നിറയെ പച്ചപ്പു നിറഞ്ഞ തെങ്ങിന്‍ തോപ്പുകള്‍ക്കും മരത്തലപ്പുകള്‍ക്കുമിടയില്‍ വെണ്‍ ചതുരക്കട്ടകള്‍ എടുത്തു വച്ചതുപോലെ തോന്നും, മലപ്പുറത്തെ അക്ബറിന്റെ വീട് കണ്ടാല്‍. വീതി കുറഞ്ഞ, നീളത്തിലുള്ള പ്ലോട്ടില്‍ വീട് വയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു എലിവേഷന്‍ വേണമെന്ന് അക്ബറിന് നിര്‍ബന്ധമായിരുന്നു. അക്ബര്‍ ആര്‍ക്കിടെക്റ്റ് ജാഫര്‍ അലിയെ സമീപിക്കുമ്പോള്‍ നീളന്‍ പ്ലോട്ടിനെക്കുറിച്ചുള്ള വേവലാതികളായിരുന്നു മനസ്സു നിറയെ. എന്നാല്‍ പ്ലോട്ട് കണ്ടുമടങ്ങിയ ആര്‍ക്കിടെക്റ്റ് ജാഫര്‍ അലി പിറ്റേന്ന് അക്ബറിനെ കാണാനെത്തിയത് ആരു കണ്ടാലും ഇഷ്ടപ്പെടുന്ന ഒരു ഡിസൈനുമായിട്ടാണ്. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് ചതുരാകൃതി തിരഞ്ഞെടുത്തു കൊണ്ടും ധാരാളം ജനാലകളും ചെറിയൊരു ബാല്‍ക്കണിയുമടങ്ങുന്ന ഡിസൈന്‍ രൂപപ്പെടുത്തിക്കൊണ്ടുമാണ് ആര്‍ക്കിടെക്റ്റ് ജാഫര്‍ അലി, അക്ബറിനെ അത്ഭുതപ്പെടുത്തിയത്.

വീടിന്റെ അകവും പുറവുമെല്ലാം ഓഫ് വൈറ്റ് നിറത്തിലാണ്. സ്റ്റോണ്‍ ക്ലാഡിങ് കൊണ്ട് ഹൈലറ്റ് ചെയ്ത ബാല്‍ക്കണിയിലേക്കാണ് ആദ്യം കണ്ണു പതിയുക. ബാല്‍ക്കണിക്ക് പര്‍ഗോള ഡിസൈന്‍ നല്‍കിയും ചെടികള്‍ നട്ടുപിടിപ്പിച്ചും പുറമേ നിന്നുള്ള ബാല്‍ക്കണിക്കാഴ്ച മനോഹരമാക്കിയിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം രണ്ട് അടി ഉയരത്തില്‍ തറയ്ക്കും സ്റ്റോണ്‍ ക്ലാഡിങ് നല്‍കിയിരിക്കുന്നു. കാര്‍പോര്‍ച്ചിന്റെ ഇരുവശങ്ങളിലേക്കും നീളുന്ന വാക്‌വേയ്ക്കും ക്ലാഡിങ്ങിനും തമ്മിലും പൊരുത്തമുണ്ട്. ക്ലാഡിങ്ങിന്റെ നിറത്തോടു ചേരുന്ന ഔട്ട് ഡോര്‍ ടൈലുകളാണ് വാക്‌വേയിലുടനീളം പാകിയിരിക്കുന്നത്.
സൗകര്യത്തിന് മുന്‍തൂക്കം
സ്ഥലസൗകര്യത്തിന്റെ പ്രാധാന്യം ഒട്ടും കുറയാന്‍ പാടില്ല എന്നതായിരുന്നു ഇന്റീരിയറിനെക്കുറിച്ച് ക്ലൈന്റിന് പറയാനുണ്ടായിരുന്ന ആവശ്യം. തന്മൂലം സ്ഥല സൗകര്യങ്ങളോടൊപ്പം ഓപ്പണ്‍ സ്‌പേസിനും സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തതെന്ന് ആര്‍ക്കിടെക്റ്റ് ജാഫര്‍ അലി പറയുന്നു. കണ്ടാല്‍ ഒരു നില വീട് ആണ് എന്ന് തോന്നുമെങ്കിലും രണ്ട് ലെവലായിട്ടാണ് വീടിന്റെ നിര്‍മ്മിതി. ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് റൂം, മാസ്റ്റര്‍ ബെഡ് റൂം, കിഡ്‌സ് റൂം, നിസ്‌കാര മുറി, കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നീ സ്ഥലസൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. സെക്കന്റ് ഫ്‌ളോറില്‍ അപ്പര്‍ ലിവിങ് കം സ്‌ററഡി ഏരിയ, ഗസ്റ്റ് ബെഡ്‌റൂം, ഓഫീസ് മുറി എന്നീ സ്ഥലസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡൈനിങ് റൂമില്‍ നിന്നു തുടങ്ങുന്ന ഗ്ലാസും സ്റ്റീലും കറുത്ത ഗ്രനൈറ്റ് പടികളുമുള്ള ഗോവണിയാണ് ഈ ഏരിയയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇരു വശങ്ങളിലേക്കും പിരിഞ്ഞു കയറിപ്പോകുന്ന ഗോവണിയുടെ ഇരുവശങ്ങളിലുമായാണ് മുകളിലെ മുറികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സീലിങിലെ ചില കലാവിരുതുകളും ലൈറ്റിങ്ങും ഒഴിച്ചാല്‍ അതിലളിതമായാണ് ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജിപ്‌സവും പ്ലൈവുഡും ഉപയോഗിച്ച് നീളവും വൃത്തവും പര്‍ഗോള ആകൃതിയുമെല്ലാം ആവിഷ്‌കരിച്ചാണ് സീലിങ്ങിനെ വ്യത്യസ്തമാക്കിയിരിക്കുന്നത്. സ്‌പോട്ട് ലൈറ്റുകളും ഇന്‍ഡയറക്ട് ലൈറ്റുകളുമാണ് ലൈറ്റിങിന്റെ പ്രഭയ്ക്ക് മാറ്റ് കൂട്ടുന്നത്. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകും വിധമാണ് ഓരോ മുറിയും വിന്യസിച്ചിരിക്കുന്നത്. 43000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ വീട്ടിലെ ലൈറ്റുകള്‍ മുഴുവന്‍ പ്രകാശിക്കുന്നത് സോളാര്‍ എനര്‍ജി കൊണ്ടാണ്.
എന്തും കുറച്ച്
സിറ്റൗട്ടില്‍ നിന്ന് നേരെ കയറിച്ചെല്ലുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. അതിലാളിത്യത്തോടെയാണ് ഗസ്റ്റ് ലിവിങ് ഒരുക്കിയിരിക്കുന്നത്. റെഡിമെയ്ഡ് സോഫാസെറ്റാണ് ലിവിങ് സ്‌പേസിലുള്ളത്. ഇവിടെ നിന്ന് നേരെ ഫാമിലി ലിവിങ് കം ഡൈനിങ്ങിലേക്കാണ് പ്രവേശനം. ഏഴ് പേര്‍ക്കുള്ള സിറ്റിങ് അറേഞ്ച്‌മെന്റാണ് ഇവിടുള്ളത്. ബ്ലാക്ക് നിറത്തിലുള്ള സോഫാസെറ്റിനഭിമുഖമായാണ് ടി.വി യൂണിറ്റ്. മറൈന്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് ടി വി യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. തടികൊണ്ട് നിര്‍മ്മിച്ച ഡൈനിങ് ടേബിളിന്റെ കൗണ്ടര്‍ടോപ്പ് ഗ്ലാസുകൊണ്ടുള്ളതാണ്. ടേബിളിനു ചുറ്റുമുള്ള കസേരകള്‍ തടികൊണ്ടുളളവയാണ്. ഡൈനിങ് റൂമിനോട് ചേര്‍ന്നാണ് കോര്‍ട്ട്‌യാര്‍ഡ്. ആര്‍ട്ടിഫിഷല്‍ പുല്ലും ബോണ്‍സായി ചെടികളുമാണ് കോര്‍ട്ട്‌യാഡിനെ മനോഹരമാക്കുന്നത്. ഡൈനിങ് റൂമിന്റെ ഭിത്തിയുടെ ഒരുവശം മുഴുവന്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ് റൂമില്‍ നാല് പാളികളുള്ള വലിയ ജനാലയ്ക്കും സ്ഥാനമുണ്ട്. ഇതിലൂടെയെത്തുന്ന വെളിച്ചവും കോര്‍ട്ട്‌യാ ഡിലെത്തുന്ന സൂര്യപ്രകാശവും ചേര്‍ന്ന് ഗ്രൗണ്ട് ഫ്‌ളോറില്‍ ദിവസം മുഴുവന്‍ വെളിച്ചം ലഭ്യമാകുന്നു.
ഡൈനിങ് ഏരിയയില്‍ നിന്നും ബെഡ് റൂമിലേക്ക് നയിക്കുന്ന പാസേജിലാണ് വാഷ് കൗണ്ടര്‍. ഇതിനോട് ചേര്‍ന്ന് ഒരു കോമണ്‍ ടോയ്‌ലറ്റും ഉണ്ട്. കിഡ്‌സ് റൂം മാത്രമാണ് കുറച്ച് കളര്‍ഫുള്‍ ആയി ചെയ്തിട്ടുള്ളത്. ഇളംപച്ചയും ചുവപ്പും നിറത്തിലെ രണ്ട് ഇന്‍ബില്‍റ്റ് കട്ടിലുകളാണ് കിഡ്‌സ് റൂമിലുള്ളത്. രണ്ട് കട്ടിലിന്റെയും ഇടയില്‍ വെള്ള പാനിലാക്ക് ഗ്ലാസ് കൊണ്ട് പാര്‍ട്ടീഷന്‍ ചെയ്തിരിക്കുന്നു.
അടുക്കള വര്‍ണ്ണാഭം
മെറൂണ്‍, വൈറ്റ് നിറങ്ങളുടെ സങ്കലനമാണ് കിച്ചന്റെ ഡിസൈന്‍ തീം. എല്‍ ഷേപ്പില്‍ ഡിസൈന്‍ ചെയ്ത അടുക്കളയില്‍ ധാരാളം സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വെള്ള പാനിലാക്ക് ഗ്ലാസ് കൊണ്ടാണ് കൗണ്ടര്‍ ടോപ്പ്. പ്ലൈവുഡില്‍ വെനീര്‍ ഫിനിഷിങ്ങോടെയാണ് കബോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കിച്ചനില്‍ ചെറിയോരു ബ്രേക്ക് ഫാസ്റ്റ് ഏരിയ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കിച്ചനോട് ചേര്‍ന്നു ഓപ്പണ്‍ സ്‌പേസ് നയത്തില്‍ ഒരു വര്‍ക്കിങ് കിച്ചന്‍ കൂടിയുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് കോംപിനേഷനാണ് വര്‍ക്കിങ് കിച്ചന്. ജനാലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിച്ചന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വര്‍ക്കിങ് കിച്ചനോട് ചേര്‍ന്ന് സര്‍വന്റ് റൂമും, സ്‌റ്റോര്‍ റൂമും ഒരുക്കിയിരിക്കുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന അക്ബറിനും കുടുംബത്തിനും തങ്ങളുടെ ചതുര വീടിനെക്കുറിച്ച് പറയാന്‍ നൂറു നാവാണ്. കാരണം ഇവരുടെ വീടിരിക്കുന്ന പ്രദേശത്ത് ഇതുപോലൊരു വീട് ആര്‍ക്കുമില്ല. പ്ലോട്ടിന്റെ പരിമിതികള്‍ പ്രകടമാക്കാതെ വീടിനെ ഗംഭീരമാക്കി അവതരിപ്പിച്ച ആര്‍ക്കിടെക്റ്റ് ജാഫര്‍ അലിയിലേക്കാണ് ഈ പ്രശംസകള്‍ ചെന്നെത്തുന്നത്.

One thought on “ചതുര വീട്‌

  1. This model is excellent…. Really appreciate the engineer and his creativity. Kindly provide me with the contact details as I like the model of this square house. This model is somewhat that i was looking for.
    Please help me as its urgent.
    Thank you.
    Raju Varghese
    +91 9562 9977 96

Leave a Reply

Your email address will not be published. Required fields are marked *