നൂറുവര്‍ഷത്തിനുമേല്‍ ചെളിയിലും വെള്ളത്തിലും പുതഞ്ഞു കിടന്നിരുന്ന കട്ടിത്തടി; കാലപ്പഴക്കം തീര്‍ത്ത പ്രായത്തിന്റെ വലയങ്ങള്‍ അഴകും അന്തസ്സും കൂട്ടുന്ന, ഒരൊറ്റ കട്ടിത്തടിയില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്ന ഒരു ആധുനിക തടിവ്യാപാര സ്ഥാപനത്തിന്റെ ഓഫീസ് കം ഷോറൂമാണ് കോഴിക്കോട് നിന്നും കല്ലായി-മാങ്കാവ് റൂട്ടിലുള്ള എം.കെ. വെനീര്‍സ് & ലാമിനേറ്റ്‌സ്. 50 വര്‍ഷത്തിനുമേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള എം.കെ. അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച തടി വ്യാപാരശാലകളില്‍ ഒന്നു കൂടിയാണ്. ഏതാണ്ട് 80% ത്തോളം വുഡുപയോഗിച്ച് മോസ്റ്റ് മോഡേണ്‍ ശൈലിയില്‍ പണി കഴിപ്പിച്ചിട്ടുള്ള ഈ തടിവ്യാപാരശാലയുടെ അകത്തളമൊരുക്കിയിരിക്കുന്നത് മുനീറാണ്. (ചീഫ് ഡിസൈനര്‍, നുഫേല്‍ & മുനീര്‍ അസോസിയേറ്റ്‌സ്, കോഴിക്കോട്).

സര്‍വ്വം തടിമയം

ഈ കടയുടെ അകത്തളത്തിലെ പ്രധാന നിര്‍മ്മാണ സാമഗ്രി തടി തന്നെയാണ്. അതാകട്ടെ, വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതും. 1700 സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍ പാനലിങ്, ടേബിള്‍ടോപ്പ്, സീലിങ്, ലാംപ്‌ഷേഡ്, ക്ലോക്ക് എന്നിങ്ങനെ എന്തിനൊക്കെ തടി ഉപയോഗിച്ചിട്ടുണ്ടോ അതെല്ലാം ഈ ഒറ്റത്തടിയുടെ വിവിധ ഭാഗങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചവയാണ്. തടിവ്യാപാരശാലയെ വളരെ പ്രതീകാത്മകമാക്കുവാനായി പഴയ മരഉരുപ്പടികള്‍ പ്രവേശന മാര്‍ഗ്ഗത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇരിപ്പിടത്തിനും തൂണിനും മരഉരുപ്പടികള്‍ വളരെ സ്വാഭാവികമായി തന്നെ ഉപയോഗിച്ചിരിക്കുകയാണ്.

തടി ഉപയോഗിച്ച് തട്ടുകളും വിവിധ ഡിസൈന്‍ മാതൃകകളും തീര്‍ത്ത് 100ലധികം തരത്തിലുള്ള ലാമിനേറ്റുകളും പ്ലൈയും, വെനീറുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
തടിയുടെ മഹിമയും ഗരിമയും വ്യക്തമാക്കുന്ന മറ്റ് പല ഉരുപ്പടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. സീലിങ്ങില്‍ ലൈറ്റുകള്‍ തൂക്കാനും ലാംപ്‌ഷേഡിനും ക്ലോക്കിനുമെല്ലാം ഉപയോഗിച്ചിരിക്കുന്നത് പഴയ തടി ഉരുപ്പടികളുടെ ഭാഗങ്ങള്‍ തന്നെയാണ്. എക്സ്റ്റീരിയര്‍ ഭിത്തിയില്‍ ഗ്ലാസ് നല്‍കിയിരിക്കുന്നതിനാല്‍ അകത്തുള്ള ആകര്‍ഷകമായ ലൈറ്റിങ്ങിനോട് കൂടിച്ചേര്‍ന്ന് തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷവും കാഴ്ചഭംഗിയുമാണ് എം.കെ. വെനീര്‍സ് & ലാമിനേറ്റ്‌സ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *