വെള്ളം കയറിയ കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കാം

representative image

വെള്ളം കയറിയ വീട്ടില്‍ താമസം തുടങ്ങുതിനു മുമ്പ് അവയുടെ ഉറപ്പും ആയുസ്സും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കെട്ടിടം ആവാസ യോഗ്യമാണോയെന്ന് പരിശോധിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടത്?

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിച്ചു കൂട്ടുന്നവര്‍ക്ക് എത്രയും വേഗം തങ്ങളുടെ വീടുകളില്‍ തിരിച്ചെത്തി ജീവിതം പഴയ താളത്തിലാക്കാനായിരിക്കും ധൃതി. എന്നാല്‍ വീടുകളില്‍ താമസം തുടങ്ങുതിനു മുമ്പ് അവയുടെ ഉറപ്പും ആയുസ്സും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കെട്ടിടം ആവാസയോഗ്യമാണോയെന്ന് പരിശോധിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടത് എന്ന് നോക്കാം.

ഭിത്തിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടില്ലാത്തതും സെറ്റില്‍മെന്റ് സംഭവിച്ചിട്ടില്ലാത്ത അതായത് ഭൂമിയിലേക്ക് ഇരുന്നു പോയിട്ടില്ലാത്തതുമായ കെട്ടിടങ്ങള്‍ ശരിയായി വൃത്തിയാക്കിയതിനു ശേഷം ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.

എന്നാല്‍, ഒരു തീപ്പെട്ടിക്കോല്‍ കടക്കുന്ന അത്രയും വിടവുള്ള വിള്ളലുകള്‍ ഭിത്തിയിലോ, മേല്‍ക്കൂരയിലോ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു സ്ട്രക്ചറല്‍ എഞ്ചിനീയറെക്കൊണ്ട് കെട്ടിടം മൊത്തമായി പരിശോധിപ്പിക്കുക.

വിള്ളല്‍ കണ്ടെത്താന്‍ ഏറ്റവും ലളിതമായി ചെയ്യാവുന്ന സംഗതി

ആര്‍.സി.സി. റൂഫ് സ്ലാബിനു മേല്‍ വെള്ളമൊഴിച്ചു നോക്കുക. സ്ലാബ് ചോരുന്നുവെങ്കില്‍ അതില്‍ വിള്ളലുകള്‍ ഉണ്ടോയെന്നും എവിടെയെല്ലാമെന്നും കണ്ടുപിടിക്കാം.

മി. മീറ്ററില്‍ കൂടുതലുള്ള ഇരുത്തം അഥവാ സെറ്റില്‍മെന്റ് കെട്ടിടത്തിന് സംഭവിച്ചതായി കാണുകയാണെങ്കില്‍ തീര്‍ച്ചയായും സ്ട്രക്ചറല്‍ എഞ്ചിനീയറുടെ സഹായം തേടുക.

കെട്ടിടത്തിന്റെ ഇരുത്തമറിയാനായി തറയില്‍ വെള്ളമൊഴിച്ചു നോക്കുക; വെള്ളം ഏതെങ്കിലുമൊരു ഭാഗത്തു മാത്രമായി കെട്ടിനില്‍ക്കുന്നതായി കാണുന്നുവെങ്കില്‍ നിരപ്പില്‍ വ്യതിയാനം വന്നിരിക്കുന്നുവെന്നും കെട്ടിടം ഒരു ഭാഗത്തേക്ക് താഴ്ന്നു പോയിരിക്കുന്നുവെന്നും നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാവുന്നതാണ്.

വിവിധതരം സ്ട്രക്ചറുകള്‍: ഫ്രയിമോടു കൂടിയ ഇഷ്ടികക്കെട്ടുള്ള സ്ട്രക്ചറുകള്‍ പൊതുവെ സുരക്ഷിതമായിരിക്കും. ചുറ്റിനും ലിന്റലുകള്‍ ഉള്ള ഭിത്തികള്‍ക്ക് മൂലകളില്‍ തൂണുകള്‍ (കോര്‍ണര്‍ കോളങ്ങള്‍) കൂടിയുണ്ടെങ്കില്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട.

എന്നാല്‍ ലിന്റലുകളും കോര്‍ണര്‍ കോളങ്ങളും ഇല്ലെങ്കില്‍ കെട്ടിടത്തിന് ഇരുത്തവും, ഭിത്തികള്‍ക്ക് വിള്ളലും ഒക്കെ വരാനുള്ള സാധ്യത കൂടുതലാണ്.

ഭിത്തി: വെള്ളത്തിനടിയില്‍ കഴിഞ്ഞ കെട്ടിടങ്ങളില്‍ നാടന്‍ ഇഷ്ടികകള്‍/ചെങ്കല്ല് എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തികള്‍ക്ക് ഏകദേശം 30 ശതമാനത്തോളം ബലക്ഷയം സംഭവിക്കാനിടയുണ്ട്.

ഫ്രെയിമുകള്‍ ഇല്ലാതെ കൂടുതല്‍ വലിപ്പത്തില്‍ ചെയ്ത കെട്ടിടമാണെങ്കില്‍ അവയില്‍ കൂടുതല്‍ ലോഡിങ് കൊടുക്കുന്നത് ഉചിതമായിരിക്കില്ല.

അടിത്തറ: വിള്ളലോ, ഇരുത്തമോ വരുക വഴി അടിത്തറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുക.

ജനലുകളും വാതിലുകളും: വാതിലുകളും ജനലുകളും കൃത്യമായി ചേര്‍ത്തടയ്ക്കാന്‍ പറ്റുന്നുണ്ടോയെന്നു പരിശോധിക്കുക. കെട്ടിടത്തിന് ഏതെങ്കിലും വിധത്തിലുള്ള ചരിവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ചേര്‍ന്ന് അടയില്ല.

