കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ മുന്‍നിരബില്‍ഡര്‍ ഗ്രൂപ്പുകളിലൊന്നായ സ്‌കൈലൈന്‍ ഫൗണ്ടേഷന്‍ ആൻഡ് സ്ട്രക്‌ച്ചേഴ്‌സിന്റെ (എസ് എഫ് എസ് ഹോംസ് ) മാനേജിങ് ഡയറക്ടര്‍ കെ. ലവയുടെ സ്വന്തം വീട്. അത് ഡിസൈന്‍ ചെയ്യുക എന്നു പറയുന്നത് ഒരു ഡിസൈനര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്; കാരണം പലരും മാതൃകയായി കാണുന്ന ഒന്നായിരിക്കും അത്. കാക്കനാട് പടമുകളിലുള്ള എസ് എഫ് എസ് ഹോംസ് വില്ലാപ്രോജക്റ്റിന്റെ ഭാഗമായ ഈ വില്ലയുടെ അകത്തളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കിയത് സെസ്റ്റ് ഡിസൈന്‍സിലെ ബെന്നി സക്കറിയയും ലൂസി സക്കറിയയുമാണ്. നൂതന സാങ്കേതികവിദ്യകളും ആധുനിക ശൈലിയിലെ പുതുപുത്തന്‍ പ്രവണതകളും ഉള്‍ക്കൊള്ളിച്ചാണ് ഓരോ ഇടവും ഇവര്‍ ഒരുക്കിയെടുത്തത്. ഓരോന്നും എവിടെ എങ്ങിനെ സജ്ജീകരിക്കണം എന്ന വ്യക്തമായ ധാരണ ഇന്റീരിയര്‍ ലേ ഔട്ടില്‍ ആദ്യമേ തന്നെ നിഷ്‌കര്‍ഷിച്ചിരുന്നു. അതിന്റെ പ്രതിഫലനം ഇവിടെ തെരഞ്ഞെടുത്തിട്ടുള്ള കൗതുക വസ്തുക്കളില്‍ വരെ ദൃശ്യമാണ്. 3850 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് എല്ലാ ആവശ്യങ്ങളും ഒരുക്കിയത്. ഓട്ടോമേഷന്‍ സംവിധാനത്തിലാണ് വീടിനുള്ളിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഒരു ഐപാഡില്‍ നിന്ന് എല്ലാം നിയന്ത്രിക്കാം. ലോകത്തിന്റെ ഏത് കോണിലിരുന്ന് വേണമെങ്കിലും വീട്ടിലെ എന്തും പ്രവര്‍ത്തിപ്പിക്കാമെന്ന് ചുരുക്കം.

ട്രെന്റി ഫീല്‍

കന്റംപ്രറി ശൈലിയിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. ഫര്‍ണിച്ചര്‍, സോഫാസെറ്റ് എല്ലാം ഇറക്കുമതി ചെയ്തവയാണ്. ഓരോ മുറിയുടെയും അളവുകള്‍ കണക്കിലെടുത്താണ് ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്തത്. ലെതറാണ് സോഫാസെറ്റിന്റെ അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍. 8മി.മീ. സ്‌പേസില്‍ എപ്പോക്‌സി ഫില്ലിങ് ചെയ്ത ആര്‍ട്ടിഫിഷ്യല്‍ മാര്‍ബിളാണ് ഫ്‌ളോറിങ്ങിന്.

ലിവിങ്, ഡൈനിങ്, കിച്ചന്‍, മുകളിലും താഴെയുമായി 4 ബെഡ്‌റൂമുകള്‍ എന്നിങ്ങനെയാണ് അകത്തളത്തിലെ ഏരിയകള്‍. ജിപ്‌സം ബോര്‍ഡില്‍ വാള്‍പേപ്പറും വെനീറും ഉപയോഗിച്ച സീലിങ് ഡിസൈന്‍ ലൈറ്റിങ്ങിന്റെ മികവിനാല്‍ കൗതുകം ജനിപ്പിക്കുന്നു. ലിവിങ് കം ഡൈനിങ്ങിനെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി വേറിട്ട് നില്‍ക്കുന്നു.ഭിത്തിയുടെ ഒരു ഭാഗം മുഴുവന്‍ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് നല്‍കി. ഒരു ഭാഗത്ത് ലൂവര്‍ ഡിസൈന്‍ പാറ്റേണ്‍ നല്‍കുന്നതിന് തടിയും സ്റ്റീലും ഉപയോഗിച്ചു. ലിവിങ്ങിനേയും ഡൈനിങ്ങിനേയും കൂടുതല്‍ സുന്ദരമാക്കുന്നത്, ഇവയോട് ചേര്‍ന്നു വരുന്ന സ്റ്റെയര്‍ ഏരിയയാണ്. ഇവിടെ ചെയ്തിരിക്കുന്ന ഡിസൈന്‍പാറ്റേണുകളും ഡിസൈന്‍ എലമെന്റുകളുമാണ് കാലത്തിനൊത്ത ഇന്റീരിയര്‍ എന്ന അനുഭവം നല്‍കുന്നത്.

