Project Specifications

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും അനശ്വരമായ നേട്ടം അതിന്റെ നിര്‍മാണകലയാണ്. വിവിധ വാസ്തുവിദ്യാശൈലികളുടെ സമൃദ്ധിയിലുള്ള ആധിക്യം കൊണ്ടും തുടര്‍ച്ച ഒട്ടും കൈവിടാതെ നിലനില്‍ക്കുന്ന വാസ്തുകലാ ഉത്പന്നങ്ങളുടെ വൈവിധ്യം കൊണ്ടും നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ബ്രിട്ടീഷ് ഭരണം തൊട്ട് സ്വാതന്ത്ര്യപ്രാപ്തി വരെയുള്ള കാലത്തെ ആര്‍ക്കിടെക്ചറിലെ ഭാരതീയത്തനിമയെപ്പറ്റി അഭിമാനം കൊള്ളുന്നവരാണ് നാമേവരും. സ്വാതന്ത്ര്യാനന്തരം പ്രഗത്ഭരായ ധാരാളം ആര്‍ക്കിടെക്റ്റുകള്‍ ഉദയം ചെയ്‌തെങ്കിലും അവരെല്ലാം പാശ്ചാത്യരീതിയില്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്ത നായിരുന്നു പത്മശ്രീ ലാറി ബേക്കര്‍. ജന്മം കൊണ്ട് വിദേശിയായിരുന്നെങ്കിലും വാക്കുകൊണ്ടും വാസ്തുകലാ പ്രവൃത്തി കൊണ്ടും തികച്ചും സ്വദേശി തന്നെ ആയിരുന്നു ബേക്കര്‍ജി. ചെലവുകു റഞ്ഞ ആര്‍ക്കിടെക്ചര്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന ബേക്കറുടെ ആര്‍ക്കിടെക്ചര്‍ രീതി കൊണ്ടു മാത്രമല്ല, സചേതനമായ ജീവിതശൈലി കൊണ്ടും ലാറി ബേക്കര്‍ ഓരോ മലയാളി യെയും അനുഗ്രഹിച്ചിട്ടുണ്ട്. ഈ സചേതനമായ ജീവിതശൈലി നമുക്ക് പുതിയൊരു കാര്യമല്ല, പ്രാചീനകാലത്തെ ഒരേയൊരു ജീവിതരീതി അതുമാത്രമായിരുന്നു. ‘എനിക്ക് ഉപേക്ഷിക്കാ നാവാത്ത, എന്റേതായ തത്ത്വങ്ങളുണ്ട്. കള്ളവും വഞ്ചനയും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിര്‍മിതി സത്യസന്ധമായിരിക്കണം.’ ക്വാക്കറിസത്തിലും, ഒപ്പം രാഷ്ട്രപി താവായ മഹാത്മാഗാന്ധിയുടെ വാക്കുകളിലും ചെയ്തികളിലും അടിയുറച്ചു വിശ്വസിച്ച പാവങ്ങ ളുടെ ആര്‍ക്കിടെക്റ്റായിരുന്ന ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്ന വാക്കുകളാണിത്. ഒരു നിര്‍മ്മിതി അതിന്റെ നിര്‍മ്മാണവസ്തുവിനെ മറച്ച് ഒരു കളവ് നടത്തുന്നത് അദ്ദേഹത്തിന്റെ രീതി ആയിരുന്നില്ല.

ഒരു നിര്‍മിതിയെന്നാല്‍ ബേക്കര്‍ക്ക് കേവലം സിമന്റും കട്ടയും സ്റ്റീലുമായിരുന്നില്ല, ജീവനുള്ള ഒന്നായിരുന്നു. ലാളിത്യത്തിലും കഠിനനിഷ്ഠയിലും അധിഷ്ഠിതമായ, ആഡംബരങ്ങളെയെല്ലാം പാപകരമായ സുഖങ്ങളായി കണ്ട് ഉപേക്ഷിക്കുന്ന ക്വാക്കര്‍ ജീവിതശൈലിയുടെ ഫലമായി രിക്കണമിത്. അഭിമാനിക്കത്തക്ക അവാര്‍ഡുകളോടോ, വമ്പന്‍ പ്രൊജക്ടുകളോടോ താത്പര്യ മില്ലാതിരുന്ന ബേക്കര്‍ 3500ലധികം വീടുകളാണ് സാധാരണക്കാര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. വളരെ വൈകി മാത്രം ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചു തുടങ്ങിയ ബേക്കറെ സംബന്ധിച്ചി ടത്തോളം ഇത് അവിശ്വസനീയമായൊരു നേട്ടമാണ്.

ബേക്കര്‍ ഇസവും ഇക്കോ ആര്‍ക്കിടെക്ചറിന്റെ ഉണര്‍വ്വും

നാം ജീവിക്കുന്ന നിര്‍മിതപരിസ്ഥിതിയുടെ പ്രധാനഭാഗവും മനുഷ്യരെ രൂപപ്പെടുത്തുന്ന പ്രധാനഘടകവുമായ ആര്‍ക്കിടെക്ചര്‍ എല്ലാ കലകളുടെയും മാതാവാണ്. സ്വാഭാവിക പരിസ്ഥി തിയുമായുള്ള ശക്തമായ ബന്ധമായിരുന്നു ബേക്കര്‍ ഡിസൈനുകളുടെയും രൂപകല്‍ പനയുടെയും കാതല്‍. ലോകത്ത് മറ്റാരും ചിന്തിച്ചു തുടങ്ങുന്നതിനു മുന്‍പേ, പരമാവധി പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പരിസ്ഥിതിസൗഹൃദനിര്‍മാണം വീണ്ടും രംഗത്തെത്തിച്ച ദാര്‍ശനികനായിരുന്നു ബേക്കര്‍. ചെലവുകുറഞ്ഞതും പരിസ്ഥിതിയോട് ഇണങ്ങിയതുമായ രീതിയിലേയ്ക്ക് ലോകത്തെ നയിക്കാനുള്ള അവസരമാണ് നമ്മുടെ നാടിന് ലഭിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ ആശയം പാര്‍ശ്വവത്കരിക്കപ്പെട്ടു. ബേക്ക റുടെ രീതി അതുവരെ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന വ്യവസ്ഥാ പിതരീതിയ്ക്ക് വിപരീതമായിരുന്നു. ബേക്കര്‍ക്ക് ചുറ്റുമുള്ള മറ്റ് ഇന്ത്യന്‍ ആര്‍ക്കി ടെക്റ്റുകള്‍ ബ്രിട്ടീഷ് രീതിയില്‍ സൈറ്റിലെ കോലാഹലങ്ങളില്‍ നിന്ന് മാറി നിന്ന് കണ്‍സള്‍ട്ടന്റുമാരായി ഡ്രോയിങ് ബോര്‍ഡില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ ബേക്കര്‍ ഇന്ത്യയിലെ പരമ്പരാഗത മേസ്തിരിമാരെപ്പോലെ രൂപകല്‍പനയിലും നിര്‍മാണത്തിലും ഒരേപോലെ പങ്കുവഹിച്ചു.

സാധാരണ പ്രൊഫഷണല്‍ മാര്‍ഗത്തില്‍ നിന്ന് വ്യത്യസ്തമായി ബേക്കറുടെ നേരിട്ടുള്ള നേതൃത്വം രൂപകല്‍പനയിലെ ചെലവു കുറയ്ക്കാനും സഹായിച്ചു. പ്രാദേശിക വാസ്തുകലയിലും പ്രദേശ ത്തെ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാനുള്ള കഴിവിലും ഉറച്ച വിശ്വാസമുണ്ടായിരുന്നു ബേക്ക ര്‍ക്ക്. ഭവനസംബന്ധമായ ആവശ്യങ്ങള്‍ക്ക് പ്രാദേശിക ആര്‍ക്കിടെക്ചറിന് ശരിയായ ഉത്തരമുണ്ടാ യിരുന്നു, കൂടാതെ ജോലിയില്‍ ബേക്കര്‍ ഒരിക്കലും ഒരു കച്ചവടക്കാരനായിരുന്നില്ല. വീട് നിര്‍മി ക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വീടിന്റെ അഞ്ച് മൈലിനുള്ളില്‍ നിന്ന് കൊണ്ടു വരണമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ വിശ്വസിച്ച ബേക്കര്‍ അത് പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്തു.

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ബേക്കര്‍ മോഡലിന്റെ പല നിലവാരം കുറഞ്ഞ അനുകരണങ്ങളും കേരളത്തില്‍ ഉയര്‍ന്നു വന്നെങ്കിലും നിര്‍മാണത്തിലെ പരിചയക്കുറവു മൂലം അവയില്‍ പലതും അഞ്ചോ പത്തോ വര്‍ഷത്തിനകം തകര്‍ച്ചയുടെ വക്കിലെത്തി. പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന ‘ബേക്കര്‍ മോഡല്‍’ ഇന്ന് കേരളത്തില്‍ ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. ബേക്കറുടെ വിശ്വസ്തരായ പല അനുയായികളും അവരുടെ സ്ഥാപനങ്ങളും പോലും വാണിജ്യവത്കരണം മൂലം ബേക്കര്‍ ഇസത്തിന്റെ തത്ത്വചിന്ത കൈവിട്ടുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബേക്കര്‍ ഇസം എന്ന ജീവിതരീതി

‘ഹേ പൃഥ്വി! ഞാന്‍ മാന്തിക്കുഴിക്കുന്ന നിന്നിലെ സ്ഥാനങ്ങള്‍ അതിവേഗം പൂര്‍വ്വാവസ്ഥയെ പ്രാപിക്കണേ. ഞാന്‍ നിന്റെ ഹൃദയത്തെയോ, മര്‍മ്മത്തെയോ നശിപ്പിക്കാതിരിക്കട്ടെ’ അഥര്‍വ വേദത്തില്‍ നിന്നുള്ള ഈ ഒരൊറ്റ ഗീതമാണ് സുസ്ഥിരജീവിതത്തിന് നാം പാലിക്കേണ്ടത്. ബേക്ക റുടെ ജീവിതത്തിലും, തൊഴിലിലും ഈ തത്ത്വചിന്ത ഒളിഞ്ഞും തെളിഞ്ഞും കാണാം. ലാറി ബേക്കറുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ആര്‍ക്കിടെക്റ്റില്‍ നിന്ന് ഒരിക്കല്‍ ഞാനൊരു കഥ കേട്ടു. അദ്ദേഹത്തിന്റെ അപ്രന്റീസിന്റെ കാലത്ത് ഓരോ ദിവസവും മരപ്പണിയ്ക്കു ശേഷം ബാക്കി വരുന്ന ചീളുകളും മറ്റും വളമുണ്ടാക്കാനായി കൊണ്ടു പോയി നിക്ഷേപിക്കേണ്ടത് അപ്രന്റീസുമാരുടെ ജോലിയായിരുന്നു. പക്ഷേ, എന്നും അതിരാവിലെ നിര്‍മാണസൈറ്റിലേയ്ക്ക് തന്റെ പഴയ അംബാസഡര്‍ കാറില്‍ പുറപ്പെടുന്ന ബേക്കര്‍ (എഴുപതുകളിലും എണ്‍പതുകളിലും ദൂരപ്രദേശങ്ങളിലുള്ള നിര്‍മാണസൈറ്റുകളില്‍ എത്താന്‍ അത് ആവശ്യമായിരുന്നു) കാറിന്റെ ഡിക്കിയില്‍ ഈ വളം ശേഖരിച്ചിരിക്കും. ഒപ്പം വനംവകുപ്പിന്റെ പീടികയില്‍ നിന്നും നേരത്തെ ശേഖരിച്ച മരത്തൈകളും. പോകുന്നത് ഒരു പുതിയ നിര്‍മാണസൈറ്റിലേയ്ക്ക് ആണെങ്കില്‍ പോലും വഴിയില്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം പുറത്തിറങ്ങി അദ്ദേഹം ഒരു മരത്തൈ നടും.

മൂര്‍ച്ചയേറിയ ഒരു ഗാര്‍ഡനിങ് ഉപകരണം ഉപയോഗിച്ച് ഒരു കുഴിയുണ്ടാക്കി അതില്‍ വളം നിക്ഷേപിച്ച് മരത്തൈ നടും. പിന്നീട് മഴ നനഞ്ഞ് ആ വൃക്ഷത്തൈ വളരും എന്ന വിശ്വാസ ത്തോടെ. മരം നടുന്നതു വഴി അദ്ദേഹം താന്‍ ഫോസില്‍ ഇന്ധനം ഉപയോഗിച്ച് കാറില്‍ യാത്ര ചെയ്യുന്നതിന്റെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നോ? അറിയില്ല. തിരുവനന്തപുരത്ത് വഴിയരി കില്‍ തണലേകുന്ന പല വൃക്ഷങ്ങളും ബേക്കര്‍ നട്ടതാണ് എന്ന് നമുക്ക് എത്രപേര്‍ക്ക് അറിയാം? ‘ലാറി ബേക്കറുടെ മറുവശം’ എന്ന പുസ്തകമെഴുതിയ ബേക്കറുടെ പത്‌നി എലിസബത്ത് ബേക്കര്‍ പുസ്തകത്തില്‍ സ്‌നേഹത്തോടെ കുറിച്ചു, ‘ലാറി നട്ട ഒരു ചെറുവിത്ത് മരിക്കാതെ, വളര്‍ന്ന് വളര്‍ന്ന് വലുതാകുന്നുവെന്നും എല്ലാവര്‍ക്കും ഭവനം എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം ഒടുവില്‍ വലിയൊരു അളവില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അറിയുന്നത് ആരോഗ്യകരവും സംതൃപ്തി നല്‍കുന്നതുമായ ഒരു വികാരമാണ്.’

കേരളത്തിന്റെ ഇന്നത്തെ ആര്‍ക്കിടെക്ചര്‍ മേഖലയിലേയ്ക്ക് നോക്കുമ്പോള്‍ നമുക്ക് വീമ്പു പറയാനൊന്നുമില്ല. ഭൂതകാലത്തിന്റെ മഹിമ നിലനിര്‍ത്താനോ അതിന്റെ നല്ല പാഠങ്ങള്‍ പഠി ക്കാനോ നമുക്കായില്ല. ആര്‍ക്കിടെക്ചറില്‍ പുതുതായി വന്ന ഉപഭോക്തൃസംസ്‌കാരം അതിനെ ദയനീയമായ പരാജയത്തിലേയ്ക്കാണ് നയിച്ചത്. ഇന്ന് കേരളത്തിലെ നഗരങ്ങളിലെയും പട്ടണങ്ങ ളിലെയും ഓരോ മുക്കിലും മൂലയിലുമുള്ള വാസ്തുവിദ്യ എന്ന ശാഖയുടെ അപജയ ത്തിന്റെ ചിഹ്നങ്ങളാണ് കാണാനാകുക. കോണ്‍ക്രീറ്റ് കുപ്പായമണിഞ്ഞ് നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഈ പരാജയം ദിവസേന ഓര്‍മപ്പെടുത്തുന്നു. ആര്‍ക്കിടെക്ചര്‍ തനിയെ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല, മനസ്സില്‍ ഒരു ചോദ്യത്തെ ഉള്‍ക്കൊണ്ട്, ആശയത്തെ യുക്തിപരമായി വിലയിരുത്തി, നൈതി കമായി മനസിലാക്കി, പരിഹാരം ചിത്രീകരിച്ച് പരിസ്ഥിതിയെ മാനിച്ചുകൊണ്ട് ഉപയോഗ പ്രദമായ നിര്‍മാണം നടത്തുക എന്നതാണ് ആര്‍ക്കിടെക്ചര്‍. ബേക്കര്‍ നമുക്ക് ഒരു വഴി കാണിച്ചു തന്നു. നാം അദ്ദേഹത്തെ അനുകരിക്കേണ്ടതില്ല, എന്നാല്‍ അത്യാഗ്രഹം ഒഴിവാക്കി ആവശ്യ ത്തിനു മാത്രമായി ഫലപ്രദമായി രൂപകല്‍പന നിര്‍വഹിക്കാനുള്ള നല്ല പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉറപ്പായും പഠിക്കണം. നമുക്ക് നിലനില്‍പ് വേണമെങ്കില്‍ ബേക്കര്‍ ഇസത്തില്‍ ഒളിഞ്ഞി രിക്കുന്ന സത്യം മനസ്സിലാക്കണം – സ്രോതസ്സിന്റെ ഫലപ്രദമായ ഉപയോഗവും അതിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ഉത്തരവാദിത്തവും. സൃഷ്ടിയുടെ പ്രക്രിയയും സ്വത്വത്തിന്റെ ആവിഷ്‌കരണവും സാധ്യമാക്കുന്ന പ്രധാനഘടകങ്ങള്‍ തുടര്‍ച്ചയും മാറ്റവുമാണ്. ബേക്കര്‍ജിയെ ഏറെ സ്വാധീനിച്ച ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഉന്മൂലനശ്രമങ്ങളെ അതിജീവിച്ച് പ്രാദേശിക യാഥാര്‍ത്ഥ്യത്തില്‍ നാം അഭിമാനമുള്ള വരായിരിക്കണം. ബേക്കര്‍ ഇസം വെറും ഒരു പഠന വിഷയം മാത്രമല്ല. അത് ഒരു ജീവിത രീതി തന്നെയാണ്. നല്ല നാളേയ്ക്ക് വേണ്ടിയുള്ള ഒരു സ്ഥായിയായ ജീവിതരീതി.

Leave a Reply

Your email address will not be published. Required fields are marked *