റിസോര്‍ട്ടുകളുടെ പുതിയ നിര്‍വ്വചനം

രമേഷ് തരകന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ച ഫിഷര്‍മാന്‍സ് വില്ലേജ് എന്ന എസ്.പി.എ. യിലെ ബിരുദ തീസിസ് പ്രോജക്റ്റ് അദ്ദേഹം ജനിച്ചു വളര്‍ന്ന നാടിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി തന്നെ ചെയ്തതാണ്.

ഈ പ്രോജക്റ്റിനെ കുറിച്ച് എസ്പിഎയിലെ പരിചയസമ്പന്നരായ അധ്യാപകര്‍ ഇപ്പോഴും തെല്ലു വിസ്മയത്തോടെ ആണ് പരാമര്‍ശിക്കാറ്.

അബാദ് വിസ്പറിങ് പാം

കാരണം ഡിസൈന്‍ സമീപനത്തേക്കാള്‍ പ്രധാനമാണ് അതിന് അദ്ദേഹം തയ്യാറാക്കിയ അതിശയകരമായ മോഡല്‍. പൂര്‍ണ്ണമായും പൊയ്ക്കാലുകളിലാണ് രമേഷ് അതിലെ വാസസ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

പ്രളയസാധ്യതാ പ്രദേശങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്ന് സൂചിപ്പിക്കാന്‍ ജലാശയത്തെ പ്രതിനിധീകരിക്കുന്ന വലിയ കണ്ണാടിയാണ് രമേഷ് ഉപയോഗിച്ചത്. പൊതുവെ എല്ലാവരും താഴത്ത് നീലച്ചായം പൂശിയാണ് ജലാശയത്തെ സൂചിപ്പിക്കാറ്.

അമ്രിതാര അമേയ

പരിസ്ഥിതിയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കരുതലും ഡിസൈന്‍ സംവേദനക്ഷമതയുമാണ് ആ നിര്‍മിതിയുടെ കണ്ണാടിയില്‍ക്കണ്ട പ്രതിഫലനം സൂചിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ മാതൃകയില്‍ സ്വന്തം പ്രതിബിംബങ്ങള്‍ കണ്ട് മതിപ്പു തോന്നിയതിനാലാണ് ജൂറി അംഗങ്ങള്‍ രമേഷിന് സ്വര്‍ണ്ണ മെഡല്‍ നല്‍കിയതെന്നൊക്കെ ഒരു തമാശക്കഥ എസ് പി എയില്‍ അക്കാലത്ത് പ്രചരിച്ചിരുന്നു!

പ്രകൃതി ശക്തി

നാല്പത്തിയഞ്ചു വര്‍ഷം മുമ്പ് വെള്ളം കയറാന്‍ സാധ്യതയുള്ള ഒരിടത്ത് തന്‍റെ പ്രബന്ധത്തിനു വേണ്ടി മാതൃക തയ്യാറാക്കുമ്പോള്‍ പോലും അദ്ദേഹം കാണിച്ച കരുതലിനെ കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ കേരളീയര്‍ മുക്തകണ്ഠം പ്രശംസിച്ചേ മതിയാകൂ.

അദ്ദേഹത്തിന്‍റെ ദീര്‍ഘദര്‍ശിത്വം അപാരമാണ്. പ്രകൃതിയോടും പശ്ചാത്തലത്തോടുമുള്ള കരുതല്‍ അദ്ദേഹത്തിന്‍റെ പ്രോജക്റ്റുകളുടെയെല്ലാം മുഖമുദ്രയാണ്.

റിസോര്‍ട്ടുകള്‍ പോലെ, നിരവധി കെട്ടിടങ്ങളുടെ മാതൃക സമര്‍പ്പിക്കേണ്ട അവസരത്തില്‍ പ്രകൃതിക്കൊപ്പം പൈതൃകത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രകൃതി ബിംബങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തി ഏവരുടെയും മനം കവരുന്ന ഡിസൈന്‍ ആണ് അദ്ദേഹം തയ്യാറാക്കുക.

ക്രാങ്കനൂര്‍ ഹിസ്റ്ററി കഫേ & റിവര്‍ സൈഡ് ഷാറ്റു

അദ്ദേഹത്തിന്‍റെ ആദ്യത്തെ പ്രോജക്റ്റായ തേക്കടിയിലെ സ്പൈസ് വില്ലേജ് മുതല്‍ ഏറ്റവും പുതിയ പ്രോജക്റ്റായ പാഞ്ചാലിമേട്ടിലെ നമ: നേച്വര്‍ റിസോര്‍ട്ടില്‍ വരെ ഈ സമീപനം പ്രതിഫലിക്കുന്നുണ്ട്.

ALSO READ: ഫ്ളൂയിഡ് ഹൗസ്

സി ജി എച്ച് എര്‍ത്ത് കോ-ഫൗണ്ടറായ ജോസ് ഡൊമിനിക്കിനൊപ്പം അദ്ദേഹം സി ജിഎച്ച് എര്‍ത്തിനു വേണ്ടി ഡിസൈന്‍ ചെയ്ത സ്പൈസ് വില്ലേജ് പരിസ്ഥിതിലോല പ്രദേശത്തു നിര്‍മ്മിക്കപ്പെട്ട നമ്മുടെ രാജ്യത്തെ ആദ്യ നിര്‍മ്മിതിയാണ്.

തേക്കടിയിലെ സ്പൈസ് വില്ലേജ്

പ്രദേശത്തെ പുല്ലുമേഞ്ഞ ആദിവാസിക്കുടിലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാസ്തുശില്പം ഒരുക്കിയത്.

റിസോര്‍ട്ടുകളിലെത്തുന്ന സന്ദര്‍ശകര്‍ പൊതുവെ പ്രതീക്ഷിക്കുന്ന ആഡംബരങ്ങളൊന്നും ഇവിടെയില്ല. റിസോര്‍ട്ട് ആര്‍ക്കിടെക്ചറില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവന്ന സൃഷ്ടിയാണിത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ഏകദേശം കാല്‍നൂറ്റാണ്ടിനു ശേഷമാണ് അദ്ദേഹം ഇതേ ഗ്രൂപ്പിന് (ടോമി ആണ് ഉടമസ്ഥന്‍) വേണ്ടി നമ: റിസോര്‍ട്ട് ഒരുക്കിയത്. നിര്‍ത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങി എന്ന പ്രതീതി ആണ് ഇത് ഉളവാക്കുന്നത്.

പിന്നില്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളുടെ മനോഹര ദൃശ്യമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്; കെട്ടിടങ്ങളുടെ മറയല്ല.

ഇടശ്ശേരി കായല്‍ റിസോര്‍ട്ട്

തന്‍റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ജെഫ്രിബാവ എന്ന വാസ്തുശില്പിയില്‍ നിന്നാണ് രമേഷ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്.

കേരളത്തിന്‍റെ പരമ്പരാഗത വാസ്തുകലയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെയാണ് അദ്ദേഹം തന്‍റെ നിര്‍മ്മിതികളെയെല്ലാം സമീപിച്ചത്.

വസുന്ധര സരോവര്‍

മികച്ച അഭിരുചികളുള്ള ഭാവനാസമ്പന്നരായ ക്ലയന്‍റുകള്‍ക്കായി മനോഹരങ്ങളായ ഒട്ടനവധി റിസോര്‍ട്ടുകളും ബൊട്ടീക് ഹോട്ടലുകളുമാണ് അദ്ദേഹം ഒരുക്കിയത്.

എന്നാല്‍ സ്വന്തം കഴിവുകള്‍ വേണ്ടുംവണ്ണം പുറത്തെടുക്കാന്‍ രമേഷ് വലിയ ഉത്സാഹമൊന്നും കാണിക്കാറില്ലാത്തതിനാല്‍ ആവശ്യക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തേണ്ട അവസ്ഥയായിരുന്നു എന്നു പറയാതെ തരമില്ല.

ലേഖകന്‍: ഫൗണ്ടര്‍, പ്ലേസ് ഡിസൈന്‍സ്

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Comment

Leave a Reply

Your email address will not be published.


*