പൈതൃക സംരക്ഷണ നിര്‍മ്മാണത്തിന്‍റെ നള്‍വഴികള്‍

ഒരു ഉറച്ച ആധുനികവാദിയായാണ് രമേഷ് തരകന്‍ ഡല്‍ഹി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്.

എന്നാല്‍ തന്‍റെ ഇരുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള തറവാടും അതിന്‍റെ മുക്കും മൂലയും തടി കൊണ്ടുള്ള പണികളും ഇരുട്ടു നിറഞ്ഞ മുറികളുമെല്ലാം അദ്ദേഹത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നവയാണ്.

1987ല്‍ രമേഷ് തരകന്‍ അധ്യക്ഷനായി ഇന്‍റാക് ഇന്ത്യയുടെ കൊച്ചി ചാപ്റ്ററിന് തുടക്കമായി. ഇന്‍റാകിന്‍റെ നേതൃത്വത്തില്‍ അദ്ദേഹം ഫോര്‍ട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ പൈതൃക നിര്‍മാണങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടു.

അക്കാലത്ത് ഫോര്‍ട്ട് കൊച്ചി പ്രദേശത്തിന് പ്രത്യേകിച്ച് പൈതൃകപദവിയൊന്നും ഉണ്ടായിരുന്നില്ല.

പ്രൊഫസര്‍ കെ ടി രവീന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ ഇന്‍റാക്കിന്‍റെ പ്രാരംഭ’ പഠനമായിരുന്നു ഫോര്‍ട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ പൈതൃക നിര്‍മാണകലയെപ്പറ്റി രേഖപ്പെടുത്തിയ ആദ്യ റിപ്പോര്‍ട്ട്.

കൊച്ചിയിലെ പ്രാദേശിക ഭരണാധികാരികളുമായി ബന്ധപ്പെട്ടാണ് രമേഷ് തരകന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പ്രൊഫസര്‍ രവീന്ദ്രന്‍ ഓര്‍മിക്കുന്നു.

ഫോര്‍ട്ട് കൊച്ചിയുടെ പൈതൃകമന്ദിരങ്ങള്‍ക്കും ഇന്‍റാക്കിനും വേണ്ടി രമേഷ് തരകന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി വിശദമായി അറിയാവുന്നത് മുന്‍ കൊച്ചി മേയറായ കെ. ജെ. സോഹനാണ്.

ഇന്‍റാക് ടീം തയ്യാറാക്കിയ റിപ്പോര്‍ട്ട് കൊച്ചി മുനിസിപ്പല്‍ കൗണ്‍സിലിനാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്ന 60 സ്ലൈഡുകളുള്ള പ്രസന്‍റേഷന്‍ കണ്ട ജനപ്രതിനിധികള്‍ കുറച്ചധികം ചോദ്യങ്ങളുന്നയിച്ചു.

കാരണം ഫോര്‍ട്ട് കൊച്ചിയുടെ പൈതൃകം സംരക്ഷിക്കുക എന്നത് അന്ന് പുതിയൊരു ആശയമായിരുന്നു. തുടര്‍ന്ന് അധികം വൈകാതെ 1990ല്‍ അര്‍ബന്‍ ആര്‍ട്സ് കമ്മീഷന്‍റെ നിയന്ത്രണത്തില്‍ ഫോര്‍ട്ടുകൊച്ചി പ്രത്യേക പൈതൃക മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

അര്‍ബന്‍ ആര്‍ട്സ് കമ്മീഷന്‍ പില്‍ക്കാലത്ത് പൈതൃക കമ്മീഷനായി മാറി. ഫോര്‍ട്ട് കൊച്ചി പ്രദേശത്തിന്‍റെ പൈതൃകസംരക്ഷണത്തിന് വഴിയൊരുക്കിയത് ഇന്‍റാക് റിപ്പോര്‍ട്ടും പഠന കമ്മീഷന്‍റെ ഭാഗമായ ലാറി ബേക്കറെപ്പോലുള്ള പ്രഗത്ഭരുമായിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ‘മലബാര്‍ ഹൗസ്’ എന്ന ടീ ട്വിന്‍ ബംഗ്ലാവ് ഒരു ബുത്തീക്ക് ഹോട്ടലാക്കി മാറ്റണമെന്ന ആവശ്യവുമായാണ് യോര്‍ഗ് ഡ്രെഷല്‍ എന്ന ജര്‍മന്‍കാരന്‍ രമേഷിനെ സമീപിച്ചത്.

പൗരാണിക പ്രൗഢിയുള്ള കെട്ടിടങ്ങള്‍ ലാഭകരമായ ബിസിനസായി മാറ്റാന്‍ സാധിക്കാതെ ചിതലരിച്ചു പോയിക്കൊണ്ടിരുന്ന തൊണ്ണൂറുകളില്‍ ബുട്ടീക്ക് ഹോട്ടല്‍ എന്ന ആശയം ഫോര്‍ട്ട്കൊച്ചിയ്ക്കോ കേരളത്തിനോ എന്തിന് ഇന്ത്യയില്‍ പോലും അത്ര പരിചിതമായിരുന്നില്ല.

മലബാര്‍ ഹൗസ് കെട്ടിടത്തിന്‍റെ നല്ല ഉയരമുള്ള മുന്‍ഭാഗം അതിമനോഹരമായിരുന്നു. എന്നാല്‍ രണ്ട് കെട്ടിടങ്ങള്‍ കൂടിച്ചേര്‍ന്ന ബംഗ്ലാവിനെ ഒറ്റ ഹോട്ടലാക്കി മാറ്റുകയായിരുന്നു നിര്‍മാണത്തിലെ കടമ്പ.

മലബാര്‍ ഹൗസ്

ബംഗ്ലാവിന്‍റെ നടുഭാഗം ഒരു ഡബിള്‍ ഹൈറ്റ് സ്പെയ്സാക്കി മാറ്റിയ രമേഷ് ഇവിടം എന്‍ട്രന്‍സിനും റിസപ്ഷനും വേണ്ടി നീക്കി വെച്ചു.

ഒരു ആധുനികവാദിയായ ആര്‍ക്കിടെക്റ്റില്‍ നിന്ന് പരമ്പരാഗത കെട്ടിടങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കിടെക്റ്റിലേയ്ക്ക് രമേഷ് അനായാസം ഒഴുകി നീങ്ങുന്നത് കെട്ടിടത്തില്‍ എല്ലായിടത്തും കാണാം.

കൈകൊണ്ട് കൊത്തിയെടുത്ത ഗ്രാനൈറ്റ് ടൈലുകളും തറയോടുകളുമിട്ടു നിര്‍മിച്ച കെട്ടിടത്തിലേയ്ക്ക് കൈ കൊണ്ട് കൊത്തിയ ഗ്രാനൈറ്റിന്‍റെ ഫിനിഷ് വരുത്തിയ ഒരു കോണ്‍ക്രീറ്റ് ഫ്ളൂയിഡ് സ്റ്റെയര്‍കേസ് രമേഷ് നിഷ്പ്രയാസം സ്ഥാപിക്കും.

സാധാരണ കോണ്‍ക്രീറ്റില്‍ ഗ്രാനൈറ്റില്‍ ചെയ്യുന്നതുപോലുള്ള കൊത്തുവേലകള്‍ ചെയ്യുന്നത് രമേഷിന്‍റെ നിര്‍മാണങ്ങളുടെ മുഖമുദ്രയായിരുന്നു.

അതുപോലെ രമേഷിന്‍റെ കെട്ടിടങ്ങളില്‍ മഴവെള്ളം ഭൂമിയിലേയ്ക്ക് ഇറക്കാനുള്ള പൈപ്പുകള്‍ക്ക് പകരക്കാരായി താഴേയ്ക്ക് തൂക്കിയിട്ട ചങ്ങലകള്‍ ഇടംപിടിച്ചു. ഈ രീതികള്‍ രമേഷിന്‍റെ ശിഷ്യന്മാര്‍ പില്‍ക്കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്.

വളരെ വൃത്തിയായി പുതുക്കിയെടുത്ത ഒരു പൈതൃകമന്ദിരത്തിന്‍റെ അതിമനോഹരമായ ഉദാഹരണമാണ് മലബാര്‍ ഹൗസ് എന്ന് പ്രൊഫസര്‍ രവീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

രമേഷിന്‍റെ ജോലിയില്‍ ബാവയുടെ സ്വാധീനം എല്ലായിടത്തും കാണാം. പരമ്പരാഗത രീതിയില്‍ പണിത കെട്ടിടങ്ങളില്‍ ലളിതമായ ഇടങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ബാവയുടെ കഴിവ് രമേഷിന്‍റെ നിര്‍മാണങ്ങളിലും ദൃശ്യമാണ്.

അദ്ദേഹത്തിന്‍റെ ഈ കഴിവ് പൈതൃക കെട്ടിടങ്ങളുടെ തനതു സ്വഭാവം ചോരാതെ തന്നെ പുതിയ ഉപയോഗങ്ങള്‍ക്ക് ചേരുന്നതാക്കി തീര്‍ക്കാന്‍ സഹായിച്ചിരുന്നു.

സെന്‍റ് ഫ്രാന്‍സിസ് പള്ളിയ്ക്ക് എതിര്‍വശത്തുള്ള പഴയ വിഓസി ബംഗ്ലാവിലായിരുന്നു രമേഷ് അടുത്തതായി കൈവെച്ചത്. ആ ചരിത്രനിര്‍മിതിയുടെ തനിമ രമേഷ് അതേപടി നിലനിര്‍ത്തി. സ്ട്രക്ചറില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കുമായിരുന്നില്ല.

പുരാതന ഭംഗി നിലനിര്‍ത്തിക്കൊണ്ട് ആധുനികകാലത്തെ സുഖസൗകര്യങ്ങള്‍ ഒരുക്കി ആ പഴയ ഡച്ച് കെട്ടിടത്തെ ജീവസ്സുറ്റ ഒരു വീടാക്കി മാറ്റുക എന്നതായിരുന്നു രമേഷിന്‍റെ ദൗത്യം.

ഏതാണ്ട് എല്ലാ ഡച്ച് കെട്ടിടങ്ങളെയും പോലെ വിഓസി ബംഗ്ലാവിന്‍റെയും താഴത്തെ നില ഇരുട്ടു നിറഞ്ഞ സ്ഥലമായിരുന്നു; നൂറ്റാണ്ടുകളോളം വേലക്കാരും മറ്റും ഉപയോഗിച്ചു പഴകിയ ഇവിടെ പല തവണ പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു.

വീടിന്‍റെ മുകളിലെ നിലയാകട്ടെ ഉടമസ്ഥര്‍ക്കായാണ് നീക്കി വെച്ചിരുന്നത്. പല കാലങ്ങളായി കെട്ടിടത്തില്‍ നടത്തിയ അധികനിര്‍മിതികള്‍ നീക്കിയതോടെ കൈവരികളിലും മറ്റു പഴയ വിഒസി ചിഹ്നങ്ങള്‍ തെളിഞ്ഞു വന്നു.

തടിയില്‍ നിര്‍മിച്ച പഴയ ഗംഭീരമായ ഗോവണി പുതുക്കിയെടുത്തു. അടച്ചുപൂട്ടി ഇരുട്ടു നിറച്ച മുറികള്‍ കാറ്റും വെളിച്ചവും കയറുന്നതു പോലെ നവീകരിച്ചു.

കെട്ടിടത്തിന്‍റെ ഉടമസ്ഥരുടെ കൈവശമുണ്ടായിരുന്ന കൊളോണിയല്‍ കാലത്തെ പെയിന്‍റിങ്ങുകളും വിഓസി ഗവര്‍ണര്‍മാരുടെ ചിത്രങ്ങളും ഉപയോഗിച്ച് ബംഗ്ലാവ് അലങ്കരിക്കുകയും ചെയ്തു.

തന്മൂലം ചരിത്ര നിര്‍മിതിയോട് ചേര്‍ന്നു നില്‍ക്കുന്ന ബംഗ്ലാവിന്‍റെ പൗരാണിക പ്രഭാവത്തിന് ആഴം കൂട്ടി. വിഓസി ബംഗ്ലാവ് പുതുക്കിയെടുത്തു നിര്‍മിച്ച ബുത്തീക്ക് ഹോട്ടലിന് ഫ്രഞ്ചുകാരായ ഉടമസ്ഥര്‍ നല്‍കിയ പേര് ‘ലെ കൊളോണിയല്‍’ എന്നതും ഉചിതമായിരിക്കുന്നു.

