ആര്‍ക്കിടെക്ചര്‍ എന്നാല്‍ ആസ്വാദനം: ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണി

അഭിനിവേശം, ലക്ഷ്യം, സ്ഥിരത ഇവ ചേര്‍ന്നാല്‍ മികച്ച ആര്‍ക്കിടെക്റ്റാവാം.

ഗുരുക്കന്‍മാരായ വാസ്തുശില്‍പ്പികള്‍ പറഞ്ഞുതന്ന പാഠങ്ങളെ മറക്കാതിരിക്കുമ്പോള്‍ കൂടിയാണ് ഏതൊരു വിദ്യാര്‍ത്ഥിയും നല്ലൊരു ആര്‍ക്കിടെക്റ്റാകുന്നത്.

വിരലില്‍ എണ്ണാവുന്ന ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങള്‍ മാത്രം ഉണ്ടായിരുന്ന എണ്‍പതുകളുടെ മധ്യത്തിലാണ് ഞാന്‍ തൃശൂരില്‍ അതുല്യ ആര്‍ക്കിടെക്റ്റ്സ് എന്ന സ്ഥാപനം തുടങ്ങിയത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ആര്‍ക്കിടെക്ചര്‍ രംഗത്ത് വലിയ ചലനങ്ങളൊന്നും ഇല്ലാതിരുന്ന എഴുപതുകളില്‍, പ്രത്യേക ധാരണകളും കാഴ്ചപ്പാടുകളും ഇല്ലാതെ തന്നെ ബി. ആര്‍ക്ക് പഠിക്കുകയും ക്രമേണ ഈ തൊഴിലിന്‍റെ ആവേശവും ആസ്വാദനവും തിരിച്ചറിയുകയുമായിരുന്നു ഞാന്‍.

1977-ല്‍ തിരുവനന്തപുരം സി.ഇ.ടിയില്‍ നിന്നായിരുന്നു ബി. ആര്‍ക്ക് സ്വന്തമാക്കിയത്. അതിനുശേഷം ആര്‍ക്കിടെക്റ്റ് എന്‍. മഹേഷിന്‍റെ കൂടെയുള്ള പ്രായോഗിക പരിശീലനം ഏറെ മുതല്‍ക്കൂട്ടായി.

പിന്നീട് അഞ്ചര വര്‍ഷം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പരിശീലനം.1985ല്‍ അവിടെ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അതുല്യ ആര്‍ക്കിടെക്റ്റ്സ് തുടങ്ങിയത്.

35 വര്‍ഷത്തിനിടെ 950- ലേറെ പ്രോജക്റ്റുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ പലതും മനസ്സിനോട് ഏറെയടുത്തവയാണ്. 1986-ല്‍ ലിമിറ്റഡ് ആര്‍ക്കിടെക്ചറല്‍ മത്സരത്തില്‍ പുരസ്കാരം നേടിയ ആലുവയിലെ എസ്.ഒ.എസ് ചില്‍ഡ്രന്‍ വില്ലേജ് ആണ് അതിലൊന്ന്.

ആലുവയിലെ എസ്.ഒ.എസ് ചില്‍ഡ്രന്‍ വില്ലേജ്

എടത്തലയിലെ ശാന്തിഗിരി ആശ്രമം, മുംബൈയിലെ നവ് ജീവന്‍ സെന്‍റര്‍, പാലക്കാട്ടെ അഹല്യ ആയുര്‍വേദ ഹോസ്പിറ്റല്‍, ഛത്തീസ്ഗഡിലെ സെന്‍റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പല സ്ഥലങ്ങളിലായി ചെയ്ത സ്കൈലൈന്‍ ബില്‍ഡേഴ്സിന്‍റെ പ്രോജക്റ്റുകള്‍ എന്നിവയെല്ലാം പ്രിയപ്പെട്ടവ തന്നെ.

തലയോലപ്പറമ്പിലെ ഫെഡറല്‍ ബാങ്ക് ശാഖയായ ‘ഫെഡറല്‍ നിലയം’ എന്നെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിര്‍മ്മിതിയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ മുന്‍കാല വസതി പുതുക്കി ബാങ്ക് ബ്രാഞ്ച് ആക്കിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കിണറും മറ്റും പഴയപടി നിലനിര്‍ത്തി.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

മാള, കുഴിക്കാട്ടുശ്ശേരിയിലെ മറിയം തെരേസ മ്യൂസിയവും ഇതുപോലെ തന്നെ പ്രിയപ്പെട്ടതാണ്.

മാള, കുഴിക്കാട്ടുശ്ശേരിയിലെ മറിയം തെരേസ മ്യൂസിയം.

എം.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, അല്‍സലാമ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫാക്കല്‍റ്റി ആയി പ്രവര്‍ത്തിച്ചത് അധ്യാപനത്തിന്‍റെ നല്ല അനുഭവങ്ങളും സമ്മാനിച്ചു.

നിലവില്‍ ഐ.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ ഹെഡ് ഓഫ് ഡിസൈന്‍ ചെയറാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്‍റെ തൃശൂര്‍ സെന്‍ററിലും കേരള ചാപ്റ്ററിലും ഔദ്യോഗികപദവികള്‍ വഹിച്ചിട്ടുണ്ട്.

ഏത് മേഖലയേയും പോലെ കാലത്തിനനുസിച്ചുള്ള മാറ്റം ഈ പ്രൊഫഷനിലും കാണാം.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഡ്രോയിങ് ബോര്‍ഡില്‍ ടി സ്ക്വയറും സെറ്റ് സ്ക്വയറും പെന്‍സിലുമൊക്കെ ഉപയോഗിച്ച് വരച്ചിരുന്ന കാലത്തു നിന്നും വേഗത്തിലും വ്യക്തതയിലും പ്രോജക്റ്റുകള്‍ ചെയ്തു തീര്‍ക്കാവുന്ന തരത്തിലുള്ള കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുടെ യുഗത്തിലേക്ക് ആര്‍ക്കിടെക്ചര്‍ മാറി, ഇനിയുമേറെ മാറാനുമിരിക്കുന്നു.

ആര്‍ക്കിടെക്ചര്‍ പഠിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചു. അതിനനുസരിച്ചുള്ള മത്സരം ഈ രംഗത്തുണ്ടായിട്ടുണ്ട്. പരന്ന വായന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമാണ്.

YOU MAY LIKE: മായാജാലക ഭംഗി

അഭിനിവേശം, ലക്ഷ്യം, സ്ഥിരത ഇവ ചേര്‍ന്നാല്‍ മികച്ച ആര്‍ക്കിടെക്റ്റാവാം. ഗുരുക്കന്‍മാരായ വാസ്തുശില്‍പ്പികള്‍ പറഞ്ഞുതന്ന പാഠങ്ങളെ മറക്കാതിരിക്കുമ്പോള്‍ കൂടിയാണ് ഏതൊരു വിദ്യാര്‍ത്ഥിയും നല്ലൊരു ആര്‍ക്കിടെക്റ്റാകുന്നത്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*