വീടിന്റെ ഇന്റീരിയര്‍ മനസ്സിനു കുളിര്‍മയേകുന്നതാണ്. വെള്ളനിറത്തിനാണ് എവിടെയും പ്രാധാന്യം. ഫോയര്‍ ഏരിയയ്ക്ക് അലങ്കാരമായി ഭിത്തിയിലെ പെയിന്റിങ്ങും കൂടാതെ ഫര്‍ണിച്ചറായി ഒരു കണ്‍സോളും മാത്രമാണുള്ളത്. ഫോയര്‍ ഏരിയ മുതല്‍ ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങിനാല്‍ ഫാള്‍സ് സീലിങ് ആകര്‍ഷകമാക്കിയിരിക്കുന്നു. വീടിന്റെ അകത്തളങ്ങളിലേക്ക് ചെല്ലുംതോറും വെണ്‍മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭൂതിയാണ് അനുഭവപ്പെടുക. തറയും ചുവരും മേലാപ്പും എല്ലാം വെണ്‍മയുടെ ശാന്തിയില്‍ നിറഞ്ഞുകിടക്കുന്നു. ഇടയില്‍ തടിപ്പണികളുടെ ബ്രൗണ്‍നിറവും, ഫര്‍ണിഷിങ്ങിന്റെ ചാരനിറവും കാണാം. വെണ്‍മേഘങ്ങള്‍ക്കിടയിലൂടെ താരകങ്ങളെ പോലെ ഇളംനീല വെളിച്ചവും. ഭിത്തിയിലെ വുഡന്‍ പാനലിങ്ങിനിടയിലും സീലിങ്ങിനിടയിലും നീലനിലാവ് ഒളിച്ചിരിക്കുന്നു. ലിവിങ്ങില്‍ ‘L’ ഷേയ്പ്പിലുള്ള സോഫയാണ് ഹൈലൈറ്റ്. ചാരവര്‍ണ്ണത്തിന്റെ പകിട്ടിലുള്ള ഈ സോഫാസെറ്റ് കൂടുതലായി എത്തുന്ന അതിഥികളെ ഉദ്ദേശിച്ചുള്ളതാകുന്നു. ഒരു ഭിത്തി മുഴുവന്‍ നിറയുന്ന വുഡന്‍പാനലിങ് വെളുപ്പുനിറത്തിനിടെ എടുത്തു നില്‍ക്കുന്നുണ്ട്.

വാം ലൈറ്റിങ്

വെണ്‍മേഘങ്ങള്‍ക്കു നടുവിലിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലുള്ള ഒരുക്കമാണ് ഡൈനിങ് ഏരിയയ്ക്ക്. മുകള്‍ത്തട്ടില്‍ ചിരിതൂകുന്ന വാംലൈറ്റിങ്. വുഡന്‍ ബ്രൗണ്‍ നിറത്തിലുള്ള ഡൈനിങ് ടേബിളും ക്രോക്കറി ഷെല്‍ഫും, ടി.വി. യൂണിറ്റും ഇരിപ്പിടവും ഡൈനിങ്ങിനെ സൗകര്യം നിറഞ്ഞതാക്കുന്നു. തികച്ചും സുതാര്യമായി ഗ്ലാസ്സും സ്റ്റീലും ഉപയോഗിച്ച് കൈവരികള്‍ തീര്‍ത്തിരിക്കുന്ന സ്റ്റെയര്‍കേസിന്റെ തുടക്കവും ഡൈനിങ് ഏരിയയില്‍ നിന്നുതന്നെ. ഫസ്റ്റ്ഫ്‌ളോറിലെ സ്റ്റെയര്‍കേസ് ലാന്‍ഡിങ് ഏരിയയിലുള്ള സ്റ്റഡി ഏരിയ, ഓഫീസ് ഏരിയ, പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം എന്നിങ്ങനെയുള്ള സംവിധാനങ്ങളും വെണ്‍മയുടെ ചുവടുപിടിച്ചാണ്.

ശുഭ്രമാം കിടപ്പറകള്‍

കിടപ്പുമുറികളിലേക്ക് എത്തുമ്പോള്‍ അടിസ്ഥാനനയമായ വെണ്‍മയ്ക്കു മാറ്റമൊന്നുമില്ലെങ്കിലും മറ്റൊരു ദൃശ്യാനുഭവമാണ് ഇവിടെയുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂമിലെ വര്‍ണ്ണങ്ങളും ലൈറ്റിങ് രീതിയും ശ്രദ്ധേയം. വാംലൈറ്റിങ്ങും ഒപ്പം ഇളംനീലപ്രകാശവും ഒരേ സമയം കൂടിക്കലരുന്നു. ഇവിടെയും ഫാള്‍സ് സീലിങ്ങിനിടയിലാണ് ലൈറ്റിങ് സംവിധാനങ്ങള്‍. ഇരിപ്പിടസൗകര്യങ്ങളും, മുറിയുടെ മൊത്തത്തിലുള്ള വെള്ള നിറത്തോട് ചേരുന്ന കര്‍ട്ടനുകളും, ക്യൂരിയോസും, എഴുത്തുമേശയും വാഡ്രോബുമെല്ലാം പ്രകാശത്താല്‍ കൂടുതല്‍ മിഴിവുള്ളതാകുന്നു.

ബ്ലാക്ക് & വൈറ്റ് നിറത്തിന്റെ ആകര്‍ഷണീയതയാണ് രണ്ടാമത്തെ ബെഡ്‌റൂമില്‍ കാണാന്‍ കഴിയുക. വെളുപ്പിനിടയില്‍ അവിടവിടെയായി ചില കറുത്തപൊട്ടുകള്‍ പോലെ കുഷ്യനുകളും ക്യൂരിയോസും ഇരിപ്പിടവും ഭിത്തിയിലെ പെയിന്റിങ്ങും. മൂന്നാമത്തെ കിടപ്പുമുറിയ്ക്കും വുഡന്‍ ബ്രൗണ്‍ നിറത്തിന്റെയും വാംലൈറ്റിങ്ങിന്റെയും ഭംഗിയും പ്രഭയുമുണ്ട്.

ആധുനിക സൗകര്യങ്ങള്‍ ഒത്തുചേര്‍ന്ന അടുക്കളയിലും ഇതേ തീമും നിറവും ലൈറ്റിങ്ങും തന്നെയാണ് പിന്‍തുടര്‍ന്നിട്ടുള്ളത്. വീടിന്റെ ഫോയര്‍ മുതല്‍ തുടങ്ങുന്ന വെണ്‍മയുടെ ഭംഗിക്കും, പ്രകാശസംവിധാനത്തിനും ഒരിടത്തും ഭംഗം വന്നിട്ടില്ല. വീടിന്റെ പ്രകാശത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്തുള്ള ഒരുക്കങ്ങള്‍ തന്നെയാണ് എല്ലായിടത്തും കാണാനാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *