Project Specifications

സങ്കീര്‍ണ്ണതകളില്ലാതെ, കന്റംപ്രറി ശൈലിയുടെ നേര്‍രേഖാ ഡിസൈന്‍ നയം പാലിച്ച്, കുറച്ചു മെറ്റീരിയലുകള്‍ മാത്രം ഉപയോഗിച്ച് 30 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിച്ച വീടാണിത്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല ടൗണില്‍ ആത്മാറാമിനും കുടുംബത്തിനും വേണ്ടി പണിത ഈ വീട് പി. മുത്തുരാജാണ് (ഡ്രീം പ്ലാന്‍സ്, ചേര്‍ത്തല) ഡിസൈന്‍ ചെയ്തത്. 10 സെന്റ് പ്ലോട്ടില്‍ 1960 സ്‌ക്വയര്‍ഫീറ്റിലാണ് ഈ വീട്.

ആഡംബരമില്ല, സൗകര്യങ്ങള്‍ മാത്രം

ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കങ്ങളൊന്നും ഇല്ല. കാര്‍പോര്‍ച്ചും ഉള്‍പ്പെടുത്തിയിട്ടില്ല. തനി കന്റംപ്രറി രീതിയിലുള്ള എക്സ്റ്റീരിയര്‍ ഒരുക്കിയത് ചുരുക്കം ചില മെറ്റീരിയലുകള്‍ കൊണ്ടാണ്. ജി. ഐ പൈപ്പ്, ഗ്ലാസ്, പര്‍ഗോള എന്നിവ മാത്രമേ എക്‌സ്റ്റീരിയറില്‍ വരുന്നുള്ളു. ക്ലാഡിങ് ഉള്‍പ്പെടെയുള്ള ഹൈലൈറ്റുകള്‍ തീരെയില്ല. ഗ്രേ- മാംഗോ റെഡ് നിറസംയോജനമാണ് ബാഹ്യരൂപത്തില്‍ കാണുക. ഇരിപ്പിട സൗകര്യമുള്ള സിറ്റൗട്ടില്‍ നിന്ന് ലിവിങ്- ഡൈനിങ് ഏരിയകള്‍ ഉള്‍പ്പെടുന്ന ഹാളിലേക്കാണ് പ്രവേശനം. ഡിജിറ്റല്‍ എപോക്‌സി വിട്രിഫൈഡ് ടൈല്‍ കൊണ്ടാണ് എല്ലായിടത്തും ഫ്‌ളോറിങ് ചെയ്തത്. സിറ്റൗട്ടില്‍ ഗ്രനൈറ്റു കൊണ്ടുള്ള ബ്ലാക്ക് ബോര്‍ഡറും ഫ്‌ളോറിങ്ങില്‍ നില്‍കി. ലിവിങ് ഏരിയയില്‍ റെഡിമെയ്ഡ് സോഫയാണ് ഇരിപ്പിടമായുള്ളത്. മറൈന്‍ പ്ലൈവുഡ് – വെനീര്‍ ബോര്‍ഡ് കൊണ്ട് ടി.വി ഏരിയ ഒരുക്കി. പ്രാര്‍ത്ഥിക്കാനുള്ള സ്ഥലവും ലിവിങ് ഏരിയയുടെ ഭാഗമാണ്. യാതൊരു ഷോ എലമെന്റുകളും ഇവിടെയില്ല.

ഓപ്പണ്‍ കിച്ചന്‍

ഡൈനിങ് – കിച്ചന്‍ ഏരിയകള്‍ക്കിടയില്‍ പാന്‍ട്രി സ്‌പേയ്‌സ് ആണ് പാര്‍ട്ടീഷനായി വരുന്നത്. കളര്‍ കോട്ടിങ് ഉള്ള അലൂമിനിയം പാനല്‍ കൊണ്ടാണ് കിച്ചനിലെ കബോഡുകള്‍ ചെയ്തത്. ഫ്‌ളോറിങ്ങിന് വുഡന്‍ സെറാമിക്ക് ടൈല്‍ ഉപയോഗിച്ചു. വര്‍ക്ക് ഏരിയ ഇല്ല. ഗ്രൗണ്ട് ഫ്‌ളോറിലെ രണ്ട് ബെഡ്‌റൂമുകളില്‍ ഒന്ന് ടോയ്‌ലറ്റ് അറ്റാച്ച്ഡ് ആണ്. ഇതിനു പുറമേ ഒരു കോമണ്‍ ടോയ്‌ലറ്റും ഗ്രൗണ്ട് ഫ്‌ളോറില്‍ ഉള്‍പ്പെടുത്തി. ഹാളില്‍ നിന്നാണ് ഗോവണിയുടെ ആരംഭം. ഗ്രനൈറ്റ് ആണ് ഗോവണിയുടെ പടികളില്‍ പതിച്ചിട്ടുള്ളത്. തേക്ക് തടി കൊണ്ടു ചെയ്ത കട്ടിലുകളാണ് കിടപ്പുമുറി കളിലേത്. അലൂമിനിയം പാനല്‍ കൊണ്ട് എല്ലായിടത്തും വാഡ്രോബുകള്‍ ചെയ്തിരിക്കുന്നു. അപ്പര്‍ ലിവിങ് ഏരിയ ഒഴിഞ്ഞു കിടക്കുന്ന രീതിയിലാണ്. വീട്ടമ്മ നൃത്താ ധ്യാപിക ആയതിനാല്‍ ഈ സ്ഥലം നൃത്ത ക്ലാസുകള്‍ നടത്താന്‍ ഉദേശിച്ച് ഒരുക്കിയതാണ്. ഇതിനു പുറമേ ഒരു ബാത്ത്‌റൂമും, ബാല്‍ക്കണിയും, ഓപ്പണ്‍ ടെറസും ഒന്നാം നിലയിലുണ്ട്. ”മിക്കയിടങ്ങളിലും ജാലകങ്ങള്‍ക്ക് മരത്തിന് പകരം സ്റ്റീല്‍ ഫ്രെയിമുകള്‍ ആണ് നല്‍കിയത്. അനാവശ്യമായ ഇടങ്ങളോ, ആഡംബര ഘടകങ്ങളോ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല. 30 ലക്ഷം എന്ന മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ബഡ്ജറ്റില്‍ തന്നെ എല്ലാ പണികളും പൂര്‍ത്തിയാക്കാനായി” ഡിസൈനര്‍ മുത്തുരാജ് പറയുന്നു.

ഫോട്ടോഗ്രാഫി: പവിശങ്കര്‍

Leave a Reply

Your email address will not be published. Required fields are marked *