Designer : പി. കെ. ആര്‍. മേനോന്‍

February 11th, 2014
വാക്കുകള്‍ക്കപ്പുറം

എല്ലാവിധ സൗകര്യങ്ങളും സമുന്വയിപ്പിച്ചുകൊണ്ട്, ആധുനിക നിര്‍മാണസാമഗ്രിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പരമാവധി സുതാര്യത സൃഷ്ടിച്ചും, വീടിനുള്ളിലേക്ക് പ്രകൃതിയെ ക്ഷണിച്ചുകൊണ്ടും അകവും പുറവും തമ്മില്‍ ലയിച്ചു ചേരുന്ന മട്ടില്‍ യൂറോപ്യന്‍ ശൈലിയിലൊരു വീട്.

തിരുവനന്തപുരം നഗരിയില്‍ 80 സെന്റിന്റെ പ്ലോട്ടില്‍ ഏതാണ്ട് 10000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന ഈ വീടിന് ആധുനികവും, പരമ്പരാഗത പരിവേഷവും കൂട്ടിച്ചേര്‍ത്ത് ഡിസൈന്‍ പകര്‍ന്നത് പ്രമുഖ ഇന്റീരിയര്‍ ഡിസൈനര്‍ പി. കെ. ആര്‍. മേനോന്‍ ആണ്.

പരസ്പരലയനം
ഫോയര്‍, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, ഇന്‍ഫോമല്‍ ഡൈനിങ്, പാന്‍ട്രി, കിച്ചന്‍, 5 ബെഡ്‌റൂമുകള്‍, മുകളിലും താഴെയും പ്രത്യേകം ഹോംതീയേറ്റര്‍ ഇവയാണ് വീടിന്റെ സൗകര്യങ്ങള്‍. ബാത്ത്‌റൂമുകളില്‍ നിന്നു പോലും എക്സ്റ്റീരിയറിലെ ലാന്‍ഡ്‌സ്‌കേപ്പിന്റെ സൗന്ദര്യമാസ്വദിക്കാനാകുമെന്നത് ഡിസൈന്‍ സവിശേഷതയാണ്. ഇവിടെ ഗ്ലാസ് കൊണ്ടുള്ള ഭിത്തികളും, ഡോര്‍ കം വിന്‍ഡോകളും ആണ് കൂടുതല്‍. ഗ്രില്ലുകള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ സ്വകാര്യത തീര്‍ക്കാന്‍ ഭംഗിയുള്ള ഡബിള്‍ ലെയര്‍ കര്‍ട്ടനുകള്‍ ഉണ്ട്. യൂറോപ്യന്‍ ശൈലിയുടെ പിന്തുടര്‍ച്ചയായ വടിവൊത്ത ഡിസൈനിലുള്ള ഇംപോര്‍ ട്ടഡ് ഫര്‍ണിച്ചര്‍ വിന്യസിച്ചിരിക്കുന്ന അകത്തളങ്ങള്‍ വളരെ വിശാലവുമാണ്. ചെടികള്‍ക്ക് സ്ഥാനം വീടിനുള്ളിലെ ബാത്‌റൂമുകളില്‍ വരെ. വീടിന്റെ ഡിസൈനിങ് നയത്തെക്കുറിച്ച് പി.കെ.ആര്‍. മേനോന്‍ പറഞ്ഞത് ”ലാന്‍ഡ്‌സ്‌കേപ്പിന്റെയും സ്വിമ്മിങ്പൂളിന്റെയും ഒക്കെ ഭംഗി വീടിനുള്ളിലേക്കും പരമാവധി എത്തിക്കുക വഴി, ബാഹ്യവും ആധുനികവുമായ പ്രകൃതികളെ കൂട്ടിയിണക്കാനായി. ഒരു ഗ്രീന്‍ ഡിസൈനിങ് സംവിധാനമാണിവിടെ നടപ്പാക്കിയത്” എന്നാണ്.

ലാളിത്യത്തിലൂടെ പ്രൗഢി
ഫോയര്‍, ഗസ്റ്റ് ലിവിങ് ഏരിയകള്‍ക്ക് ഭിത്തിയൊരുക്കിയ വാള്‍പേപ്പറിന്റെയും, മിതമായ അലങ്കാരങ്ങളുടെയും കണ്ണിനു കുളിര്‍മ പകരുന്ന നിറങ്ങളുടെയും സൗമ്യമായ ചേരുവയാണ്. ഗസ്റ്റ് ഡൈനിങ്, ഫാമിലി ലിവിങ്, പാന്‍ട്രി കം ഫാമിലി ഡൈനിങ് എന്നീ ഏരിയകള്‍ ഓപ്പണ്‍ നയത്തിലാണ്. ഈ ഏരിയകള്‍ തമ്മില്‍ ഭാഗികമായ വേര്‍തിരുവു മാത്രം. ഫാമിലി ലിവിങ്ങിലെ സിറ്റിങ് ഏരിയ ഒരുപടി താഴ്ന്ന നിരപ്പിലാണ്. ഈ ഏരിയകളെ എല്ലാം അഭിമുഖീകരിച്ച് ഭംഗിക്കോ, കാഴ്ചയ്‌ക്കോ തടസ്സമാവാതെ സ്ഥാപിച്ചിട്ടുള്ള സ്റ്റെയര്‍കേസിനടിയിലും ചെടികള്‍ക്ക് സ്ഥാനമുണ്ട്. ഫാമിലി ഏരിയയുടെ പുറത്തെ ഗ്ലാസ് ഭിത്തിയുടെ തിരശ്ശീലകള്‍ ഒതുക്കിയിട്ടാല്‍ വീടിന്റെ പിന്‍ഭാഗത്തെ മുളങ്കൂട്ടങ്ങളുടെ കാഴ്ചയും ഉള്ളിലേക്കെത്തുകയായി. ഡബിള്‍ ഹൈറ്റിലാണ് ഫാമിലി ഏരിയകളെല്ലാം തന്നെ. റൂഫിലെ വിസ്തൃതമായ സണ്‍ലൈറ്റ് സംവിധാനം വീടിനുള്ളിലാകെ പ്രകാശം നിറയ്ക്കുന്നു. ഐലന്റ് കുക്കിങ് സംവിധാനത്തോടെയുള്ള പാന്‍ട്രി ഏരിയ ഇന്‍ഫോര്‍മല്‍ ഡൈനിങ് കൂടിയാണ്. വര്‍ക്കിങ് കിച്ചനിലേക്കുള്ള പ്രവേശനവും ഈ പാന്‍ട്രിയില്‍ നിന്നു തന്നെ. ഇവിടെയിരുന്നാല്‍ സ്വിമ്മിങ് പൂളിന്റെ കാഴ്ച കിട്ടും. മുകളിലും താഴെയുമായി രണ്ട് ഹോംതീയേറ്റര്‍ കം ലിവിങ് ഏരിയകള്‍ ആണ് വീടിനുള്ളത്.

താഴെ നിലയിലെ ഹോംതീയേറ്ററിനടുത്ത് കിഴക്ക് ദര്‍ശനമായി പൂജാമുറി. പെന്റന്റ് ലൈറ്റുകള്‍ കൊണ്ട് കോര്‍ണര്‍ ഹൈലൈറ്റ് ചെയ്ത ബെഡ്‌റൂമുകള്‍ ഇരിപ്പിട സൗകര്യവും ടി വി ഏരിയയും ഉള്‍ച്ചേര്‍ത്തവയാകുന്നു. മകളുടെ മുറിയാകട്ടെ, വൈദേശീക ശൈലിയെ ഓര്‍മിപ്പിക്കും വിധം വെണ്‍മയുടെ പശ്ചാത്തലത്തിലാണ്. പെയിന്റഡ് ഫര്‍ണിച്ചറാണ് ഈ മുറിയില്‍. ബാത്ത്‌റൂമുകള്‍ ഡ്രസിങ് ഏരിയയും, ഡ്രൈ വെറ്റ് ഏരിയയും കൂടി ചേര്‍ന്ന വിധത്തിലാണ്. ലാന്‍ഡ്‌സ്‌കേപ്പിന്റെ കാഴ്ചകള്‍ ഉള്ളിലെത്തിക്കാന്‍ പോന്ന വിധത്തില്‍ ഫ്രഞ്ച് വിന്‍ഡോകളാണ് ബാത്ത്‌റൂമുകള്‍ക്ക് പോലും. അകത്തളങ്ങളിലാകെയും – നിറത്തില്‍, ഫര്‍ണിഷിങ്ങില്‍, ഫര്‍ണിച്ചറില്‍, ചുമരിലെ പെയിന്റിങ്ങില്‍, എന്തിന് ഒരു കൊച്ചു കൗതുകവസ്തുവില്‍ പോലും ലാളിത്യഭംഗി കൊണ്ട് തന്നെ വീടിനകത്ത് പ്രൗഢി നിറയ്ക്കുന്ന പി.കെ.ആര്‍. ശൈലി വ്യക്തമാവുന്നുണ്ട്. ഫാമിലി ഏരിയകള്‍ക്കും പുറംവരാന്തകള്‍ക്കും പുറമെ സ്വിമ്മിങ്പൂളിനഭിമുഖമായി എല്‍ ഷേപ്പില്‍ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയുണ്ട് വീടിന്. ഇവിടെയാണ് ലൈബ്രറി, ജിം, സെര്‍വന്റ്‌സ്‌റൂം, ഡ്രൈവേഴ്‌സ്‌റൂം തുടങ്ങിയ സൗകര്യങ്ങള്‍.

പച്ചപ്പിനാല്‍ അകംപുറം
പി.കെ.ആര്‍. മേനോന്‍ പറയുന്നു. ”ഈ വീടിന്റെ ഭംഗി, അല്ലെങ്കില്‍ മുഖ്യാകര്‍ഷണം എന്നത് അകത്തും പുറത്തുമുള്ള പച്ചപ്പാണ്.” എക്സ്റ്റീരിയറില്‍ ഓരോരോ വശങ്ങളില്‍ നിന്നും ഓരോ ദൃശ്യവിരുന്നാണ്. ഒരു ഭാഗത്ത് സ്വിമ്മിങ് പൂളും, കിഡ്‌സ് പൂളും, മുളങ്കൂട്ടങ്ങളും ചേര്‍ന്നു നല്‍കുന്ന കാഴ്ചയെങ്കില്‍ മുന്‍ഭാഗത്ത് തുളസിത്തറയും, കാര്‍പോര്‍ച്ചും, വിശാലമായ പൂമുഖവരാന്തയും ചേര്‍ന്ന് ഒരുക്കുന്ന മറ്റൊരു കാഴ്ച. സോളാര്‍ വാട്ടര്‍ ഹീറ്റര്‍, എല്‍.ഇ.ഡി. ലൈറ്റിങ് സംവിധാനം, ഓട്ടോമാറ്റിക് ഗേറ്റ്, ഡോര്‍ സെന്‍സര്‍, വിന്‍ഡോ സെക്യൂരിറ്റി, വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും വീടിനുണ്ട്. ലോകത്തെവിടെയായാലും കയ്യിലുള്ള മൊബൈലില്‍ നോക്കി വീടിനകത്തും പുറത്തും എന്തു നടക്കുന്നു എന്ന് വീട്ടുകാര്‍ക്ക് അറിയാം. അതിനാല്‍ തന്നെ വീട് ഇവര്‍ക്ക് സന്തത സഹചാരിയെപ്പോലെ ആണ്. അകത്തളം വളരെ സംവേദനക്ഷമമാണ്.

വീടിന്റെ ഡിസൈനിങ് നയത്തെക്കുറിച്ച് പി.കെ.ആര്‍. മേനോന്‍ ചുരുങ്ങിയ വാക്കുകള്‍ മാത്രമേ പറയുന്നുള്ളൂ. പക്ഷേ, ഈ വീടു തന്നെ കാണുന്ന മാത്ര മുതല്‍ നമ്മോട് സംവദിച്ചു തുടങ്ങും. അതിന്റെ പ്രത്യേകതകള്‍ക്ക് വിശദീകരണമാവശ്യമില്ല. വാക്കുകള്‍ക്കപ്പുറത്ത് കാഴ്ച നല്‍കുന്ന സംവേദന വിരുന്നാണത്.

Leave a Reply

Your email address will not be published. Required fields are marked *