ആക്‌സിഡന്റൽ ആര്‍ക്കിടെക്റ്റ്: ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍ സക്കറിയാസ്

പ്രോജക്റ്റുകള്‍ ഒട്ടേറെയുണ്ടെങ്കിലും വൈക്കത്ത് നിര്‍മ്മിച്ചിട്ടുള്ള സ്വന്തം വീടാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കെട്ടുകാഴ്ചകളോ അലങ്കാരങ്ങളോ ബോധ്യപ്പെടുത്തലുകളോ ഇല്ലാതെയുള്ള എന്‍റെ ഭാവനയുടെ സൃഷ്ടിയാണത്.

– ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍ സക്കറിയാസ്

ആഗ്രഹിച്ചതും പരിശ്രമിച്ചതും ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറാകാന്‍. 98 ശതമാനം മാര്‍ക്കോടു കൂടി ആ സ്വപ്നം കൈയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ തികച്ചും നാടകീയമായ സാഹചര്യങ്ങളിലൂടെ ചെന്നുപെട്ടത് ആര്‍ക്കിടെക്ചറിന്‍റെ മടിയില്‍.

തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ നിരാശ ദൈവത്തിന്‍റെ ഒരു പ്രത്യേക ആശീര്‍വാദമായി കാണുന്നു. 1984-ലാണ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടുന്നത്.

ഇന്ന് ഏകദേശം 35 വര്‍ഷം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വളരെയധികം വ്യത്യസ്തങ്ങളായ പ്രോജക്റ്റുകള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യമാണ് മനസ്സുമുഴുവന്‍.

കടവ് ഹോളിഡേ ഹോം

കേരളത്തിലെ ഏറ്റവും ആദ്യത്തെ ആര്‍ക്കിടെക്റ്റ് സംരംഭങ്ങളിലൊന്നായ സിറിയക്ക് വെള്ളാപ്പള്ളി ആര്‍ക്കിടെക്റ്റ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് തുടക്കം. അതുകഴിഞ്ഞ് ജി.സി.ഡി.എ.യില്‍ ആര്‍ക്കിടെക്ചര്‍ അസിസ്റ്റന്‍റായി രണ്ടു വര്‍ഷം.

ഈ കാലഘട്ടം സാധാരണക്കാരുടെ പ്രശ്നങ്ങളും അവരുടെ സ്പേസ് ആവശ്യങ്ങളും വളരെയധികം മനസിലാക്കാന്‍ സഹായിച്ച സമയമാണ്. പഠിച്ചതിനേക്കാള്‍ കൂടുതലായി ആര്‍ക്കിടെക്ചര്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ച മൂന്നുനാല് വര്‍ഷങ്ങളായിരുന്നു പിന്നീട്.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലും ഇന്‍റീരിയര്‍ ഡിസൈനിങ് കോളേജ്, കോട്ടയത്തും ദുബായിലുമായി അധ്യാപനത്തിന്‍റെ കുറച്ചു വര്‍ഷങ്ങള്‍.

ഈ ആദ്യ വര്‍ഷങ്ങളില്‍ മനസ്സില്‍ ആര്‍ക്കിടെക്ചറിനെ കുറിച്ച് രൂപപ്പെട്ട അവബോധം പിന്നീട് പ്രൈവറ്റ് പ്രാക്ടീസ് തുടങ്ങുമ്പോള്‍ വളരെയധികം സഹായിച്ചു. ഒരിക്കലും പ്രോജക്റ്റുകളുടെ പിന്നാലെ പോയിട്ടില്ല.

എങ്കിലും, ആര്‍ക്കിടെക്ചര്‍ തെരഞ്ഞെടുക്കാന്‍ ഇടവന്ന സാഹചര്യം പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട, വളരെ വ്യത്യസ്തങ്ങളായ പ്രോജക്റ്റുകള്‍ മുമ്പിലേക്ക് കൊണ്ടുതരുന്നതു പോലെ ദൈവത്തിന്‍റെ ഇടപെടല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.

ആദ്യത്തെ പ്രോജക്റ്റ് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്. അതിനു തൊട്ടുപിന്നാലെ എം.ജി റോഡിലെ ഫിലിപ്സിന്‍റെ ഷോറൂം. ഇതു രണ്ടും പല ജേര്‍ണലുകളുടെയും കവര്‍പേജും അക്കാലത്തെ ആര്‍ക്കിടെക്ചര്‍ രംഗത്തെ സംസാര വിഷയവുമായിരുന്നു.

സച്ചിൻ ടെണ്ടുൽക്കറുടെ വില്ല

അതിനു ശേഷം പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ന്യൂജനറേഷന്‍ ബാങ്കുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി പ്രോജക്റ്റുകള്‍ വന്നു കൊണ്ടിരുന്നു.

റെസിഡന്‍സുകള്‍ ചുരുക്കമേ ചെയ്തിട്ടുള്ളു എങ്കിലും വ്യത്യസ്തങ്ങളായ പ്രോജക്റ്റുകളായിരുന്നു അവയെല്ലാം. ഒമാനിലെ ധനമന്ത്രിയുടെ വീട്, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വീട്, സ്വന്തമായി കുടുംബത്തിനു വേണ്ടി ചെയ്ത വീടുകള്‍ ഇങ്ങനെ ഇഷ്ട പ്രോജക്റ്റുകള്‍ റെസിഡന്‍സുകളാണെന്നു തന്നെ പറയാം.

കോവളം വില്ല റിസോർട്ട്

പ്രോജക്റ്റുകള്‍ ഒട്ടേറെയുണ്ടെങ്കിലും വൈക്കത്ത് നിര്‍മ്മിച്ചിട്ടുള്ള സ്വന്തം വീടാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കെട്ടുകാഴ്ചകളോ അലങ്കാരങ്ങളോ ബോധ്യപ്പെടുത്തലുകളോ ഇല്ലാതെ ‘സത്യം ശിവം സുന്ദരം’ എന്ന സ്വാതന്ത്ര ഭാവനയുടെ സൃഷ്ടിയായതു കൊണ്ടാണത്.

ലെ മെറിഡിയന്‍, താജ്, കെ.ടി.ഡി.സി, സാംസങ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഫോര്‍ഡ്, ജെ.സി.ബി, ലീല തുടങ്ങിയ പല പ്രശസ്തമായ ഗ്രൂപ്പുകളുടെയും പ്രോജക്റ്റുകള്‍ ചെയ്തു.

ALSO READ; സ്വകാര്യത നല്‍കും വീട്

മാളുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, വില്ലകള്‍ എന്നിവയ്ക്കൊപ്പം ഇടയ്ക്ക് ബഡ്ജറ്റ് കുറഞ്ഞ വീടുകളും ചെയ്യാന്‍ മറന്നില്ല. ആളുകളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കി തരുന്നതാണ് അത്തരം പ്രോജക്റ്റുകള്‍.

ഐ.ഐ.എയുടെയും ഐ.ഐ.ഐ.ഡിയുടെയുമെല്ലാം പുരസ്കാരങ്ങള്‍ ഒട്ടേറെ തവണ നേടി. ഇവയെല്ലാം ഇത്തരമൊരു മേഖലയിലെ അളവുകോല്‍ ആണെങ്കിലും അതാണ് ഏറ്റവും വലിയ വിലയിരുത്തല്‍ എന്ന് കരുതുന്നില്ല.

RELATED READING: ഇഷ്ടവര്‍ണ്ണങ്ങളില്‍

പ്രൊഫഷന്‍റെ ഒരു ഘട്ടത്തില്‍ അത്തരം നേട്ടങ്ങളെല്ലാം ചെറുതെന്ന് മനസിലാകുകയും തൊഴില്‍ എന്നത് സ്വന്തം ചിന്തകളുടെയും തിരിച്ചറിവുകളുടെയും പ്രതിഫലനമാകുകയും ചെയ്യുന്നു.

എന്‍റെ ഇഷ്ടങ്ങളും അഭിനിവേശങ്ങളും നിര്‍മ്മിതികളില്‍ കാണാം. സംഗീതം, നൃത്തം, കല, തീര്‍ച്ചയായും ആര്‍ക്കിടെക്ചറും. സര്‍വ്വമേഖലയേയും ഉള്‍കൊള്ളുന്ന ഒരു വാസ്തുദര്‍ശനം എന്ന് വേണമെങ്കില്‍ അതിനെ വിളിയ്ക്കാം.

