ഇത് രമേഷ് തരകന്‍ സ്കൂള്‍

Architect Ramesh J Tharakan turns 70

തിരുവിതാംകൂര്‍ രാജഭരണകാലത്ത് കൊല്ലിനും കൊലയ്ക്കും വരെ അധികാരമുണ്ടായിരുന്ന കരം പിരിക്കാനും നീതി നടപ്പാക്കാനും ചുമതലക്കാരായിരുന്ന പുരാതന കുടുംബമാണ് എഴുപുന്നയിലെ പാറായില്‍ തരകന്‍ കുടുംബം.

ഈ കുടുംബത്തിലെ അംഗമായിട്ടാണ് 1949 ജൂണ്‍ 20ന് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍റെ ജനനം. 1970 ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം രമേഷിന്‍റെ പിതാവ് ജോണ്‍ തരകന് നഷ്ടമായത് ഏക്കറുകണക്കിന് ഭൂമിയാണ്.

അങ്ങനെയാണ് സീഫുഡ് കയറ്റുമതി വ്യാപാരരംഗത്തേക്ക് ഇവരുടെ കുടുംബം തിരിയുന്നത്.

ഡല്‍ഹി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍റ് പ്ലാനിങ്ങില്‍ നിന്ന് ബി.ആര്‍ക്ക് ബിരുദം നേടിയ രമേഷിന് 1970കളുടെ തുടക്കത്തില്‍ കേരളത്തിലേക്ക് തിരിച്ചു വരേണ്ടി വന്നതും കുടുംബ ബിസിനസ്സിന് അമരക്കാരനാകേണ്ടി വന്നതുമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതായിരുന്നു.

തന്മൂലം ആര്‍ക്കിടെക്റ്റ് എന്ന രീതിയില്‍ മാറ്റുരയ്ക്കുന്നതിനു മുന്നേ സംരംഭകന്‍ എന്ന നിലയില്‍ പയറ്റിത്തെളിഞ്ഞതാണ് രമേഷിന്‍റെ ആദ്യകാലം. “നിന്‍റെ കുടുംബവും വേരുകളും ഇവിടെ ആണ്; ഇവിടെ തന്നെ ജീവിക്കണം; ഇവിടെ തന്നെ പ്രവര്‍ത്തിക്കണം” പിതാവിന്‍റെ ഈ വാക്കുകളെ മാനിക്കുകയായിരുന്നു അദ്ദേഹം.

രമേഷിന്‍റെ മാതാപിതാക്കള്‍: ലില്ലിക്കുട്ടി തരകനും ജോണ്‍ തരകനും

മക്കള്‍ക്കെല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ജോണ്‍ തരകന്‍. അതുകൊണ്ട് ഇന്ത്യയിലെ മികച്ച ബോര്‍ഡിങ് സ്കൂളുകളിലും മികച്ച കോളേജുകളിലുമാണ് രമേഷ് തരകനും സഹോദരങ്ങളും പഠിച്ചത്.

ആറുസഹോദരങ്ങളില്‍ അഞ്ചാമത്തെയാളാണ് രമേഷ്. രമേഷിന്‍റെ മാതാവ് ചേര്‍ത്തല അന്ത്രപ്പേര്‍ കുടുംബാംഗമായ ലില്ലി ക്കുട്ടി തരകന്‍ ആണ്. കെ.ആര്‍. ഗൗരിയമ്മയുടെ ഉറ്റ സുഹൃത്തായിരുന്ന അമ്മ ആ നാട്ടിലെയും വീട്ടിലെയും പ്രമാണി തന്നെയായിരുന്നു.

ആതിഥ്യ മര്യാദയ്ക്കും സ്നേഹബന്ധങ്ങള്‍ക്കുമൊക്കെ ഏറെ വിലകല്‍പ്പിക്കുന്ന അമ്മയാണ് ഫാക്ടറിയിലേക്കുള്ള ജോലിക്കാരെ പരിചയവൃത്തത്തില്‍ നിന്ന് തെരഞ്ഞെടുത്തിരുന്നതെന്നും രമേഷ് തരകന്‍റെ സംസാരരീതിയും സ്വഭാവവും കരുതല്‍ മനോഭാവവുമൊക്കെ ആ അമ്മയില്‍നിന്ന് കിട്ടിയതാകണമെന്നും വളരെക്കാലം ഈ കുടുംബത്തോട് അടുത്തിടപഴകിയിട്ടുള്ള രമേഷ് തരകന്‍റെ മുന്‍സ്റ്റാഫംഗമായിരുന്ന പീറ്റര്‍ ജോസ് ഓര്‍മ്മിക്കുന്നു.

“കേരളസംസ്കാരത്തിന്‍റെ തന്നെ ഭാഗമായ പരമ്പരാഗത ചിട്ടകള്‍ എല്ലാം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ബന്ധമായിരുന്നു മാതാപിതാക്കള്‍ക്ക്. ഏവരെയും ബഹുമാനിക്കണം എന്നും കുടുംബത്തിന്‍റെ സല്‍പ്പേരും പാരമ്പര്യവും മക്കള്‍ നിലനിര്‍ത്തണം എന്നും എപ്പോഴും നിഷ്കര്‍ഷിച്ചിരുന്നു.

ഞങ്ങള്‍ക്ക് ഈശ്വരാനുഗ്രഹം കൊണ്ട് ലഭിച്ച കഴിവുകള്‍ സമൂഹനന്മയ്ക്ക് ഉപയോഗപ്പെടുത്തണം എന്ന് അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. ആ മനോഭാവം ഞങ്ങളുടെയെല്ലാം ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.

ബിസിനസ് ആകട്ടെ, പ്രൊഫഷന്‍ ആകട്ടെ എല്ലാ മേഖലകളിലും സ്വയവും ചുറ്റുമുള്ളവരോടും സത്യസന്ധത പുലര്‍ത്തണം എന്നതായിരുന്നു നിര്‍ബന്ധമായിരുന്ന മറ്റൊരു കാര്യം.” ഇതാണ് രമേഷ് തരകന് കുട്ടിക്കാലത്തു കിട്ടിയ പരിശീലനം.

ഡിസൈനിങ്ങിന്‍റെ കാര്യത്തില്‍, ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന ആര്‍ക്കിടെക്റ്റ് സ്വന്തം വീടിന്‍റെ നിര്‍മ്മാണകാര്യത്തിലും വീട്ടുകാര്യങ്ങളിലും പുലര്‍ത്തുന്നതും അതേ ‘പെര്‍ഫക്ഷണിസം’ ആണെന്ന് പത്നി റാണി രമേഷ് തരകന്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ ഒരു ആശയപ്രസ്ഥാനത്തിനു തന്നെ വഴികാട്ടിയായതെന്ന് നമുക്ക് മനസ്സിലാകും.

കേരളത്തിന്‍റെ ആര്‍ക്കിടെക്ചര്‍ ഭൂപടത്തില്‍ രമേഷ് തരകന്‍ എന്ന വ്യക്തിയേയും ഡിസൈന്‍ കമ്പൈന്‍ എന്ന അദ്ദേഹത്തിന്‍റെ സ്ഥാപനത്തെയും ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതില്‍ ഈ അടിസ്ഥാനശിലകള്‍ക്കുള്ള പങ്ക് ചെറുതല്ല.

അധ്യാപകനും വാസ്തുകലാസൈദ്ധാന്തികനുമായ ആര്‍ക്കിടെക്റ്റ് ഡോ. മനോജ് കിണി, രമേഷ് തരകനുമായി നടത്തിയ സുദീര്‍ഘ സംഭാഷണം ട്രോപ്പിക്കല്‍ മോഡേണ്‍ ആര്‍ക്കിടെക്ചറിന് ഇദ്ദേഹം നല്‍കിയ സംഭാവനകളുടെ വിലയിരുത്തല്‍ കൂടിയാണ്.

70 വര്‍ഷത്തെ തന്‍റെ ജീവിതസപര്യ കൊണ്ടും 40 വര്‍ഷത്തെ ഔദ്യോഗികവൃത്തികൊണ്ടും രമേഷ് തരകന്‍ സൃഷ്ടിച്ചിട്ടുള്ളത് ആര്‍ക്കിടെക്ചറിന് പുതിയൊരു മുഖം മാത്രമല്ല; പുതിയൊരു ഓഫീസ് സംസ്കാരം കൂടിയാണ്.

1979 ല്‍ സ്ഥാപിതമായ കാലം മുതലിന്നുവരെ ഡിസൈന്‍ കമ്പൈന്‍ പരിശീലനക്കളരിയാക്കി ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള യുവ ആര്‍ക്കിടെക്റ്റുകള്‍ അനവധിയാണ്.

രമേഷ്: ഒരു ബാല്യകാല ചിത്രം

‘ഡിസൈന്‍ കമ്പൈന്‍ പ്രോഡക്റ്റ്’ എന്നത് ഏറെ അഭിമാനപൂര്‍വ്വം തോളിലണിഞ്ഞു നടക്കാവുന്ന നക്ഷത്രപ്പദവിയാണ് അവര്‍ക്ക്. അദ്ദേഹം അടിസ്ഥാനമിട്ടുകൊടുത്ത ഗ്രിഡുകളില്‍ ചുവടുറപ്പിച്ചു നിന്ന് ആ യുവതലമുറ പണിത വാസ്തുശില്പങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ.

ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ക്ലയന്‍റുകള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം വ്യത്യസ്ത വീക്ഷണകോണിലൂടെ രമേഷ് തരകനെന്ന ‘സ്റ്റൈല്‍ ഐക്കണി’നെ ഈ പുസ്തകത്തില്‍ നോക്കിക്കാണാം – രമേഷ് തരകന്‍ എന്ന വ്യക്തിയുടെ 70 വര്‍ഷത്തിന്‍റെ ജീവിത പൂര്‍ണ്ണിമയും.

‘എനിക്കറിയാവുന്ന ഏറ്റവും നല്ല ലോകമാണ് ഞാനെന്‍റെ കെട്ടിടങ്ങള്‍ക്കകത്ത് സൃഷ്ടിക്കുന്നതെന്ന്’ പറയുന്നു, ആര്‍ക്കിടെക്റ്റ് രമേഷ് തരകന്‍. നല്ല ലോകങ്ങളുടെയും നല്ല തലമുറകളുടെയും സ്രഷ്ടാവിന് ഡിസൈനര്‍ + ബില്‍ഡറിന്‍റെയും ആദരം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*