സ്ലാബുകള്‍: ആര്‍.സി.സി. സ്ലാബുകളില്‍ എവിടെയാണ് വിള്ളലുകള്‍ എന്നു കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗം വെള്ളം ഒഴിച്ചു നോക്കുക എന്നതാണ്. സ്ലാബ് എവിടെയൊക്കെയാണ് ചോരുന്നത് എന്നു നോക്കി വിള്ളലുകളുടെ സ്ഥാനനിര്‍ണ്ണയം നടത്താം.

സ്ലാബുകളില്‍ പതിച്ചിട്ടുള്ള ടൈലുകള്‍ക്കും മറ്റും വിള്ളലുകള്‍ വന്നിട്ടുïെങ്കില്‍ അതിനര്‍ത്ഥം സ്ലാബിന് തകരാറുപറ്റി എന്നു തന്നെയാണ്.

മണ്ണ്: വെള്ളപ്പൊക്കം മൂലം കെട്ടിടത്തിനടുത്ത് മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം ശ്രദ്ധിക്കണം. കെട്ടിടത്തിന്റെ അടിത്തറ മുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം.

കിണര്‍: കിണറിന്റെ ഭിത്തികളില്‍ വിള്ളലുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം കിണര്‍ താണിരിക്കുന്നുവെന്നാണ്.

ഇതിനു കാരണം മണ്ണ് കുഴമ്പു പരുവത്തിലേക്ക് മാറിയിട്ടുള്ളതാകാം. ഈ സാഹചര്യത്തില്‍ തൊട്ടടുത്തു നില്‍ക്കുന്ന കെട്ടിടത്തിന്റെ ബലവും പരുങ്ങലിലായിരിക്കും.

വസ്തുക്കളുടെ അടിഞ്ഞുകൂടല്‍: ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളും സാധനസാമഗ്രികളും കൂടുതല്‍ ഉയരത്തില്‍ കെട്ടിടത്തില്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ അവയുടെ കനം കൊണ്ട് വാര്‍ക്കയ്ക്കും തദ്വാരാ കെട്ടിടത്തിനും തകരാറ് സംഭവിക്കാം.

സാധാരണ ഗതിയില്‍ ഒരു സ്‌ക്വയര്‍മീറ്റര്‍ വാര്‍ക്കയ്ക്ക് 200 കി.ഗ്രാം ഭാരംവഹിക്കാനുള്ള ശേഷിയാണ് ഉണ്ടായിരിക്കുക. അപ്പോള്‍, നിങ്ങളുടെ ആര്‍.സി.സി. സ്ലാബ ്10 സെ.മീ. കനത്തില്‍ മണല്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ അധികഭാരം താങ്ങുന്നത് കെട്ടിടമായിരിക്കും; മേല്‍ക്കൂരയ്ക്ക് ഇടിച്ചില്‍ സംഭവിക്കും.

ഭാവിയിലേക്കുള്ള കരുതല്‍

*പുതിയതായി കെട്ടിടം നിര്‍മ്മിക്കുകയാണെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഏരിയയുടെ ഫ്‌ളഡ്‌ ലെവല്‍ അഥവാ വെള്ളപ്പൊക്ക നിരപ്പ് എത്രയാണ് എന്നത് നിശ്ചയമായും കണക്കിലെടുത്തിരിക്കണം. കെ’ിടത്തിന്റെ ഗ്രൗണ്ട് ലെവല്‍ വരേണ്ടത് ഈ നിരപ്പിനു മുകളിലായിരിക്കണം.

  • കെട്ടിടം വെള്ളപ്പാച്ചിലിന്റെ വഴിയിലായിരിക്കരുത്.
  • ഏതെങ്കിലും കുന്നോ, കുഴിയോ, ചരിവോ സമീപപ്രദേശത്ത് ഉണ്ടെങ്കില്‍ അതില്‍നിന്ന് പരമാവധി ദൂരത്തിലായിരിക്കണം കെട്ടിടം.
  • കെട്ടിടത്തിനരികിലുള്ള ചരിഞ്ഞ പ്രദേശങ്ങളുടെ ഉറപ്പ് പരിശോധിക്കേണ്ടതാണ്.
  • ഏതു തരം കെട്ടിടമായാലും മണ്ണ് പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം.
  • ഡിസൈന്‍ ചെയ്യപ്പെട്ടതായിരിക്കണം എല്ലാത്തരം കെട്ടിടങ്ങളുടെയും സ്ട്രക്ചര്‍.
  • സീനിയര്‍ എഞ്ചിനീയര്‍മാരെക്കൊണ്ട് പ്രോജക്റ്റ് മാനേജ്‌മെന്റ്, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവ ചെയ്യിക്കുന്നതായാല്‍ മെറ്റീരിയല്‍, ലേബര്‍ എന്നിവയിലുണ്ടാകുന്ന പാഴ്‌ച്ചെലവ് കുറയ്ക്കാമെന്നു മാത്രമല്ല, കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കുക വഴി സമയനഷ്ടം ഒഴിവാക്കാം; അതിലൂടെ ധനനഷ്ടവും ഇല്ലാതാക്കാം.
reji zakaria

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി സക്കറിയ, എസ്.ആര്‍. കണ്‍സള്‍ട്ടന്റ്‌സ്, സ്ട്രക്ചറല്‍ & ജിയോടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ്, കൊച്ചി, ഫോ: 98460 26162. Email: rejizac2004@gmail.com

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*