ഓരോ നിമിഷവും ഈ ജോലി ആസ്വദിക്കുന്നു. സംതൃപ്തിയാണ് യഥാര്‍ത്ഥ പ്രതിഫലമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഡിസൈന്‍, നിര്‍മ്മിതിയാകുകയും അത് ആളുകളുടെ ജീവിതത്തിലും സമൂഹത്തില്‍ തന്നെയും പരിവര്‍ത്തനം കൊണ്ടുവരുന്നതില്‍പരം സന്തോഷകരമായ വസ്തുത മറ്റെന്താണ്.

ALSO READ: ത്രിമാനഭംഗി

എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് സര്‍ഗാത്മകതയും ഭാവനയും കൂടുതല്‍ ഉണ്ടെന്നത് ആര്‍ക്കിടെക്റ്റെന്ന നിലയില്‍ ഒരു നേട്ടമാണ്. നിര്‍മ്മാണ മേഖലയിലെ ചില ഘട്ടങ്ങളും സാങ്കേതികത്വങ്ങളും പിന്നിട്ട് അത് മനസിലുള്ളതു പോലെ തന്നെ നടപ്പില്‍ വരുത്തുകയെന്നത് പക്ഷെ താരതമ്യേന കടുപ്പമാണ്.

അതുപോലെ തന്നെയാണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിന്‍റെ കാര്യം. ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ വലിയ പ്രതലങ്ങളില്‍ ദീര്‍ഘകാലത്തിലൂടെ ഒഴുകുന്ന അനുഭവമാണെങ്കില്‍ അതിന് വിപരീതമായി സൂക്ഷ്മതയേറിയതും വേഗതയുള്ളതും ആണ് ഇന്‍റീരിയര്‍ ഡിസൈനിങ്.

YOU MAY LIKE: കായലരികത്ത്‌

എന്നാല്‍ അതിന്‍റെ സ്വപ്ന സാധ്യതകളും ദ്രുതതാളക്രമവും എന്നിലെ ആര്‍ക്കിടെക്റ്റിനെ എല്ലായ്പ്പോഴും ആവേശത്തിലാഴ്ത്തിയിട്ടേ യുള്ളു. കുട്ടികള്‍ ചെറുതായിരുന്ന കാലത്ത് അവരെ സൈറ്റില്‍ കൊണ്ടിരുത്തി പോലും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു.

പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികളോട് പറയുന്നത് എന്‍റെ രീതിയായിരുന്നു.

പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടു കൂടി കുട്ടികള്‍ മൂന്നു പേരും ഡിസൈനുമായി ബന്ധപ്പെട്ട മേഖല തന്നെ തെരഞ്ഞെടുത്തതില്‍ ഒരു പക്ഷേ ഈ വിവരണത്തിന്‍റെ സ്വാധീനമുണ്ടായിരിക്കാം.

RELATED READING;സ്വകാര്യത നല്‍കും വീട്

കാലവും സമയവും നോക്കാതെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ കുടുംബത്തിന്‍റെ പിന്തുണ വലുതായിരുന്നു.

ഇതൊക്കെയാണെങ്കിലും വീട്ടിലെത്തിയാല്‍ ഓരോരുത്തരുടെയും പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂട്ടി കുഴയ്ക്കാറില്ല. തൊഴിലില്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കുന്നു.

ഇന്ത്യയൊട്ടാകെയുള്ള 32 ചാപ്റ്ററുകളിലായി 10000 അംഗങ്ങളുള്ള ഐ.ഐ.ഐ.ഡിയുടെ പുതിയ ദേശീയ പ്രസിഡന്‍റ് എന്ന ചുമതലയാണ് ഇപ്പോഴുള്ളത്.

ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഈ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നിലയില്‍ ഉത്തരവാദിത്വവും ഏറുന്നു. സാമൂഹ്യസമ്പദ് വ്യവസ്ഥകള്‍ക്കതീതമായി ഡിസൈന്‍ എല്ലാവരുടേയും ആവശ്യവും അവകാശവുമാണ്.

ചേരികളിലും ഗ്രാമങ്ങളിലുമെല്ലാം ഡിസൈനിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്ന് മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുകയാണ് ഈ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*