Project Specifications

പ്രത്യേകതകള്‍:

ഈ ഫ്‌ളാറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് ഇതിന്റെ ഉടമസ്ഥരായ ആര്‍ക്കിടെക്റ്റ് ദമ്പതി തന്നെ യാണ്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ മറ്റ് ഫ്‌ളാറ്റുകള്‍ക്ക് ഉണ്ടായിരുന്ന പ്ലാനില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്കനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒട്ടും ആര്‍ഭാട മില്ലാതെയും ലളിതവും ജീവിത ശൈലിക്കിണങ്ങുന്നതുമായ ഒരു താമസസ്ഥലം എന്ന ചിന്ത യില്‍ നിന്നും ഉടലെടുത്തതാണിതിന്റെ ഡിസൈന്‍. ഉപയോഗിച്ചിരിക്കുന്ന നിര്‍മ്മാണ വസ്തു ക്കളും ശൈലിയും തീര്‍ത്തും ഈ ചിന്തയോട് നീതി പുലര്‍ത്തിയിരിക്കുന്നു. ലളിതം-പ്രാവര്‍ ത്തികം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് ഇന്റീരിയറിനെ വിശേഷിപ്പിക്കാം. വെവ്വേറെ മുറിക ളാക്കി മാറ്റപ്പെടേണ്ടിയിരുന്ന ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവ ഓപ്പണ്‍ ആക്കി. പരിമിതമായ ഇടം; പരമാവധി സൗകര്യം. ഇതാണ് ഈ ഫ്‌ളാറ്റിന്റെ സവിശേഷത.

ലിവിങ് കം ഡൈനിങ് കം കിച്ചന്‍

ചെറിയ ഏരിയയാണെങ്കിലും ഈ മുറിയുടെ ഒരു ഭാഗത്ത് ഒരു നിഷും സ്റ്റഡി കം ലൈബ്രറിയും ബാല്‍ക്കണിയോട് ചേര്‍ന്ന ചെറിയ സ്ഥലത്ത് അയണിങ് ടേബിളും സജ്ജീകരിച്ചിരിക്കുന്നു. എവിടെയെല്ലാം സ്റ്റോറേജ് കൊടുക്കാന്‍ സാധിക്കും, അവിടെയെല്ലാം സ്റ്റോറേജ് സൗകര്യം ഒരുക്കിയിരിക്കുന്നു. ലിവിങ്‌റൂമിലെ ടി വി പാനലിങ്ങിനു ചുറ്റുമായി ബുക്കുകളും, സിഡികളും, കൗതുകവസ്തുക്കളുമൊക്കെ അടുക്കിയൊതുക്കി പ്രദര്‍ശിപ്പിക്കുവാനുതകുന്ന ഷെല്‍ഫ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. മുറികളിലെല്ലാം വിരിച്ചിരിക്കുന്നത് ക്ലേ ടൈലാണ്.

ഇന്‍ബില്‍റ്റ് ഡൈനിങ് ടേബിള്‍

ഒരു ഇന്‍ബില്‍റ്റ് ഡൈനിങ് ടേബിളാണ് ലിവിങ്ങിനും ഡൈനിങ്ങിനും കിച്ചനും ഇടയില്‍ ഭാഗികമായ വിഭജനം തീര്‍ക്കുന്നത്. ഭിത്തിയില്‍ ഉറപ്പിച്ച സ്റ്റീല്‍ഫ്രെയിമിനു മേല്‍ പ്ലൈവുഡും മുകള്‍ഭാഗത്ത് ഗ്ലാസും ഉപയോഗിച്ചാണ് ടേബിളിന്റെ നിര്‍മ്മിതി. ഡൈനിങ് ടേബിളും അതിനോട് ചേര്‍ന്നു വരുന്ന പാനലിങ്ങും വാഷ് ഏരിയയും ഫ്‌ളാറ്റിന്റെ ഹൃദയഭാഗമാണ്.

ബെഡ്‌റൂമുകള്‍

രണ്ട് ബെഡ്‌റൂമുകളാണ് ഫ്‌ളാറ്റിനുള്ളത്. എന്നാല്‍ ലിവിങ്ങിലെ ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന കട്ടില്‍ നിവര്‍ത്തിയിട്ടാല്‍ ലിവിങ്‌റൂം ഒരു ഗസ്റ്റ് ബെഡ്‌റൂമായി. വാസ്തവത്തില്‍ ഡൈനിങ് ടേബിള്‍ ഇടേണ്ടിയിരുന്ന സ്ഥലത്തേക്കാണ് ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ കട്ടില്‍ താഴ്ത്തിയിടുന്നത്. ലിവിങ്‌റൂമിനോട് ചേര്‍ന്നുവരുന്ന ബാല്‍ക്കണി മുറിയുടെ ഭാഗമാക്കി തീര്‍ത്തു.

തുണിത്തരങ്ങളും, കളിക്കോപ്പുകളും എന്നുവേണ്ട എന്തും അടുക്കിവയ്ക്കാവുന്ന വിപുലമായ സ്റ്റോറേജ് സൗകര്യങ്ങളാണ് ബെഡ്‌റൂമിലുള്ളത്. പ്ലൈവുഡും വെനീറും കൊണ്ടാണ് ഇവയുടെ നിര്‍മ്മിതി. കിഡ്‌സ് ബെഡ്‌റൂമിലെ ഒരു ഭിത്തി അടുക്കളയിലേക്ക് തള്ളി പ്പണിത് വാഡ്രോബ് നിര്‍മ്മിച്ചതു വഴി ബെഡ്‌റൂമിനകത്തെ സ്ഥലനഷ്ടം ഒഴിവാക്കാനായി.

പഠിക്കുവാനുള്ള സൗകര്യത്തിനായി കുട്ടികളുടെ മുറിയിലൊരു ടേബിളും അതിനോട് ചേര്‍ന്ന് ബുക്കുകള്‍ സൂക്ഷിക്കുവാനായി ഷെല്‍ഫും നിര്‍മ്മിച്ചിരിക്കുന്നു. ഓവര്‍ ഹെഡ് സ്റ്റോറേജുകളും കട്ടിലിന്റെ ഭാഗമായുള്ള ഇന്‍ബില്‍റ്റ് സ്റ്റോറേജും കൂടിയാവുമ്പോള്‍ ഒന്നും പുറത്തു കാണാത്ത വിധം അടുക്കിയൊതുക്കി വയ്ക്കാം. ബെഡ്‌റൂമിലെ ഒരു ഭിത്തി വാള്‍ പേപ്പര്‍ ഒട്ടിച്ച് ‘കീവാള്‍’ ആക്കിയിരിക്കുന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ മുറിയെങ്കിലും ആവശ്യത്തിലധികം കുട്ടിത്തം തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നു.

അടുക്കള

വര്‍ക്കിങ് ട്രയാംഗിള്‍ തത്ത്വം പൂര്‍ണ്ണമായും പാലിച്ച് തയ്യാറാക്കിയ കിച്ചനില്‍ ഫ്രിഡ്ജും, സിങ്കും, അടുപ്പും ഉചിത സ്ഥാനങ്ങളിലായത് പാചകം സുഗമമാവാന്‍ ഉപകരിക്കും. മറ്റു മുറികളോട് കിടപിടിക്കും വിധമാണ് ഇവിടുത്തെ സ്റ്റോറേജ് സൗകര്യങ്ങള്‍. വാട്ടര്‍ പ്രൂഫ് പ്ലൈവുഡും മൈക്കയും കൊണ്ടാണ് താഴത്തെ ക്യാബിനറ്റുകള്‍ പണിതിരിക്കുന്നത്. ഓവര്‍ഹെഡ് ക്യാബിനറ്റുകള്‍ക്കായി പ്ലൈവുഡില്‍ പോളിയൂറിത്തിന്‍ ഫിനിഷ് പൂശി. കിച്ചനില്‍ മാത്രം വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചു. പുറമെ നിന്ന് കാണാന്‍ സാധിക്കാത്ത വിധത്തില്‍ പച്ചക്കറികളും, പാത്രങ്ങളും ഒക്കെ സൂക്ഷിക്കുവാനുള്ള സൗകര്യം ചെയ്തിരിക്കുന്നു. യൂട്ടിലിറ്റി അഥവാ വര്‍ക്കേരിയ ഇല്ലെന്നുള്ള ഒരു കുറവും ഈ അടുക്കളയ്ക്കില്ല.
കിച്ചനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ബീമിന്റെ കാഴ്ച മറയ്ക്കുവാനായി (ഡൈനിങ് ടേബിളിന്റെ മുകള്‍വശം) കൊടുത്തിരിക്കുന്ന സീലിങ് പാനലിങ്ങിന്റെ മറുവശത്ത് (കിച്ചന് അഭിമുഖമായുള്ള വശം) സ്റ്റോറേജ് സൗകര്യവുമുണ്ട്. ഇത് ലിവിങ്‌റൂമിന്റെ ഭാഗത്ത് നിന്നും കാണാനാവില്ല. ഇതു കണ്ടാല്‍ ബീം മറയ്ക്കുവാനുള്ള ഒരു പാനലിങ് സീലിങ്ങില്‍ നല്‍കിയിരിക്കുന്നുവെന്നേ തോന്നൂ.

Comments are closed.