു തന്നെയാണ്. കാര്‍പോര്‍ച്ചിനും വീടിന്റെ മേല്‍ക്കൂരയ്ക്കും പഴയ ഓട് പുനരുപയോഗിച്ചു. ഇന്റര്‍ലോക്ക് ബ്രിക്കാണ് സ്ട്രക്ചറിന്. പ്ലാസ്റ്ററിങ് ഒഴിവാക്കി. വാട്ടര്‍ ടാങ്കിനും സിറ്റൗട്ടിനും മാത്രമേ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ളൂ. അക്വേഷ്യ മരമാണ് തടിപ്പണികള്‍ക്ക്. പോളിഷിങ്ങിന് കശുവണ്ടിയുടെ കറയാണ് എല്ലായിടത്തും ഉപയോഗിച്ചത്. തുറന്ന നയത്തിലുള്ള ഡിസൈനാണ് ഉള്ളിലെമ്പാടും. ഓപ്പണ്‍ കിച്ചന്‍ കം ഡൈനിങ്ങിനോടു ചേര്‍ന്നുള്ള ജലാശയം അകത്തളത്തിന് കുളിര്‍മ പകരുന്നു.

 

Comments are closed.