രാജകീയം: ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാന്‍

പുനരുദ്ധാരണത്തിന്‍റെയും പുനരുപയോഗത്തിന്‍റെയും അംശങ്ങള്‍ക്കൊപ്പം മികച്ച അകത്തളാലങ്കാര വൈശദ്യങ്ങളും ഉള്‍പ്പെട്ട ഈ വീട് അങ്ങേയറ്റം സംസ്കാര സമ്പന്നനും മാന്യനുമായ വീട്ടുടമയുടെ വ്യക്തിത്വത്തെ കൂടി പ്രതിഫലിപ്പിക്കുന്നതാണ്.

കൊല്ലങ്കോട് കോവിലകത്തിന്‍റെ ഇരുനിലകളുള്ള പൂമുഖവും മനോഹരമായ തടിപ്പണികളുള്ള മച്ചും അലങ്കാരവേലകളാല്‍
സമൃദ്ധമായ തൂണുകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിവയുമാണ് പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

രഞ്ജിത് ജീവിച്ചു തീര്‍ത്ത ജീവിതത്തെയും അദ്ദേഹം ബാക്കിവെച്ചു പോയ ഈ വീടിനെയും ‘രാജകീയം’ എന്നല്ലാതെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാന്‍ എനിക്കറിയില്ല

പ്രൊഫഷണല്‍ കരിയറില്‍ എനിക്കു ലഭിച്ച ഏറ്റവും തൃപ്തികരവും ആവേശജനകവുമായ, ഒരു അസുലഭ സൗഭാഗ്യമായി തന്നെ ഞാന്‍ കരുതുന്ന ഒരു പ്രോജക്റ്റാണിത്.

എന്‍റെ മാര്‍ഗ്ഗദര്‍ശിയായ ആര്‍ക്കിടെക്റ്റ് രമേഷ് തരകന്‍റെ മേല്‍നോട്ടത്തില്‍ ചെയ്ത പ്രോജക്റ്റ് എന്നത് ഇതിന്‍റെ പ്രാധാന്യം കൂട്ടുന്നു.

പുനരുദ്ധാരണത്തിന്‍റെയും പുനരുപയോഗത്തിന്‍റെയും അംശങ്ങള്‍ക്കൊപ്പം മികച്ച അകത്തളാലങ്കാര വൈശദ്യങ്ങളും ഉള്‍പ്പെട്ട ഈ വീട് അങ്ങേയറ്റം സംസ്കാര സമ്പന്നനും മാന്യനുമായ വീട്ടുടമയുടെ വ്യക്തിത്വത്തെ കൂടി പ്രതിഫലിപ്പിക്കുന്നതാണ് എന്നത് മറ്റൊരു മഹിമ.

ഒരു ആര്‍ക്കിടെക്റ്റിന് ജീവിതകാലത്തൊരിക്കലേ ഇതു പോലൊന്ന് കിട്ടാനിടയുള്ളൂ എന്ന് എനിക്കു തോന്നുന്നു.

പ്രമുഖ പ്ലാന്‍ററും ബിസിനസുകാരനുമായിരുന്ന ഇ. ജോണ്‍ കുരുവിള സ്വാതന്ത്ര്യലബ്ധി കാലഘട്ടത്തിന് തൊട്ടുമുമ്പ് തൃശൂര്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത് പണികഴിപ്പിച്ച അതിമനോഹരവും ആഡംബരപൂര്‍ണ്ണവുമായ പഴയ സൗധമായിരുന്നു ആനമലൈസ്.

ഇത് കൂടാതെ അദ്ദേഹത്തിന് കൂനൂരിലും ബാംഗ്ലൂരിലും ഒക്കെ മനോഹരമായ വീടുകളുണ്ടായിരുന്നു. ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ തറയും ഈട്ടിത്തടിയുടെ ചുമരുകളും ചില്ലു വാതിലുകളും ജനാലകളും മനോഹരമായ അലങ്കാരവേലകളുമുള്ള ഡോര്‍ ക്ലോസറുകളുമൊക്കെയുള്ള സുന്ദരഭവനങ്ങള്‍.

അരനൂറ്റാണ്ടിനു ശേഷം ഊട്ടിയിലെ ലോറന്‍സ് സ്കൂളില്‍ വിദ്യാഭ്യാസവും, ചെന്നൈയില്‍ കോളേജ് പഠനവും പൂര്‍ത്തീകരിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്‍റെ ചെറുമകന്‍ രഞ്ജിത്ത് കുരുവിള ലാറ്റക്സ് ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച് തൃശൂരില്‍ ചുവടുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രഞ്ജിത്താണ് തന്‍റെ പിതാമഹന്‍ പണിത പഴയ തറവാട് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. പുരാതന കരകൗശല വസ്തുക്കളിലും പൗരാണിക ശൈലിയിലും ഏറെ താല്പര്യമുണ്ടായിരുന്നു, രഞ്ജിത്തിന്.

1996ല്‍ പൊളിച്ചുമാറ്റപ്പെട്ട കൊല്ലങ്കോട് കോവിലകത്തിന്‍റെ ഇരുനിലകളുള്ള പൂമുഖവും മനോഹരമായ തടിപ്പണികളുള്ള മച്ചും അലങ്കാരവേലകളാല്‍ സമൃദ്ധമായ തൂണുകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിവയും അദ്ദേഹം തന്‍റെ തറവാടു വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി വിലയ്ക്ക് വാങ്ങി; ഇവയെല്ലാം താന്‍ പറയുന്നിടത്തു പഴയതുപോലെ പുനഃസ്ഥാപിച്ചു നല്‍കുമെന്ന ഉറപ്പിന്മേലാണ് അവരില്‍ നിന്ന് അദ്ദേഹം അവ വാങ്ങിയത്.

പൂമുഖത്തെക്കുറിച്ച് വിവരിക്കുന്ന ഒരു ചെറുകുറിപ്പും പൊളിക്കുന്നതിനു മുമ്പുള്ള വീഡിയോയുമായാണ് രഞ്ജിത്ത്, രമേഷ് തരകന്‍റെ സ്ഥാപനമായ ഡിസൈന്‍ കമ്പൈനിനെ സമീപിക്കുന്നത്.

അക്കാലത്തു ഞാന്‍ അവിടെ അസോസിയേററായി ജോലി ചെയ്യുകയാണ്.

പരമ്പരാഗത വാസ്തുകലയിലുള്ള എന്‍റെ താല്പര്യവും ജെഫ്രി ബാവയുടെ വാസ്തുശൈലിയോടുള്ള ഞങ്ങള്‍ രണ്ടുപേരുടെയും ഇഷ്ടവും അതിനേക്കാള്‍ ഉപരിയായി കൊല്ലങ്കോട് കൊട്ടാരം എനിക്ക് പരിചിതമാണെന്നതും (1989-90 കാലഘട്ടത്തില്‍ ബി. ആര്‍ക്ക് തീസിസിനുവേണ്ടി ഞാന്‍ അതേക്കുറിച്ചു പഠിച്ചിരുന്നു) മൂലം രമേഷ് തരകനെ ആ ദൗത്യത്തില്‍ സഹായിക്കാനുള്ള അവസരം ഭാഗ്യവശാല്‍ എനിക്ക് ലഭിക്കുകയായിരുന്നു എന്നു പറയാം.

നിലവിലുള്ള വീടിനെക്കുറിച്ച് കൃത്യമായി പഠിച്ചതിനു ശേഷം രമേഷ് ആ ഇരുനില എടുപ്പ് വീടിന്‍റെ പിന്നില്‍ സ്ഥാപിക്കുകയും ഇടനാഴികളിലൂടെ വീടിന്‍റെ മുന്‍ പിന്‍വശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തു.

ഇടനാഴിയുടെ ഒരു വശത്ത് പുതിയ കിടപ്പുമുറികള്‍, സ്റ്റഡിഏരിയ, വാഷ് റൂം എന്നിവയും മറുവശത്തു പാന്‍ട്രി, അടുക്കള എന്നിവയും ക്രമീകരിച്ചു.

വീടിന് നാടകീയ ഭംഗിയേറ്റാനും വെളിച്ചമെത്തിക്കാനും സ്വകാര്യത ഉറപ്പാക്കാനുമായി ഇടനാഴിക്ക് മറുവശത്ത് കോര്‍ട്ട്യാര്‍ഡുകളും നല്‍കി.

കാഴ്ചയില്‍ പഴയ വീടിനെയും പുതിയ ഇരുനിലക്കെട്ടിടത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഊണുമുറിയുടെ ചെരിവുള്ള മേല്‍ക്കൂരയില്‍ ഒരു ഗേബിള്‍ ജനാല ഉള്‍പ്പെടുത്തുകയായിരുന്നു.

ഡിസൈന്‍ പാരമ്യമെന്നു പറയാവുന്ന കാര്യമായിരുന്നു കോര്‍ട്ട്യാര്‍ഡിനെ ആഴം കുറഞ്ഞ ഒരു ജലാശയമാക്കി പരിവര്‍ത്തിപ്പിക്കാമെന്ന രമേഷിന്‍റെ ആശയം.

അതിനുചുറ്റും ഞങ്ങള്‍ ഉള്‍പ്പെടുത്തിയ വാസ്തുകലാ ബിംബങ്ങളുടെയെല്ലാം സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒന്നാന്തരം ഒരു റിഫ്ളക്റ്റിങ് പൂള്‍ ആയി അത്.

മുറ്റത്തു മുത്തശ്ശി നട്ട മരം വെട്ടിക്കളയരുതെന്ന രഞ്ജിത്തിന്‍റെ നിര്‍ബന്ധം മൂലം അതും മുറ്റത്തിന്‍റെ ഒരരുകില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പ്രൗഢവും പുരാതനവുമായ വാതിലുകളാണ് വരാന്തയില്‍ നിന്ന് മുറികളിലേക്കെല്ലാം നയിക്കുന്നത്. അലങ്കാരവേലകളുള്ള പീഠങ്ങളില്‍ സ്ഥാപിച്ച ഈട്ടിത്തടിയില്‍ തീര്‍ത്ത കൂറ്റന്‍ തൂണുകളും വരാന്തയില്‍ നിരയായി കാണപ്പെടുന്നു.

പൂമുഖ ഭാഗങ്ങള്‍ക്കൊപ്പം സ്വന്തമാക്കിയ കൊല്ലങ്കോട് മഹാരാജാവിന്‍റെ അര്‍ദ്ധകായ പ്രതിമയും അവിടെ സ്ഥാപിക്കണമെന്ന വിചിത്രമായ ഒരു നിര്‍ബന്ധം കൂടി രഞ്ജിത്തിനുണ്ടായിരുന്നു.

അങ്ങനെയാണ് ഞങ്ങള്‍ ആ പ്രതിമ വരാന്തയുടെ ഒരറ്റത്തുള്ള പ്രത്യേക അറയില്‍ സ്ഥാപിച്ചത്. ഇതിലൂടെ നിലവിലുണ്ടായിരുന്ന വീട്ടില്‍ നിന്ന് പുതിയ നിര്‍മ്മിതിയിലേക്ക് പ്രവേശിക്കുമ്പോള്‍ കൊല്ലങ്കോടു പാലസിന്‍റെ രാജകീയ ചരിത്രം ഓര്‍മ്മിപ്പിക്കുക എന്ന ദൗത്യം കൂടി നിറവേറ്റാനായി.

വീടിന്‍റെ പിന്നാമ്പുറത്ത് സ്ഥാപിച്ച, ഈട്ടിത്തടിയില്‍ തീര്‍ത്ത കുത്തനെയുള്ള ഗോവണിയാണ് തടിയില്‍ തീര്‍ത്ത കെട്ടിടത്തിന്‍റെ മുകള്‍നിലയിലേക്ക് പ്രവേശനമരുളുന്നത്.

ഒന്നാം നിലയില്‍ സില്‍ ഹൈറ്റിനേക്കാള്‍ ഉയരത്തില്‍ ഒരു ഡബിള്‍ ഗ്ലേസ്ഡ് പാര്‍ട്ടീഷന്‍ കൊടുത്തിരിക്കുന്നു. അതിര്‍ത്തിയായി നില്‍ക്കുന്ന തൂണുകള്‍ക്കു തെല്ലും അലോസരമുണ്ടാക്കാതെ മറച്ചെടുത്ത ആ ഇടം മീഡിയ റൂം ആയി ഉപയോഗിക്കാനുമായി.

പ്രധാന പ്ലോട്ടില്‍ നിന്ന് തെല്ലകലെ പെട്ടെന്ന് നോട്ടമെത്താത്ത വിധത്തില്‍ അല്പം താഴ്ന്ന നിരപ്പില്‍ ഒരു ബാര്‍ ഏരിയ, കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ട് വന്നതായ പഴയ രാജകാലത്തുള്ള ബില്ല്യാര്‍ഡ്സ് ടേബിള്‍, ബെഞ്ചുകള്‍, സ്കോര്‍ ബോര്‍ഡ് എന്നിവ ക്രമീകരിച്ചു കൊണ്ട് വിശ്രമത്തിനും വിനോദത്തിനും വ്യായാമത്തിനുമുള്ള ഇടങ്ങള്‍ എന്നിവ വീടിന്‍റെ സ്വകാര്യതയെ ഭഞ്ജിക്കാത്ത വിധം പ്ലാന്‍ ചെയ്തിരിക്കുന്നു.

ഒറ്റനിലയിലുള്ള പുത്തന്‍ കെട്ടിടത്തിന് തടിയില്‍ തീര്‍ത്ത കഴുക്കോലുകള്‍, തേക്കിന്‍തടി കൊണ്ടുള്ള ഫാള്‍സ് സീലിങ്, മംഗലാപുരം ഓടുകള്‍ കൊണ്ടുള്ള മേല്‍ക്കൂര എന്നിവയാണുള്ളത്.

കെട്ടിടത്തിനകത്ത് സുഖകരമായ താപനില ഉറപ്പാക്കാനായി ഒരു തെര്‍മോക്കോള്‍ പാളി, അലൂമിനിയം ഷീറ്റ് എന്നിവ കൂടി ഈ മേല്‍ക്കൂരയ്ക്ക് ഉള്ളില്‍ കൊടുത്തിട്ടുണ്ട്.

ചുമരുകളില്‍ പാനലിങ്ങിന് ഈട്ടിത്തടിയും നിലമൊരുക്കാന്‍ ഇറ്റാലിയന്‍ മാര്‍ബിള്‍, തേക്കിന്‍ തടി എന്നിവയും ഉപയോഗിച്ചു. രഞ്ജിത്ത് ശേഖരിച്ച കരകൗശലവസ്തുക്കളും, പഴയ കാലത്തെ ഫര്‍ണിച്ചറും കൂടി വിന്യസിച്ചപ്പോള്‍ അകത്തളം കൂടുതല്‍ പ്രൗഢഗംഭീരമായി.

തൃശ്ശൂരിലെ മുതിര്‍ന്ന സ്ട്രക്ച്ചറല്‍ എന്‍ജിനീയറായ രവി ജി നായര്‍ ആണ് നിര്‍മ്മാണ ജോലികള്‍ ഏകോപിപ്പിച്ചത്. കാര്‍പെന്‍റര്‍ ശോഭിഷും അദ്ദേഹത്തിന്‍റെ പിതാവുമാണ് മുഴുവന്‍ തടിപ്പണികളും ചെയ്തത്.

ഈ വീടിന്‍റെ പുതുക്കിപ്പണിയലിനു ശേഷം കൂനൂരിലും കോട്ടഗിരിയിലും പൈതൃകമൂല്യമുള്ള പല സ്വത്തുവകകളും രഞ്ജിത് സ്വന്തമാക്കുകയും പലതും പുതുക്കിയെടുക്കുകയും തന്‍റെ കുടുംബത്തിനായി ആധുനിക വീടുകള്‍ പണിയിക്കുകയും ഒക്കെ ചെയ്തെങ്കിലും വളരെ വൈകാരികമായ ഒരു അടുപ്പമാണ് രഞ്ജിത്തിന് ഈ വീടിനോടുണ്ടായിരുന്നത്.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ കൊട്ടാരസദൃശമായ ഈ വീട്ടില്‍ ചെലവിട്ട സുന്ദരസായാഹ്നങ്ങള്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒക്കെ ദീപ്ത സ്മരണയാണ്.

ആര്‍ക്കിടെക്റ്റ് രമേഷ് തരകനോടുള്ള ബഹുമാനാര്‍ത്ഥം പുറത്തിറക്കുന്ന ഡിസൈനര്‍ + ബില്‍ഡര്‍ മാഗസിന്‍റെ പ്രത്യേക ലക്കത്തില്‍ ഈ വീട് ഉള്‍പ്പെടുത്താനുള്ള അനുവാദം വാങ്ങാനായി ഒന്നരമാസം മുന്‍പാണ് രഞ്ജിത്തിനെ ഞാന്‍ അവസാനമായി കണ്ടത്.

തന്‍റെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നതൊന്നും ഒരിക്കലും ചെയ്യാനിഷ്ടപ്പെടാത്ത അദ്ദേഹം മുമ്പ് പലവട്ടം ചോദിച്ചിട്ടും തന്‍റെ സ്വകാര്യ അഹങ്കാരമായ, അരുമയായ ഈ വീട് എവിടെയെങ്കിലും ചിത്രീകരിക്കാന്‍ അനുവദിച്ചിട്ടേയില്ല.

പക്ഷേ ഈ അവസരത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പൂര്‍ണ്ണമനസ്സോടെ അദ്ദേഹമതിനു സമ്മതിക്കുകയായിരുന്നു. ദീര്‍ഘ സംഭാഷണത്തിനിടെ തന്‍റെ ഗുരുതരമായ ഹൃദ്രോഗത്തെ പറ്റി സൂചിപ്പിച്ചു കൊണ്ട് ബിസിനസ്സും എല്ലാം അവസാനിപ്പിച്ച് വിശ്രമജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം അന്നു സംസാരിച്ചിരുന്നു.

YOU MAY LIKE: മായാജാലക ഭംഗി

ആ കൂടിക്കാഴ്ചയില്‍ രഞ്ജിത്തിന് വേണ്ടി ആ വീട് നിര്‍മ്മിച്ച എഞ്ചിനീയര്‍ രവിയും എന്നോടൊപ്പമുണ്ടായിരുന്നു. ഔട്ട് ഹൗസിനുണ്ടായിരുന്ന ചില കേടുപാടുകള്‍ കൂടി പരിഹരിച്ച് പതിവ് പോലെ പല തമാശകളും പങ്കു വെച്ചാണ് ഞങ്ങള്‍ അന്ന് അവിടം വിട്ടത്.

ഞങ്ങള്‍ ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ സ്ഥിരം വേഷമായ വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച്, ചുണ്ടിന്‍റെ കോണില്‍ ഒരു പൈപ്പും തിരുകി, തികഞ്ഞ പൗരുഷത്തോടെ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം പോര്‍ച്ചില്‍ നില്‍ക്കുന്നുണ്ടായിരുന്നു; അനന്യവും അതുല്യവുമായ ആ വീടിന്‍റെ പണികളില്‍ ചുറുചുറുക്കോടെ ഇടപെട്ടിരുന്ന ആ പഴയ കാലത്ത് എങ്ങനെയായിരുന്നോ അതു പോലെ തന്നെ!

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

അന്നൊക്കെ ഏതാണ്ടെല്ലാ ആഴ്ചകളിലും ഞങ്ങള്‍ സൈറ്റിലെത്തുമ്പോള്‍ രമേഷ് തരകന്‍റെ നിഴലായി കൂടെ തന്നെ ഉണ്ടാകുമായിരുന്നു, രഞ്ജിത്ത്.

അന്നാണ് അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കൃത്യം ഒരാഴ്ചക്ക് ശേഷം ബാംഗ്ലൂരില്‍ വച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മക്കളായ യോഹാന്‍, രാജീവ് എന്നിവര്‍ക്കൊപ്പം കാല്‍പ്പനിക ഭംഗിയാര്‍ന്ന നിരവധി വീടുകളെകൂടി അനാഥമാക്കിക്കൊണ്ട്.

സ്വന്തം ജീവിതം തികച്ചും രാജകീയവും ഐതിഹാസികവുമായി ജീവിച്ചു തീര്‍ത്ത അദ്ദേഹവുമായി ഒരു വട്ടമെങ്കിലും ഇടപഴകിയിട്ടുള്ളവരില്‍ മഹത്തായ പല ഓര്‍മ്മകളും അവശേഷിപ്പിച്ചു കൊണ്ട് രഞ്ജിത് കുരുവിള വിടപറഞ്ഞിരിക്കുന്നു.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

തന്‍റെ വീടിനോടും ജീവിതത്തോടും കൊല്ലങ്കോട്ട് പാലസ് പോലൊരു പൈതൃക സ്വത്തു കൂട്ടിച്ചേര്‍ത്തത് ഒരു ദൈവനിയോഗമായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു. അതുകൊണ്ടാകണം എല്ലാ വര്‍ഷവും ആ എടുപ്പിനകത്ത് അദ്ദേഹം പൂജകള്‍ നടത്തുമായിരുന്നു.

പ്രാക്ടീസ് ആരംഭിച്ച കാലത്ത് ഉത്തരവാദിത്വമേറ്റെടുത്തു കൈകാര്യം ചെയ്ത ഒരു പ്രോജക്റ്റിലെ ക്ലയന്‍റുമായി രൂപപ്പെട്ട ബന്ധം രണ്ടുപതിറ്റാണ്ടിനിടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വന്ന നിരവധി മാറ്റങ്ങള്‍ക്കു ശേഷവും സജീവമായി കൊണ്ടു നടക്കാനായതും എന്നും രാജകീയമായി ജീവിക്കാനിഷ്ടപ്പെട്ട ഒരു വ്യക്തിയുടെ വ്യക്തിപ്രഭാവം പ്രകടമാകത്തക്കവിധത്തില്‍ അദ്ദേഹത്തിനായി ഒരു വീട് സൃഷ്ടിക്കാനായതും പിന്നീട് പല അറ്റകുറ്റപണികള്‍ നടത്തിക്കൊടുത്ത് എന്നും ആ പ്രോജക്റ്റിനോട് ചേര്‍ന്നു നില്‍ക്കാനായതും ഒക്കെ ഒരു ദൈവനിയോഗമായി തോന്നുന്നു.

രഞ്ജിത് ജീവിച്ചു തീര്‍ത്ത ജീവിതത്തെയും അദ്ദേഹം ബാക്കിവെച്ചു പോയ ഈ വീടിനെയും ‘രാജകീയം’ എന്നല്ലാതെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാന്‍ എനിക്കറിയില്ല.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

വിവരങ്ങള്‍ക്ക് കടപ്പാട്: പ്രിയ ജോര്‍ജ്, ആര്‍ക്കിടെക്റ്റ് ലൂസി.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*