വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം

ആര്‍ക്കിടെക്റ്റ് ഡോ. ഷീജ കെപി

ഡിസൈന്‍ കന്വൈനില്‍ ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രണ്ട് പതിറ്റാണ്ട് മുമ്പുള്ള കാലം ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് സീനിയര്‍ ആര്‍ക്കിടെക്റ്റായിരുന്ന രമേഷ് തരകന്‍ ക്ലയന്‍റ് സര്‍വീസിങ്ങിന് നല്‍കിയിരുന്ന ശ്രദ്ധയാണ്.

ഒരു ഡസനിലധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ എപ്പോഴും ഡിസൈന്‍ കമ്പൈനില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ, കേരളത്തില്‍ തന്നെ ഇത്രയധികം ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ ഒരേസമയം ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അധികമുണ്ടാകാന്‍ വഴിയില്ല.

മറ്റു സ്ഥാപനങ്ങളിലെ ജോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ ഏറ്റെടുത്തിരുന്ന പ്രോജക്റ്റുകളുടെ എണ്ണം – മിക്കവാറും വീടുകളായിരിക്കും – കുറവായിരുന്നു; കാരണം ഓരോ പ്രോജക്റ്റിനും ഓരോ ആര്‍ക്കിടെക്റ്റ് വീതം ചുമതലക്കാരനായി വേണമെന്ന് രമേഷ് തരകന് നിര്‍ബന്ധമുണ്ടായിരുന്നു.

ഇത് പ്രോജക്റ്റിന്‍റെ മൂല്യവും ജോലിയുടെ നിലവാരവും കൂട്ടുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. ആദ്യദിവസം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ കീഴിലുള്ള ടീമിന്‍റെ ഭാഗമാകാന്‍ ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റിനു അവസരം നല്‍കിയിരിക്കും.

തന്മൂലം അദ്ദേഹത്തിന്‍റെ മികച്ച ഡിസൈനുകളുടെ ഭാഗമാകാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ജൂനിയര്‍ ആര്‍ക്കിടെക്റ്റുകളോടൊപ്പം ജോലി ചെയ്ത് അവരുടെ മികച്ച വര്‍ക്കുകള്‍ അനായാസം പുറത്തെടുക്കാനുള്ള കഴിവ് രമേഷ് സാറിനുണ്ടായിരുന്നു.

ക്ലയന്‍റുകളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അനുവാദം രമേഷ് സര്‍ എല്ലാവര്‍ക്കും നല്‍കിയിരുന്നു; സൈറ്റ് സന്ദര്‍ശനങ്ങള്‍ക്കും വിടുമായിരുന്നു.

ക്ലയന്‍റുകളുമായി ജൂനിയര്‍ ആര്‍ക്കിടെക്റ്റുകള്‍ സൗഹൃദങ്ങളുണ്ടാക്കുന്നത് ഒരിക്കലും അദ്ദേഹം വിലക്കിയിരുന്നില്ല.

ഇവരില്‍ പലരും സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെ തന്നെ ചില ക്ലയന്‍റുകളുടെ ജോലികള്‍ പിന്നീട് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

പില്‍ക്കാലത്ത് ഞാന്‍ അധ്യാപനത്തിലേയ്ക്ക് തിരിഞ്ഞു. ഇപ്പോള്‍ കുട്ടികളോട് ഇടപെടുമ്പോള്‍ രമേഷ് സര്‍ ഡീറ്റെയിലിങിന് നല്‍കിയിരുന്ന ശ്രദ്ധയെപ്പറ്റി എപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.

ഡിസൈന്‍ കമ്പൈനിലെ ജോലിയില്‍ നിന്ന് ഞാന്‍ പഠിച്ച ഒരിക്കലും മറക്കാത്ത മറ്റൊരു കാര്യം ജോലിയില്‍ നൈതികതയ്ക്കുള്ള പ്രാധാന്യമായിരുന്നു.

തന്‍റെ ജോലികള്‍ക്ക് ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം ഒരിക്കലും പ്രോജക്റ്റുകള്‍ ലഭിക്കാനായി പ്രതിഫലം കുറച്ചിരുന്നില്ല.
അക്കാലത്തായിരുന്നു കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടം പരമാവധി ഫ്ളോര്‍ ഏരിയ 1.5 ആയി നിജപ്പെടുത്തിയത്.

എന്നാല്‍ ബന്ധപ്പെട്ട മന്ത്രിയുടെ അനുവാദത്തോടെ ചില ബില്‍ഡര്‍മാര്‍ ‘പ്രത്യേക അനുമതി’ എന്ന പഴുത് ഉപയോഗിച്ച് അത് മൂന്നും നാലുമാക്കി ഉയര്‍ത്തി തരപ്പെടുത്തിയിരുന്നു. ഇതിന് വലിയൊരു തുക ഫീസായി നല്‍കുകയും ചെയ്തിരുന്നു.

മൂന്ന് പ്രമുഖ ബില്‍ഡര്‍മാരുടെ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം രമേഷ് സര്‍ അപാര്‍ട്ട്മെന്‍റുകള്‍ ചെയ്യുന്നത് പാടേ നിര്‍ത്തി.

നഗരത്തിന്‍റെ ശേഷിയെയും അതിന്‍റെ ഇന്‍ഫ്രാസ്ട്രക്ചറിനെയും ഹനിച്ചുകൊണ്ടുള്ള നിര്‍മാണം വേണ്ടെന്ന് തന്നെ അദ്ദേഹം ഉറച്ച നിലപാടെടുത്തു. ഇതൊരു വിവാദപരമായ കര്‍ശന നിലപാടായിരുന്നു.

എന്നാല്‍ രമേഷ് സാറും അദ്ദേഹത്തിന്‍റെ പങ്കാളിയായ ജേക്കബ് ജോര്‍ജും ഇതിലുറച്ചു നിന്നുകൊണ്ട് ഒന്നിനു പിന്നാലെ മറ്റൊന്നായി പല പ്രോജക്റ്റുകളും വേണ്ടെന്നു വെയ്ക്കുക തന്നെ ചെയ്തു.

അനവധി നല്ല വീടുകളുടെ ശില്‍പിയായ അദ്ദേഹത്തിന് ബില്‍ഡര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് നടത്തുന്ന രൂപകല്‍പന ഒരിക്കലും സംതൃപ്തി നല്‍കിയിട്ടുണ്ടാകാനും വഴിയില്ല.

പറഞ്ഞത് പോലെ തന്നെ പ്രവര്‍ത്തിച്ചു കാണിക്കുന്ന ഈ പ്രൊഫഷണിലുള്ള അപൂര്‍വ്വം പേരില്‍ ഒരാളാണ് രമേഷ് തരകന്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

അതുകൊണ്ടു തന്നെ വളര്‍ന്നു വരുന്ന ആര്‍ക്കിടെക്റ്റുകള്‍ക്ക് ഏതവസരത്തിലും ചൂണ്ടിക്കാണിക്കാനാവുന്ന ഒരു മാതൃകാപുരുഷനാണ് അദ്ദേഹം.

ലേഖിക: ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍, കോളേജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*