കലയ്ക്കുവേണ്ടി ഒരിടം

റസിഡന്‍ഷ്യല്‍ ഗ്യാലറി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ചിത്രകാരന്‍ വരയ്ക്കുന്ന ഇടത്തു നിന്നുതന്നെ ചിത്രങ്ങളെ ഒരു ഗ്യാലറിയുടെ പശ്ചാത്തലത്തില്‍ ആസ്വദിക്കുവാനുള്ള സൗകര്യം ലഭ്യമാക്കുക എന്നതാണ്

കല കലയ്ക്കുവേണ്ടിയെങ്കില്‍ ആ കലയെ ഉപാസിക്കുന്ന, കലയെ അനശ്വരമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കലോപാസകന്‍റെയും ജീവിതവും കലയ്ക്കു വേണ്ടിയായിരിക്കും.

ചില ജന്മങ്ങള്‍ ഭൂമിയില്‍ പിറവിയെടുക്കുന്നതു തന്നെ ചില പ്രത്യേക ദൗത്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയത്രേ. ഇത്തരത്തില്‍ കലയ്ക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമാണ് സാജു തുരുത്തില്‍ എന്ന കലാകാരന്‍റേത്.

ചുമര്‍ചിത്രകലയെ ജനകീയമാക്കുക എന്നതൊരു യജ്ഞമായി ഏറ്റെടുത്ത്, അതിനുവേണ്ടുന്ന സംരക്ഷണവും പോഷണവും നടത്തിപ്പോരുന്ന കലാകാരനാണ് സാജുതുരുത്തില്‍.

ചുമര്‍ചിത്രകലയുടെ ആചാര്യനായിരുന്ന ഗുരു മമ്മിയൂരിന്‍റെ പ്രഥമ ശിഷ്യന്മാരില്‍ ഒരാളാവാന്‍ സാധിച്ചതു കൊണ്ട് ഈ കലയിലെ നടവഴികളില്‍ ഒരുപാട് അടയാളങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ചിത്രകലാരംഗത്തെ അത്തരമൊരു അടയാളപ്പെടുത്തലാണ് ഒരു കലാഗേഹത്തിന്‍റെ സ്ഥാപനത്തിലൂടെ അദ്ദേഹം സാധ്യമാക്കിയിട്ടുള്ളത്. വടക്കന്‍ പറവൂരില്‍ കുറ്റ്യാര്‍പാടം പാലത്തിനു സമീപമാണ് ‘ആര്‍ട്ട് ആന്‍റ് മൈന്‍ഡ്’ എന്ന റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗ്യാലറി.

കലയ്ക്കുവേണ്ടി ഒരിടം എന്ന ആശയത്തില്‍ ഉറച്ച് നിന്ന് കലയെ സ്നേഹിക്കുന്നവര്‍ക്കും വരക്കുന്നവര്‍ക്കും വരക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പ്രതീക്ഷ, ഒരു താവളം ഒരുക്കുക എന്നതാണ് ഈ കലാഗേഹം കൊണ്ട് അദ്ദേഹം ലക്ഷ്യമാക്കുന്നത്.

റസിഡന്‍ഷ്യല്‍ ഗ്യാലറി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ചിത്രകാരന്‍ വരയ്ക്കുന്ന ഇടത്തു നിന്നുതന്നെ ചിത്രങ്ങളെ ഒരു ഗ്യാലറിയുടെ പശ്ചാത്തലത്തില്‍ ആസ്വദിക്കുവാനുള്ള സൗകര്യം ലഭ്യമാക്കുക എന്നുകൂടിയാണ്.

വിദേശീയരായ ചുമര്‍ ചിത്രാന്വേഷികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം ഒരുക്കുകയാണ് അടുത്ത ഘട്ടം എന്ന നിലയില്‍ ലക്ഷ്യമിടുന്നത്.

കേരളത്തിലെ ഒട്ടുമിക്ക ചുമര്‍ചിത്രങ്ങളുടെയും ഫോട്ടോകള്‍, വീഡിയോകള്‍, ബുക്കുകള്‍ എന്നിവ കാണുവാനും പഠിക്കുവാനും ഉള്ള സൗകര്യമാണിവിടെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ അതിജീവിച്ച ഈ ഗ്യാലറി 3500 സ്ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

സമീപത്തുകൂടിയൊഴുകുന്ന പുഴയിലേക്ക് മുഖം നോക്കി നില്‍ക്കുന്ന കലാഗേഹത്തിന്‍റെ നിര്‍മ്മിതിക്ക് അവലംബിച്ചിട്ടുള്ളതും പരമ്പരാഗതമായ രീതിയാണ്.

കേരള, ഫ്രഞ്ച്, യൂറോപ്യന്‍ എന്നിങ്ങനെ ഓരോ വശത്തു നിന്നും ഓരോ മുഖമാണ് ഗ്യാലറിക്ക്. ഈ കലാകാരന്‍റെ ഭാവനയും കരവിരുതും തന്നെയാണ് നിര്‍മ്മാണത്തിനു പിന്നിലുള്ളതും. പ്ലാനിന്‍റെ നിര്‍മ്മാണ അനുമതി നേടാന്‍ മാത്രമാണ് എഞ്ചിനീയറുടെ സഹായം തേടിയത്.

പുരാതനമായ തറവാടിന്‍റെയോ, കൊട്ടാരത്തിന്‍റെയോ ഓര്‍മ്മയുണര്‍ത്തുന്ന കലാഗേഹത്തിന്‍റെ പൂമുഖവും, പടിക്കെട്ടുകളും, തുളസിത്തറയും പുഴയിലേക്കുള്ള പടവിന് അഭിമുഖമായാണ്.

ഓടിട്ട മേല്‍ക്കൂര, മുറ്റത്ത് തറകെട്ടി സംരക്ഷിച്ചിട്ടുള്ള കേരവൃക്ഷങ്ങള്‍, തണല്‍ വൃക്ഷങ്ങള്‍, നിര്‍മ്മാണ സങ്കേതങ്ങള്‍- എല്ലാം പഴമയോടും പാരമ്പര്യത്തോടും മാത്രമല്ല ചുറ്റുപാടുകളോടും നീതി പുലര്‍ത്തുന്നു.

ഗ്രൗണ്ട് ഫ്ളോര്‍, ഫസ്റ്റ് ഫ്ളോര്‍, സ്റ്റുഡിയോ എന്നിങ്ങനെ മൂന്നു ലെവലുകളിലാണ് അകത്തളം വിഭാവനം ചെയ്തിട്ടുള്ളത്. അടുക്കള, താമസിക്കുവാനുള്ള സൗകര്യം എല്ലാമുണ്ട് ഗ്രൗണ്ട് ഫ്ളോറില്‍.

താഴെ നിലയെ അപേക്ഷിച്ച് മുകള്‍നില കൂടുതല്‍ വിശാലമാണ്. അടുത്ത ലെവല്‍ ആകട്ടെ ഒരു സ്റ്റുഡിയോ എന്ന സങ്കല്പത്തിലാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.

ഗ്യാലറിയുടെ വാതായനങ്ങള്‍ തുറന്നിട്ടാല്‍ പുഴയെ തഴുകിയെത്തുന്ന കാറ്റ് ഗ്യാലറി സന്ദര്‍ശിച്ച് കടന്നുപോകും. ഈ ചിത്രകാരന്‍റെ വരകളും വര്‍ണങ്ങളും പലതും ഫ്രെയ്മിലും ചുമരിലും ക്യാന്‍വാസിലും ഒതുങ്ങാതെ പലകയിലേക്കും മറ്റും വ്യാപിച്ചിട്ടുണ്ട്.

ചുമരില്ലാതെയും ചുമര്‍ ചിത്രം വരയ്ക്കാമെന്നും ക്യാന്‍വാസും നിത്യോപയോഗ സാധനങ്ങളായ ڔഫര്‍ണിച്ചര്‍, മണ്‍പാത്രങ്ങള്‍, സാരികള്‍ അങ്ങനെ മറ്റുപലതും മാധ്യമമാക്കാമെന്നും കാണിച്ചു കൊണ്ട് ചുമര്‍ ചിത്രകലയ്ക്ക് വേറൊരു മാനം തന്നെ തീര്‍ത്തിട്ടുണ്ട്, സാജു തുരുത്തില്‍.