സ്‌കൈലൈറ്റാണ് ഹൈലൈറ്റ്

സ്റ്റെയര്‍ഏരിയയില്‍ സ്‌കൈലൈറ്റ് ലഭിക്കത്തക്കവിധം ഓപ്പണ്‍ ആക്കി. സ്റ്റെയറിന്റെ മുകളില്‍ പര്‍ഗോള കൊടുത്ത് താഴെ ഡിസൈനര്‍ ഗ്ലാസ് നല്‍കി. 12 സ്‌ക്വയര്‍ ആയിട്ടാണ് ഗ്ലാസ് വിരിച്ചത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ ഗ്ലാസിലെ ഡിസൈന്‍ വ്യക്തമാകുന്നു. രാത്രിയില്‍ എല്‍ ഇ ഡി ബള്‍ബുകളുടെ വെളിച്ചം ഇവിടെ പ്രത്യേക സുഖാനുഭവം പകരുന്നു. സ്റ്റെയര്‍കേസിന്റെ സ്റ്റെപ്പ് ഇറങ്ങുന്ന ലാന്‍ഡിങ്ങില്‍ 8 മി.മീ. സ്റ്റീലിന്റെ കമ്പികള്‍ കുത്തനെ നാട്ടിയിരിക്കുന്നത് ഒരു ഡിസൈന്‍ എലമെന്റായിട്ടാണ്.

സ്റ്റീലിന്റെ ഫ്രെയിമില്‍ തീര്‍ത്ത പടികള്‍ തടികൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഹാന്റ്‌റെയ്‌ലിന് വുഡും ഗ്ലാസും സ്റ്റീലും കൊടുത്തു. ഓരോ പടിയ്ക്കും എല്‍ഇഡി ലൈറ്റ് കൊടുത്തത് സ്റ്റെയര്‍ഏരിയയുടെ ആംപിയന്‍സ് ഇരട്ടിപ്പിക്കുന്നുണ്ട്. സ്റ്റെയര്‍കേസിനു താഴെയാണ് ഫിഷ്‌പോണ്ട്. ഫ്‌ളോര്‍ലെവലില്‍ തന്നെയാണ് ഫിഷ്‌പോണ്ട് ഒരുക്കിയിരിക്കുന്നത്. ഇതിനുമുകളില്‍ ടഫന്റ് ഗ്ലാസാണ് ഇട്ടിരിക്കുന്നതെന്നതിനാല്‍ ഇതിനു മുകളില്‍ കൂടി നടക്കാനും സാധ്യമാണ്.

സ്റ്റയര്‍ ഏരിയയോടു ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ചെറിയൊരു കോര്‍ട്ട്‌യാര്‍ഡ്, സ്‌പേസ് ലിവിങ്ങില്‍ നിന്നും ഡൈനിങ്ങില്‍ നിന്നും കാഴ്ച എത്തുംവിധം ഡിസൈന്‍ ചെയ്തിരിക്കുന്നു. കോര്‍ട്ട്‌യാര്‍ഡില്‍ പച്ചപ്പിന്റെ സാന്നിധ്യത്തിനായി വച്ചിട്ടുള്ളത് കൃത്രിമ മുളംചെടികള്‍ ആണ്. മുളയുടെ തണ്ട് പക്ഷേ, യഥാര്‍ത്ഥ മുള തന്നെയാണ്.

