രമേഷ് ജെ തരകന്‍ @ 70

ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാന്‍, ആര്‍ക്കിടെക്റ്റ് സിറില്‍ പോള്‍, ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ്

ഈ പ്രത്യേകപതിപ്പിലൂടെ ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയും അങ്ങേയറ്റം സംസ്കാരസമ്പന്നനുമായ രമേഷ്.ജെ.തരകന്‍റെ ജീവിതവും അദ്ദേഹം പിന്നിട്ട വഴികളും ആഘോഷിക്കുകയാണ് ഞങ്ങള്‍.

ജൂനിയറുകളും അസോസിയേറ്റുകളും എന്ന നിലയ്ക്കു ഡിസൈന്‍ കമ്പൈനിലെ കാലഘട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞു എങ്കിലും പൂര്‍വ വിദ്യാര്‍ത്ഥികള്‍ അധ്യാപകരും സഹപാഠികളുമായുള്ള ബന്ധം സൂക്ഷിക്കുന്നത് പോലെ ഞങ്ങളെല്ലാവരും ഇന്നും സീനിയര്‍ ആയ രമേഷ് തരകനുമായും തമ്മില്‍ത്തമ്മിലും നിരന്തരം ബന്ധപ്പെടാറുണ്ട്.

അന്നുമിന്നും പുതുതലമുറ ആര്‍ക്കിടെക്റ്റുകള്‍ക്കുള്ള മികച്ച പരിശീലന കേന്ദ്രമായി തന്നെ ഡിസൈന്‍ കമ്പൈന്‍ തുടരുന്നു.

സംസ്ഥാനത്തെ മറ്റു പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങളെ തമ്മില്‍ ഈ മട്ടില്‍ അന്യാദൃശമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത് എന്തായിരിക്കുമെന്ന് ഞങ്ങള്‍ അതിശയിക്കാറുണ്ട്.

ALSO READ: ഇത് രമേഷ് തരകന്‍ സ്കൂള്‍

അപാരമായ കഴിവുകളുള്ള, തികച്ചും ശാന്തനും മര്യാദക്കാരനും, ലോകപരിചയമുള്ളവനുമായ, വളരെ അധികം യാത്രകള്‍ ചെയ്തിട്ടുള്ള, എന്തിനെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുള്ള, മികച്ച പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച്, രാജ്യത്തെ തന്നെ മികച്ച സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയ ഞങ്ങളുടെ തൊഴിലുടമയുടെ അതുല്യവ്യക്തിത്വം ഒന്നുമാത്രമാണ് ഈ അപൂര്‍വ്വ ബന്ധത്തിനു പിന്നിലെന്ന നിഗമനത്തിലാണ് ഞങ്ങള്‍ എത്തുന്നത്.

പരിചയപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഏറെ പറയാനുണ്ടാകും.

കേവലം ഒരു പ്രൊഫഷണല്‍ ചട്ടക്കൂടിനകത്ത് നിന്ന് മാത്രം അദ്ദേഹത്തെ വിലയിരുത്താന്‍ ആര്‍ക്കും കഴിയില്ല. കാരണം അത്തരം വിഭാഗീയതകള്‍ക്ക് അതീതനും അനിര്‍വചനീയുമായ ഒരു വ്യക്തിയാണ് അദ്ദേഹം.

70കളുടെ ആദ്യപാദത്തില്‍ ആധുനിക ഇന്ത്യന്‍ വാസ്തുകലാ കുലപതികള്‍ക്കു കീഴില്‍ പഠിച്ച് ഡല്‍ഹി എസ്പിഎയില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ നേടിയതിനു ശേഷം കേരളത്തില്‍ പ്രാക്ടീസ് തുടങ്ങിയ ആളാണ് അദ്ദേഹം.

ഡിസൈന്‍ പ്രക്രിയയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന അദ്ദേഹം യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത ജൂനിയേഴ്സിനോടും വളരെ അടുത്തിടപഴകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് അവര്‍ക്കെല്ലാം തങ്ങളുടെ പ്രൊഫഷനില്‍ വിജയിക്കാന്‍ വേണ്ട പിന്തുണയും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ ഞങ്ങളെല്ലാം അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തിന് എഴുപത് വയസ്സായി. മഹാനായ ആ മനുഷ്യന് ആദരം അര്‍പ്പിക്കാനും പൊതുജനങ്ങള്‍ക്കും വരും തലമുറകള്‍ക്കുമായി അദ്ദേഹത്തിന്‍റെ ജീവിതയാത്ര രേഖപ്പെടുത്തി വയ്ക്കാനുമുള്ള സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.

അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ അന്ന് അദ്ദേഹത്തിനുണ്ടായിരുന്ന പ്രായത്തിലെത്തുകയും പ്രൊഫഷണല്‍ വിജയം നേടുകയും ചെയ്തെങ്കിലും ഞങ്ങളുടെ ജൂനിയേഴ്സിനെ പ്രചോദിപ്പിക്കുന്നതിലോ പരുവപ്പെടുത്തുന്നതിലോ അദ്ദേഹത്തിന്‍റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും എത്തുകയില്ലെന്നതും ഒരു യഥാര്‍ത്ഥ വസ്തുതയാണ്. ഈ പ്രത്യേക പതിപ്പ് ഞങ്ങളുടെ ഗുരുദക്ഷിണയാണ്.ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാന്‍
ആര്‍ക്കിടെക്റ്റ് സിറില്‍ പോള്‍
ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ്

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*