ആരാധനാലയങ്ങളുടേയും കൊട്ടാരങ്ങളുടേയും ഒക്കെ ചുമരുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചുമര്‍ചിത്രകലയെ സാമാന്യജനങ്ങളിലേക്ക് ഇറക്കികൊണ്ടുവരുന്നതില്‍ സാജു തുരുത്തില്‍ എന്ന കലാകാരന്‍ വഹിച്ച പങ്ക് വലുതാണ്.

30 വര്‍ഷം മുമ്പ് അദ്ദേഹത്തിന്‍റെ മനസ്സില്‍ കയറികൂടിയ ഒരു സ്വപ്നത്തിന്‍റെ സാഫല്യമത്രേ ഈ ആര്‍ട്ട് & മൈന്‍റ് ഗ്യാലറി. ചുമര്‍ ചിത്രകലയ്ക്ക് കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം.

ഇദ്ദേഹത്തിന്‍റേതായി 100 ല്‍ പരം സൃഷ്ടികള്‍ ഇവിടെയുണ്ട്. പരമ്പരാഗത കേരളീയ ശൈലിയില്‍ പഞ്ചവര്‍ണ്ണങ്ങളില്‍ ചെയ്തവയും മോഡേണ്‍ സ്പര്‍ശമുള്ളവയും.

പ്രകൃതി വര്‍ണ്ണങ്ങളും ബ്രഷുകളും ഉണ്ടാക്കുന്നതും ചുമരുകള്‍ ചിത്രങ്ങള്‍ വരയ്ക്കാനായി ഒരുക്കുന്നതും എല്ലാം അനുവാചകര്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ വേണ്ടികൂടിയാണ് ഈ കലാഗേഹം.

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ചിത്രകലാ വിഭാഗം മേധാവിയും സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി മെംബറുമാണ് ഇദ്ദേഹം.

34 രാജ്യങ്ങളിലായി 500 ലധികം ചുമര്‍ ചിത്രങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ എത്തിച്ചു. 20 വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ ആദ്യമായി കാലടിയില്‍ റസിഡന്‍ഷ്യല്‍ ഗ്യാലറിക്ക് തുടക്കം കുറിച്ചത് സ്വന്തം വീട് ഗ്യാലറിയാക്കി കൊണ്ടാണ്.

കേരള ലളിത കലാ അക്കാഡമി സ്റ്റേററ് അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കിയതിനു പുറമേ മറ്റു നിരവധി പുരസ്ക്കാരങ്ങളും ഫെലോഷിപ്പുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അടുത്തമാസം മുതല്‍ ഈ ഗ്യാലറിയില്‍ കലാപ്രദര്‍ശനം വീണ്ടും ആരംഭിക്കും. ജീവിതം ചുമര്‍ ചിത്രകലയ്ക്കുവേണ്ടി മാറ്റിവച്ച ഇദ്ദേഹത്തിന്‍റെ ഈ കലാഗേഹത്തിന് പിന്‍തുണയുമായി ഭാര്യ സീനയും മകന്‍ മാധവനും കൂടെയുണ്ട്.

കാലദേശങ്ങള്‍ക്കുമുപ്പുറം ഫ്രെയിമിലൊതുങ്ങാത്ത വര്‍ണ്ണങ്ങളും വരയുമായി കാലാതീതമായി നിലകൊള്ളട്ടെ കേരളീയ പാരമ്പര്യത്തിനു മുതല്‍ക്കൂട്ടായ ഈ കലാഗേഹം.

സാജു തുരുത്തില്‍, ആര്‍ട്ട് & മൈന്‍ഡ് ഇന്‍റര്‍നാഷണല്‍ മ്യൂറല്‍ പെയിന്‍റിങ് സ്റ്റഡി സെന്‍റര്‍, കുറ്റിച്ചിറ പാലത്തിനു സമീപം, വടക്കന്‍ പറവൂര്‍.

Phone: 94965 76876

E‑mail: sajuthuruthil@gmail.com

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*