Project Specifications

നൂറുവര്‍ഷം പഴക്കവും ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ ശൈലിയും പിന്‍തുടരുന്ന ഏതാണ്ട് 20,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ചരിത്രവും പഴമയും പേറുന്ന വീട്. വാസ്തുകലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഇതെന്നതില്‍ തര്‍ക്കമില്ല. ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ഇന്ന് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായി മയ്യഴിപുഴയുടെ തീരത്തെ മാഹിയില്‍ ദേശീയ പാതയോരത്തു ചരിത്രകുതുകികളുടെ കണ്ണുകള്‍ക്ക് വിരുന്നായി പഴമയുടെ പ്രതിരൂപമായി നിലനില്‍ക്കുന്ന വാസ്തുശില്പം.

മ്യൂസിയത്തിലേക്ക്

പരേതനും മാഹിയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനുമായിരുന്ന പാറേമ്മേല്‍ അലി ഹാജിയുടെ ഉടമസ്ഥതയിലുള്ള ചരിത്ര പ്രാധാന്യമുള്ള ഈ വീട് അദ്ദേഹത്തിന്റെ കാലശേഷം ഒരു മ്യൂസിയമായി മാറ്റണമെന്നുള്ള ആഗ്രഹമനുസരിച്ച് പുത്രന്‍ അഹമ്മദ് സമീര്‍ ഇതിന്റെ ഒരു ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങളൊക്കെ നടത്തി ‘ഷംഗലേറിയ’ (Shamgalleria) എന്ന പേരില്‍ ആന്റിക് ഫര്‍ണിച്ചര്‍ ഷോപ്പാക്കി മാറ്റി. ഫര്‍ണിച്ചര്‍ ഷോപ്പ് എന്നതിനേക്കാള്‍ ലക്ഷ്വറി ആന്റിക് ഫര്‍ണിച്ചര്‍ മ്യൂസിയം എന്നു പറയുന്നതാവും ശരി. ഈ വീടിനെ സംരക്ഷിക്കുന്നതിനും യഥാസമയം വേണ്ട വിധത്തില്‍ മെയിന്റനന്‍സ് നടത്തുന്നതിലും സമീറും അദ്ദേഹത്തിന്റെ സഹോദരങ്ങളും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഫ്രാന്‍സില്‍ നിന്നും മറ്റും ഇപ്പോഴും ആളുകള്‍ അതിഥികളായി എത്താറുള്ള ഈ സ്ഥലവും ഇവിടുത്തെ പഴമയും ചരിത്രവും എന്നെന്നും നിലനില്‍ക്കേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്. വരും തലമുറയ്ക്ക് കാണുവാനും പഠിക്കുവാനും ഇത്തരം വാസ്തുശില്പങ്ങള്‍ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ഈ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

ഇസ്ലാമിക് ശൈലിയില്‍

ഇസ്ലാമിക് അല്ലെങ്കില്‍ അറബിക് വാസ്തുകലയുടെ പ്രതിരൂപമായ ഈ വീടിനെ എല്ലാവിധ പൗരാണികതയോടും കൂടി തന്നെ നവീകരിച്ചത് നുഫേല്‍ മൊയ്ദു (ഡിഫോറം ആര്‍ക്കിടെക്റ്റ്‌സ്, മാഹി) ആണ്. ”വീടിന്റെ പഴമയ്ക്ക് യാതൊരുവിധ കോട്ടവും തട്ടാതെ തനിമ മുഴുവന്‍ നിലനിര്‍ത്തി ചില ചെറിയ മിനുക്കു പണികള്‍ മാത്രം നടത്തി സൗന്ദര്യം വര്‍ദ്ധിപ്പിക്കുക മാത്രമാണുണ്ടായത്” എന്നു നുഫേല്‍ പറയുന്നു. പ്ലാസ്റ്ററിങ് അടര്‍ന്നുപോയ സ്ഥലത്ത് പുതുതായി പ്ലാസ്റ്ററിങ് ചെയ്തു. ചില അനാവശ്യ പാര്‍ട്ടീഷനുകള്‍ ഒഴിവാക്കി തടിയില്‍ തീര്‍ത്തിട്ടുള്ള സ്റ്റെയര്‍ കേസും, മച്ചും. എല്ലാം പോളിഷ് ചെയ്തു മിനുക്കിയെടുത്തു. ഈടുറ്റ തടികള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചതിനാല്‍ വാതിലുകള്‍ക്കോ മറ്റ് മരഉരുപ്പടികള്‍ക്കോ യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ഭിത്തികളുടെ കനമാകട്ടെ 45 സെന്റീമീറ്റര്‍ ഉണ്ടായിരുന്നു. ഒരാള്‍ പൊക്കമുള്ള മച്ചും ഇത് രണ്ടും വളരെ സുഖകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്തിരുന്നു കെട്ടിടത്തിനുള്ളില്‍. വീടിനു ചുറ്റിനും വരാന്തയും ഉണ്ടായിരുന്നു. വാതിലുകള്‍ക്ക് 2.6 മീറ്റര്‍ കനമുള്ള കട്ടിത്തടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

വലിയ ശബ്ദത്തോടെ തുറന്നിരുന്ന ഈ കതകുകള്‍ക്ക് തടി ഉപയോഗിച്ചായിരുന്നു ടവര്‍ ബോട്ടും. ഇരുപാളി കതകുകള്‍ ആയിരുന്നു ഇവിടുത്തേത്. നടുവിലെ കൂട്ടിച്ചേര്‍പ്പില്‍ ബ്രാസിന്റെ പട്ടയും ഗോളകയും നല്‍കിയിരിക്കുന്നു. കതകുപാളികള്‍ക്ക് നല്‍കിയിരുന്ന പെയിന്റ് ചുരുണ്ടി ക്കളഞ്ഞ് വാര്‍ണിഷ് അടിച്ചു. ബ്രാസിന് പുതിയ കോട്ടിങ് നല്‍കി ഭംഗിപ്പെടുത്തി. വലിയ കട്ടിത്തടി ഉപയോഗിച്ചു തീര്‍ത്തിരുന്ന ഗംഭീര്യമേറിയ തൂണുകള്‍ വരാന്തകളില്‍ നിരന്നു നില്‍ക്കുന്നുണ്ട്. തടിപ്പണികളിലെ കൊത്തുപണികള്‍ മികവോടെ ഇപ്പോഴും നിലനില്‍ക്കുന്നു. ആര്‍ച്ച് മാതൃകയിലുള്ള കളര്‍ ഗ്ലാസുകള്‍ ഉപയോഗിച്ചിട്ടുള്ള ജനാലകള്‍ പുറമേയ്ക്ക് ധാരാളം കാണാനുണ്ട്. ഒരു നൂറ്റാണ്ടിന്റെ പഴക്കം അവകാശപ്പെടാവുന്ന ഈ ബംഗ്ലാവിന്റെ ജാലകച്ചി ല്ലുകള്‍ മൊറോക്കോയില്‍ നിന്നും കൊണ്ടുവന്നവയാണെന്ന് ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.തറയില്‍ വിരിച്ചിരുന്ന കാവി പൂര്‍ണ്ണമായും നിലനിര്‍ത്തുവാന്‍ കഴിയാതിരുന്നതിനാല്‍ ഫ്‌ളോറിങ്ങില്‍ മാത്രം ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. മേല്‍ക്കൂരയിലെ പൊട്ടിയ ഓടുകള്‍ മാറ്റിയിട്ടു ബാക്കിയെല്ലാം അതേപടി നിലനിറുത്തി.

മൃദുസമീപനത്തിലൂടെ

അകത്തളത്തില്‍ സ്ഥല വിസ്തൃതിക്കനുസരിച്ച് വിവിധ തരത്തിലുള്ള ഫര്‍ണിച്ചര്‍ വിന്യസിച്ചു. ലിവിങ്, ഡൈനിങ് എന്നിങ്ങനെ ഓരോ ഏരിയയ്ക്കും അനുയോജ്യമായ തരത്തിലുള്ളവ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്മയിലും ഡിസൈന്‍ മികവിലും മുന്നിട്ടു നില്‍ക്കുന്ന ലക്ഷ്വറി ഫര്‍ണിച്ചറും മറ്റ് ഇന്റീരിയര്‍ ആര്‍ട്ടിഫാക്‌സുകളുമാണ് ശ്യാംഗലേറിയ എന്ന ഈ ഷോപ്പിലുള്ളത്. സ്വാഭാവികമായ കാറ്റും വെളിച്ചവും നിറയുന്ന ഉള്‍ത്തളങ്ങളില്‍ പഴമയുടെ പ്രതിനിധികളായ ഷാന്റ്‌ലിയറുകള്‍ ചൊരിയുന്ന പ്രഭ വേറിട്ടൊരു അന്തരീക്ഷ മൊരുക്കുന്നു. തടിപ്പണികളുടെ മികവ് എടുത്തു നില്‍ക്കുന്നുണ്ട് ഫര്‍ണിച്ചറിലും ഷോപ്പിലും. വീട് എന്ന അന്തരീക്ഷത്തില്‍ നിന്നും ഷോപ്പ് എന്ന കമേഴ്‌സ്യല്‍ ആവശ്യത്തിലേക്കുള്ള ചുവടുമാറ്റം പഴമക്കോ, തനിമക്കോ, യാതൊരു നഷ്ടവും വരുത്തിയിട്ടില്ല. ഡിസൈനറും സംഘവും മൃദുസമീപനമായിരുന്നു സ്വീകരിച്ചത്. നവീകരണശേഷം അതിന്റെ ഗാംഭീര്യം വര്‍ദ്ധിച്ചിട്ടേയുള്ളൂ എന്നു നിസ്സംശയം പറയാം. ഭാവിയില്‍ ഒരു സമ്പൂര്‍ണ്ണ മ്യൂസിയമാക്കി മാറ്റുവാനാണ് വീട്ടുകാരുടേയും ഈ കുടുംബത്തിലെ അംഗം കൂടിയായ നുഫേലിന്റെയും ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *