തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍

ജലാശയങ്ങള്‍ അനവധിയുള്ള കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാന്‍ ആകാതെ, ഭവനം നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുണ്ടിവിടെ.
അഡ്വ. ഷെറി ജെ തോമസ്, കേരള ഹൈക്കോടതി

കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങള്‍ അല്ല; പക്ഷെ രണ്ടു നിയമം ആണ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിനോട്
ചേര്‍ന്ന് നിര്‍മ്മാണങ്ങള്‍ ആകാം, എന്നാല്‍ കരയ്ക്കപ്പുറം ബോള്‍ഗാട്ടിയിലും മുളവുകാടും ഇന്ന് 50 മീറ്റര്‍ പരിധി പാലിക്കണം.

1986 ലെ പ്രകൃതി സംരക്ഷണ നിയമത്തിന്‍റെ വകുപ്പ് 3(2)(v)1 പ്രകാരം തീരപ്രദേശത്ത് അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെയും തദ്ദേശവാസികളുടെയും സുരക്ഷയ്ക്കായും തീരപ്രദേശത്തിന്‍റെ സംരക്ഷണത്തിനായും സുസ്ഥിര വികസനത്തിനായും 1991 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് ആദ്യത്തേത്.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

CRZ I, II, III, IV എന്നിങ്ങനെ നാല് മേഖലകളായി തീരപ്രദേശത്തെ തരംതിരിച്ച് നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

മരടിലെ പൊളിച്ച ഫ്ളാറ്റുകള്‍ നിര്‍മ്മാണത്തിന് പെര്‍മിറ്റ് നേടിയ സമയത്ത് CRZ III ല്‍ ഉള്‍പ്പെടുന്നു എന്നും ജലാശയത്തില്‍ നിന്ന് 200 മീറ്റര്‍ അകലത്തില്‍ മാത്രമേ നിര്‍മ്മാണം നടത്താമായിരുന്നുള്ളൂ എന്നതുമാണ് കേസിനാസ്പദമായത്.

അതേസമയം CRZ II ആണെങ്കില്‍ 200 മീറ്റര്‍ ദൂരപരിധി ആവശ്യമില്ല, അംഗീകൃത നമ്പര്‍ ഇട്ട കെട്ടിടത്തിന്‍റെയൊ നിര്‍ദിഷ്ട റോഡിന്‍റെയോ കര ഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ ആകാം.

അതിനു ശേഷം 2011 ല്‍ 91 ലെ വിജ്ഞാപനം പിന്‍വലിച്ചു വീണ്ടും തീര നിയന്ത്രണ വിജ്ഞാപനം പുറത്തിറങ്ങി.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

അതുപ്രകാരം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിച്ച് കായല്‍ ദ്വീപുകള്‍ക്ക് വേണ്ടി തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണ നിരോധന മേഖല 50 മീറ്ററാക്കി കുറച്ച് CRZ V എന്നൊരു ഭാഗം കൂടി ചേര്‍ത്തു.

തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണത്തിന് അനുമതി നിഷേധിക്കരുത് എന്ന നിരവധി ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിധി കുറച്ചത്.

ALSO READ: ഇന്നു മരട് നാളെ?

2018 ല്‍ കരട് പ്രസിദ്ധീകരിച്ച 2019 ജനുവരിയില്‍ വീണ്ടും പുതിയ തീര നിയന്ത്രണ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണത്തിന് അവസരമൊരുക്കാന്‍ ബാക്ക് വാട്ടര്‍ ദ്വീപുകളില്‍ നിര്‍മ്മാണ നിരോധിത മേഖല 20 മീറ്റര്‍ ആക്കി കുറച്ചു.

ഒപ്പം ടൂറിസത്തിനു കുറവ് നിയന്ത്രണങ്ങളോടെ അവസരങ്ങള്‍ നല്‍കുന്ന രീതിയില്‍ ഇളവുകള്‍ വന്നു.

എന്താണ് CRZ III & CRZ II വ്യത്യാസം?

1991 വിജ്ഞാപന പ്രകാരം CRZ III പ്രദേശത്ത് ജലാശയത്തില്‍ നിന്നും 200 മീറ്റര്‍ അകലം പാലിച്ചു വേണം നിര്‍മാണം നടത്താന്‍. 2011 വിജ്ഞാപന പ്രകാരം 100 മീറ്റര്‍ അകലം പാലിക്കണം.

എന്നാല്‍ CRZ II ല്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് അംഗീകൃത നമ്പര്‍ ഇട്ട കെട്ടിടത്തിന്‍റെയോ നിര്‍ദിഷ്ട റോഡിന്‍റെയോ കര ഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ ആകാം.

എങ്ങനെയാണ് CRZ III & CRZ II മേഖലകളില്‍ ഉള്‍പ്പെടുന്നത്?

താരതമ്യേന വികസിതം അല്ലാത്തതും CRZ I or CRZ II ല്‍ ഉള്‍പ്പെടാത്തതുമായ സ്ഥലങ്ങളാണ് CRZ III. എന്നാല്‍ വികസിതമായ പ്രദേശങ്ങളാണ് CRZ II.

വികസിതം എന്ന പദത്തിന് വ്യാഖ്യാനമായി നല്‍കിയിരിക്കുന്നത് മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വരുന്ന സ്ഥലങ്ങള്‍, അല്ലെങ്കില്‍ ഡ്രെയിനേജ് സംവിധാനങ്ങളും റോഡുകളും ഉള്ളതും നിരവധി നിര്‍മ്മാണങ്ങള്‍ ഉള്ളതുമായ പട്ടണ പ്രദേശങ്ങള്‍ എന്നിവയാണ്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

കേരളത്തില്‍ പഞ്ചായത്തുകള്‍ CRZ IIIലും മുനിസിപ്പാലിറ്റികള്‍ CRZ IIലും ആണ് പൊതുവായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1953 ല്‍ രൂപംകൊണ്ട മരട് പഞ്ചായത്ത് 2010 നവംബറില്‍ മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തി.

അതിന്‍റെ ഫലമായി വികസിത പ്രദേശമെന്ന നിലയില്‍ ഉയര്‍ന്ന നികുതിയും മറ്റും ജനങ്ങള്‍ക്ക് നല്‍കേണ്ടി വന്നു. ഗ്രാമത്തിന്‍റെ സ്വഭാവിക ആനുകൂല്യങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നഷ്ടമായി.

പക്ഷേ 1996 ലെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് മാപ്പ് പ്രകാരം CRZ III ല്‍ തുടര്‍ന്നു. ജനകീയ ആവശ്യം മാനിച്ച് മരട് CRZ II ല്‍ ആക്കുന്നതിന്‍റെ ഭാഗമായി 2014 മെയ് മാസം പുറത്തിറക്കിയ കരട് മാപ്പില്‍ മരട് CRZ II ആയി പ്രസിദ്ധീകരിച്ചു.

നിരവധി കേസുകളില്‍ കേരള ഹൈക്കോടതിയില്‍ മരട് CRZ II ല്‍ ആണ് എന്ന് ഔദ്യോഗികമായി സത്യവാങ്മൂലങ്ങള്‍ ഫയലാക്കി.

കരട് പ്രസിദ്ധീകരിച്ചു എങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ (NCZMA) അനുമതിയോടുകൂടി മാത്രമേ കരട് മാപ്പിന് അംഗീകാരം ലഭിക്കുകയുള്ളൂ.

ഒടുവില്‍ 28.02.19 ന് പുറത്തിറക്കിയ കത്തില്‍ 25.02.19 തീയതി ചേര്‍ന്ന 37-ാമത് യോഗത്തില്‍ എറണാകുളം ജില്ലയിലെ ഉള്‍പ്പെടെ മാപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചതായി പ്രസിദ്ധപ്പെടുത്തി.

അങ്ങനെ 2014 മെയ് മാസം പുറത്തിറക്കിയ കരട് 2019 ഫെബ്രുവരിയില്‍ അംഗീകരിക്കുകയും മരട് CRZ II ല്‍ ഉള്‍പ്പെടുകയും ചെയ്തു.

ഫ്ളാറ്റ് കേസുകള്‍ക്ക് കാരണമെന്ത്?

പൊളിച്ച ഫ്ളാറ്റുകളുടെ പെര്‍മിറ്റുകള്‍ 2006 കാലയളവില്‍ പഞ്ചായത്ത് ആയിരുന്നപ്പോഴാണ് നല്‍കിയത്.

2007 ല്‍ 32 വന്‍കിട നിര്‍മ്മാണങ്ങള്‍ ചട്ടം ലംഘിച്ചാണ് എന്ന് വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി വെളിവാക്കപ്പെടുകയും പഞ്ചായത്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ബില്‍ഡര്‍മാര്‍ അക്കാര്യം കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കോടതി ആദ്യം സ്റ്റേ നല്‍കുകയും പിന്നീട് സ്റ്റോപ്പ് മെമ്മോ നോട്ടീസുകള്‍ റദ്ദാക്കുകയും ചെയ്തു. അന്ന് പഞ്ചായത്ത് കോടതിയില്‍ ഫയലാക്കിയ മറുപടിയില്‍ തങ്ങള്‍ CRZ II ല്‍ ആണ് ഉള്‍പ്പെടുന്നത് എന്ന് സൂചിപ്പിച്ചു.

പിന്നീട് 2010-ല്‍ മുനിസിപ്പാലിറ്റി ആയതിനുശേഷം 2012 ല്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.

ആ കേസില്‍ KCZMAയെ കൂടി കക്ഷി ആക്കിയിരുന്നെങ്കിലും നിര്‍മാണത്തിലെ അപാകങ്ങളെ പറ്റി ഒന്നും അന്ന് KCZMA പറഞ്ഞില്ല.

നിര്‍മ്മാണങ്ങള്‍ക്ക് അനുകൂലമായി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കുകയും അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയെ പറ്റി സൂചിപ്പിക്കുകയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്തതിനെതിരെ വിധിന്യായത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

എതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് KCZMA റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

ഈ കേസില്‍ ഫ്ളാറ്റുകള്‍ എല്ലാം വിറ്റു പോയി എന്നും അത് വാങ്ങിയവരെയാണ് യഥാര്‍ത്ഥത്തില്‍ വിധി ബാധിക്കുന്നത് എന്നും വാദമുണ്ടായി.

സുപ്രീംകോടതി വിധി ബാധിക്കുന്ന എല്ലാ ആളുകളെയും കേള്‍ക്കുന്നതിനും മരട് ഏത് കാറ്റഗറി CRZ ല്‍ ഉള്‍പ്പെടുന്നു എന്നത് സംബന്ധിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി കെ ജോസ്, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, മരട് മുനിസിപ്പാലിറ്റി സെക്രട്ടറി പി കെ സുഭാഷ് എന്നിവരെ ചുമതലപ്പെടുത്തി 27.11.18 ല്‍ ഇടക്കാല ഉത്തരവ് ഇറക്കി.

എല്ലാ ആളുകളെയും കേള്‍ക്കണമെന്നും വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉദ്ദേശിച്ച് കോടതി നിയോഗിച്ച കമ്മിറ്റി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ 24.12.18 ലെ ഉത്തരവുപ്രകാരം ടെക്നിക്കല്‍ ടീം എന്ന പേരില്‍ മറ്റു നാലു പേര്‍ക്ക് ചുമതല നല്‍കി.

ഈ കത്തിലും ഒബ്ജക്ഷനുകള്‍ കേള്‍ക്കണമെന്ന് സൂചിപ്പിച്ചിരുന്നു. കോടതിക്ക് മുന്നിലുണ്ടായിരുന്ന ധാരണ (പേജ് 5 വിധിന്യായം) കേള്‍ക്കേണ്ട എല്ലാവരെയും കേട്ട ശേഷമാണ് ഈ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ്.

(യഥാര്‍ത്ഥത്തില്‍ കേള്‍ക്കേണ്ടവരെ കേട്ടിട്ടില്ല എന്ന് പിന്നീട് വാദം ഉയര്‍ന്നിരുന്നു) കോടതിയുടെ മുന്നില്‍ എല്ലാവരെയും ഈ കമ്മിറ്റി കേട്ടിട്ടുണ്ട് എന്ന ധാരണയില്‍ ആകും വിധി പുറത്തുവന്നത്.

ഇതിനുവേണ്ടി പ്രത്യേകം ഉണ്ടാക്കിയ ടെക്നിക്കല്‍ കമ്മിറ്റി ഉടമകളെ കേട്ടതായി രേഖയില്ല.

അതുകൊണ്ടുതന്നെ 2019 മെയ് എട്ടിന് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്ന വിധി പറയുമ്പോള്‍ മരട് 25.2.19 ചേര്‍ന്ന NCZMA യോഗത്തില്‍ ഔദ്യോഗികമായി 2014 ലെ കരട് മാപ്പ് അംഗീകരിച്ച CRZ II ല്‍ ഉള്‍പ്പെട്ടിരുന്നു എന്ന കാര്യം കോടതിയുടെ മുന്നില്‍ ഇല്ല.

വീണ്ടും പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ പരിഗണിക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടോ എന്നും ചര്‍ച്ച ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതിയെ കുറ്റപ്പെടുത്തിയത് കൊണ്ടും കാര്യമില്ല.

വിധി CIVIL APPEAL NOS.4784-4785 OF 2019 (Arising out of SLP (C) Nos.4227-4228 of 2016) പകര്‍പ്പ് ഈ ലിങ്കില്‍ ലഭ്യമാണ്.

ഇതാണ് വസ്തുതകള്‍ എന്നിരിക്കേ എന്‍റെ അഭിപ്രായങ്ങള്‍ (നിങ്ങളുടേത് വ്യത്യസ്തമാകാം) ഇവയാണ്.

 • മരട് ഇന്ന് CRZ II ല്‍ ആണ്. ഫ്ളാറ്റ് നഷ്ടപ്പെട്ടവര്‍ തങ്ങള്‍ക്ക് CRZ II ന്‍റെ പരിഗണന ഉള്ള സ്ഥലമാണ് എന്ന് കാണിച്ച് വീണ്ടും പെര്‍മിറ്റിന് അപേക്ഷ നല്‍കിയാല്‍ എന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
 • CRZ III കണക്കുകളാണ് ആവര്‍ത്തിക്കുന്നത് എങ്കില്‍ പുഴയുടെ ഇരു വശത്തേക്കും 200 മീറ്റര്‍ നിര്‍മ്മാണ നിരോധനമേഖലയാണ്.
  • 1996 മുതല്‍ 28.02.19 വരെയുള്ള കാലയളവില്‍ മരട് CRZ III ആണെങ്കില്‍ 1996 മുതല്‍ 2011 വിജ്ഞാപനം വരെയുള്ള കാലയളവില്‍ 200 മീറ്ററും 2011 മുതല്‍ 2019 ജനുവരി വിജ്ഞാപനം വരെയുള്ള കാലയളവില്‍ 100 മീറ്ററും നിര്‍മ്മാണ നിരോധിത മേഖലയാണ്.
  • ഇക്കാലയളവില്‍ പണിതിരിക്കുന്ന, മേല്‍പ്പറഞ്ഞ പോലെ 200, 100 മീറ്ററുകള്‍ക്കുള്ളില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളും നിയമവിരുദ്ധമാണ്.
  • തദ്ദേശവാസികളുടെ വീടുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിര്‍മ്മാണങ്ങള്‍ വരും. CRZ V എന്ന പരിഗണന ഒരുപക്ഷെ 2011 നു ശേഷമുള്ള തദ്ദേശ വാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്കു ലഭിക്കാം.
 • കേരളം പോലുള്ള സ്ഥലങ്ങളില്‍ ദ്വീപുകള്‍ക്ക് 200 മീറ്റര്‍ നിരോധന മേഖല അപ്രായോഗികമെന്ന് കണ്ടതുകൊണ്ടാണ് ആണ് 2011 ല്‍ ഭവന നിര്‍മ്മാണങ്ങള്‍ക്കു 50 മീറ്റര്‍ ആക്കിയതും 2019 ല്‍ 20 മീറ്റര്‍ ആക്കിയതും.
 • ചട്ടങ്ങള്‍ ലംഘിച്ച് അനുവാദം നല്‍കിയവര്‍ക്കെതിരെ കൂടി നിശ്ചയമായും നടപടിവേണം, ശിക്ഷാനടപടികള്‍ ഉണ്ടാവണം. പക്ഷേ പണം മുടക്കി ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ മാത്രമാണിവിടെ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

1996 ലെ മാപ് പ്രകാരമുള്ള CZMP അപാകതകള്‍ ഉള്ളതാണെന്ന് കണ്ടു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മടക്കി അയച്ചിട്ടുള്ളതാണ്.

2003 ല്‍ ലേക്ഷോര്‍ ആശുപത്രി കേസില്‍ കേരളം ഹൈക്കോടതിയും CZMP മാപ് അപാകങ്ങള്‍ ഉള്ളതാണെന്ന് കണ്ടെത്തിയിരുന്നതും സംസ്ഥാന സര്‍ക്കാരിനോട് പുതിയ മാപ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നതുമാണ്.

ഇക്കാര്യം K-C-Z-M-A എതിര്‍ത്ത് അപ്പീല്‍ ഫയല്‍ ആക്കിയില്ല. ഫലമായി കേരളത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും നിലവിലെ മാപ് തന്നെയാണ് ഉപയോഗിച്ചത്; ഇപ്പോഴുമതെ.

ഒരു ദശാബ്ദക്കാലമായി മരട് പ്രദേശം തീര നിയന്ത്രണ വിജ്ഞാപന വിഷയത്തില്‍ പല വിവേചനങ്ങളും നേരിട്ടിരുന്ന ഒരു പ്രദേശമാണ്.

 • തീര നിയന്ത്രണ വിജ്ഞാപനം 1991 ല്‍ 200 മീറ്റര്‍ ആണ് നിര്‍മ്മാണ നിരോധിത മേഖല പഞ്ചായത്തുകളില്‍ (CRZ III) പറഞ്ഞിരുന്നത്.
 • 2011 വിജ്ഞാപനത്തില്‍ എതിര്‍പ്പുകള്‍ പരിഗണിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങളിലെ ദ്വീപുകളെ പ്രത്യേക മേഖല (CRZ V) കണക്കാക്കി നിര്‍മാണ നിരോധിത മേഖല 50 മീറ്റര്‍ ആയി കുറച്ചു.
 • 2019 ലെ വിജ്ഞാപനത്തില്‍ നിര്‍മ്മാണ നിരോധിത മേഖല ദ്വീപുകള്‍ക്ക് വീണ്ടും 20 മീറ്റര്‍ ആയി കുറച്ചു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മറ്റു പഞ്ചായത്തുകള്‍ക്ക് 50 മീറ്റര്‍ (CRZ III A) ആയി കുറച്ചു. (CRZ II മേഖലയില്‍ അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്‍റേയൊ, നിര്‍ദിഷ്ട റോഡിന്‍റേയൊ കരഭാഗത്തേക്ക് അകലം കണക്കിലെടുക്കാതെ നിര്‍മ്മാണങ്ങള്‍ ആകാം എന്ന കാര്യം 1991 മുതല്‍ ഉള്ള വിജ്ഞാപനങ്ങളില്‍ അത് പോലെ തന്നെ തുടരുന്നു).

കേരളം പോലുള്ള സംസ്ഥാനത്ത് ഇത്രയധികം സ്ഥലം നിരോധിത മേഖലയായി കണക്കാക്കുന്നത് പ്രായോഗികം അല്ല എന്നും ദ്വീപ് നിവാസികളുടെ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണത്തിനുള്ള അവകാശം സംരക്ഷിക്കണമെന്നുമുളള ജനകീയ ആവശ്യം മാനിച്ച് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ എടുത്ത നിലപാടിനെ തുടര്‍ന്നാണ് ഇങ്ങനെ കുറിച്ചത്.

അതേസമയം ഇപ്പോള്‍ ടൂറിസത്തിന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കിയതായും കാണാം.

ഇപ്പോള്‍ പൊളിച്ച കെട്ടിടങ്ങള്‍ വീണ്ടും പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ CRZ IIല്‍ ഉള്‍പ്പെടുന്ന പ്രദേശം എന്ന പരിഗണനയില്‍ നിര്‍മ്മാണം അനുവദിക്കുന്നതിന് ജലാശയത്തില്‍ നിന്നും ദൂരപരിധി നോക്കേണ്ടതില്ല, പകരം നിര്‍ദ്ദിഷ്ട കെട്ടിടത്തിനും ജലാശയത്തിനും ഇടയില്‍ അംഗീകൃത നമ്പറിട്ട കെട്ടിടമോ നിര്‍ദ്ദിഷ്ട റോഡോ ഉണ്ടോ എന്ന് നോക്കിയാല്‍ മതി!

CRZ എന്തുകൊണ്ടിങ്ങനെ?

പുതിയ തീര നിയന്ത്രണ വിജ്ഞാപനം മാസങ്ങള്‍ക്കകം കേരളത്തില്‍ പ്രാബല്യത്തിലാകും. അതുപ്രകാരം ദ്വീപുകള്‍ക്ക് ജലാശയത്തില്‍ നിന്നും 20 മീറ്ററാണ് നിര്‍മ്മാണ നിരോധിത മേഖല.

CRZ II ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് പഴയപോലെ തന്നെ അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്‍റെയോ നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കര ഭാഗത്തേക്ക് ദൂരപരിധി കണക്കാക്കാതെ നിര്‍മ്മാണങ്ങള്‍ നടത്താം.

അതേസമയം ടൂറിസം മേഖലയ്ക്ക് അവസരം നല്‍കുന്നു എന്ന പേരില്‍ അതിഭീകരമായ ഒഴിവുകള്‍ തീരമേഖലയില്‍ CRZ III മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ പോലും നല്‍കുന്നു.

YOU MAY LIKE: മായാജാലക ഭംഗി

തദ്ദേശവാസികള്‍ തീരപ്രദേശത്തു നിന്ന് പറിച്ച് എറിയപ്പെടാന്‍ ഇനി അധികം കാലം വേണ്ട. കടലിനഭിമുഖമായി പോലും ടൂറിസത്തിന്‍റെ പേരില്‍ താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ അനുവദിക്കുന്നതാണ് പുതിയ വിജ്ഞാപനം.

ആറുമാസത്തിനകം പുതിയ CZMP പൂര്‍ത്തിയാക്കി പ്ലാന്‍ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു.

നിയമനിര്‍മാണ സഭകള്‍ അറിയാത്ത നിയമനിര്‍മ്മാണം

സാധാരണ നിയമനിര്‍മ്മാണ സഭകള്‍ അറിയാതെ നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് അത്യാവശ്യഘട്ടങ്ങളില്‍ സഭകള്‍ ചേരാന്‍ സമയമില്ലാത്ത സാഹചര്യങ്ങളില്‍ ആയിരിക്കും.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

എന്നാല്‍ തീര നിയന്ത്രണ വിജ്ഞാപനം മൂന്നുതവണ പുറത്തിറക്കിയിട്ടും ഒരിക്കല്‍പോലും നിയമനിര്‍മ്മാണ സഭകളില്‍ അത് ചര്‍ച്ചചെയ്യപ്പെട്ട് പുറത്തിറങ്ങിയില്ല. തല്‍ഫലമായി ജനപ്രതിനിധികള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ഉണ്ടായില്ല.

1991, 2011, 2018 എന്നീ വര്‍ഷങ്ങളിലൊക്കെ കരട് പുറത്തിറക്കിയെങ്കിലും ഒരു നിയമനിര്‍മ്മാണ സഭയിലും അത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായില്ല.

ബില്‍ ആയി അവതരിപ്പിച്ച് നിയമമായി മാറേണ്ട സമയബോധം മൂന്ന് പതിറ്റാണ്ടായിട്ടും ഉണ്ടായില്ല, പകരം ഉദ്യോഗസ്ഥ നിയമനിര്‍മാണം ആയി ജനാധിപത്യരാജ്യത്ത് ഈ വിജ്ഞാപനം ഇന്നും നിലനില്‍ക്കുന്നു.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങള്‍ അല്ല; പക്ഷെ രണ്ടു നിയമം ആണ്.

എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിനോട് ചേര്‍ന്ന് നിര്‍മ്മാണങ്ങള്‍ ആകാം, എന്നാല്‍ കരയ്ക്കപ്പുറം ബോള്‍ഗാട്ടിയിലും മുളവുകാടും ഇന്ന് 50 മീറ്റര്‍ പരിധി പാലിക്കണം.

അതേ കരയില്‍ തന്നെ വമ്പന്‍മാര്‍ക്ക് ഇളവുണ്ട്. അത് വേറെ കാര്യം. അതുപോലെതന്നെ മരടിന് മറുകരയില്‍ തേവരയില്‍ കായലിനോട് ചേര്‍ന്ന് പണിയാം.

ഇത്തരം അപാകങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട് നിയമങ്ങള്‍ ഉണ്ടാകണം എന്ന് പറയുന്നത്.

ഭവനനിര്‍മ്മാണത്തിന് അനുവാദം കാത്ത് ആയിരങ്ങള്‍

വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ഭൂമി വിട്ടു കൊടുത്താല്‍ പോലും നഷ്ടപരിഹാരം കിട്ടും. വികസനത്തിന് ഭൂമി ഏറ്റെടുത്താലും പണം കിട്ടും.

പക്ഷേ CRZ ബാധകമായ ഭൂമിയാണെങ്കില്‍ ഒരു പ്രയോജനവും ഇല്ലാതെ, കൈവശം വയ്ക്കാം എന്ന് മാത്രം. 5 ppt ഉപ്പുരസമുള്ള കേരളത്തിലെ എല്ലാ ജലാശയങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. പറമ്പിന് സമീപം ചെറിയ കൈത്തോട് ഒഴുകുന്നു ഉണ്ടെങ്കില്‍ പോലും നിയന്ത്രണങ്ങള്‍ എന്നര്‍ത്ഥം.

ജലാശയങ്ങള്‍ അനവധിയുള്ള കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാന്‍ ആകാതെ, ഭവനം നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുടെ മുറവിളി കേട്ടാണ് 2011 ല്‍ ദ്വീപുകളില്‍ ദൂരപരിധി 50 മീറ്ററും പിന്നീട് 2019 ല്‍ 20 മീറ്ററും ആയി ചുരുക്കിയത്.

1991 വിജ്ഞാപനത്തില്‍ CRZ III മേഖലയില്‍ 200 മീറ്റര്‍ ആണ് നിര്‍മ്മാണ നിരോധിത മേഖല. ആ കാലഘട്ടത്തില്‍ ഇത് ലംഘിച്ച് നിര്‍മ്മിച്ച നിര്‍മാണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തു വന്നാല്‍ വമ്പന്‍മാരും കുഞ്ഞന്‍മാരും ഉള്‍പ്പെടെ വലിയ പട്ടിക തന്നെ ഉണ്ടാവും.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=1h6x9U1Yhe8
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*