യൂണിക് ഡിസൈനില്‍

നാലു കിടപ്പുമുറികളാണ് ഈ വില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മുകളില്‍ രണ്ടെണ്ണം; താഴെ രണ്ടെണ്ണം. കൗതുകവസ്തുവകകള്‍ കുത്തിനിറയ്ക്കാതെയുള്ള ഡിസൈന്‍ രീതിയാണ് എല്ലാ മുറികളിലും പിന്തുടര്‍ന്നിരിക്കുന്നത്. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകള്‍ മുറികളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. എല്ലാ മുറികളിലും ഹെഡ്‌ബോര്‍ഡിനോടു ചേര്‍ന്നു വരുന്ന ഭിത്തിയില്‍ നിഷുകളും മറ്റും ഒഴിവാക്കി, ഒരു പെയിന്റിങ് മാത്രം നല്‍കി. മുറികളിലെ റഗുകളും ബ്ലാക്ക് ഔട്ട് കര്‍ട്ടനുമെല്ലാം ഡിസൈന്‍ തീമിനോട് ചേരുന്നതാണ്. വാഡ്രോബുകള്‍ക്ക് കളേഡ് ഗ്ലാസും വെനീറും കൊടുത്തു. സ്ലൈഡിങ് ഷട്ടറുകളാണ് വാഡ്രോബിന്. വാഡ്രോബിനകത്ത് ഓരോ തട്ടിലും പ്രത്യേകം ലൈറ്റ് ഫിറ്റിങ്ങുകള്‍ നല്‍കി. കിടപ്പുമുറികളിലെ ചിട്ടയായ ക്രമീകരണം വിശാലത തോന്നിപ്പിക്കും വിധത്തിലാണ്.

ഗ്ലാമര്‍ മുറികള്‍

സെന്‍സര്‍ സിസ്റ്റംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് ബാത്‌റൂമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്രസിങ് യൂണിറ്റ് കൂടി ഉള്‍പ്പെടുന്ന മട്ടില്‍ വിശാലമായാണ് ബാത്‌റൂം ഡിസൈന്‍ ചെയ്തത്. വെറ്റ് ഏരിയയില്‍ ആന്റിസ്‌കിഡ് ഗ്രനൈറ്റാണ്. വാഷ് ഏരിയയിലും മിറര്‍ ഏരിയയിലും ഭിത്തിയില്‍ ടെക്‌സ്ചര്‍ നല്‍കി. മറ്റു ഭിത്തികളില്‍ നിഷുകള്‍ കൊടുത്ത് ഹൈലൈറ്റ് ചെയ്തു. ഡൈനിങ്ങില്‍ നിന്നും ഗസ്റ്റ് ബെഡ്‌റൂമില്‍നിന്നും കയറാവുന്ന വിധത്തില്‍ കോമണ്‍ ബാത്‌റൂം ഉള്‍പ്പെടുത്തിയത് സ്‌പേഷ്യസായിട്ടാണ്. ഉള്ള സ്‌പേസില്‍ പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡിസൈന്‍ രീതിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.

കിച്ചന്‍

ജര്‍മ്മന്‍ നിര്‍മ്മിത മോഡുലാര്‍ കിച്ചനാണിത്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയാണ് അടുക്കള ഡിസൈന്‍ ചെയ്തത്. മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി. ലൈറ്റിങ്ങിന് പ്രാമുഖ്യം നല്‍കിയത് അടുക്കളയുടെ ഭംഗി

ഇരട്ടിപ്പിക്കുന്നുണ്ട്. അടുക്കളയോട് ചേര്‍ന്നു തന്നെ വര്‍ക്ക് ഏരിയ കൂടിയുണ്ടിവിടെ. കിച്ചന്റെ കൗണ്ടര്‍ ടോപ്പിന് ഗ്രനൈറ്റാണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിന് ഉപയോഗിച്ചിരിക്കുന്നത് കൊറിയന്‍ മെറ്റീരിയലാണ്. ഒരു സിംഗിള്‍പീസ് കൊറിയന്‍ സ്റ്റോണ്‍ വളച്ച് വെച്ചാണ് കൗണ്ടര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ആധുനിക നിര്‍മ്മാണ സാങ്കേതികവിദ്യകള്‍, സ്‌പേസ് ഡിസൈനിങ്ങിലെ കൃത്യത എന്നിവയാണ് ഈ ഇന്റീരിയറിനെ മികവുറ്റതാക്കുന്നത്. ലൈറ്റിങ് കൊണ്ടണ്ടും ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുടെ സവിശേഷതകൊണ്ടും ഓരോ സ്‌പേസും തനിമയോടെ എടുത്തു കാണിക്കുന്നുണ്ട്. ലവയുടെയും കുടുംബത്തിന്റെയും, ആവശ്യങ്ങള്‍ ബെന്നിസക്കറിയയും ലൂസിയും സൗന്ദര്യത്തികവോടെ, മിനിമലിസം എന്ന ആശയം കൂടി പ്രാവര്‍ത്തികമാക്കി ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *