മാറുന്നു, ഫ്ളാറ്റ്-വില്ല സങ്കല്‍പ്പങ്ങള്‍

കമ്മ്യൂണിറ്റി ഭവനങ്ങളുടെ വ്യാപ്തിയെ കുറിച്ചും സര്‍വ്വോപരി നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ടുള്ള സുസ്ഥിരതയുടെ ബഹുവിധ നിര്‍വചനങ്ങളെക്കുറിച്ചും കേരളത്തിലെ പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പായ അസറ്റ് ഹോംസിന്‍റെ മാനേജിങ് ഡയറക്റ്റര്‍ വി.സുനില്‍ കുമാര്‍ സംസാരിക്കുന്നു

ആകാശത്തേക്ക് വളരുന്ന നഗരങ്ങളുടെ തലയെടുപ്പാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍. മാറുന്ന ഗൃഹ സങ്കല്‍പ്പങ്ങള്‍, ജീവിത രീതി, സ്ഥല ദൗര്‍ലഭ്യം ഇതിന്‍റെയെല്ലാം സൃഷ്ടിയായിരുന്നു ഒരു കാലത്ത് ഫ്ളാറ്റുകള്‍.

ആ അവസ്ഥ മാറി, സുരക്ഷയും ജീവിതനിലവാരവും പ്രഖ്യാപിക്കുന്ന സൂചകങ്ങളായി ഇടക്കാലത്ത്. ഭൂസ്വത്ത് നിക്ഷേപമായിരുന്ന ഇന്ത്യയുടെ പരമ്പരാഗത രീതിയെ തള്ളി മികച്ച ഒറ്റത്തവണ നിക്ഷേപമായി ഫ്ളാറ്റുകള്‍ ഉയരുന്ന കാഴ്ചയും നാം കണ്ടു.

ആ നാളുകളും പിന്നിലായി. സസ്റ്റെയിനബിലിറ്റി അഥവാ സുസ്ഥിരത എന്ന പദവുമായി ബന്ധപ്പെടുത്തി വേണം കമ്മ്യൂണിറ്റി താമസയിടങ്ങളുടെ മൂല്യം ഇന്ന് അളക്കാന്‍.

ദിനംതോറും ഇടുങ്ങി വരുന്ന, ആള്‍പെരുപ്പം കൂടുന്ന നഗരങ്ങളില്‍ ഫ്ളാറ്റുകള്‍ ഒഴിവാക്കിയുള്ള വികസനവും പാര്‍പ്പിട ഘടനയും അസാധ്യമായ വരും നാളുകളെ മുന്നില്‍ കാണുമ്പോള്‍ പ്രത്യേകിച്ചും.

കമ്മ്യൂണിറ്റി ഭവനങ്ങളുടെ (ഫ്ളാറ്റ്, വില്ല, അപ്പാര്‍ട്ട്മെന്‍റ്) വ്യാപ്തിയെ കുറിച്ചും സര്‍വ്വോപരി നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ടുള്ള സുസ്ഥിരതയുടെ ബഹുവിധ നിര്‍വചനങ്ങളെയും ആവശ്യകതയെയും കുറിച്ച് കേരളത്തിലെ പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പായ അസറ്റ് ഹോംസിന്‍റെ എം.ഡി വി. സുനില്‍ കുമാര്‍ സംസാരിക്കുന്നു:

സാമൂഹിക കാരണങ്ങള്‍

ഒരു സാമൂഹിക ജീവി എന്ന നിലയില്‍ കൂട്ടായ ജീവിതം നയിച്ചവരാണ് മനുഷ്യര്‍. കാലം അണുകുടുംബങ്ങള്‍ക്ക് വഴിമാറിയെങ്കിലും മനുഷ്യന്‍റെ സാമൂഹിക സ്വഭാവം മാറുന്നില്ല.

ഈ സാഹചര്യത്തിലാണ് നിരവധി അണുകുടുംബങ്ങള്‍ ഒത്തു ചേരുന്ന കമ്മ്യൂണിറ്റി വീടുകളുടെ (ഗ്രൂപ്പ് ഹൗസിങ്) പ്രസക്തിയേറിയത്. മറ്റൊന്ന് സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

താമസയിടവും തൊഴിലിടവും തമ്മിലുളള അകലവും നാട്ടിലെ അടിസ്ഥാനസൗകര്യങ്ങളുടെ പിന്നോക്കാവസ്ഥയും എത്തിപ്പെടാവുന്ന സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍ക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കി.

ഭൂമിയുടെ വില സ്ഥിരമായി കൂടുന്ന പ്രവണതയ്ക്ക് മാറ്റമില്ലാത്തതിനാല്‍ നഗരത്തിലെയും മറ്റും കണ്ണായ സ്ഥലം വാങ്ങി വീടു പണിയുകയെന്നത് അസാധ്യവും അപ്രാപ്യവും ആകുകയും, ഈ സാഹചര്യത്തില്‍ ഫ്ളാറ്റുകള്‍ പോലെയുള്ള കമ്മ്യൂണിറ്റി റെസിഡന്‍സുകള്‍ ഇതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

ഒരാള്‍ ഒറ്റയ്ക്കൊരു സ്ഥലം വാങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് വീടു പണിയുന്നതിനേക്കാള്‍ ചെലവ് കുറവ് ഈ ഷെയറിങ് സ്പേസുകളില്‍ സാധ്യമാകും എന്നതായിരുന്നു ഫ്ളാറ്റുകളുടെ കാര്യത്തിലെ മേന്‍മ.

എന്നാല്‍ ഈ ചിന്തകളും രീതികളും മാത്രമല്ല പിന്നിടുള്ള കാലത്തെ ഫ്ളാറ്റുകളുടെ തെരഞ്ഞെടുപ്പില്‍ നിഴലിക്കുന്നത്.

നിക്ഷേപമല്ല, താമസയിടം

താമസയിടം കഴിഞ്ഞാല്‍, മികച്ച ഒറ്റത്തവണ നിക്ഷേപം എന്ന രീതിയില്‍ ഇവ സ്വന്തമാക്കുകയായിരുന്നു ഫ്ളാറ്റുകളുടെ രണ്ടാംദശകമെന്ന് വിളിക്കാവുന്ന ഘട്ടം.

ബാങ്ക് ലോണ്‍ എത്ര ശതമാനത്തിന് കിട്ടുന്നു, രണ്ടാമതൊരു ഫ്ളാറ്റ് കൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു, വാടകയ്ക്ക് കൊടുത്താല്‍ കിട്ടുന്ന വരുമാനം, നിര്‍മ്മാണത്തിന്‍റെ അവസാനമെത്തുന്ന മൂല്യവൃദ്ധി കൊണ്ട് ലാഭം നേടാമെന്ന ചിന്ത ഇവയെല്ലാം ഉപഭോക്താക്കള്‍ ശ്രദ്ധിച്ച കാലമായിരുന്നു ഇത്.

ഈ അവസ്ഥയും കടന്നു പോയി. നിക്ഷേപം എന്നരീതിയില്‍ ലാഭം കിട്ടുന്ന മേഖലയായി ഫ്ളാറ്റുകളെ കാണുന്നത് കുറഞ്ഞു. മാര്‍ക്കറ്റിന്‍റെ സുരക്ഷിതത്ത്വത്തിലുള്ള വിശ്വാസവും മങ്ങി. ആളുകള്‍ സ്വന്തം താമസാവശ്യത്തിന് മാത്രം ഫ്ളാറ്റ് സ്വന്തമാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ഉള്ളത്.

യഥാര്‍ത്ഥ ബില്‍ഡര്‍, യഥാര്‍ത്ഥ കസ്റ്റമര്‍

ഈ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി രൂപവത്കരിക്കുന്നത്. ഇതോടൊപ്പം ജി.എസ്.ടി വന്നു. സംസ്ഥാനങ്ങളിലെല്ലാം ഒറ്റ നികുതിയായതോടെ ഏത് മെറ്റീരിയലും എവിടെ നിന്ന് വേണമെങ്കിലും വാങ്ങാമെന്നായി.

ഏത് ലൊക്കേഷനും തെരഞ്ഞെടുക്കാനുള്ള സാഹചര്യം വന്നു. പണ്ട് കര്‍ണാടകയില്‍ നിക്ഷേപിക്കാന്‍ എന്‍.ആര്‍.ഐക്കാര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെ വാറ്റ് കുറവായിരുന്നത് കൊണ്ടായിരുന്നു ഇത്.

ഈ അവസ്ഥ ഇന്നില്ല. രാജ്യം മുഴുവന്‍ ഒരൊറ്റ നിയമവും വ്യവസ്ഥയും വന്നത് പ്രാദേശികമായി ഉണ്ടായിരുന്ന അനുകൂല ഘടകങ്ങളെ അപ്രസക്തമാക്കി. ഏത് വസ്തുവും താരതമ്യം ചെയ്ത് വാങ്ങിക്കാമെന്നായി.

അതോടൊപ്പം നിയമങ്ങളുടെ കാര്‍ക്കശ്യം നിക്ഷേപകര്‍ക്കും ഫ്ളാറ്റ് വാങ്ങുന്നവര്‍ക്കും സുരക്ഷിതത്വ ബോധം ഉണ്ടാക്കി. അതിനാല്‍ നിലവിലെ റിയല്‍ എസ്റ്റേറ്റ് വിപണി എന്ന് പറയുന്നത് യഥാര്‍ത്ഥ ബില്‍ഡറും യഥാര്‍ത്ഥ ഉപഭോക്താക്കളും ഉള്‍ക്കൊള്ളുന്നതാണ്.

സേവനങ്ങളിലെ വ്യത്യസ്തത

യഥാര്‍ത്ഥ ബില്‍ഡറും യഥാര്‍ത്ഥ കസ്റ്റമറും ഉള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നു വേണം തുടങ്ങാന്‍. ഇവിടെ എല്ലാം നിര്‍മ്മാതാക്കളും ചെയ്യുന്നത് ഒന്നാണെന്ന വസ്തുത വന്നു. എല്ലാ ഉപഭോക്താക്കളും ഒരേ സ്വഭാവക്കാരായി.

ഈ അവസ്ഥയില്‍ ബില്‍ഡര്‍മാര്‍ നല്‍കുന്ന വ്യത്യസ്തത എന്താണെന്ന ചോദ്യമുയരുന്നു. അവിടെയാണ് മികച്ച ബ്രാന്‍ഡുകള്‍ വലിയ മൂല്യം ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്നത്. സര്‍വ്വീസിലാണ് ആ വ്യത്യാസം കൊണ്ടു വരേണ്ടത്.

ഫ്ളാറ്റ് എന്നത് പ്രോഡക്റ്റ് സെയിലിനപ്പുറത്ത് ഒരു സര്‍വ്വീസ് സെയിലായി മാറുന്നു. ഫ്ളാറ്റ് പണിത് കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വാടകയ്ക്ക് നല്‍കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക, റീസെയ്ല്‍ ചെയ്യുന്നതിനുള്ള അവസരം ഒരുക്കുക, ഇന്‍ഷുറന്‍സ് കവറേജ് കൊടുക്കുക തുടങ്ങിയവയെല്ലാം സര്‍വ്വീസുകളില്‍പ്പെടുന്നു.

ഇന്‍ഷുറന്‍സിന്‍റെ കാര്യത്തില്‍ കസ്റ്റമേഴ്സ് എല്ലാം ഒരു വ്യവസ്ഥ അനുസരിച്ച് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ ആവശ്യമുള്ള സാഹചര്യങ്ങളില്‍ പരിരക്ഷയും ആനുകൂല്യവും ലഭിക്കുകയുള്ളു.

വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍, ഭീകരാക്രമണം, മോഷണം തുടങ്ങിയവ ഉദാഹരണമാണ്. ബില്‍ഡര്‍മാര്‍ തന്നെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കിയാല്‍ താമസക്കാര്‍ക്കെല്ലാം സുരക്ഷിതത്വ ബോധം വരുന്നു. വാറന്‍റി നല്‍കുന്നതും അതുപോലെ തന്നെ പ്രധാനമാണ്.

ട്രാന്‍സിറ്റ് ഹോം സൗകര്യമാണ് മറ്റൊന്ന്. എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിച്ചയാള്‍ക്ക് മറ്റിടങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ അതേ ബില്‍ഡറുടെ ഫ്ളാറ്റുകളില്‍ താമസിക്കാനുള്ള സൗകര്യം ഉറപ്പാക്കുന്നതാണിത്.

ഹോസ്പിറ്റലുകളുമായി ടൈഅപ് ഉണ്ടാക്കുക, ആവശ്യമുള്ളപ്പോള്‍ അടിയന്തിര ചികിത്സാ സംവിധാനം ഒരുക്കുക, വാഹനങ്ങള്‍ സൂക്ഷിക്കാനും വൃത്തിയാക്കാനുമുള്ള സംവിധാനം ഉണ്ടായിരിക്കുക എന്നിങ്ങനെ ഉപഭോക്താക്കളുടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും ആശ്രയിക്കാവുന്ന ബില്‍ഡര്‍ ആയിരിക്കുക എന്നതാണ് ഒരു ബ്രാന്‍ഡിനെ മതിപ്പുള്ളതാക്കുന്നത്.

സുസ്ഥിരത

ഈ പറഞ്ഞ കാര്യങ്ങളെക്കാള്‍ എല്ലാം പ്രാധാന്യം അര്‍ഹിക്കുന്നതും അടിയന്തരമായി എല്ലാ ബില്‍ഡര്‍മാരും നടപ്പാക്കേണ്ടതുമായ ഘടകമാണ് സുസ്ഥിരത അഥവാ സസ്റ്റെയിനബിലിറ്റി.

പൊതുവെ പ്രകൃതിയെ നശിപ്പിക്കുന്നവരാണ് ബില്‍ഡര്‍ സമൂഹം എന്നൊരു ധാരണ ഉണ്ട്. ആ അഭിപ്രായം മാറ്റിയെടുക്കണമെങ്കില്‍ പ്രകൃതിക്കും ചുറ്റുപാടുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം കൂടണം.

ഇനിയുള്ള കാലത്ത് ആളുകള്‍ ശ്രദ്ധിക്കുന്നത് ബില്‍ഡിങ്ങും അവിടുത്തെ സേവനങ്ങളും സുസ്ഥിരമാണോ എന്നതായിരിക്കും. കുടിക്കാനുള്ള വെള്ളം സ്ഥിരമായി കിട്ടുമോ, വൈദ്യുതിയും വെളിച്ചവും എപ്പോഴും ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫ്ളാറ്റുകളില്‍ വേണം.

വെള്ളത്തെ സംരക്ഷിച്ചും ഊര്‍ജ്ജത്തെ സംഭരിച്ചും ഉപയോഗിക്കാനുള്ള സംവിധാനം വേണം.

അതു പോലെ തന്നെയാണ് നമ്മള്‍ സൃഷ്ടിക്കുന്ന മാലിന്യം. ഇവ ഉറവിടത്തില്‍ തന്നെ സംസ്കരിക്കപ്പെടണം. രണ്ടു തരം മാലിന്യങ്ങളാണ് നമ്മള്‍ ഇപ്പോഴും കണക്കുകൂട്ടുന്നത്. ജൈവവും അജൈവവും.

ആ കാലം കഴിഞ്ഞു. ഇതിനു പുറമേ മെഡിക്കല്‍,പ്ലാസ്റ്റിക്ക്, കത്തിച്ചു കളയേണ്ടവ, ഇ -വേസ്റ്റ് എന്നിവയെല്ലാം ചേര്‍ത്ത് അഞ്ച്തരം മാലിന്യങ്ങളാണ് ഇന്നുള്ളത്. ഇവ സംസ്കരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമായിരിക്കണം.

അതു പോലെ തന്നെയാണ് നമ്മള്‍ പണിയുന്ന ഓരോ സ്ക്വയര്‍ഫീറ്റും. സുസ്ഥിരത ആദ്യം തുടങ്ങേണ്ടത് അവിടെയാണ്. ഡിസൈന്‍ ആശയവും പ്ലാനും തയ്യാറാക്കുന്നതിനു മുമ്പേ സ്ക്വയര്‍ഫീറ്റിന്‍റെ മൂല്യം മനസിലുണ്ടാകണം.

ഓരോ സ്ക്വയര്‍ഫീറ്റിനുമാണ് പണം ഈടാക്കുന്നത്. അപ്പോള്‍ ഒരു അനാവശ്യ ഡിസൈന്‍ മൂലം നഷ്ടമാകുന്നത് ഉപഭോക്താവിന്‍റെ പണമാണെന്ന ഉറച്ച ചിന്തയുണ്ടാകണം.അതു കൊണ്ട് തന്നെ ഓരോ സ്ക്വയര്‍ഫീറ്റും സുസ്ഥിരതയോടെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഭിത്തികളും വെര്‍ട്ടിക്കല്‍ സ്പേസുകളും വെറുതെയാകരുത്. റിക്രിയേഷന്‍ സ്പേസുകളും കളിസ്ഥലങ്ങളും പണിയുന്നത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി മാത്രം പണിയുന്ന പൊതു ഇടങ്ങള്‍ സസ്റ്റെയിനബിള്‍ ആണെന്ന് പറയാനാകില്ല. സാധ്യമായ തരത്തില്‍ പൊതു ഇടങ്ങള്‍ എപ്പോഴും മള്‍ട്ടിപ്പര്‍പ്പസ് ഏരിയകള്‍ ആയിരിക്കണം. ഇതാണ് സുസ്ഥിരതയുടെ അടുത്ത കാഴ്ചപ്പാട്.

ഫ്ളാറ്റില്‍ എന്ത് സൗകര്യങ്ങള്‍ ഉണ്ടെന്നത് അല്ല ഇപ്പോഴത്തെ വിഷയം. അവിടെ നീന്തല്‍ക്കുളം ഉണ്ടെന്നതിനേക്കാള്‍ അതേ വെള്ളം തന്നെ ഒരു 10 വര്‍ഷത്തേക്ക് പുനരുപയോഗിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനം.

ലാന്‍ഡ്സ്കേപ്പ് ഉണ്ടാകുക എന്നതിനപ്പുറം വെള്ളം വലിച്ചെടുത്ത് പിടിച്ചു വെയ്ക്കുന്ന സസ്യങ്ങള്‍ ഉണ്ടോ എന്നതിനാണ് പ്രസക്തി. ഹരിതാഭമായ ലാന്‍ഡ്സ്കേപ്പിന്‍റെ സ്ഥാനത്ത് ഫലവൃക്ഷങ്ങളും പച്ചക്കറികളും നിറഞ്ഞ തോട്ടം മുറ്റത്തുണ്ടാകുക എന്നുള്ളതാണ് സുസ്ഥിരത.

വെറുമൊരു പുല്‍ത്തകിടിയുടെ സ്ഥാനത്ത് തിരികെ എന്തെങ്കിലും തരുന്ന സസ്യമാകുമ്പോള്‍ ആണ് സസ്റ്റെയിനബിലിറ്റി പൂര്‍ണമാകുന്നത്. ഇതെല്ലാം നാളെയുടെ ഫ്ളാറ്റുകളുടെ പ്രത്യേകതയായിരിക്കണം.

ചെന്നൈയില്‍ നിന്ന് അടുത്തിടെ കേട്ട വാര്‍ത്ത ഇങ്ങനെയായിരുന്നു. വെള്ളം ഇല്ലാത്തതിനാല്‍ ആളുകള്‍ ഫ്ളാറ്റ് ഒഴിഞ്ഞു പോകുന്നു.

ഭാവിയെ ഒരു പടി മുന്നില്‍ കണ്ട് നിര്‍മ്മാണങ്ങള്‍ നടത്തിയില്ലെങ്കില്‍ ഏത് നാട്ടില്‍ നിന്നും കേള്‍ക്കാനിടയുള്ള വാര്‍ത്തയാണിത്. ഈ വാര്‍ത്ത ഒരു മുന്നറിയിപ്പാകട്ടെ.

നാളെയെ കുറിച്ചുള്ള ഇത്തിരി കരുതലിന്. അനാവശ്യമായി ഒഴുക്കി കളയുന്ന വെള്ളത്തിന്‍റെ സ്ഥാനത്ത് പുനരുപയോഗ ജലവും ഷോ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പകരം ഫ്രൂട്ട് വെര്‍ട്ടിക്കല്‍ ഗാര്‍ഡനും വരട്ടെ.

സൗകര്യങ്ങളും ലക്ഷ്വറിയും നിര്‍ബന്ധമോ ഒഴിച്ചു കൂടാനാവത്തതോ ആയ സാഹചര്യത്തില്‍ സുസ്ഥിരത എന്നതാകട്ടെ നാളെയുടെ നിര്‍മ്മാണങ്ങളുടെ അടിസ്ഥാനപ്രമാണം.

അസറ്റ്: സുസ്ഥിരതയ്ക്ക് എന്നും ഊന്നല്‍

ഉപഭോക്താക്കള്‍ക്ക് എല്ലാ സാഹചര്യത്തിലും ആശ്രയിക്കാവുന്ന ബില്‍ഡര്‍ ആകാനാണ് അസറ്റ് ഹോംസ് ശ്രദ്ധിക്കുന്നത്. ഇന്‍ഷൂറന്‍സ്, വാറന്‍റി, ആന്വല്‍ മെയിന്‍റനന്‍സ്, കോണ്‍ട്രാക്റ്റില്‍ പേ ചെയ്യുന്നവര്‍ക്ക് മെയിന്‍റനന്‍സ് സേവനങ്ങള്‍ എന്നിവ അസറ്റ് ഉറപ്പാക്കുന്നു .

25 വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. 10 വര്‍ഷത്തേക്ക് ഫ്ളാറ്റ് വാറന്‍റിയുണ്ട്. ഈ കാലയളവില്‍ ഫ്ളാറ്റിന് എന്ത് കേടുപാടു വന്നാലും ബില്‍ഡര്‍ തന്നെ പരിഹരിച്ചു നല്‍കും.

അസറ്റിന്‍റെ പ്രോജക്റ്റുകളില്‍ കോമണ്‍ ഏരിയകളിലെല്ലാം സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. കാറ്റ് ഉപയോഗിച്ച് ഊര്‍ജ്ജാവശ്യങ്ങള്‍ നടത്തുന്ന പ്രോജക്റ്റുകളുമുണ്ട്.

എല്ലാ ഫ്ളാറ്റുകളിലും മഴവെള്ള സംഭരണം നടപ്പാക്കുന്നുണ്ട്. മഴവെള്ളം മുഴുവന്‍ അഴുക്കുചാലിലേക്ക് ഒഴുകി പോകാതെ അത് ഭൂമിയിലേക്കിറങ്ങി റീചാര്‍ജ് ചെയ്യുന്നുണ്ട്. ഫ്ളഷ് ആവശ്യങ്ങള്‍ക്ക് ത്രീ പൈപ്പ് സംവിധാനം ഉപയോഗിച്ച് വെള്ളം പുനരുപയോഗിക്കുന്നു.

പുതിയ പ്രോജക്റ്റുകളിലൊന്നും ഫ്ളഷിങ്ങിന് വേണ്ടി പുതിയ വെള്ളം ഉപയോഗിക്കുന്നില്ല. വെള്ളം ട്രീറ്റ്മെന്‍റ് നടത്തി പഴയഗുണത്തിലേക്ക് തിരിച്ച് കൊണ്ടു വന്ന് പുനരുപയോഗ യോഗ്യമാക്കുന്നുണ്ട്. അടുക്കള, വാഷ്ബേസിനുകള്‍ എന്നിവിടങ്ങളിലും കുളിക്കാനും മാത്രമാണ് പുതിയ വെള്ളം ഉപയോഗിക്കുന്നത്.

ബാക്കിയെല്ലാ വെള്ളവും റീസര്‍ക്കുലേറ്റ് ചെയ്ത് തിരികെ വരികയാണ്. അത് ലാന്‍ഡ്സ്കേപ്പിലും കാര്‍വാഷിനും ഫ്ളെഷിലും ഉപയോഗിക്കുന്നുണ്ട്. ആത്യന്തികമായി വെള്ളത്തെ സംരക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അഞ്ചുതരം മാലിന്യം തെരഞ്ഞെടുത്താണ് സംസ്കരിക്കുന്നത്.

ഡിഗ്രേഡബിള്‍ മാലിന്യം സംസ്കരിച്ച് വളമാക്കി അവിടെ തന്നെ ലാന്‍ഡ്സ്കേപ്പില്‍ ഉപയോഗിക്കുകയും ബാക്കി വില്‍ക്കുകയുമാണ് അസറ്റ് ചെയ്യുന്നത്.

അജൈവ മാലിന്യത്തിലെ പ്ലാസ്റ്റിക്ക് പോലെയുള്ള സാധനങ്ങള്‍ പെല്ലറ്റുകളാക്കി മാറ്റി റോഡ് ടാറിങ്ങിന് ഉപയോഗിക്കാന്‍ കൊടുക്കുന്നു. സിറിഞ്ച്, മരുന്നു കവറുകള്‍ തുടങ്ങിയ മെഡിക്കല്‍ വേസ്റ്റ്, ഇ- വേസ്റ്റുകള്‍ ഇവയെല്ലാം തരംതരിച്ച് സംസ്കരിക്കുന്നുണ്ട്.

കത്തിച്ചു കളയേണ്ട വേസ്റ്റ് അങ്ങനെ നശിപ്പിക്കുന്നു. ഇതൊക്കെ ഒരു ബില്‍ഡര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് റേറ്റിങ്ങുകളും മറ്റ് അംഗീകാരങ്ങളും. ക്രിസിലിന്‍റെ റേറ്റിങ്ങ് 90 ഘടകങ്ങളും പരിഗണിച്ചുള്ളതാണ്.

അതില്‍ ഏറ്റവും മികച്ച റേറ്റിങായ ക്രിസില്‍ ഡിഎ2പ്ലസ് (ക്രിസില്‍ DA2+) ലഭിക്കുകയെന്നതിനര്‍ത്ഥം ആ ബില്‍ഡര്‍ എന്തെങ്കിലും ഒക്കെ ചെയ്യുന്നുണ്ടെന്ന് അന്ധമായി വിശ്വസിക്കാം എന്നു തന്നെയാണ്.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*