ലെ കൊളോണിയല്‍

ഫോര്‍ട്ട് കൊച്ചിയില്‍ രമേഷ് തരകന്‍ ജീവന്‍ വെയ്പ്പിച്ച അടുത്ത കെട്ടിടം പ്രശസ്തമായ ടവര്‍ ഹൗസ് മന്ദിരമായിരുന്നു. പിയേഴ്സ് ലെസ്ലി കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ ഡച്ച് ബംഗ്ലാവിന്‍റെ ഭാഗമായി സദാ സമയവും കായലിലെ കുഞ്ഞോളങ്ങള്‍ തൊട്ടു തലോടി നില്‍ക്കുന്ന 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലൈറ്റ് ഹൗസും ഉണ്ടായിരുന്നു.

നീമ്രാണ കമ്പനിയ്ക്ക് വേണ്ടി കെട്ടിടത്തിന്‍റെ പുനര്‍നിര്‍മാണം ആരംഭിക്കുമ്പോള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ ഗരാജിലേയ്ക്ക് ബോട്ടുകളും മറ്റും അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്ന ഒരു അവസ്ഥയിലായിരുന്നു.

മറ്റു ഡച്ച് ബംഗ്ലാവുകളെപ്പോലെ ടവര്‍ ഹൗസിന്‍റെയും താഴത്തെ നില ഒരു ഇരുട്ടറയായിരുന്നു. കൂടാതെ പല കാലങ്ങളായി നടത്തിയ തട്ടിക്കൂട്ടു പണികള്‍ കെട്ടിടത്തിന്‍റെ ചാരുതയും തേജസ്സും അപ്പാടെ നശിപ്പിച്ചിരുന്നു.

ടവര്‍ ഹൗസ്

സിമന്‍റ് ഉപയോഗിച്ച് തേച്ച് ഇനാമല്‍ പെയിന്‍റടിച്ച് കെട്ടിടത്തിന്‍റെ ചുവരുകളും വികൃതമാക്കിയിരുന്നു. കൂടാതെ അധികമായി ഭിത്തികള്‍ നിര്‍മിച്ചതോടെ ബംഗ്ലാവിന്‍റെ മുറികളും ചെറുകഷണങ്ങളായി മാറിയിരുന്നു.

ബംഗ്ലാവിലെ മനോഹരമായ സ്റ്റെയര്‍കേസുകളാകട്ടെ നാലുപാടും ചുവരുകെട്ടി ഇരുട്ടിലായിരുന്നു.

ബിഷപ് ഹൗസ്

കെട്ടിടത്തിന്‍റെ നടുഭാഗം വലുതാക്കി സെന്‍റര്‍ ബേയില്‍ ഒരു ഡബിള്‍ ഹൈറ്റ് സ്പെയ്സ് നിര്‍മിക്കുകയായിരുന്നു പ്രധാന പണി. കൂടാതെ മേല്‍ക്കൂരയില്‍ ഡോര്‍മര്‍ ജനലുകളും സ്ഥാപിച്ചു. ഇതോടെ കെട്ടിടത്തിന്‍റെ തറയുടെ ഇരുട്ടുനിറഞ്ഞ പ്രതീതി മാറി.

പുനര്‍നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി കെട്ടിടത്തിലെ പഴയ ആര്‍ച്ചുകള്‍ മറച്ചിരുന്ന പുതിയ ഭിത്തികള്‍ നീക്കം ചെയ്തു.

കൂടാതെ കെട്ടിടത്തിന്‍റെ സീലിങും അതിന്‍റെ യഥാര്‍ത്ഥ ഉയരത്തിലേയ്ക്ക് കൊണ്ടുവന്നു. പഴയ കാലത്തിലേയ്ക്ക് കെട്ടിടം ഒരു യാത്ര നടത്തിയതു പോലെയായിരുന്നു അത്.

8th ബാസ്റ്റ്യന്‍ കെട്ടിടം പുനരുദ്ധരിക്കുന്ന കാലമായപ്പോഴേക്കും രമേഷിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയിലെത്തി എന്നു പറയാം.

8th ബാസ്റ്റ്യണ്‍ ബംഗ്ലാവ്

15 വര്‍ഷം മുന്‍പ് അദ്ദേഹം ആദ്യമായി അവതരിപ്പിച്ച ബുത്തീക്ക് ഹോട്ടല്‍ എന്ന ആശയം ഇതിനോടകം ഫോര്‍ട്ട്കൊച്ചിയുടെ വീഥികളില്‍ എല്ലായിടത്തും പടര്‍ന്നിരുന്നു.

രമേഷ് തരകന്‍ ആദ്യമായി നവീകരിച്ച മലബാര്‍ ഹൗസിന് നേരെ എതിര്‍വശത്തായുള്ള റോഡില്‍ പ്രശസ്തമായ ഡച്ച് സിമിത്തേരിയോട് ചേര്‍ന്ന് 1960കളില്‍ നിര്‍മിച്ച ഒരു ഫ്ളാറ്റ് റൂഫ് കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു ഇത്.

ഈ കെട്ടിടം നവീകരിക്കാന്‍ അതുവരെയുള്ള ഹെറിറ്റേജ് ആര്‍ക്കിടെക്ചര്‍ നയം ഒന്നു മാറ്റിപ്പിടിക്കണമായിരുന്നു. വ്യാവസായിക കാലത്തെ ഡച്ച് നിര്‍മാണരീതിയില്‍ കടല്‍ വ്യാപാരവുമായി ബന്ധമുള്ള അതിന്‍റെ ചരിത്രം ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ ആ കെട്ടിടത്തിന്‍റെ രൂപം.

കെട്ടിടത്തിന്‍റെ രൂപഭംഗിയ്ക്കായി അക്കാലത്തെ ലോഹനിര്‍മിതമായ ഉപകരണങ്ങളും ക്വില്‍റ്റിങ് രീതികളും പുനര്‍നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തി.

ഡച്ച് ക്വില്‍റ്റിങ് രീതികള്‍ അവയുടെ സൗന്ദര്യാത്മകതയും

ഡീറ്റെയ്അക്കാലത്ത് കൊച്ചിയില്‍ തന്നെ പുതിയൊരു കരകൗശല മേഖലയ്ക്ക് തുടക്കമിട്ടിരുന്നു. ടെറാകോട്ട ടൈലുകളും തടിയും ഗ്രാനൈറ്റും ഉപേക്ഷിച്ച് ഇത്തവണ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന മൊസൈക്ക് തറകളാണ് ഈ കെട്ടിടത്തില്‍ ഉപയോഗിച്ചത്.

പുതുതായി രൂപപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം മൊസൈക്ക് തറകള്‍ നിര്‍മിച്ചു.

പഴയ കെട്ടിടത്തിന്‍റെ പരന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് മുകളിലായി നാലുവശങ്ങളുള്ള ഒരു ചെരിഞ്ഞ മേല്‍ക്കൂര സ്ഥാപിച്ചതോടെ ചുറ്റുമുള്ള പൗരാണിക പ്രൗഢിയുള്ള കെട്ടിടങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു ആകാശദൃശ്യം ഈ കെട്ടിടത്തിനും ലഭിച്ചു.

പൗരാണിക കെട്ടിടങ്ങളുടെ കെട്ടുപാടുകളില്ലാതെ, എന്നാല്‍ അതിന്‍റെ വികാരം ഉള്‍ക്കൊണ്ട് ചരിത്രത്തിന്‍റെ ഭാരം മനസ്സിലാക്കി അതിനോട് വിധേയപ്പെട്ട് നില്‍ക്കുന്ന രീതിയിലായിരുന്നു ഈ കെട്ടിടം നിര്‍മിച്ചത്.

അതിനായി മന:പൂര്‍വ്വമായി ഉപയോഗപ്പെടുത്തിയ രീതിയും പുതിയതായിരുന്നു.ഗതകാലത്തിന്‍റെ നീക്കിയിരുപ്പുകള്‍ തിരിച്ചറിഞ്ഞ് അത് ആധുനിക കാലത്തെ ഉപയോഗങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുന്നതിലുള്ള അന്യാദൃശ കഴിവായിരുന്നു രമേഷിന്‍റെ ഔദ്യോഗിക വൃത്തിയിലെ മുഖമുദ്ര.

അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ കടമെടുക്കല്‍ അദ്ദേഹം തന്നെ രൂപകല്‍പന ചെയ്ത സ്വന്തം വീട്ടിലും പില്‍ക്കാലത്ത് രൂപകല്‍പന ചെയ്ത മറ്റു വീടുകളിലും കാണാം – നാലു വശങ്ങളുള്ള നാടന്‍ മേല്‍ക്കൂരയും ചുറ്റി വളഞ്ഞു വരുന്ന തടികൊണ്ടുള്ള ബാല്‍ക്കണിയുമെല്ലാം അതിന്‍റെ ഭാഗമാണ്.

ഭിത്തികളെ വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കേണ്ടതു കൊണ്ട് കേരളത്തിലെ കാലാവസ്ഥയില്‍ വീടുകള്‍ക്ക് ഏറ്റവും നല്ലത് നാലുവശങ്ങളുള്ള ചെരിഞ്ഞ മേല്‍ക്കൂരയാണെന്നാണ് രമേഷിന്‍റെ ഉറച്ച വിശ്വാസം.

ചെറുപ്പക്കാരായ ആര്‍ക്കിടെക്റ്റുകള്‍ ഉപയോഗിച്ചു വരുന്ന പരന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയോട് രമേഷിന് എതിര്‍പ്പില്ല താനും. എന്നാല്‍ കേരളത്തിലെ ആര്‍ക്കിടെക്ചറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്ന അവരുടെ കഴിവുകളെ അഭിനന്ദിക്കുമ്പോഴും കേരളത്തിന്‍റെ സാഹചര്യത്തില്‍ അതിന്‍റെ ചേര്‍ച്ചയെപ്പറ്റി അദ്ദേഹം ഉറപ്പുപറയുകയില്ല.

ഇതേപ്പറ്റി സംസാരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്കെല്ലാവര്‍ക്കും പിതൃതുല്യനാക്കുന്ന അദ്ദേഹത്തിന്‍റെ ഉള്ളിലെ ഏറ്റവും നല്ല ഗുണം പുറത്തു വരുന്നത് – ഇത്രയധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആളായിട്ടും ഈ എഴുപതാം വയസ്സിലും അദ്ദേഹത്തിന് പുതിയ ആശയങ്ങള്‍ പരിഗണിക്കാനും അതിന്‍റെ ഗുണങ്ങള്‍ വിശകലനം ചെയ്യാനും ഒരു മടിയുമില്ല.

ഒപ്പം സ്വന്തം നയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഉദാഹരണമായി പ്രകൃതി വിഭവങ്ങള്‍ക്കായി കഷ്ടപ്പെടുന്ന ഇന്നത്തെ ലോകത്ത് ചുട്ടെടുത്ത കളിമണ്ണ് കൊണ്ടുള്ള നിര്‍മാണവസ്തുക്കള്‍ യോജിക്കില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

കൊച്ചിയിലും കേരളത്തിലും ഇന്ത്യയിലുമൊക്കെ പൈതൃകനിര്‍മിതികള്‍ സംരക്ഷിക്കുന്നതിലുള്ള ഇന്നത്തെ രീതികളെപ്പറ്റി ചോദിച്ചാല്‍ പഴയതിനെ മറന്നു കൊണ്ട് എല്ലാം പുതുതായി നിര്‍മിക്കാനുള്ള താത്പര്യത്തെ രമേഷ് ചോദ്യം ചെയ്യും.

നമുക്ക് ഇതെങ്ങനെ താങ്ങാനാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഭൂതകാലം എത്ര മോശമാണെങ്കിലും അതിനെ മറന്നു കൊണ്ട് നന്മകളിലേക്ക് മാത്രം നോക്കുന്ന ചിന്താഗതിയോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ട്.

തൊണ്ണൂറുകളില്‍ ഉപയോഗിച്ചിരുന്ന മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗങ്ങളും രീതികളും പുതിയ ഇന്ത്യയ്ക്ക് ആവശ്യമായിരിക്കാം. എന്നാല്‍ ആകര്‍ഷകമായ പുതിയ രീതികള്‍ക്കു വേണ്ടി പഴയതിനെയെല്ലാം എടുത്തെറിയുന്ന രീതി അരുതെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

AR.MONOLITHA CHATTERJEE

ലേഖിക: പാര്‍ട്ണര്‍, ഡിസൈന്‍ കമ്പൈന്‍

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=1h6x9U1Yhe8
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*